Friday, December 18, 2009

കാനന ഭംഗിയുള്ള ഗാനങ്ങള്‍

എഴുതിയത് : പിക്സല്‍ ബ്ലൂ



മലയാളത്തിലെ ആദ്യ വന സാഹസിക ചിത്രം എന്ന വിശേഷവുമായിവന്ന ഈ സിനിമ സത്യത്തില്‍ അത്തരത്തിലെ രണ്ടാമത്തെ ചിത്രം ആയിരുന്നു. എന്തായാലും വന്‍ കാടും മരങ്ങളില്‍ ഏറുമാടങ്ങളില്‍ വസിക്കുന്ന മനുഷ്യരും അര്‍ദ്ധനഗ്നരായ തരുണീമണികളും നാനവിധ മൃഗങ്ങളും എല്ലാം കൂടി അക്കാലത്ത് നയനാനന്ദകരമായ ഒരു അത്ഭുതം ആയിരുന്നിരിക്കും ഈ സിനിമ എന്നു ഊഹിക്കാം.


തകഴിയുടെ രണ്ടിടങ്ങഴി യുടെ തിരക്കഥാജോലി പുരോഗമിക്കുന്നതിനിടയില്‍ നീലായുടെ പി സുബ്രഹ്മണ്യത്തിന്റെ മനസ്സില്‍ ആനപ്പുറത്തു സഞ്ചരിക്കുന്ന കാട്ടുപെണ്ണിന്റെ രൂപം തെളിഞ്ഞു. ആ കാനന സുന്ദരിയാണ് ആനവളര്‍ത്തിയ വാനമ്പാടി എന്ന സിനിമ ആയി മാറിയത്.


രണ്ടിടങ്ങഴിയിലെ നായികയായ മിസ് കുമാരിയെത്തന്നെ നായികയായി നിശ്ചയിച്ചു. ഗാനവിഭാഗം അതേ ടീമിനെത്തന്നെ ഏല്‍പ്പിച്ചു. തമിഴ് സിനിമാനടനും നിര്‍മ്മാതാവുമായ ശ്രീറാം ആയിരുന്നു നായകന്‍. ജയലളിതയുടെ അമ്മയുടെ കൂടെ ഒരു ചിത്രത്തില്‍ അഭിനയിച്ച ആളാണ് അദ്ദേഹം. എം എന്‍ നമ്പ്യാര്‍ വില്ലന്‍.


ശാന്തി, ഡി ബാലസുബ്രഹ്മണ്യം, ഫ്രണ്ട് രാമസ്വാമി, എസ് പി പിള്ള, എം എന്‍ കറുപ്പയ്യ, എസ് ഡി സുബ്ബുലക്ഷ്മി, തിക്കുറിശ്ശി, ബഹദൂര്‍, സി കെ സരസ്വതി എന്നിവരായിരുന്നു മറ്റു അഭിനേതാക്കള്‍. താരനിരയിലെ മറുനാടന്‍ സാന്നിധ്യം ഡബ്ബിങ്ങ് ഉദ്ദേശം മുന്‍ നിര്‍ത്തി തന്നെയാണ്.
അമേരിക്കയിലെ വാഡിയ ആന്ഡ് കമ്പനിയില്‍ നിന്ന് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു പ്രധാന നടന്‍ വന്നെത്തി. പെട്രോ എന്ന കുരങ്ങന്‍ ആയിരുന്നു അത്. പെട്രോ എന്ന കുരങ്ങനും ഭീമന്‍ എന്ന ആനയും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്സ് ആയിരുന്നു.പരസ്യങ്ങളില്‍ എല്ലാം ഈ കുരങ്ങനും ആനയും വളരെ പ്രാധാന്യം നേടി.


പെട്രോ എന്ന കുരങ്ങനു മിസ് കുമാരിയോട് കൂടുതല്‍ അടുപ്പം തോന്നിയത് അക്കാലത്തെ ഒരു സിനിമാ വിശേഷം.


തെന്മലക്കാടുകളില്‍ വെച്ചു ചിത്രീകരിച്ച ഈ സിനിമ കേരളത്തില്‍ 100 ദിവസത്തിലധികം ഓടി. തമിഴിലും നല്ല വിജയം ആയിരുന്നു.


കോടീശ്വരനായ ശെല്‍വവതിയുടേയും ലക്ഷ്മിയുടേയും മകളാണ് കൈക്കുഞ്ഞായ മീന. അമ്മയുമായി ആ കുട്ടി സിംഗപ്പൂരിലേക്കു പോകുന്ന വഴി വിമാനം തകരുന്നു. കുട്ടി മാത്രം ഒരു മരക്കൊമ്പില്‍ ഉടക്കി കുരുങ്ങിക്കിടന്നു. ആദിയപ്പന്‍ എന്ന കുരങ്ങനും ഭീമന്‍ എന്ന ആനയും കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുന്നു. കുഞ്ഞിനെ തങ്ങളുടെ യജമാനന്‍ ആയ ധര്‍മ്മരാജാവിനെ അവര്‍ ഏല്‍പ്പിക്കുന്നു. ആ കുട്ടിക്ക് മല്ലി എന്ന് പേരുമിട്ടു. കാലം കഴിഞ്ഞു മല്ലി യുവതിയായപ്പോള്‍ കാടിന്റെ മകളായി വാനമ്പാടിയായി.


മല്ലിയുടെ അച്ഛന്റെ സഹോദരീപുത്രനായ ശേഖര്‍ ഇതിനകം ഒരു പോലീസ് ഓഫീസറായി മാറിയിരുന്നു. കൊള്ളക്കാരെ പിടിക്കാന്‍ കാട്ടിലെത്തിയ ശേഖര്‍ ആദ്യദര്‍ശനത്തില്‍ത്തന്നെ ആരെന്നറിയാതെ മല്ലിയുമായി അനുരാഗത്തിലാവുന്നു. ഒരപകടത്തില്‍ നിന്ന് ശേഖറിനെ മല്ലി രക്ഷിക്കുന്നതോടെ ആ അടുപ്പം കൂടുന്നു.


ഒരു പ്രത്യേകസാഹചര്യത്തില്‍ മല്ലിയേയും കൂട്ടി ശേഖര്‍ നാട്ടിലെത്തുന്നു. മല്ലിയുടെ യഥാര്‍ഥ അച്ഛന് മുഖച്ഛായ കണ്ട് ഒരു സംശയം തോന്നുന്നു. കാട്ടിലേക്ക് ശേഖറിനെയും കൂട്ടി ഓടിയെത്തുന്ന അയാളോട് ധര്‍മ്മരാജന്‍ കുട്ടിയെ കിട്ടിയ ചരിത്രം പറയുന്നു.അങ്ങനെ മല്ലി ആരാണെന്ന് മനസ്സിലാകുന്നു, ശേഖറും മല്ലിയും വിവാഹിതരാകുന്നു.


വേഷ്ടിയൊക്കെയണിഞ്ഞ് അതിഥികളെ സ്വീകരിക്കാന്‍ നമ്മുടെ കുരങ്ങനുമുണ്ട്.


കാനനമേ എന്ന ഗാനത്തിന് കാടിന്റെ വിശുദ്ധിയും സ്വാഭാവികതയും മുഴുവന്‍ ഉണ്ട്.

കണ്ണേ വര്‍ണ്ണ മലര്‍ക്കൊടിയേ എ എം രാജയുടെ ശബ്ദത്തില്‍ കേട്ട മനോഹരമായ താരാട്ടാണ്.

അവനിയില്‍ താനോ, പൈമ്പാലൊഴുകും എന്നീ യുഗ്മഗാനങ്ങളും ഹൃദ്യമാണ്.



ഈ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും

No comments:

Post a Comment