Monday, February 1, 2010

ശിവശങ്കര ശര്‍വ്വ ശരണ്യ വിഭോ


2010 ഫെബ്രുവരി ലക്കം ഛായക്ക് വേണ്ടി പിക്സൽ ബ്ലൂ എഴുതിയത്

കഴിഞ്ഞ എട്ടൊന്‍പത് വര്‍ഷത്തിലേറെയായി ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ ഒരു സിനിമാ ഗാന കാസ്സറ്റ്‌ മാത്രമേ കൂടെ കൊണ്ടുപോകാറുള്ളൂ.- ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ഗാനങ്ങളുള്ള കാസ്സറ്റ്‌.


ദേവരാജന്‍ മാസ്റ്ററുടെ കമ്പനി ആയ രാജശ്രീ കാസ്സറ്റ്‌സ് ആയിരുന്നു ഈ കാസ്സറ്റ്‌ 1985 -ല്‍ റിലീസ് ചെയ്തത്.

ആത്മബന്ധമുള്ള ഗാനങ്ങള്‍ അടങ്ങിയ കാസറ്റുകളും സി ഡി കളും ഒരുപാടെണ്ണം ഉണ്ടെങ്കിലും ഈ കാസ്സറ്റ്‌ എനിയ്ക്കൊരു ധൈര്യം നല്കുന്നു. ഒരു കാസ്സറ്റ്‌ എന്നതിലുപരി ഒരു രക്ഷാകവചമായി ഞാന്‍ ഇതു കൊണ്ടു നടക്കുന്നു. കാരണം, ഒരു കാലത്തെ എന്റെ ആത്മീയ പ്രതിസന്ധികളുടേയും സത്യാന്വേഷണങ്ങളുടേയും പശ്ചാത്തലത്തില്‍ ഉള്ളുരുകി കേട്ട ഒരു ഗാനം ഈ കാസ്സറ്റില്‍ ഉണ്ട്.

ശിവശങ്കര ശര്‍വ്വ ശരണ്യ വിഭോ എന്ന ഗാനം ആണത്.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായത്‌ മാര്‍ക്സിസത്തിലും തീവ്രവാദ രാഷ്ട്രീയത്തിലും ആകൃഷ്ടനായ കാലത്ത് തന്നെയാണ്.
അക്കാലത്ത് തന്നെയാണ് സാഹിത്യത്തിലേയും ചിത്രകലയിലേയും എല്ലാം ആധുനികത മനസ്സില്‍ കൊടുംകാറ്റുകള്‍ അഴിച്ചു വിട്ടതും.

ആത്മീയതയുടെ മനുഷ്യമുഖം ആണ് ശ്രീനാരായണ ഗുരുവിലേയ്ക്ക് എന്നെ എത്തിച്ചത്. കുമാരനാശാന്‍-ന്റെ കവിതകളാണ് ആ വഴി കാണിച്ചു തന്നത്.

കൂടുതല്‍ അറിയാന്‍ വേണ്ടി പല സന്യാസിമാരെയും തേടി നടന്ന അക്കാലത്ത് ഞാനും എന്റെ സുഹൃത്തായ റഷീദും കൂടി നിത്യ ചൈതന്യ യതിയെ കാണാന്‍ ഒരു ദിവസം പാനൂരിനടുത്തുള്ള കനകമലയിലെ ശ്രീനാരായണ ഗുരുകുലത്തിലേയ്ക്ക് ചെന്നു. അതിനു മുന്‍പ് ഒരിയ്ക്കല്‍ വയനാട്ടിലെ ലക്കിടിയിലുള്ള ആശ്രമത്തില്‍ പോയി വിദേശ സന്യാസിയും ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രാണേതാവുമായ ആശ്ചര്യാചാര്യയെ ഞാന്‍ കണ്ടിരുന്നു.

നിത്യ ചൈതന്യ യതി അവിടെ ഇല്ല. ഇപ്പോള്‍ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ആയ മൈത്രേയന്‍ ആണ് അപ്പോള്‍ അവിടെയുള്ളത്. അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം സൌഹൃദത്തോടെ പെരുമാറിയെങ്കിലും സംസാരത്തില്‍ എല്ലാം ഒരു ബോധ്യക്കുറവു തോന്നി. അതിനടുത്തൊരു ദിവസം സന്യാസി ജീവിതത്തോട് വിട പറഞ്ഞ് അദ്ദേഹം സാധാരണ മനുഷ്യന്‍ ആയി.

പിന്നെയൊരു ദിവസം നിത്യ ചൈതന്യ യതി അവിടെയുണ്ടെന്ന് അറിഞ്ഞു ഞാന്‍ ഒറ്റയ്ക്ക് പോയി.
ചില ചോദ്യങ്ങള്‍ എല്ലാം ഞാന്‍ ഒരു കടലാസ്സില്‍ എഴുതി വച്ചിരുന്നു.

അദ്ദേഹവുമായുള്ള കൂടിക്കാഴ്ച എന്നെ നിരാശപ്പെടുത്തി.

18 വയസ്സുകാരന്‍ ആയ എന്റെ ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം പുച്ഛത്തോടെ ഉത്തരം നല്കി.
അടുത്ത ചോദ്യങ്ങള്‍ ചോദിയ്ക്കാനേ കഴിഞ്ഞില്ല.

സൂര്യന്‍ അസ്തമിയ്ക്കുന്നത് കാണാന്‍ അദ്ദേഹം ഓടി.

അദ്ദേഹത്തിന്റെ കൂടെ ഞാനും സൂര്യാസ്തമയം കണ്ടു. അത്രയും സങ്കടത്തോടെ ഒരു അസ്തമയം ജീവിതത്തില്‍ പിന്നെ കണ്ടിട്ടുണ്ടാവില്ല.

ഇരുട്ട് കനത്തു വരുന്നത് പിന്നെ ഞാന്‍ കണ്ടു.

മലയുടെ താഴെ എത്തണമെങ്കില്‍ ഒരുപാട് ദൂരമുണ്ട്. ഇടുങ്ങിയ വഴിയും. എന്റെ വീടാണെങ്കില്‍ അടുത്ത ജില്ലയിലും. ഞാനെങ്ങനെ പോകും എന്നൊന്നും ഗുരു അന്വേഷിച്ചില്ല. 'അയ്യോ കുട്ടി എങ്ങനെ പോകും' എന്നു പരിതപിച്ചു അവിടെയുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടി ഒരു മെഴുകുതിരി കത്തിച്ചു തന്നു. ആ സ്നേഹത്തിന്റെയും മെഴുകുതിരിയുടെയും വെളിച്ചത്തില്‍ പേടിച്ചു കൊണ്ടു ഞാന്‍ ആ മല ഇറങ്ങി. സംശയങ്ങള്‍ എഴുതിയ കടലാസ്സു വഴിയില്‍ വലിച്ചെറിഞ്ഞു.

ഞാന്‍ മലയുടെ താഴെ എത്തുമ്പോള്‍ കടകളെല്ലാം അടഞ്ഞിരുന്നു.

അവസാനത്തെ ബസ്സും പോയിക്കഴിഞ്ഞിരുന്നു.

മാക്രികള്‍ കരയുന്ന വയലുകളും കൊച്ചു ജലപാതങ്ങളെ മൂടിവെച്ച പാലങ്ങളും കടന്നു മൂന്നു നാല്
നാഴിക ദൂരെയുള്ള എന്റെ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു.

കുട്ടിക്കാലത്ത് കേട്ട കഥയിലെ പ്രേതങ്ങള്‍ താമസിയ്ക്കുന്ന ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കോവിലകവും അതിനിടയ്ക്കുണ്ട്.

പലപ്പോഴും ചളിവെള്ളത്തില്‍ കാലു വഴുതിയപ്പോഴാണ് കാഴ്ച കുറഞ്ഞിട്ടുണ്ട് എന്നു മനസ്സിലായത്‌.
അടുത്തൊരു ദിവസം കണ്ണ് ഡോക്ടറെ കണ്ട് ഒരു കണ്ണട വാങ്ങി വച്ചു.

ആ കണ്ണട വെച്ചു ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ വീണ്ടും വായിക്കാന്‍ തുടങ്ങി.
ഗുരുവിന്റെ കവിതകളില്‍ അന്തര്‍ലീനമായ ദര്‍ശനവും സംഗീതവും ഇരുട്ടില്‍ വഴിത്താരകള്‍ നിര്‍മ്മിച്ചു

പിന്നെ നിത്യ ചൈതന്യ യതിയുടെ പല പ്രഭാഷണങ്ങളും എഴുതിയെടുക്കാന്‍ സംഘാടകര്‍ എന്നെ വിളിച്ചതുകൊണ്ട് ഞാന്‍ പോയിരുന്നു. കയ്യക്ഷരം നല്ലതായതു കൊണ്ടാകാം.
മുന്നില്‍ തന്നെയിരുന്നു എല്ലാം എഴുതിയെടുക്കുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ ഒന്നും എന്നെ തൊട്ടില്ല.

പിന്നെയുള്ള വര്‍ഷങ്ങളിലും നാരായണ ഗുരുവിനെ അറിയാന്‍ ശ്രമിച്ചു.

അങ്ങിനെയുള്ള പല യാത്രകളിലും എന്റെ സഹയാത്രികന്‍ ആയ ഒരു പ്രിയ സുഹൃത്ത്‌ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഒരു മാര്‍ക്സിയന്‍ നിരൂപകന്‍ ആണ്.

(ഇപ്പോഴും ചിന്തകള്‍ ഒരുപാട് വഴികളിലൂടെ സഞ്ചരിയ്ക്കുമ്പോഴും ചോദ്യങ്ങള്‍ കൂടുമ്പോഴും ഇടയ്ക്ക് രമണ മഹര്‍ഷിയിലും ശ്രീനാരായണ ഗുരുവിലും എത്തിച്ചേരുന്നു.)

അക്കാലത്താണ് ശിവ ശങ്കര ശര്‍വ്വ ശരണ്യ വിഭോ എന്ന ഗാനം പുറത്തിറങ്ങുന്നത്.

ആദ്യത്തെ കേള്‍വിയില്‍ തന്നെ, ആഴവും പൊരുളുമുള്ള ഗുരു ചൈതന്യത്തിലെ മഹസ്സിലേയ്ക്ക് ഞാന്‍ എറിയപ്പെട്ടു.

ശിവ ശങ്കര ശര്‍വ്വ ശരണ്യ വിഭോ
ഭവ സങ്കട നാശന പാഹി ശിവ
കവി സന്തതി സന്തതവും തൊഴുമെന്‍
നവ നാടകമാടുമരുംപൊരുളേ....ദേശീയോദ്ഗ്രഥനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ഈ സിനിമ പി എ ബക്കര്‍ അവസാനമായി സംവിധാനം ചെയ്ത സിനിമയാണ്. ശ്രീകുമാര്‍, ജോസഫ്‌ ചാക്കോ, കനകലത എന്നിവര്‍ പ്രധാന അഭിനേതാക്കള്‍ ആയിരുന്നു. ശ്രീകുമാര്‍ (ഇപ്പോഴത്തെ നടന്‍ അല്ല) ശ്രീ നാരായണ ഗുരുവിന്റെ വേഷത്തിലും ഗാന്ധി വേഷങ്ങളിലൂടെ പ്രശസ്തന്‍ ആയ ജോസഫ്‌ ചാക്കോ ഗാന്ധിജി ആയും അഭിനയിച്ചു.

(ഈ ഗാനം വരുന്നതിനു രണ്ടു വര്‍ഷം മുമ്പ് ഈ ശ്രീനാരായണ ശ്ലോകം തരംഗിണിയുടെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന കാസ്സറ്റില്‍ ആലപ്പി രംഗനാഥ് ന്റെ സംഗീതത്തില്‍ യേശുദാസ് ആലപിച്ചത് പുറത്തു വന്നുവെങ്കിലും അതെന്നെ സ്വാധീനിച്ചില്ല. യേശുദാസ് ആലപിച്ചത് നന്നായെങ്കിലും, ദേവരാജ സംഗീതത്തിന്റെ ദേവസാക്ഷാത്ക്കാരങ്ങള്‍ ജയചന്ദ്രന്റെ ഗാനത്തെ ഉയര്‍ത്തുന്നു.)

ജയചന്ദ്രന്‍ ഈ ഗാനം ആലപിച്ചപ്പോള്‍ ഈ പ്രാര്‍ത്ഥനാഗീതത്തില്‍ ദുഃഖത്തിന്റേയും സമര്‍പ്പണത്തിന്റേയും ഭാവം അടിത്തട്ടില്‍ ഉണ്ടായിരുന്നു. ആ ദുഃഖം ഒരു വ്യക്തിയുടെ ദുഃഖം മാത്രമല്ല, മനുഷ്യസമൂഹത്തിന്റേയും ഒരു കാലത്തിന്റേയും ദുഃഖമായിരുന്നു. ഗുരുവിന്റെ കണ്ണുനീര്‍ ആ ഗാനത്തില്‍ പുരണ്ടിരുന്നു.

അയല്‍പക്കക്കാര്‍ക്ക് ശല്യം ആകുന്ന തരത്തില്‍ ശബ്ദം കൂട്ടിവെച്ചു ഞാന്‍ ഈ ഗാനത്തിന്റെ വേദനിപ്പിയ്ക്കുന്ന ലഹരിയില്‍ മുഴുകി.

കാണാത്ത ഈ സിനിമയിലെ ഗാനസന്ദര്‍ഭത്തെ കുറിച്ച് പിന്നെ വായിച്ചറിഞ്ഞപ്പോള്‍ ഈ ഗാനത്തില്‍ ഉയരുന്ന ഹൃദയവ്യഥയുടെ ആഴം മനസ്സിലായി.

കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് ഈ ഗാനം സിനിമയില്‍ വരുന്നത്.
-അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠ.1888.
ആ വര്‍ഷത്തെ ശിവരാത്രിയ്ക്ക് നെയ്യാറില്‍ മുങ്ങിയെടുത്ത ശിവലിംഗാകൃതിയുള്ള കല്ല്‌ ഗുരു അവിടെ പ്രതിഷ്ഠിച്ചപ്പോള്‍ ബ്രാഹ്മണര്‍ അദ്ദേഹത്തെ നേരിടുന്നു.

ഈഴവന് പ്രതിഷ്ഠ നടത്താന്‍ അവകാശമില്ല എന്ന് അവര്‍ വിധിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു -
" ഞാന്‍ പ്രതിഷ്ഠിയ്ക്കുന്നത് ബ്രാഹ്മണ ശിവനെയല്ല, ഈഴവ ശിവനെയാണ്."

പ്രതിഷ്ഠയ്ക്ക് മുമ്പും പിമ്പും കണ്ണുനീരോടെ ഗുരു പ്രാര്‍ത്ഥിയ്ക്കുന്നതാണ് ഈ ഗാനം ചിത്രീകരിച്ചിരിയ്ക്കുന്നത്. വരികള്‍ ദൈവപ്രാര്‍ത്ഥന ആണെങ്കിലും എല്ലാ വിഭാഗീയ ചിന്തകള്‍ക്കുമെതിരെയുള്ള മനുഷ്യരാശിയുടെ രോദനവും പ്രാര്‍ത്ഥനയും ആയി മാറി ഈ ഗാനം.
(ഗുരുദേവനെ പോലും ചിലര്‍ തങ്ങളുടേതാക്കിക്കളഞ്ഞു എന്നത് ഒരു പില്‍ക്കാല ദുരന്തം തന്നെയാണ്.)

ഗാനസന്ദര്‍ഭം അര്‍‍ത്ഥങ്ങള്‍ക്ക് നാനാര്‍ത്ഥങ്ങള്‍ നല്കുന്നതിന്റെ ഒരു ഉദാഹരണം ആണ് ഈ ഗാനം.

ഈ കവിതയുടെ ആത്മാവ് ഒരു ഗാനം ആക്കി ദേവരാജന്‍ മാസ്റ്റര്‍ ജയചന്ദ്രന് നല്കിയപ്പോള്‍ അതു തന്റെ ജീവിതത്തിലും ഒരു ചരിത്രം എഴുതും എന്ന് ജയചന്ദ്രന്‍ കരുതിയിരിയ്ക്കയില്ല. മാസ്റ്റര്‍ കരുതിയിരുന്നു.അദ്ദേഹം മറ്റൊരു ഗുരുസാഗരം തന്നെയാണല്ലോ. ഈ ഗാനത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടുമെന്ന് റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ പറഞ്ഞ കാര്യം ജയചന്ദ്രന്‍ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം സൃഷ്ടിച്ചപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ അനുഭവിച്ച സര്‍ഗ്ഗവേദന പിന്നെ അദ്ദേഹം അനുഭവിച്ചത് ഈ ഗാനം സൃഷ്ടിച്ചപ്പോള്‍ ആയിരിയ്ക്കും.


ജയചന്ദ്രന് അവാര്‍ഡ് കിട്ടിയ പത്രവാര്‍ത്ത വായിച്ചപ്പോള്‍ ഗാനത്തിന്റെ മാത്രമല്ല, ആ ഗാനസന്ദര്‍ഭത്തിന്റെ കൂടി വിജയം ആയി ഞാന്‍ അതിനെ കണ്ടു.

ഉപജാപക കുമാരന്മാര്‍ക്കും അല്പപ്രതിഭകള്‍ക്കും കിട്ടുന്ന അംഗീകാരത്തിനുള്ള വിലയല്ല ഈ അവാര്‍ഡ് ജയചന്ദ്രന് കിട്ടുമ്പോഴുള്ള വില. ജയചന്ദ്രന്റെ ശബ്ദം തന്നെ മലയാള ഗാനങ്ങളില്‍ അധികം കേള്‍ക്കാതെ പോയ സമയത്തായിരുന്നു ഈ പുരസ്കാരം എന്നതും ശ്രദ്ധിയ്ക്കേണ്ടതുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ കൃതി എന്ന നിലയില്‍ അധിക മാനങ്ങള്‍ ഉള്ള മറ്റൊരു ഗാനവും ഈ ചിത്രത്തില്‍ ഉണ്ട്.

ദൈവദശകത്തിലെ പ്രശസ്തമായ ആഴിയും തിരയും പോലെ എന്നു തുടങ്ങുന്ന വരികള്‍ ഉള്ള ഗാനം.
ഈ ശ്ലോകം ആയിരിയ്ക്കും സിനിമ കണ്ടവരെ ഏറ്റവും ദുഃഖത്തില്‍ ആഴ്ത്തിയത്.
'എന്റെ സമയം അടുത്തിരിയ്ക്കുന്നു' എന്നു പറഞ്ഞു ഗുരുദേവന്‍ സമാധി പ്രാപിയ്ക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഗാനം ആയാണ് സിനിമയില്‍ ഈ ഗാനം ചിത്രീകരിച്ചിരിയ്ക്കുന്നത്.
കാറ്റും ഇടിയും മിന്നലും മഴയും എല്ലാം അശരീരി പോലെ ഉയരുന്ന ഈ ഗാനത്തില്‍ നാം കേള്‍ക്കുന്നു.

ദൈവദശകത്തിന് പുതിയ വ്യാഖ്യാനം ഒരുക്കുകയായിരുന്നു ദേവരാജന്‍ മാസ്റ്ററും ജയചന്ദ്രനും.

ശിവശങ്കര ശര്‍വ്വ ശരണ്യ വിഭോ എന്ന ഗാനരംഗത്തിന്റെ അവസാനഭാഗത്ത്‌ ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന പ്രശസ്തമായ ഗുരുവചനങ്ങള്‍ ഒരു പാറപ്പുറത്ത് എഴുതിയതായി കാണിയ്ക്കുന്നുണ്ട്.
ഈ വരികള്‍ സാധാരണ സംഗീതപ്രേമികള്‍ പോലും അവരുടെ ഹൃദയഭിത്തിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതി വെച്ചവയാണ്.


കാരണം യേശുദാസിന്റെ ആദ്യ ഗാനത്തിന്റെ വരികള്‍ ആണവ.

കാല്‍പ്പാടുകള്‍-ല്‍ യേശുദാസിന്റെ ആദ്യ ഗാനം ആയി റിഹേഴ്സല്‍ നടത്തിയത് ശാന്ത പി നായരോടൊപ്പം പാടേണ്ട അറ്റെന്‍ഷന്‍ പെണ്ണേ എന്ന ഗാനം ആയിരുന്നു.
'ആ കുട്ടി ദൂരെ നിന്ന് വന്നതല്ലേ, ഒരു ശ്ലോകം കൂടി കൊടുത്തേക്കാം' എന്ന സംവിധായകന്‍ കെ എസ് ആന്റണിയുടെ സഹതാപത്തില്‍ പിന്നീട് യേശുദാസിന് കിട്ടിയതാണ് ജാതിഭേദം മതദ്വേഷം എന്ന ഈ വിശ്രുത ശ്ലോകം.
അത് ആദ്യ ഗാനം ആയി മാറുകയായിരുന്നു.
അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തന്റെ ആദ്യഗാനം ആയി ഓര്‍മ്മിയ്ക്കപ്പെടുക കാരിരുമ്പ് എന്നൊക്കെയുള്ള തമാശ ഗാനം ആയിരിയ്ക്കും എന്ന് യേശുദാസ് ഈയിടെ പറഞ്ഞിട്ടുണ്ട്. എല്ലാം ഗുരുവിന്റെ അനുഗ്രഹം എന്നും യേശുദാസ് പറഞ്ഞു.

മലയാളത്തിലെ ആദ്യത്തെ ശബ്ദ സിനിമയായ ബാലന്‍ പുറത്തു വരുന്നതിനു 10 വര്‍ഷം മുന്‍പാണ് ഗുരു ലോകത്തോട്‌ വിട പറഞ്ഞത്.

നക്ഷത്രപ്രതിഭകളുടെ വിധി നിശ്ചയിക്കുന്നതില്‍ നിയതി എപ്പോഴും ചില വിസ്മയങ്ങള്‍ കാണിയ്ക്കുന്നു.

പ്രിയ ഗായകരായ യേശുദാസിന്റെയും ജയചന്ദ്രന്റെയും നിയോഗങ്ങള്‍ ആയിരുന്നു ഈ ഗാനങ്ങള്‍.

ഗുരുകാരുണ്യത്തിന്റെ അദൃശ്യകരങ്ങള്‍ രണ്ടു ചരിത്ര സന്ദര്‍ഭങ്ങളായി മലയാള സിനിമാസംഗീതത്തെ സ്പര്‍ശിച്ചത് ഇങ്ങനെയാണ്.


3 comments:

 1. A Sukumar - This post took me back around 25 years to Kozhikode. I was also in search of 'mahatmas' who can inspire me. I had read a few articles by Nityachaithanya Yati. When I heard that he is coming to town, I went to see him. My experience was not as dramatic as pixel blue's, but he disappointed me. Not at all inspirational. May be that my wavelength didn't match his. But I didn't stop seeing Mahathmas. I am glad that I wasn't turned off completely by him. Then I met Swami Chinmayananda that was different and inspirational. Thanks Ajay for bringing the article to us.

  Sukumar, Vancouver, Canada

  ReplyDelete
 2. nam aadhyamayi kanda divasavum samsarichathu ee paattine kurichayirunnallo...bhadramayi sookshicha cassett kaanichu thannu orikkal ithile paattukal njan tharamennu urappu thannathum orkkunnu..ithu vayikkumbol nammal randuperum mathramaya veedum nammude samsaravum mizhivode thelinju vannu koottukaraa ormakalil...santhosham

  ReplyDelete
 3. Ee postinu nalla prathikaranangal nalkiya Sukumar, samshayalu ennivarkku
  Nandhi rekhappeduthunnu.

  samshayaluvinu nalkaamennu paranja ee gaanam ippol labhyam aayathu kondu
  ee chithrathil Devarajan master aalapicha apoorvangalaaya naalu shlokangal
  kayyilillenkil ayachu tharaam.

  Nammalute koodikkaazhcha nalkiya nalla anubhavam njaan ippozhum manassil sookshikkunnu.

  -pixelblue

  ReplyDelete