Showing posts with label പി ഭാസ്കരന്‍. Show all posts
Showing posts with label പി ഭാസ്കരന്‍. Show all posts

Tuesday, November 9, 2010

കരിക്കൊടി തണലത്ത്


എഴുതിയത് : പിക്സല്‍ബ്ലൂ

കെ രാഘവന്‍

നീലക്കുയിലുകള്‍ പാറിപ്പറക്കാത്ത മാനത്ത്‌ ഓണക്കാലം വരച്ച ജലച്ചായ ചിത്രങ്ങള്‍.
കാര്‍മുകിലിന്റെ തേന്മാവില്‍ പാട്ടിന്റെ ഊഞ്ഞാലുകള്‍ അഴിയുന്നു.
നാല് കൊല്ലം മുമ്പുള്ള ഒരു വൈകുന്നേരം.

മാഹി എത്താറായപ്പോള്‍ ബസ്സില്‍ ദെലീമയുടെ ശബ്ദത്തില്‍ ഉണരുണരൂ ഉണ്ണിപ്പൂവേ എന്ന ഗാനം ഉയര്‍ന്നു. വല്ലാത്ത ഒരു ആഹ്ലാദത്തില്‍ ആയിപ്പോയി ഞാന്‍.
ദെലീമക്കൊരിക്കലും മാപ്പ് കൊടുക്കാത്ത ഞാന്‍ എല്ലാ കുറ്റങ്ങളും ഇതോടെ ക്ഷമിച്ചു.

എന്തൊരു യാദൃച്ഹികത !
രാഘവന്‍ മാഷെ ആദ്യമായി കാണാന്‍ പോവുകയായിരുന്നു ഞങ്ങള്‍.
യാദൃച്ഹികതയുടെ താമരനൂല്‍ സ്പര്‍ശം പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.
പലരെയും കണ്ടപ്പോള്‍..കാണുന്നതിനു മുമ്പ്..കണ്ടതിനു ശേഷം..ഒരിക്കലും കാണാതിരുന്നപ്പോള്‍.

എന്റെ നാട്ടില്‍ നിന്ന് ഇത്രയും അടുത്തായിട്ടും എന്ത് കൊണ്ട് രാഘവന്‍ മാഷെ മുമ്പ് കണ്ടില്ല എന്നതിന്റെ ഉത്തരം എന്റെ സുഹൃത്ത്‌ ഈ ലേഖനത്തില്‍ ഒരിടത്ത് പറയുന്നുണ്ട്.

ഉണരുണരൂ എന്ന് ജാനകി ഉച്ചശ്രുതിയില്‍ പാടുമ്പോള്‍, ഉണര്‍ന്നിരിക്കുമ്പോള്‍ പോലും നമ്മള്‍ വീണ്ടും ഉണര്‍ന്നു പോകും.



ഈ ഗാനം അഞ്ജനം നോക്കാതെ തന്നെ എനിക്ക് ആദ്യം കാണിച്ചു തരുന്നത് ഒരു പുഴയാണ്.
മാധവി ( അംബിക) തോണി തുഴഞ്ഞു ഈ പാട്ട് പാടുന്നത് ആ പുഴയില്‍ വെച്ചാണ്.
ഞങ്ങളുടെ നാട്ടിലെ പുഴ.

അക്കരെക്കു പോകാനുള്ള കടത്തു തോണി ഇപ്പോഴില്ല.പകരം കുഞ്ഞിരാമന്‍ വക്കീല്‍ പാലം ഉണ്ട്.

ആ കടവില്‍ നിന്ന് തോണിയില്‍ കയറി എത്രയോ തവണ ഞാന്‍ അക്കരെ പോയിട്ടുണ്ട്.

-എന്റെ അമ്മയെ കാണാന്‍.

പുഴക്കപ്പുറം പുറങ്കര .

.അവിടെയുള്ള സ്കൂളില്‍ ടീച്ചര്‍ ആയിരുന്നു എന്റെ അമ്മ.
ഇടയ്ക്കു ഇപ്പോഴും ആ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് അമ്മ പറയാറുണ്ട്‌.

സ്കൂളിനു തൊട്ടപ്പുറമായിരുന്നു ഈ സിനിമയിലെ ചന്ദ്രന്‍ (സത്യന്‍) താമസിച്ച ബംഗ്ലാവ്

ആ മുനമ്പില്‍ പുഴയും കടലും സംഗമിക്കുന്നു.

അതാണ്‌ ഞങ്ങളുടെ സാന്റ്ബാങ്ക്സ്.

ചിലപ്പോള്‍ ഞാനും സുഹൃത്തുക്കളും വൈകുന്നേരം അവിടെ പോയിരുന്നു വര്‍ത്തമാനം പറഞ്ഞു നേരം വെളുത്ത് പോയിട്ടുണ്ട് .

ഇംഗ്ലണ്ടിലേക്ക് പോകുന്നതിനു മുമ്പ് പ്രകൃതി ഭംഗിയുള്ള ചില ചിത്രങ്ങള്‍ വരക്കാന്‍ വന്നതായിരുന്നു ഈ സിനിമയിലെ നായകന്‍.
ഉണരുണരൂ, കൊന്നപ്പൂവേ എന്നീ ഗാനങ്ങളും ഈ ഗാനങ്ങള്‍ ആലപിച്ച നായികയും നായകനെ അനുരാഗബദ്ധനാക്കി.സാന്റ്ബാങ്ക്സിലും പരിസരത്തും വെച്ചായിരുന്നു ഈ .എം. കോവൂര്‍ എഴുതിയ കഥ സിനിമയായത്.

പില്‍ക്കാലത്ത്‌ ഈ ബംഗ്ലാവ് ബിര്‍ള വാങ്ങി.
പട്ടിണിപ്പാവങ്ങളായ (ബിര്‍ളയുലുമായി നോക്കുമ്പോള്‍) എന്റെ വീട്ടുകാര്‍ക്ക് മുമ്പില്‍ ആ
ബംഗ്ലാവിന്റെ ഗേറ്റ് ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക്‌ അക്കാലത്തും തുറന്നിരുന്നു.
കാവല്‍ക്കാരനായ റോബര്‍ട്ട്‌ അച്ഛന്റെ പഴയ ശിഷ്യന്‍ ആയിരുന്നു.

ഭരതന്റെ 'ഒഴിവുകാലം' എന്ന സിനിമ ചിത്രീകരിച്ചതും സാന്റ്ബാങ്ക്സിലും ഈ ബംഗ്ലാവിലും
വെച്ചായിരുന്നു.

ഈ പ്രകൃതിരമണീയമായ സ്ഥലത്തു ആകെയുള്ള രണ്ടു സ്ക്കൂളുകള്‍ ഞങ്ങളുടെ കുടുംബത്തിന്റെതായിരുന്നു. ഒന്ന് ഇപ്പോഴും ആണ്.
അത് കൊണ്ട് ഈ പ്രദേശത്തോടും ജനങ്ങളോടും പ്രകൃതിയോടും കൂടുതല്‍ അടുപ്പമുണ്ട്.
കുട്ടിക്കാലം തൊട്ടേ ഉണരുണരൂ എന്ന ഗാനത്തോടും.

അമ്മയെ കാണാനിലെ കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ , പ്രാണന്റെ പ്രാണനില്‍ , മധുര പതിനേഴുകാരി , കഥ കഥ പൈങ്കിളിയും, ഗോക്കളെ മേച്ചു കൊണ്ടും , പെണ്ണായി പിറന്നെങ്കില്‍ തുടങ്ങിയ ഗാനങ്ങള്‍ ആര്‍ക്കെങ്കിലും മറക്കാനാവുമോ?
ഉണരുണരൂ എന്ന ഗാനത്തോട്‌ കൂടുതല്‍ ഒരു ഇഷ്ടം ഉണ്ട് .

ബസ്സില്‍ നിന്ന് ഈ പാട്ട് കേട്ടത് ദെലീമയുടെ ശബ്ദത്തില്‍ ആയതു ഒരു കണക്കില്‍ നന്നായി.
അല്ലെങ്കില്‍ പാട്ടിന്റെ ജാനകിക്കാട്ടില്‍ ഞാന്‍ അകപ്പെട്ടു പോകുമായിരുന്നു.

(ജാനകിക്കാട് വടകരയില്‍ നിന്നും ഒരു മണിക്കൂറോളം യാത്ര ചെയ്‌താല്‍ എത്തുന്ന ഒരു
സ്ഥലം ആണ്.കടത്തനാടിന്റെ ഭംഗി കാണാന്‍ എത്തുന്നവര്‍ പോകുന്ന ആ സ്ഥലത്തെ കാട്
വി. കെ.കൃഷ്ണമേനോന്റെ സഹോദരി ആയ ജാനകി അമ്മയുടെ വകയായിരുന്നു.
ഗവണ്മെന്റിനു വിട്ടു കൊടുത്തപ്പോള്‍ ആ കാട് ജാനകിക്കാടായി)

ഇപ്പോള്‍ ഞാന്‍ എസ്സ് .ജാനകിയെയും ദെലീമയെയും ഓര്‍ക്കുന്നില്ല. രാഘവന്‍ മാഷെ മാത്രം ഓര്‍ക്കുന്നു.

രാഘവന്‍ മാഷെ ആദ്യമായി കണ്ടത് എപ്പോഴാണ്?
രണ്ടു ദശകങ്ങള്‍ക്കും മുമ്പ് - 1984-ല്‍.
അന്ന് തന്നെയാണ് ദേവരാജന്‍ മാഷെ ആദ്യമായി കണ്ടത്- അവസാനമായും.
രാഘവന്‍ മാസ്റ്ററുടെ സപ്തതിയോടനുബന്ധിച്ചു കോഴിക്കോട് ടൌണ്‍ ഹള്ളില്‍ നടന്ന മീറ്റിംഗില്‍ ഒരു കാഴ്ചക്കാരനായി സംബന്ധിക്കാന്‍ കഴിഞ്ഞത് ഇന്ന് ആലോചിക്കുമ്പോള്‍ ഒരു ഭാഗ്യമായി കരുതുന്നു.

മഹാരഥന്മാര്‍ അണിനിരന്ന വേദി.
രാഘവന്‍ മാസ്റ്റര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുക മാത്രമല്ല ദേവരാജന്‍ മാസ്റ്റര്‍
ചെയ്തത്,തന്റെ സംഗീത സങ്കല്പങ്ങളെ വിശദീകരിക്കുകകയും ചെയ്തു അദ്ദേഹം.
കാറ്റടിച്ചു കൊടും കാറ്റടിച്ചു എന്നാ ഗാനത്തിന് സംഗീതം നല്കിയതെങ്ങനെ എന്ന് അദ്ദേഹം
പാടിക്കൊണ്ട് വിശദീകരിച്ചത് ജീവിതത്തിലെ വലിയ സംഗീതാസ്വാദന പാഠം ആയി മാറി.
-ശിവന്‍ ഏതാനും ശബ്ദങ്ങളിലൂടെ പ്രപഞ്ചരഹസ്യം വെളിപ്പെടുത്തിയത് പോലെ.
നൂറു കണക്കിന് രാഗങ്ങള്‍ പഠിച്ചാലും സംഗീതം അറിയാന്‍ കഴിയണമെന്നില്ല എന്നാണു എനിക്ക് തോന്നുന്നത്.
പക്ഷെ ഇത്തരം ഒരനുഭവം അജ്ഞരായ എന്നെ പോലുള്ള കേവല ആസ്വാദകര്‍ക്ക് ധാരാളം.

ദേവരാജന്‍ മാസ്റ്റര്‍ രാഘവന്‍ മാസ്റ്ററോടു കാണിച്ച ആദരവ് കണ്ടു കാണികള്‍ പോലും
നിരുദ്ധകണ്ഠന്മാര്‍ ആയിപ്പോയി.

സ്കൂള്‍ കുട്ടികള്‍ തമ്മില്‍ പറയുന്നത് പോലെയുള്ള തമാശകള്‍ നിറഞ്ഞ അവരുടെ പ്രസംഗങ്ങള്‍
അവരുടെ ആത്മബന്ധത്തെ വെളിപ്പെടുത്തി.

എന്നെ പോലുള്ളവര്‍ അറിയാതെ പോകേണ്ട എന്ന് കരുതി ദേവരാജന്‍ മാഷ് ഇങ്ങനെ പറഞ്ഞു:
"രാഘവന്‍ മാഷ് ഇപ്പോള്‍ താമസിക്കുന്നത് കായംകുളത്ത് ആണ് .കെ പി എ.സിയുടെ പുതിയ നാടകങ്ങള്‍ക്ക് സംഗീതം നല്‍കുന്ന കൂട്ടത്തില്‍ പാട്ട് പഠിപ്പിക്കലും ഉണ്ട്.പതിനേഴു പതിനെട്ടു വയസ്സുള്ള പെണ്‍പിള്ളേര്‍ക്ക് സ്പെഷ്യല്‍ ട്യൂഷന്‍ നല്‍കുന്നുണ്ട് എന്നാണു എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്."

ബാലമുരളി കൃഷ്ണയുടെ സിംഹനാദത്തിലുള്ള പൊട്ടിച്ചിരിയില്‍ ടൌണ്‍ ഹാള്‍ കുലുങ്ങി.
രാഘവന്‍ മാസ്റ്ററും ആ ചിരിയില്‍ പങ്കു ചേര്‍ന്നു .

പിന്നെ രാഘവന്‍ മാസ്റ്ററെ കാണുന്നത് ഈ ദിവസം ആണ്.

ബസ്‌ തലശ്ശേരിക്കിപ്പുറം തലായിക്കടുത്തു എത്തി.
ഇവിടെയാണ് ഇറങ്ങേണ്ടത്- ചക്കളത്ത് മുക്ക് .

എന്റെ കൂടെയുണ്ടായിരുന്ന അറിയപ്പെടുന്ന ഡോക്യുമെന്ററി സംവിധായകന്‍ ആയ സി.വി .സത്യന്‍ എന്നോടു പറഞ്ഞു:
(വിട പറഞ്ഞ പ്രിയ സുഹൃത്ത്‌ എ.അയ്യപ്പനെ കുറിച്ച് മലയാളത്തില്‍ ഉള്ള ഏക ഡോക്യുമെന്ററി സിനിമ സംവിധാനം ചെയ്തത് സി.വി. സത്യന്‍ ആണ്)

"ഈ മണ്ണില്‍ കാലു കുത്തുമ്പോള്‍ മുട്ട് വിറക്കുന്നു.നവോത്ഥാന കേരളത്തിന്റെ ശില്‍പികളില്‍ ഒരാളെ ആണല്ലോ നമ്മള്‍ കാണാന്‍ പോകുന്നത്"

ജനകീയ രാഷ്ട്രീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പലപ്പോഴും കനത്ത പോലീസ് മര്‍ദനം എല്ക്കുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്ത സത്യന് ആരെയെങ്കിലും പേടി ഉള്ളതായി ഞാന്‍ അതിനു മുമ്പ് വിശ്വസിച്ചിരുന്നില്ല. സത്യന്റെ വാക്കുകളിലെ വിവേകം എന്നെ സ്പര്‍ശിക്കുക തന്നെ ചെയ്തു.

ആദ്യം കണ്ട ആളോടു വഴി ചോദിച്ചപ്പോള്‍ അദ്ദേഹം സന്തോഷപൂര്‍വ്വം വഴി ചൂണ്ടിക്കാട്ടി.
പിന്നെയും ഒരു വളവു കഴിഞ്ഞപ്പോള്‍ മറ്റൊരാളോടും വഴി ചോദിച്ചു.അയാള്‍ക്കും വഴികാട്ടിയാവാന്‍ ഉത്സാഹം.

കോണ്‍ക്രീറ്റിട്ടു മിനുക്കിയ ഒരു വലിയ വീട്ടു മുറ്റത്ത്‌ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.ഒരു കാര്‍ മുറ്റത്ത്‌ നിര്‍ത്തിയിട്ടുണ്ട്.
ഉള്ളില്‍ നിന്നും ഉച്ചത്തില്‍ ഒരു അപ്രിയ കഠോര ഗാനം.

രാഘവന്‍ മാഷ് പുറത്തു വരുന്നതിനു മുമ്പ് സംഗതി മനസ്സിലായി.
ഇത് ഒരു രാഷ്ട്രീയക്കാരന്‍ രാഘവന്‍ മാഷുടെ വീടാണ്.

സംഗീത സംവിധായകന്‍ രാഘവന്‍ മാഷ് എന്ന് പറഞ്ഞപ്പോള്‍ വീട് അതിനു അടുത്ത് തന്നെയാണ്.
നേരെ പോയി ഇടത്തോട് പോയാല്‍ വലത്തോട്ട് കാണുന്ന ഇടവഴിയുടെ ഇടതു ഭാഗത്ത്‌.

മലയാള സിനിമ സംഗീതത്തിന്റെ കോണ്‍ക്രീറ്റ് മുറ്റങ്ങളില്‍ നിന്ന് സ്വാഭാവിക ജൈവ സംഗീതത്തിന്റെ നാലുകാലോലപ്പുരയിലേക്ക് പോകണമെങ്കില്‍ ഒരു പാട് ദൂരം പോകേണ്ടതുണ്ടെങ്കിലും ഈ വഴിക്ക് അത്ര ദൈര്‍ഘ്യം ഇല്ല.

പഴയ ഇരുനില വീട്.
നിശബ്ദത.

കെ രാഘവന്റെ വീട്

രാഘവന്‍ മാഷ് മെല്ലെ കോലായിലേക്ക് വന്നു.
കാലിനു രണ്ടും കുഴമ്പു ഇട്ടിട്ടുണ്ട് .സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും പേശികള്‍ വിലക്കുന്നു.

ജോണ്‍ അബ്രഹാമിന്റെ സുഹൃത്താണ് സത്യന്‍ എന്ന് പറഞ്ഞപ്പോള്‍ ജോണുമായുള്ള ബന്ധത്തെ കുറച്ചായി സംസാരം.ആ സംസാരം മാഷെ അല്പം പ്രസന്നന്‍ ആക്കി.
ഭാസ്കരന്‍ മാഷ്, വയലാര്‍, യേശുദാസ്, ജാനകി..ഓര്‍മ്മകള്‍ ഇടറുന്നില്ല.
ഭാസ്കരന്‍ മാഷെ പറ്റി പറയുമ്പോള്‍ സ്നേഹത്തിനു പുറമേ ആദരവും.ഇപ്പോഴും ഇടയ്ക്കു വിളിക്കാറുണ്ട് എന്ന് പറഞ്ഞു.
(2006-il ആയിരുന്നു ഈ കൂടിക്കാഴ്ച )
നാഴിയൂരിപ്പാല് കൊണ്ട് എന്ന ഗാനത്തെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ ഗായത്രി ശ്രീകൃഷ്ണന്‍
ഇപ്പോള്‍ ഡല്‍ഹിയില്‍ ആണ് താമസം എന്ന് സത്യന്‍ പറഞ്ഞു.അത് അറിയില്ലായിരുന്നു എന്ന് മാഷ് പറഞ്ഞു.
അവരുടെ അക്കാലത്ത് അല്പം ചര്‍ച്ചാ വിഷയം ആയ മിശ്രവിവാഹത്തെ പറ്റി പറഞ്ഞു.
നാടക ഗാനങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ ശബരിമലയിലും കല്ല് എന്ന ഗാനം എനിക്ക്
ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ശബരിമലയിലും കല്ല്
ശക്തീശ്വരത്തിലും കല്ല്
തിരുപ്പതിമലയിലും ഗുരുവായൂരിലും
തൃച്ചംബരത്തും കല്ല്
കല്ലിനെ തൊഴുന്നവരേ!...നിങ്ങള്‍
കല്‍പ്പണിക്കാരെ മറക്കരുതേ.....
(നാടകം : ഭരതക്ഷേത്രം)

വയലാറിന്റെ ഈ നാടക ഗാനം അക്കാലത്ത് അമ്പലങ്ങളില്‍ കച്ചേരിക്ക്‌ പോകുമ്പോള്‍ കീര്‍ത്തനങ്ങളുടെ കൂടെ സ്ഥിരമായി പാടാറുണ്ടായിരുന്നു എന്ന് മാഷ് പറഞ്ഞപ്പോള്‍ അതെനിക്ക് ഒരു പാട് കാഴ്ചകള്‍ നല്‍കിയ ഒരു അറിവായിരുന്നു.
കായലരികത്ത് എന്ന ഗാനം കച്ചേരികള്‍ക്കിടയില്‍ പാടാറുണ്ടായിരുന്നു എന്ന് കേട്ടിരുന്നു.
പക്ഷെ ഇതങ്ങനെയല്ലല്ലോ,.

മണിയടി കേട്ടാല്‍ ഉണരുമോ?
മന്ത്രം ജപിച്ചാല്‍ ഉണരുമോ?
മരിച്ച ദൈവത്തിന്‍ സ്മാരകശിലയില്‍
മാലയിട്ടാല്‍ വരം തരുമോ?

സംഗീതത്തിനു ഇങ്ങനെയൊരു രാഷ്ട്രീയ പ്രയോഗ സാധ്യത ഉണ്ടെങ്കില്‍ അത് അക്കാലത്തെ ജനങ്ങളുടെ ഉയര്‍ന്ന സാംസ്കാരിക ബോധത്തെയും സഹിഷ്ണുതയെയും ആണ് കാണിക്കുന്നത്.

ഇന്ന് അത് സാദ്ധ്യം ആകുമോ?

അന്ധ വിശ്വാസങ്ങളും ജാതീയതയും അനാചാരങ്ങളും നിറഞ്ഞ അക്കാലത്ത് സാമൂഹ്യ ജീവിതത്തില്‍ ചില തുറന്ന സ്ഥലങ്ങള്‍ ഉണ്ടായിരുന്നു.ആ സ്ഥലങ്ങളിലൂടെയാണ് നവോത്ഥാനം ഭാഷയിലും സാഹിത്യത്തിലും സംഗീതത്തിലും കടന്നു വന്നത് .

മലയാള സിനിമസംഗീതത്തിലെ യുഗസ്രഷ്ടാവായ രാഘവന്‍ മാസ്റ്ററെ സാദ്ധ്യമാക്കിയതും ആ കാലം ആണ്.

പിന്നെയും കുറെ നേരം ഞങ്ങള്‍ പലതും പറഞ്ഞിരുന്നു.
ഓരോ വാക്കും വിലയേറിയത് ആണെങ്കിലും അദ്ദേഹത്തിന്റെ പ്രക്ഷീണഭാവം കണ്ടപ്പോള്‍ യാത്ര പറയാം എന്ന് വിചാരിച്ചു.
'.....പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.എല്ലാ നന്മകളും നേരുന്നു' എന്ന് അദ്ദേഹം
എഴുതി തന്നപ്പോള്‍ മനസ്സൊരു നിമിഷം വിതുമ്പിയോ?


* * * * * * * * * * * * * * * * * * * * * * * * * * * * * *


എസ്. ജാനകിയുടെ ഏറ്റവും പ്രശസ്തമായ രണ്ടു ഗാനങ്ങള്‍ ചിത്രീകരിക്കപ്പെട്ടത് എന്റെ നാട്ടില്‍ വെച്ചായിരുന്നു .
അഞ്ജനക്കണ്ണെഴുതി , ഉണരുണരൂ ഉണ്ണിപൂവേ എന്നിവയാണ് ആ ഗാനങ്ങള്‍ .

ഉണരുണരൂ ഉണ്ണിപൂവേ
കരിക്കൊടി തണലത്തു
കാട്ടിലെ കിളി പെണ്ണിന്‍
കവിത കേട്ടുറങ്ങുന്ന പൂവേ
കവിത കേട്ടുറങ്ങുന്ന പൂവേ


മഴവില്ല് നനയ്ക്കുന്ന മുകിലുകളെയും കളിയാട്ടമാടുന്ന തിരകളെയും കാണാന്‍ ഉണ്ണിപ്പൂവുകള്‍ക്ക്
മാത്രമേ കഴിയു .
നിസ്വ ജീവിതങ്ങള്‍ക്ക് മുന്നില്‍ പ്രകൃതി തുറന്നു വെച്ച സ്വപ്ന സമാനമായ ഭാവനാദൃശ്യങ്ങള്‍.
മഴയും വെയിലുമുള്ളപ്പോള്‍ നടക്കാറുള്ള കുറുക്കന്റെ കല്യാണം ചിത്രീകരിച്ച കുറോസവക്ക്
മാത്രം ചിത്രീകരിക്കാന്‍ കഴിയുന്ന കാഴ്ചകള്‍‍.

എസ് ജാനകിയുടെ ശബ്ദത്തിന്റെ നിഷ്കളങ്ക പ്രവാഹത്തിലൂടെ മലയാള ഗാനശാഖക്ക് കിട്ടിയ സമ്മാനം.കാര്‍ഷിക കേരളത്തിന്റെ പ്രകൃതിയെ ഇത്ര മനോഹരമായി ആവിഷ്കരിക്കുന്ന ഭാവഗാനങ്ങള്‍ കുറവാണ് .
കവിതയും ഗാനവും കണ്ടു മുട്ടിയ അപൂര്‍വമായ ഒരു പുലര്‍കാലം.
രാഘവന്‍ മാസ്റ്ററുടെ സര്‍ഗ്ഗപ്രതിഭയുടെ ജലലീല മഴവില്ല് നനയ്ക്കുന്നു .

കരിക്കൊടി വള്ളികള്‍ ഭാസ്കരന്‍ മാഷുടെ വേറെ ഏതെങ്കിലും ഗാനത്തില്‍ വന്നിട്ടുണ്ടോ?
ഓര്‍ക്കുന്നില്ല.
ഭാസ്കരന്‍ മാഷുടെ പ്രധാനപ്പെട്ട ഒരു കവിതയില്‍ വളരെ വികാര നിര്‍ഭരമായ ഒരു സന്ദര്‍ഭത്തില്‍ കരിക്കൊടി വള്ളികള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
വയലാര്‍ അന്തരിച്ചപ്പോള്‍ അശ്രുപൂജകള്‍ അര്‍പ്പിച്ചു കൊണ്ട് ഭാസ്കരന്‍ മാഷ് എഴുതിയ ആ മണ്ണില്‍ എന്ന കവിതയില്‍.

"താന്തനായ് നിശബ്ദപാദനായ് പാതിരാ-
പൂന്തിങ്കളിപ്പോഴും തന്‍ പുഷ്പ ചക്രമായ്
അക്കായ
ല്‍ വക്കില്‍ കരിക്കൊടി വള്ളിയില്‍
രാക്കുയില്‍ കണ്ഠം വിതുമ്പിയിരിക്കവേ
എഴിലംപാലക്കുട
ക്കീഴില്‍ യാമിനി-
യേകാന്ത ശോകവിമൂകമിരിക്കവേ
നിന്റെ മരണകുടീരമിടക്കിടെ
കണ്ടു മടങ്ങാറുണ്ടെന്നറിഞ്ഞു ഞാന്‍"


* * * * * * * * * * * * * * * * * * * * * * * * * * * * * *

വീണ്ടുമൊരിക്കല്‍ കൂടി അടുത്ത കാലത്ത് രാഘവന്‍ മാഷെ കണ്ടു.
കഴിഞ്ഞ ജൂലൈ 7- ആം തിയതി.

പനി പിടിച്ചു അദ്ദേഹം ക്ഷീണിതന്‍ ആയതു കൊണ്ട് കൂടുതല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.
വളരെ കുറച്ചു നേരം കൂടെ ചെലവഴിച്ചു എന്ന് മാത്രം.

ഞങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം എഴുന്നേറ്റു വന്നതെയുള്ളു
ഒരു ചെറിയ ട്രാന്സിസ്റ്റെര്‍ റേഡിയോ തൊട്ടടുത്തുണ്ട്.
ലോക കപ്പ്‌ ഫുട്ബോള്‍ വിശേഷങ്ങള്‍ കേള്‍ക്കുകയായിരുന്നു ആ അവസ്ഥയിലും അദ്ദേഹം.
ബോംബെയില്‍ അദ്ദേഹം ഫുട്ബോള്‍ കളിക്കാരനായ കാലത്തെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചു.
ശരി വച്ചു കൊണ്ട് ഓര്‍മകളുടെ ഒരു ചെറിയ ചിരി.

ഒരു കാര്യം ചോദിക്കാമോ എന്ന് മടിച്ചു. എങ്കിലും ചോദിച്ചു:
"മാഷ് മാഷുടെ സിനിമ ഗാനങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാറുണ്ടോ ?"

"റേഡിയോയില്‍ വരുമ്പോള്‍ കേള്‍ക്കും.റേഡിയോയില്‍ വരുന്ന പാട്ടുകള്‍ എല്ലാവരുടെയും
കേള്‍ക്കും" എന്നായിരുന്നു മറുപടി.

പിന്നെ അദ്ദേഹം മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞ കാര്യം.

"എന്റെ ഒരു പാട്ടും ഞാന്‍ ശേഖരിച്ചു വെച്ചിട്ട് ഒന്നുമില്ല. റേഡിയോയില്‍ വരുമ്പോള്‍ കേള്‍ക്കും. അത്ര മാത്രം.".

ഗാനങ്ങള്‍ ശേഖരിച്ചു വെച്ചിട്ടില്ലാത്ത പാട്ടുകാരുടെയും സംഗീത സംവിധായകരുടെയും
നഷ്ടബോധം ഒട്ടുമില്ല ആ ശബ്ദത്തില്‍.
അദ്ദേഹത്തിന്റെ മകന്‍ കനകംബരന്‍ എ.ഐ.ആര്‍‍-ലെ ഉദ്യോഗസ്ഥന്‍ ആയതു കൊണ്ട് പാട്ടുകള്‍ ആഗ്രഹിച്ചാല്‍ വിളിപ്പുറത്ത് തന്നെയുണ്ട്‌.

പക്ഷെ ഇപ്പോള്‍ മാഷുടെ ശബ്ദത്തില്‍ 96 വയസ്സിന്റെ നിര്‍മ്മമതയും അസ്വസ്ഥതയും മാത്രം.
അതായിരുന്നു എന്നെ ദുഃഖിപ്പിച്ചത്.


മഴയത്ത് റോഡില്‍ തിരിച്ചെത്തിയപ്പോള്‍ പടിഞ്ഞാറു ഭാഗത്ത്‌ നോക്കി.
നിത്യ സാക്ഷിയായ കടല്‍. കടപ്പുറത്ത് ചില കുടിലുകള്‍.ചിലത് വീടുകളായി മാറിയിട്ടുണ്ട്.
ആ വഴിക്ക് എപ്പോള്‍ പോകുമ്പോഴും ആ കുടിലുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാറില്ല.
ഈ കടപ്പുറത്ത് ഇത് പോലുള്ള കുടിലുകളില്‍ ഒന്നില്‍ ആയിരിക്കും രാഘവന്‍ മാസ്റ്റര്‍ ജനിച്ചത്‌.
ഈ കടപ്പുറം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തിനു പശ്ചാത്തല സംഗീതമൊരുക്കി.
മത്സ്യ തൊഴിലാളിയായ അച്ഛന്‍. ദാരിദ്ര്യവും ദൈന്യതയും സാമൂഹികമായ അവഗണനകളും ആ കുട്ടിക്കാലത്തിനു ശ്രുതിയായി.

മലയാള സംഗീതത്തിലെ കുലപതികളായ മഹത് പ്രതിഭകള്‍ ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്‌, ചിദംബരനാഥ് , ദക്ഷിണാമൂര്‍ത്തി എല്ലാവര്‍ക്കും സംഗീത പാരമ്പര്യം ഉണ്ടായിരുന്നു. അങ്ങനെ ഒരു പാരമ്പര്യവും രാഘവന്‍ മാസ്റ്റര്‍ക്ക് അവകാശപ്പെടാന്‍ ഇല്ല.

തലശ്ശേരിയിലെയും പരിസരങ്ങളിലെയും വലിയ മുസ്ലിം വീടുകളില്‍കളില്‍ നിന്ന് കേട്ട ഖവാലികളും മാപ്പിളപ്പാട്ടുകളും അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ സ്വാധീനിച്ചു .
നാടന്‍ പാട്ടുകളും നാടന്‍ കലാരൂപങ്ങളും രാഘവന്‍ മാസ്റ്ററുടെ മനസ്സില്‍ ഇടം കണ്ടെത്തി.
ഉത്തര മലബാറിന്റെ സംസ്കാര തനിമകളായ തെയ്യവും തിറകളും അബോധ മനസ്സില്‍ ഈണങ്ങളുടെ നിറക്കൂട്ടുകള്‍ ചാര്‍ത്തി.നേരത്തെ കളരി പഠിച്ച രാഘവന്‍ മാസ്റ്ററുടെ സംഗീത അവബോധത്തിന് ശാസ്ത്രീയ സംഗീതാഭ്യസനം മെയ്‌ വഴക്കം നല്‍കി.
ആകാശവാണിയിലെ ഔദ്യോഗിക ജീവിതവും യാത്രകളും ഇതര സംഗീത ധാരകളെ മനസ്സിലാക്കാന്‍ അദ്ദേഹത്തിനു അവസരങ്ങള്‍ നല്‍കി.

സാന്ദ്രവും വ്യത്യസ്തവുമായ രൂപത്തില്‍ ഒരു പുതിയ സംഗീത സംസ്കാരമാകാന്‍ ആ അറിവുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ തപസ്സു ചെയ്തു- ശമീവൃക്ഷത്തിലെ അഗ്നി പോലെ .

അഗ്നിശുദ്ധി ചെയ്ത ആ സംഗീത ബോധം 1954-ല്‍ നീലക്കുയിലിലൂടെ മലയാളിയുടെ സംഗീത ജാതകം മാറ്റിയെഴുതി.

ഒരു ശാസ്ത്രീയ സംഗീത ഗായകന്‍ മാത്രം ആകാന്‍ ആഗ്രഹിച്ച രാഘവന്‍ മാസ്റ്റര്‍ ലളിത സംഗീതത്തിന്റെ ആദിമ വിരാട് രൂപമായി.ശാസ്തീയ സംഗീതത്തിന്റെ പോലും വേരുകള്‍ പ്രാക്തന സംഗീതം ആയ നാടന്‍പാട്ടുകളില്‍ ആണെന്ന ഉന്നതമായ തിരിച്ചറിവ് കൊണ്ടാണ് പിന്നീട് മലയാളത്തിലുണ്ടായ മികച്ച സംഗീത മാതൃകകളെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഗാനവ്യവസ്ഥ ആകാന്‍ രാഘവന്‍ മാസ്റ്ററുടെ
സംഗീതത്തിനു കഴിഞ്ഞത്‌. ആസ്ട്രേലിയയിലെ അബോറിജിനല്‍ ആര്‍ട്സ് പികാസ്സോ തുടങ്ങിയ ആധുനിക ചിത്രകാരന്മാരിലൂടെ രൂപാന്തരം നേടിയത് പോലെയുള്ള ഒരു പരിണാമം ആണത് .

തീയില്‍ മുളച്ചത് ഒന്നും വെയിലത്ത്‌ വാടുകയില്ല.
അത് കൊണ്ട് തന്നെ രാഘവന്‍ മാസ്റ്ററുടെ ഒരു മോശം ഗാനം കണ്ടെത്തുക പ്രയാസമാണ്.
രാഘവന്‍ മാസ്റ്ററെ കണ്ടെത്തുക അതിലേറെ പ്രയാസമാണ്.

ഇനിയും ഈ വഴിയിലൂടെ കുറെയേറെ നടക്കേണ്ടി വരും.

കടപ്പുറത്ത് നിന്നും തിരിച്ചു വരുമ്പോള്‍ ആകാശത്ത് നീലക്കുയിലുകള്‍ പറക്കുന്നു.
കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിന്‍ കവിത കേട്ടുറങ്ങുന്ന പൂക്കള്‍.


Thursday, January 7, 2010

ഏകാന്തതയുടെ മഹാതീരം

2010 ജനുവരി ലക്കം ഛായക്ക് വേണ്ടി പിക്സൽ ബ്ലൂ എഴുതിയത്

‘ഏകാന്തതയുടെ അപാരതീരം’ എന്ന ഗാനം പി ഭാസ്കരന്റെയും ബാബുരാജിന്റെയും കമുകറയുടേയും അനശ്വര ഗാനങ്ങളില്‍ ഒന്നാണ്. മലയാള ഗാനങ്ങളിലെ എക്കാലത്തേയും വലിയ ഒരു ക്ലാസ്സിക്.

ഈ ഗാനത്തിന്റെ തുടക്കം ‘ഏകാന്തതയുടെ മഹാതീരം’ എന്നായിരുന്നു. അങ്ങനെയാണ് സിനിമയില്‍ ഈ ഗാനം മലയാളികള്‍ കേട്ടത്. പൊതുവേ ഈ ഗാ‍നം നമ്മള്‍ കേട്ടുപോരുന്നത് അങ്ങനെയല്ല. ‘ഏകാന്തതയുടെ മഹാതീരം..... ഏകാന്തതയുടെ അപാരതീരം’ എന്ന ആദ്യഭാഗം മാറ്റി തുടര്‍ന്നുള്ള ‘ഏകാന്തതയുടെ അപാരതീരം‘ കൊണ്ട് തുടങ്ങുന്നതാണ് കാസറ്റുകളിലും സിഡികളിലും വന്നത്. അതുകൊണ്ട് ഈ ഗാനം ‘ഏകാന്തതയുടെ അപാരതീരം‘ എന്നറിയപ്പെടുന്നു.

സിനിമയില്‍ കേള്‍ക്കുന്ന ഗാനത്തില്‍ ഏകാന്തതയുടെ, മഹാതീരം എന്നീ രണ്ടുവാക്കുകള്‍ക്കിടയിലുള്ള ഇടത്തില്‍ ഉയരുന്ന നാലു സെക്കന്റ് മാത്രമുള്ള സംഗീതവും തിരമാലകളുടെ ശബ്ദവും ഗാനത്തിന്റെ അന്തസ്സത്ത മുഴുവന്‍ ആവാഹിക്കുന്നു.
‘മഹാതീരം’, ‘അപാരതീരം’ എന്നീ രണ്ടുവാക്കുകള്‍ ‘ഏകാന്തത’യുടെ കൂടെ മാറിവരുമ്പോള്‍ സൂക്ഷ്മമായ രണ്ട് അനുഭവങ്ങളാണ് സൃഷ്ടിക്കുന്നത്.

‘താമസമെന്തേ’ എന്ന ഗാനം പോലെ ഒരു ഗാനം മലയാളത്തില്‍ ഇല്ല.
“എകാന്തതയുടെ അപാരതീരം’ പോലെ മറ്റൊരു ഗാനവും മലയാളത്തില്‍ ഇല്ല.

ഏകാന്തതയുടെ മഹാതീരത്തിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ കുറിപ്പ്.

എത്രയോ പേരുടെ ഓര്‍മ്മകളെ ഇന്നും ഈറനണിയിക്കുന്ന കഥ. ‘ഭാര്‍ഗ്ഗവീനിലയം’ എന്ന ആരും താമസിക്കാത്ത ഭീതിയുണര്‍ത്തുന്ന വലിയ വീട്ടില്‍ താമസിക്കാന്‍ എത്തുകയാണ് എഴുത്തുകാരന്‍ (മധു). അവിടെ മുന്‍പ് താമസിച്ചിരുന്ന ഭാര്‍ഗവിക്കുട്ടി (വിജയനിര്‍മ്മല) എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയെക്കുറിച്ച് അയാള്‍ അറിയുന്നു. ഭാര്‍ഗ്ഗവിക്കുട്ടിയുടെ അദൃശ്യ സാന്നിദ്ധ്യം ആ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും അയാള്‍ അറിയുന്നു. സാഹിത്യകാരന്റെ ഭാര്‍ഗ്ഗവിക്കുട്ടിയുമായുള്ള സങ്കല്‍പ്പ ഭാഷണങ്ങളിലൂടെ, അയാള്‍ എഴുതുന്ന നോവലിലൂടെ ഭാര്‍ഗ്ഗവിക്കുട്ടിയുടെ കഥ നമ്മള്‍ അറിയുന്നു. മലയാള സിനിമയും സാഹിത്യവും കേട്ട ഏറ്റവും മഹത്തായ ഒരു ദുരന്ത പ്രണയകഥയായിരുന്നു അത്.
ശശികുമാര്‍ (പ്രേം നസീര്‍) ആയിരുന്നു ആ കഥയിലെ നായകന്‍.

ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ‘പൊട്ടിത്തകര്‍ന്ന കിനാവു കൊണ്ട്’ എന്ന ഗാനം കേട്ടതിനുശേഷം പിന്നെയാണ് കഥയിലെ ‘അനുരാഗ മധുചഷകം‘ നിറഞ്ഞുതുളുമ്പുന്നത്.
‘മതിലുക‘ളിലെ അതേ മതിലുകള്‍ ഇവിടെയും ഉണ്ട് - രണ്ടു വീടുകള്‍ക്കിടയില്‍. ഈ പ്രണയത്തിനിടയിലാണ് ബഷീറിന്റെ പ്രശസ്തമായ ആ വരികള്‍ കേള്‍ക്കുന്നത്.

ശശികുമാര്‍ : ആ പൂവെന്തു ചെയ്തു?
ഭാര്‍ഗ്ഗവിക്കുട്ടി: ഏതു പൂ?
‘രക്തനക്ഷത്രം പോലെ കടും ചുവപ്പായ ആ പൂ’
‘ഓ അതോ, തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?‘
‘ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാന്‍’
‘കളഞ്ഞെങ്കിലെന്ത്?’
‘ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്.’

പിന്നെ ‘താമസമെന്തേ വരുവാന്‍’ ‘ എന്ന മലയാളത്തില്‍ കേട്ട അതിമഹത്തായ ഗാനം കേള്‍ക്കുന്നു.
സത്യവും സങ്കല്പവും ഇടകലരുമ്പോള്‍ ഭാര്‍ഗ്ഗവിക്കുട്ടിയുടെ മരണം ആത്മഹത്യയല്ലെന്നു നമ്മള്‍ അറിയുന്നു. ഭാര്‍ഗ്ഗവിക്കുട്ടിയുടെ വിശുദ്ധപ്രണയത്തിലെ നായകന്‍ ശശികുമാര്‍ അപ്രത്യക്ഷനായതെങ്ങനെയെന്നും അറിയുന്നു. ‘വാസന്തപഞ്ചമിനാളില്‍ വരുമെന്നൊരു കിനാവുകണ്ടു‘ കാത്തിരുന്നവളുടെ കഥ.

ഭാര്‍ഗ്ഗവിയുടെ മരണത്തിനു കാരണക്കാരനായ മുറച്ചെറുക്കന്‍ (പി ജെ ആന്റണി) എഴുത്തുകാരനുമായുള്ള വഴക്കിനൊടുവില്‍ ഭാര്‍ഗ്ഗവിക്കുട്ടിയെ തള്ളിയിട്ട അതേ കിണറ്റില്‍ വീണു മരിക്കുന്നു, എഴുത്തുകാരന്‍ ഒറ്റയ്ക്കാവുന്നു. ചുറ്റും ചിതറിക്കിടക്കുന്ന കഥയെഴുതിയ കടലാസുകള്‍.
വീണുകിടന്ന ഒരു കടലാസുതാള്‍ കയ്യില്‍ പിടിച്ച് എഴുത്തുകാരന്‍ പറയുകയാണ്:
‘ഭാര്‍ഗ്ഗവി, എന്റെ പ്രിയ സുഹൃത്തേ, നീ നിന്റെ അകലത്തെ ദേവന്റെ അടുത്തേക്കു പോയി. ഞാന്‍ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. നീയും ഞാനുമെന്ന യാഥാര്‍ഥ്യത്തില്‍ നിന്നു ഞാന്‍ മാത്രം അവശേഷിക്കാന്‍ പോവുകയാണ്, ഞാന്‍ മാത്രം.’

ഇവിടെ ചിത്രം അവസാനിക്കുന്നു. ദൂരെനിന്നും ഭാര്‍ഗ്ഗവിയുടെ പൊട്ടിച്ചിരിയുടെ ചില്ലുകള്‍ സിനിമയുടെ ശബ്ദപഥത്തില്‍ വീണുടയുന്നു.

ഈ സിനിമയിലെ ആദ്യഗാനമായ ‘ഏകാന്തതയുടെ’ കേള്‍ക്കുന്നത് സിനിമ തുടങ്ങി 50 മിനിറ്റ് കഴിയുമ്പോളാണ്.അതിനു മുന്‍പേ ഭാര്‍ഗ്ഗവിക്കുട്ടിയുടെ ചിന്തകളുമായി കടപ്പുറത്തുള്ള പാറയില്‍ ഇരിക്കുമ്പോള്‍ യാദൃച്ഛികമായി പാറയുടെ മുകളില്‍ കോറിയിട്ട പൂപ്പല്‍ കൊണ്ടു മറഞ്ഞു പോയ അക്ഷരങ്ങള്‍ എഴുത്തുകാരന്‍ കണ്ടെത്തുന്നുണ്ട്.

ഭാര്‍ഗ്ഗവി
എസ് കെ

ഈ കടല്‍ത്തീരം തന്നെയാണ് പിന്നെ ‘അറബിക്കടലൊരു മണവാളന്‍’ എന്ന പ്രസന്നമായ ഗാനത്തിന്റെയും പശ്ചാത്തലമാവുന്നത്.
‘ഏകാന്തതയുടെ മഹാതീരം’ എന്ന ഗാനത്തിന്റെ അവസാനം എഴുത്തുകാരന്‍ മരിച്ചുപോയ ഭാര്‍ഗ്ഗവിക്കുട്ടിയെ മുഖാമുഖം കണ്ടുമുട്ടുന്നതും ഈ കടല്‍ത്തീരത്തു തന്നെയാണ്.



സത്യമോ വിഭ്രമമോ എന്നൊന്നും പറയാന്‍ കഴിയാത്ത നിഗൂഢഭംഗി ഈ ഗാനത്തിന്റെ അവസാനം നമ്മള്‍ അറിയുന്നു. അതുകൊണ്ടുതന്നെ ഈ ഗാനം ഉണ്ടാക്കുന്ന അനുഭൂതി പ്രസരങ്ങള്‍ ഗാനം മാത്രം കേള്‍ക്കുന്നതിനെക്കാള്‍ ശക്തമാണ് സിനിമയില്‍ കേള്‍ക്കുമ്പോള്‍. തിരക്കഥയുടേയും സംവിധാനത്തിന്റെയും വലിയ വിജയമാണത്. ഇത്തരം ഒരുപാട് നിമിഷങ്ങള്‍ ആണ് ‘ഭാര്‍ഗ്ഗവീനിലയ’ത്തെ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നാക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെക്കുറിച്ചോ ബഷീറിനെക്കുറിച്ചോ അറിയാത്തവര്‍ക്കും ഈ ഗാനം ആസ്വദിക്കാം. പക്ഷേ ‘നീലവെളിച്ചം’ വായിച്ചവര്‍ക്കുമാത്രമേ ‘ബഷീര്‍ ഭാഷ’ പി ഭാസ്കരന്‍ എത്ര നന്നായി കൈകാര്യം ചെയ്തു എന്നു മനസ്സിലാവുകയുള്ളു. അല്ലെങ്കില്‍ തിരക്കഥയില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിക്കണം.

ആ അറിവ് ഗാനത്തിന്റെ ആസ്വാദ്യത എത്രയോ അധികം വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും.
തിരക്കഥയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയതു വായിച്ചാല്‍ ബഷീര്‍ സാഹിത്യത്തെ പി ഭാസ്കരന്‍ എങ്ങനെ ഗാനത്തില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു എന്നു മനസ്സിലാകും.

‘............ ഉന്നതങ്ങളായ കൊടുമുടികളെ അതിലംഘിച്ചു വെളിച്ചം കടന്നിട്ടില്ലാത്ത ആദിമ വനാന്തരങ്ങളിലൂടെ..... ഇന്നലെയുടെ അനന്തകോടി വര്‍ഷങ്ങളില്‍ വീണ് തകര്‍ന്നുപോയ മഹാസംസ്കാരത്തിന്റെ നഗരാവശിഷ്ടങ്ങളിലൂടെ....സംഭ്രമജനകമായ് കാഴ്ചകള്‍ കണ്ടു അത്ഭുതകരങ്ങളായ അറിവുകള്‍ നേടി ഒടുവില്‍ ഒടുവിലിതാ വന്നു നില്‍ക്കുന്നു .... ഏകാന്തതയുടെ ഈ മഹാതീരത്ത്...........’

‘ഏകാന്തതയുടെ ഈ മഹാതീരത്ത്’ എന്ന് ബഷീര്‍ എഴുതിനിര്‍ത്തിയിടത്താണ് സിനിമയില്‍ ഗാനം ആരംഭിക്കുന്നത്.
ബഷീര്‍ ഭാവനയുടെ അപാരതീരങ്ങള്‍ ബാബുരാജ് സംഗീതം കൊണ്ടുസ്പര്‍ശിച്ചപ്പോള്‍ എക്കാലത്തേയും മികച്ച ഏതാനും സംഗീതാനുഭവങ്ങള്‍ നമുക്കു ലഭിച്ചു. ബാബുരാജിനല്ലാതെ മറ്റാര്‍ക്കെങ്കിലും അതു കഴിയുമായിരുന്നു എന്ന് എനിക്കു തോന്നുന്നില്ല. രണ്ടുപേരും അലഞ്ഞവര്‍ , അന്വേഷിച്ചവര്‍, കണ്ടെത്തിയവര്‍...

എഴുത്തിലെ ബാബുരാജ് ആണ് ബഷീര്‍.
സംഗീതത്തിലെ ബഷീര്‍ ആണ് ബാബുരാജ്.

വാക്കുകളിലേയും സംഗീതത്തിലേയും ഏകാന്ത തീരങ്ങളുടെ ആരാധകരേ, ഈ കുറിപ്പു നിങ്ങള്‍ക്കുവേണ്ടി.

Saturday, December 19, 2009

തച്ചോളി ഒതേനന്‍

എഴുതിയത് : പിക്സല്‍ ബ്ലൂ




തച്ചോളിമാണിക്കോത്ത് ഉത്സവം തുടങ്ങുമ്പോൾ ചെണ്ടയുടെ മേളം എന്റെവീട്ടിലും കേൾക്കാം..അത്രയും അടുത്ത് !

ഇപ്പോഴും എല്ലാവർഷവും അവിടെ തച്ചോളിഒതേനന്റെ തിറയുണ്ട്. വേറേ എവിടെയും ഇല്ലാത്തത്.
തച്ചോളി മേപ്പെലെ ആ വീട്ടിലുള്ള അനന്തരാവകാശികളെ നേരിട്ടു പരിചയപ്പെടുന്നത് എൺപതുകളിൽ ഏഷ്യാനെറ്റിനുവേണ്ടി അവിടുത്തെ കളരി ചിത്രീകരിയ്ക്കാൻ വന്ന എന്റെ സുഹൃത്തിന്റെ കൂടെപോയപ്പോഴായിരുന്നു.

മാതൃഭൂമിയിൽ കടത്തനാടൻ കളരികളേക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാൻ നടന്ന ദിവസങ്ങൾ ഓർമ്മവരുന്നു.

ആ യാത്രയിൽ,തച്ചോളിഒതേനനിൽ സത്യന്റെ ഡ്യുപ്പ് ആയിരുന്ന മടപ്പള്ളിയിലെ രാഘവൻ ഗുരുക്കളെപരിചയപ്പെട്ടതു നല്ലൊരനുഭവമായിരുന്നു. അദ്ദേഹത്തിന്റെ ശരീരഘടന സത്യന്റേതു തന്നെ..

മറ്റുനാട്ടുകാർക്ക് കേട്ടാൽ അത്ഭുതം തോന്നുന്ന ഒരു കാര്യം പറയട്ടെ... ഇപ്പോഴും കടത്തനാട്ടിലെ വിവാഹവീടുകളിൽ, തലേദിവസം സ്ത്രീകൾ കറിക്കൂട്ടുകള്‍ അരയ്ക്കുന്നത് ഒരു സംഘഗാനം പോലെ വടക്കൻപാട്ടുകൾ പാടിക്കൊണ്ടാണ്. അരവു പാട്ട് എന്ന് പറയും.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രം പ്രദർശനവിജയം നേടാത്ത ഒരേയൊരു സ്ഥലം വടകര ആയത് എന്തുകൊണ്ടെന്ന് ഇനിപ്പറയേണ്ടതില്ലല്ലൊ.

കൊയ്തുപാടത്ത് സ്ത്രീകളും പുരുഷന്മാരും പാടുന്ന വായ്ത്താരിയിൽ തുടങ്ങി അങ്ങനെ അവസാനിയ്കുന്ന ഈ സിനിമ കണ്ടത് കുട്ടിക്കാലത്താണ്. ഒതേനനെയും കുങ്കിയേയും എല്ലാം വീണ്ടുംകാണണം.

ലോകനാർക്കാവിലെ കുളപ്പടവുകളിൽ നക്ഷത്രങ്ങളെണ്ണിക്കിടക്കുമ്പോൾ,ചിലപ്പോഴൊക്കെ ഓർക്കുംഅഞ്ജനക്കണ്ണെഴുതി തുടങ്ങിയ ഗാനങ്ങൾ ചിത്രീകരിച്ചത് ഇവിടെയൊക്കെവെച്ചാണല്ലൊ എന്ന്.




ഈ ചിത്രത്തെ കുറിച്ചു കൂടുതല്‍ എം എസ് ഐയില്‍ നിന്ന്‍ വിവരങ്ങള്‍ ലഭിക്കും