Saturday, September 11, 2010

പുഴയില്‍ മുങ്ങിത്താഴും സന്ധ്യ


എഴുതിയത് : പിക്സല്‍ബ്ലൂമലയാളിയുടെ പ്രണയ ഭാവുകത്വത്തെ നിര്‍ണയിച്ച ഗാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉള്‍ക്കടലിലെ ഗാനങ്ങള്‍ വിസ്മരിക്കുവാന്‍ ഒരു സഹൃദയനും കഴിയുകയില്ല.
70കളുടെ അവസാനവും 80-കളിലും കാമ്പുസുകളില്‍ ജീവിച്ചവര്‍ക്ക് ഉള്‍ക്കടല്‍ എന്ന സിനിമയും ജീവിതത്തിന്റെ ഭാഗമാണ് .

ജോര്‍ജ് ഓണക്കൂറിന്റെ ശ്രദ്ധിക്കപ്പെടാത്ത നോവല്‍ സിനിമയായപ്പോള്‍ ആ നോവല്‍ മറ്റൊന്നായി മാറിയത് അടൂര്‍ കഴിഞ്ഞാല്‍ മലയാളത്തിലെ ഏറ്റവും കൃതഹസ്തനായ സംവിധായകന്‍ എന്ന് ഞാന്‍ കരുതുന്ന കെ .ജി .ജോര്‍ജ് സൃഷ്ടിച്ച സിനിമഭാഷ്യം ആയതു കൊണ്ടല്ല .
ജോര്‍ജ്ജിന്റെ ചിത്രം എന്ന നിലയില്‍ ഈ ചിത്രം സവിശേഷമായി അടയാളപ്പെടുത്താന്‍ കഴിയുന്ന മികവുള്ളതായിരുന്നില്ല .
ഉള്‍ക്കടലിനെ വിഷാദമാധുരമായ അനുഭവം ആക്കിയത് ഒ .എന്‍.വിയും എം.ബി.എസ്സും സൃഷ്ടിച്ച ഗാനങ്ങള്‍ ആണ് .
ആ ഗാനങ്ങള്‍ക്ക് ശബ്ദദൃശ്യങ്ങള്‍ നല്‍കിയ യേശുദാസും ജയചന്ദ്രനും വേണു നാഗവള്ളിയും ശോഭയും ഒക്കെയാണ് .

80 -കളിലെ കാമ്പുസുകളില്‍ ഏറ്റവും ആരാധിക്കപ്പെട്ടിരുന്നത് കവികളും എഴുത്തുകാരും ചിത്രകാരന്മാരും വിപ്ലവകാരികളും ഒക്കെയായിരുന്നു .
പരാജയപ്പെടുന്നവന്‍ വിജയിക്കുന്ന കാലം ആയിരുന്നത് അത് .
ഇന്ന് വിജയിക്കുന്നവര്‍ മിക്കവാറും ആത്മാവില്‍ വന്‍ രാജയങ്ങള്‍ ആകുന്ന കാലം ആണ് .
ഞാന്‍ പുതിയ സുഹൃത്തുക്കളെ സ്വീകരിക്കാറില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരിക്കല്‍ പറഞ്ഞത് ഇത് കൊണ്ടായിരിക്കാം.

സൌഹൃദങ്ങളില്‍ ഹൃദയ ബന്ധങ്ങള്‍ തിരക്കഥ രചിച്ച കാലത്തിന്റെ സാന്ദ്ര വിഷാദവുമായി ഉള്‍ക്കടലിലെ വേണു നാഗവള്ളിയുടെ മുഖം മനസ്സില്‍ നിറയുന്നു .
- അദ്ദേഹം 80 -കള്‍ക്ക് മുമ്പ് കാമ്പസ്സിലൂടെ കടന്നു പോയ ആള്‍ ആണെങ്കിലും .
മലയാളത്തിന്റെ ദേവദാസ് ആയ വേണു നാഗവള്ളി വിട പറഞ്ഞപ്പോള്‍ ഇപ്പോഴത്തെ കാമ്പസിന് ഒരു കണ്ണുനീരും പൊഴിക്കാനുണ്ടാവില്ല .
വേണു നാഗവള്ളിയും ശോഭയും ഒക്കെ നമ്മുടെ കുടുംബാംഗങ്ങള്‍ ആയ വര്‍ഷങ്ങളില്‍ വേണു നാഗവള്ളി അഭിനയിച്ച ചിത്രങ്ങളില്‍ അദ്ദേഹം പാടിയഭിനയിക്കാത്ത ഗാനങ്ങള്‍ പോലും കൂട്ടിവായിക്കാന്‍ വേണു നാഗവള്ളിയുടെയും നെടുമുടി വേണുവിന്റെയും രവിമേനോന്റെയും (അഭിനേതാവ് ) ശോഭയുടെയും ജലജയുടെയും അംബികയുടെയും ശാന്തികൃഷ്ണയുടെയും സുകുമാരന്റെയും എല്ലാം മുഖങ്ങള്‍ കൂടി നമുക്ക് വേണ്ടി വരും . ഇവരുടെ കഥാപാത്രങ്ങള്‍ പലരും എന്തിനേക്കാളും അക്ഷരങ്ങളെ സ്നേഹിച്ചു .കവിതയെ സ്നേഹിച്ചു.

'കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി' എന്ന ഗാനം കേള്‍ക്കുമ്പോള്‍ ഒരു വിഷാദവും തോന്നാത്ത ഒരു നിര്‍ഭാഗ്യവാന്‍ ആണ് ഞാന്‍ .എന്ന് മാത്രമല്ല , തുറന്നു പറഞ്ഞാല്‍ അല്പം ചിരിയും വരാറുണ്ട് .
വിവാഹ ബന്ധ'ന'ത്തില്‍ പെട്ട് യാത്രയാകുന്ന നായികയെ ഓര്‍ത്തു മനസ്സ് കൊണ്ട് പാടുന്ന നായകന്റെ അവസ്ഥ ആലോചിട്ടല്ല അത് .
അതെ പോലുള്ളൊരു ഗാനസന്ദര്‍ഭത്തില്‍ 'വനവല്ലിക്കുടിലെ ഏകാന്ത ശയ്യയില്‍ നിറമുള്ള നിഴലുകള്‍ നീളുമ്പോള്‍ എവിടെ നിന്നെത്തി ഇടയന്റെ പാട്ടിന്റെ ഈരടികള്‍' (ശാലിനി എന്റെ കൂട്ടുകാരി ) എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും വികാരതരളിതന്‍ ആയിപ്പോകും .അങ്ങനെയാണ് പാട്ടുണ്ടാക്കേണ്ടത് .
ശാലിനിയിലെ ആ ഗാനരംഗത്ത് ‌ വേണു നാഗവള്ളി ഇല്ലെങ്കിലും ആ സിനിമയില്‍ ഉണ്ട് . ആ കാലത്തില്‍ ഉണ്ട് .

മലയാളിയുടെ പ്രണയ ജാതകം കുറിച്ച ഗാനങ്ങളെ കുറിച്ച് പറയുമ്പോള്‍ ഉള്‍ക്കടലിലെ ഗാനങ്ങള്‍ മാത്രമല്ല, ചില്ലിലെ ഗാനങ്ങളും ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല .
അത് വരെ നമ്മള്‍ കണ്ട ഒ .എന്‍.വിയെയും എം.ബി.എസ്സിനെയും അല്ല ഈ ഗാനങ്ങളില്‍ കണ്ടത് . ഈ ഗാനങ്ങള്‍ ഒരുക്കുമ്പോള്‍ രണ്ടു പേരും അവരുടെ യൌവനത്തിലേക്ക് പടവുകള്‍ ഇറങ്ങി .
എം.ബി.എസ് സംഗീതം നല്‍കിയ വേനലിലെ കാവാലം ഗാനങ്ങളിലും കാലത്തിന്റെ കാല്‍പെരുമാറ്റം ഉണ്ട് .
(എന്തിനേറെ പറയുന്നു , പ്രണയസംബന്ധിയായ നേര്‍അനുഭവങ്ങള്‍ ഒന്നും ഇല്ലാത്ത എന്നെ പോലുള്ള പാവങ്ങള്‍ക്ക് പോലും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ചില ജെറി അമല്‍ദേവ് ഗാനങ്ങള്‍ മറക്കാനാവുമോ?)അനശ്വര സംഗീതജ്ഞനായ എം.ബി.എസ്സിനെ കുറിച്ച് പലതും എഴുതണമെന്നുണ്ട് .
പ്രണയത്തിന്റെ ഉദാത്തവല്കരണം കേട്ട് ഞാന്‍ നുറുങ്ങിപ്പോയ 'ഏറ്റുമാനൂര്‍ അമ്പലത്തില്‍' എന്ന ഗാനത്തെ കുറിച്ചും മറ്റും .
എങ്കിലും ഈ കുറിപ്പ് മറ്റൊരു ഓര്‍മ്മക്കുറിപ്പാല്ലോ .അത് കൊണ്ട് ആ കടം ബാക്കിയാവുന്നു .
ഉള്‍ക്കടലിലെ ഒരു ഗാനത്തിന്റെ സാന്ദര്‍ഭികപ്രസക്തിയെ കുറിച്ച് മാത്രമേ ഇപ്പോള്‍ എഴുതുന്നുള്ളൂ .

വേണു നാഗവള്ളിയെ അദ്ദേഹവും നമ്മളും ആദ്യമായി സ്ക്രീനില്‍ കണ്ടത് ഉള്‍ക്കടലിലെ 'പുഴയില്‍ മുങ്ങിതാഴും സന്ധ്യ ' എന്ന ഗാനത്തിന്റെ രംഗത്ത് ആയിരിക്കും .
ഈ ചിത്രത്തിലെ രാഹുലന്‍ എന്ന കഥാപാത്രത്തെ പോലെ, ജീവിതത്തില്‍ കവിതയും സാഹിത്യവും സംഗീതവും വേണു നാഗവള്ളിക്ക് എന്നും കൂട്ടിനുണ്ടായിരുന്നു .
റേഡിയോ പ്രക്ഷേപണ കലയിലെ ആചാര്യനും പഴയ തലമുറയിലെ പ്രമുഖ നാടകകൃത്തും ഒരു പാട് പ്രശസ്ത ചിത്രങ്ങളുടെ തിരക്കഥാ രചയിതാവും ആയ നാഗവള്ളി ആര്‍.എസ് . കുറുപ്പിന്റെ മകന് ഈ വഴികള്‍ ഒന്നും അപരിചിതമാകേണ്ടതില്ല .
അമ്മ (1952), ചന്ദ്രിക , ഭക്തകുചേല , കുമാരസംഭവം , ശ്രീ ഗുരുവായൂരപ്പന്‍ , ഹൃദയം ഒരു ക്ഷേത്രം , അവള്‍ അല്പം വൈകിപ്പോയി ,ഹോട്ടല്‍ ഹൈറേഞ്ച് ,ലേഡി ഡോക്ടര്‍ , കാടുമൈന തുടങ്ങിയ എത്രയോ പ്രശസ്ത ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് നാഗവള്ളി ആര്‍.എസ്. കുറുപ്പ് ആയിരുന്നു .
സ്വാഭാവികമായി വേണു നാഗവള്ളി സിനിമയില്‍ എത്തിച്ചേര്‍ന്നു .

ഒരു പൈങ്കിളി കഥ
എന്ന ചിത്രത്തില്‍ പിന്നണി പാടിയ വേണു നാഗവള്ളി അദ്ദേഹത്തിന്റെ കോളേജ് ജീവിതകാലത്തും ഔദ്യോഗിക ജീവിതകാലത്തും ഗായകനായി അറിയപ്പെട്ട ആള്‍
ആയിരുന്നു .കുറെ ലളിതഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

വേണു നാഗവള്ളിക്ക് ഏറ്റവും മാനസികമായ അടുപ്പം ഉള്ള ഗാനം ഉള്‍ക്കടലിലെ 'പുഴയില്‍ മുങ്ങിതാഴും' എന്ന് തുടങ്ങുന്ന കവിതയുടെ സംഗീതാവിഷ്കരണം ആയിരിക്കും .

ഈ ഗാനം 85 -86 കാലത്ത് ഗള്‍ഫില്‍ രാജ്യങ്ങളില്‍ വെച്ച് നടന്ന ഒരു താരനിശയില്‍ വേണു നാഗവള്ളി പാടിയത് കേള്‍ക്കുക .
ഗാനമായിതീര്‍ന്ന കവിതയുടെ അവസാന ഭാഗം വേണു നാഗവള്ളി പാടിയത് യേശുദാസ് പാടിയതിനേക്കാള്‍ വികാരതീവ്രതയോടെയാണ് .
ഗാനവുമായുള്ള ആത്മബന്ധം ആണ് അതിനു കാരണം എന്ന് വ്യക്തം .
സിനിമ അങ്ങനെയൊരു വൈകാരിക ആവശ്യപ്പെടുന്നില്ലായിരിക്കാം .
ഹൃദയസ്പര്‍ശിയായ ഈ ആലാപനം ആദരാഞ്ജലികളോടെ വേണു നാഗവള്ളിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.

പ്രിയ ഗാനം, ഭാസ്കരന്‍ മാഷുടെ ഭാഷയില്‍ പറഞ്ഞാല്‍ 'മാലാര്‍ന്നൊരു ആത്മരാഗം' ,
വേണു നാഗവള്ളി പാടുന്നു
:പുഴയില്‍ മുങ്ങിത്താഴും സന്ധ്യ
കുങ്കുമപൊട്ടിന്നഴകും വിഴുങ്ങുന്നു തിര
............................................................................
വിട ചോദിക്കും ഏതോ പക്ഷി തന്‍ വിഷാദമായ്
അകലെ ഒരു നേര്‍ത്ത നിഴലായ് മായും തോണിക്കകമേ നിന്ന്
കാറ്റില്‍ പടരും നാടന്‍ പാട്ടിന്‍ താഴംപൂ മണം
.........................................................................
നില്കുന്നൂ ഞാന്‍ ഈ പുഴയോരത്ത് ആരും കാണാതെ
നക്ഷത്രം ഒന്നെന്നുള്ളില്‍ എരിയുന്നു..
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നു...
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നു ......