Tuesday, November 9, 2010

കരിക്കൊടി തണലത്ത്


എഴുതിയത് : പിക്സല്‍ബ്ലൂ

കെ രാഘവന്‍

നീലക്കുയിലുകള്‍ പാറിപ്പറക്കാത്ത മാനത്ത്‌ ഓണക്കാലം വരച്ച ജലച്ചായ ചിത്രങ്ങള്‍.
കാര്‍മുകിലിന്റെ തേന്മാവില്‍ പാട്ടിന്റെ ഊഞ്ഞാലുകള്‍ അഴിയുന്നു.
നാല് കൊല്ലം മുമ്പുള്ള ഒരു വൈകുന്നേരം.

മാഹി എത്താറായപ്പോള്‍ ബസ്സില്‍ ദെലീമയുടെ ശബ്ദത്തില്‍ ഉണരുണരൂ ഉണ്ണിപ്പൂവേ എന്ന ഗാനം ഉയര്‍ന്നു. വല്ലാത്ത ഒരു ആഹ്ലാദത്തില്‍ ആയിപ്പോയി ഞാന്‍.
ദെലീമക്കൊരിക്കലും മാപ്പ് കൊടുക്കാത്ത ഞാന്‍ എല്ലാ കുറ്റങ്ങളും ഇതോടെ ക്ഷമിച്ചു.

എന്തൊരു യാദൃച്ഹികത !
രാഘവന്‍ മാഷെ ആദ്യമായി കാണാന്‍ പോവുകയായിരുന്നു ഞങ്ങള്‍.
യാദൃച്ഹികതയുടെ താമരനൂല്‍ സ്പര്‍ശം പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.
പലരെയും കണ്ടപ്പോള്‍..കാണുന്നതിനു മുമ്പ്..കണ്ടതിനു ശേഷം..ഒരിക്കലും കാണാതിരുന്നപ്പോള്‍.

എന്റെ നാട്ടില്‍ നിന്ന് ഇത്രയും അടുത്തായിട്ടും എന്ത് കൊണ്ട് രാഘവന്‍ മാഷെ മുമ്പ് കണ്ടില്ല എന്നതിന്റെ ഉത്തരം എന്റെ സുഹൃത്ത്‌ ഈ ലേഖനത്തില്‍ ഒരിടത്ത് പറയുന്നുണ്ട്.

ഉണരുണരൂ എന്ന് ജാനകി ഉച്ചശ്രുതിയില്‍ പാടുമ്പോള്‍, ഉണര്‍ന്നിരിക്കുമ്പോള്‍ പോലും നമ്മള്‍ വീണ്ടും ഉണര്‍ന്നു പോകും.ഈ ഗാനം അഞ്ജനം നോക്കാതെ തന്നെ എനിക്ക് ആദ്യം കാണിച്ചു തരുന്നത് ഒരു പുഴയാണ്.
മാധവി ( അംബിക) തോണി തുഴഞ്ഞു ഈ പാട്ട് പാടുന്നത് ആ പുഴയില്‍ വെച്ചാണ്.
ഞങ്ങളുടെ നാട്ടിലെ പുഴ.

അക്കരെക്കു പോകാനുള്ള കടത്തു തോണി ഇപ്പോഴില്ല.പകരം കുഞ്ഞിരാമന്‍ വക്കീല്‍ പാലം ഉണ്ട്.

ആ കടവില്‍ നിന്ന് തോണിയില്‍ കയറി എത്രയോ തവണ ഞാന്‍ അക്കരെ പോയിട്ടുണ്ട്.

-എന്റെ അമ്മയെ കാണാന്‍.

പുഴക്കപ്പുറം പുറങ്കര .

.അവിടെയുള്ള സ്കൂളില്‍ ടീച്ചര്‍ ആയിരുന്നു എന്റെ അമ്മ.
ഇടയ്ക്കു ഇപ്പോഴും ആ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് അമ്മ പറയാറുണ്ട്‌.

സ്കൂളിനു തൊട്ടപ്പുറമായിരുന്നു ഈ സിനിമയിലെ ചന്ദ്രന്‍ (സത്യന്‍) താമസിച്ച ബംഗ്ലാവ്

ആ മുനമ്പില്‍ പുഴയും കടലും സംഗമിക്കുന്നു.

അതാണ്‌ ഞങ്ങളുടെ സാന്റ്ബാങ്ക്സ്.

ചിലപ്പോള്‍ ഞാനും സുഹൃത്തുക്കളും വൈകുന്നേരം അവിടെ പോയിരുന്നു വര്‍ത്തമാനം പറഞ്ഞു നേരം വെളുത്ത് പോയിട്ടുണ്ട് .

ഇംഗ്ലണ്ടിലേക്ക് പോകുന്നതിനു മുമ്പ് പ്രകൃതി ഭംഗിയുള്ള ചില ചിത്രങ്ങള്‍ വരക്കാന്‍ വന്നതായിരുന്നു ഈ സിനിമയിലെ നായകന്‍.
ഉണരുണരൂ, കൊന്നപ്പൂവേ എന്നീ ഗാനങ്ങളും ഈ ഗാനങ്ങള്‍ ആലപിച്ച നായികയും നായകനെ അനുരാഗബദ്ധനാക്കി.സാന്റ്ബാങ്ക്സിലും പരിസരത്തും വെച്ചായിരുന്നു ഈ .എം. കോവൂര്‍ എഴുതിയ കഥ സിനിമയായത്.

പില്‍ക്കാലത്ത്‌ ഈ ബംഗ്ലാവ് ബിര്‍ള വാങ്ങി.
പട്ടിണിപ്പാവങ്ങളായ (ബിര്‍ളയുലുമായി നോക്കുമ്പോള്‍) എന്റെ വീട്ടുകാര്‍ക്ക് മുമ്പില്‍ ആ
ബംഗ്ലാവിന്റെ ഗേറ്റ് ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക്‌ അക്കാലത്തും തുറന്നിരുന്നു.
കാവല്‍ക്കാരനായ റോബര്‍ട്ട്‌ അച്ഛന്റെ പഴയ ശിഷ്യന്‍ ആയിരുന്നു.

ഭരതന്റെ 'ഒഴിവുകാലം' എന്ന സിനിമ ചിത്രീകരിച്ചതും സാന്റ്ബാങ്ക്സിലും ഈ ബംഗ്ലാവിലും
വെച്ചായിരുന്നു.

ഈ പ്രകൃതിരമണീയമായ സ്ഥലത്തു ആകെയുള്ള രണ്ടു സ്ക്കൂളുകള്‍ ഞങ്ങളുടെ കുടുംബത്തിന്റെതായിരുന്നു. ഒന്ന് ഇപ്പോഴും ആണ്.
അത് കൊണ്ട് ഈ പ്രദേശത്തോടും ജനങ്ങളോടും പ്രകൃതിയോടും കൂടുതല്‍ അടുപ്പമുണ്ട്.
കുട്ടിക്കാലം തൊട്ടേ ഉണരുണരൂ എന്ന ഗാനത്തോടും.

അമ്മയെ കാണാനിലെ കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ , പ്രാണന്റെ പ്രാണനില്‍ , മധുര പതിനേഴുകാരി , കഥ കഥ പൈങ്കിളിയും, ഗോക്കളെ മേച്ചു കൊണ്ടും , പെണ്ണായി പിറന്നെങ്കില്‍ തുടങ്ങിയ ഗാനങ്ങള്‍ ആര്‍ക്കെങ്കിലും മറക്കാനാവുമോ?
ഉണരുണരൂ എന്ന ഗാനത്തോട്‌ കൂടുതല്‍ ഒരു ഇഷ്ടം ഉണ്ട് .

ബസ്സില്‍ നിന്ന് ഈ പാട്ട് കേട്ടത് ദെലീമയുടെ ശബ്ദത്തില്‍ ആയതു ഒരു കണക്കില്‍ നന്നായി.
അല്ലെങ്കില്‍ പാട്ടിന്റെ ജാനകിക്കാട്ടില്‍ ഞാന്‍ അകപ്പെട്ടു പോകുമായിരുന്നു.

(ജാനകിക്കാട് വടകരയില്‍ നിന്നും ഒരു മണിക്കൂറോളം യാത്ര ചെയ്‌താല്‍ എത്തുന്ന ഒരു
സ്ഥലം ആണ്.കടത്തനാടിന്റെ ഭംഗി കാണാന്‍ എത്തുന്നവര്‍ പോകുന്ന ആ സ്ഥലത്തെ കാട്
വി. കെ.കൃഷ്ണമേനോന്റെ സഹോദരി ആയ ജാനകി അമ്മയുടെ വകയായിരുന്നു.
ഗവണ്മെന്റിനു വിട്ടു കൊടുത്തപ്പോള്‍ ആ കാട് ജാനകിക്കാടായി)

ഇപ്പോള്‍ ഞാന്‍ എസ്സ് .ജാനകിയെയും ദെലീമയെയും ഓര്‍ക്കുന്നില്ല. രാഘവന്‍ മാഷെ മാത്രം ഓര്‍ക്കുന്നു.

രാഘവന്‍ മാഷെ ആദ്യമായി കണ്ടത് എപ്പോഴാണ്?
രണ്ടു ദശകങ്ങള്‍ക്കും മുമ്പ് - 1984-ല്‍.
അന്ന് തന്നെയാണ് ദേവരാജന്‍ മാഷെ ആദ്യമായി കണ്ടത്- അവസാനമായും.
രാഘവന്‍ മാസ്റ്ററുടെ സപ്തതിയോടനുബന്ധിച്ചു കോഴിക്കോട് ടൌണ്‍ ഹള്ളില്‍ നടന്ന മീറ്റിംഗില്‍ ഒരു കാഴ്ചക്കാരനായി സംബന്ധിക്കാന്‍ കഴിഞ്ഞത് ഇന്ന് ആലോചിക്കുമ്പോള്‍ ഒരു ഭാഗ്യമായി കരുതുന്നു.

മഹാരഥന്മാര്‍ അണിനിരന്ന വേദി.
രാഘവന്‍ മാസ്റ്റര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുക മാത്രമല്ല ദേവരാജന്‍ മാസ്റ്റര്‍
ചെയ്തത്,തന്റെ സംഗീത സങ്കല്പങ്ങളെ വിശദീകരിക്കുകകയും ചെയ്തു അദ്ദേഹം.
കാറ്റടിച്ചു കൊടും കാറ്റടിച്ചു എന്നാ ഗാനത്തിന് സംഗീതം നല്കിയതെങ്ങനെ എന്ന് അദ്ദേഹം
പാടിക്കൊണ്ട് വിശദീകരിച്ചത് ജീവിതത്തിലെ വലിയ സംഗീതാസ്വാദന പാഠം ആയി മാറി.
-ശിവന്‍ ഏതാനും ശബ്ദങ്ങളിലൂടെ പ്രപഞ്ചരഹസ്യം വെളിപ്പെടുത്തിയത് പോലെ.
നൂറു കണക്കിന് രാഗങ്ങള്‍ പഠിച്ചാലും സംഗീതം അറിയാന്‍ കഴിയണമെന്നില്ല എന്നാണു എനിക്ക് തോന്നുന്നത്.
പക്ഷെ ഇത്തരം ഒരനുഭവം അജ്ഞരായ എന്നെ പോലുള്ള കേവല ആസ്വാദകര്‍ക്ക് ധാരാളം.

ദേവരാജന്‍ മാസ്റ്റര്‍ രാഘവന്‍ മാസ്റ്ററോടു കാണിച്ച ആദരവ് കണ്ടു കാണികള്‍ പോലും
നിരുദ്ധകണ്ഠന്മാര്‍ ആയിപ്പോയി.

സ്കൂള്‍ കുട്ടികള്‍ തമ്മില്‍ പറയുന്നത് പോലെയുള്ള തമാശകള്‍ നിറഞ്ഞ അവരുടെ പ്രസംഗങ്ങള്‍
അവരുടെ ആത്മബന്ധത്തെ വെളിപ്പെടുത്തി.

എന്നെ പോലുള്ളവര്‍ അറിയാതെ പോകേണ്ട എന്ന് കരുതി ദേവരാജന്‍ മാഷ് ഇങ്ങനെ പറഞ്ഞു:
"രാഘവന്‍ മാഷ് ഇപ്പോള്‍ താമസിക്കുന്നത് കായംകുളത്ത് ആണ് .കെ പി എ.സിയുടെ പുതിയ നാടകങ്ങള്‍ക്ക് സംഗീതം നല്‍കുന്ന കൂട്ടത്തില്‍ പാട്ട് പഠിപ്പിക്കലും ഉണ്ട്.പതിനേഴു പതിനെട്ടു വയസ്സുള്ള പെണ്‍പിള്ളേര്‍ക്ക് സ്പെഷ്യല്‍ ട്യൂഷന്‍ നല്‍കുന്നുണ്ട് എന്നാണു എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്."

ബാലമുരളി കൃഷ്ണയുടെ സിംഹനാദത്തിലുള്ള പൊട്ടിച്ചിരിയില്‍ ടൌണ്‍ ഹാള്‍ കുലുങ്ങി.
രാഘവന്‍ മാസ്റ്ററും ആ ചിരിയില്‍ പങ്കു ചേര്‍ന്നു .

പിന്നെ രാഘവന്‍ മാസ്റ്ററെ കാണുന്നത് ഈ ദിവസം ആണ്.

ബസ്‌ തലശ്ശേരിക്കിപ്പുറം തലായിക്കടുത്തു എത്തി.
ഇവിടെയാണ് ഇറങ്ങേണ്ടത്- ചക്കളത്ത് മുക്ക് .

എന്റെ കൂടെയുണ്ടായിരുന്ന അറിയപ്പെടുന്ന ഡോക്യുമെന്ററി സംവിധായകന്‍ ആയ സി.വി .സത്യന്‍ എന്നോടു പറഞ്ഞു:
(വിട പറഞ്ഞ പ്രിയ സുഹൃത്ത്‌ എ.അയ്യപ്പനെ കുറിച്ച് മലയാളത്തില്‍ ഉള്ള ഏക ഡോക്യുമെന്ററി സിനിമ സംവിധാനം ചെയ്തത് സി.വി. സത്യന്‍ ആണ്)

"ഈ മണ്ണില്‍ കാലു കുത്തുമ്പോള്‍ മുട്ട് വിറക്കുന്നു.നവോത്ഥാന കേരളത്തിന്റെ ശില്‍പികളില്‍ ഒരാളെ ആണല്ലോ നമ്മള്‍ കാണാന്‍ പോകുന്നത്"

ജനകീയ രാഷ്ട്രീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പലപ്പോഴും കനത്ത പോലീസ് മര്‍ദനം എല്ക്കുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്ത സത്യന് ആരെയെങ്കിലും പേടി ഉള്ളതായി ഞാന്‍ അതിനു മുമ്പ് വിശ്വസിച്ചിരുന്നില്ല. സത്യന്റെ വാക്കുകളിലെ വിവേകം എന്നെ സ്പര്‍ശിക്കുക തന്നെ ചെയ്തു.

ആദ്യം കണ്ട ആളോടു വഴി ചോദിച്ചപ്പോള്‍ അദ്ദേഹം സന്തോഷപൂര്‍വ്വം വഴി ചൂണ്ടിക്കാട്ടി.
പിന്നെയും ഒരു വളവു കഴിഞ്ഞപ്പോള്‍ മറ്റൊരാളോടും വഴി ചോദിച്ചു.അയാള്‍ക്കും വഴികാട്ടിയാവാന്‍ ഉത്സാഹം.

കോണ്‍ക്രീറ്റിട്ടു മിനുക്കിയ ഒരു വലിയ വീട്ടു മുറ്റത്ത്‌ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.ഒരു കാര്‍ മുറ്റത്ത്‌ നിര്‍ത്തിയിട്ടുണ്ട്.
ഉള്ളില്‍ നിന്നും ഉച്ചത്തില്‍ ഒരു അപ്രിയ കഠോര ഗാനം.

രാഘവന്‍ മാഷ് പുറത്തു വരുന്നതിനു മുമ്പ് സംഗതി മനസ്സിലായി.
ഇത് ഒരു രാഷ്ട്രീയക്കാരന്‍ രാഘവന്‍ മാഷുടെ വീടാണ്.

സംഗീത സംവിധായകന്‍ രാഘവന്‍ മാഷ് എന്ന് പറഞ്ഞപ്പോള്‍ വീട് അതിനു അടുത്ത് തന്നെയാണ്.
നേരെ പോയി ഇടത്തോട് പോയാല്‍ വലത്തോട്ട് കാണുന്ന ഇടവഴിയുടെ ഇടതു ഭാഗത്ത്‌.

മലയാള സിനിമ സംഗീതത്തിന്റെ കോണ്‍ക്രീറ്റ് മുറ്റങ്ങളില്‍ നിന്ന് സ്വാഭാവിക ജൈവ സംഗീതത്തിന്റെ നാലുകാലോലപ്പുരയിലേക്ക് പോകണമെങ്കില്‍ ഒരു പാട് ദൂരം പോകേണ്ടതുണ്ടെങ്കിലും ഈ വഴിക്ക് അത്ര ദൈര്‍ഘ്യം ഇല്ല.

പഴയ ഇരുനില വീട്.
നിശബ്ദത.

കെ രാഘവന്റെ വീട്

രാഘവന്‍ മാഷ് മെല്ലെ കോലായിലേക്ക് വന്നു.
കാലിനു രണ്ടും കുഴമ്പു ഇട്ടിട്ടുണ്ട് .സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും പേശികള്‍ വിലക്കുന്നു.

ജോണ്‍ അബ്രഹാമിന്റെ സുഹൃത്താണ് സത്യന്‍ എന്ന് പറഞ്ഞപ്പോള്‍ ജോണുമായുള്ള ബന്ധത്തെ കുറച്ചായി സംസാരം.ആ സംസാരം മാഷെ അല്പം പ്രസന്നന്‍ ആക്കി.
ഭാസ്കരന്‍ മാഷ്, വയലാര്‍, യേശുദാസ്, ജാനകി..ഓര്‍മ്മകള്‍ ഇടറുന്നില്ല.
ഭാസ്കരന്‍ മാഷെ പറ്റി പറയുമ്പോള്‍ സ്നേഹത്തിനു പുറമേ ആദരവും.ഇപ്പോഴും ഇടയ്ക്കു വിളിക്കാറുണ്ട് എന്ന് പറഞ്ഞു.
(2006-il ആയിരുന്നു ഈ കൂടിക്കാഴ്ച )
നാഴിയൂരിപ്പാല് കൊണ്ട് എന്ന ഗാനത്തെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ ഗായത്രി ശ്രീകൃഷ്ണന്‍
ഇപ്പോള്‍ ഡല്‍ഹിയില്‍ ആണ് താമസം എന്ന് സത്യന്‍ പറഞ്ഞു.അത് അറിയില്ലായിരുന്നു എന്ന് മാഷ് പറഞ്ഞു.
അവരുടെ അക്കാലത്ത് അല്പം ചര്‍ച്ചാ വിഷയം ആയ മിശ്രവിവാഹത്തെ പറ്റി പറഞ്ഞു.
നാടക ഗാനങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ ശബരിമലയിലും കല്ല് എന്ന ഗാനം എനിക്ക്
ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ശബരിമലയിലും കല്ല്
ശക്തീശ്വരത്തിലും കല്ല്
തിരുപ്പതിമലയിലും ഗുരുവായൂരിലും
തൃച്ചംബരത്തും കല്ല്
കല്ലിനെ തൊഴുന്നവരേ!...നിങ്ങള്‍
കല്‍പ്പണിക്കാരെ മറക്കരുതേ.....
(നാടകം : ഭരതക്ഷേത്രം)

വയലാറിന്റെ ഈ നാടക ഗാനം അക്കാലത്ത് അമ്പലങ്ങളില്‍ കച്ചേരിക്ക്‌ പോകുമ്പോള്‍ കീര്‍ത്തനങ്ങളുടെ കൂടെ സ്ഥിരമായി പാടാറുണ്ടായിരുന്നു എന്ന് മാഷ് പറഞ്ഞപ്പോള്‍ അതെനിക്ക് ഒരു പാട് കാഴ്ചകള്‍ നല്‍കിയ ഒരു അറിവായിരുന്നു.
കായലരികത്ത് എന്ന ഗാനം കച്ചേരികള്‍ക്കിടയില്‍ പാടാറുണ്ടായിരുന്നു എന്ന് കേട്ടിരുന്നു.
പക്ഷെ ഇതങ്ങനെയല്ലല്ലോ,.

മണിയടി കേട്ടാല്‍ ഉണരുമോ?
മന്ത്രം ജപിച്ചാല്‍ ഉണരുമോ?
മരിച്ച ദൈവത്തിന്‍ സ്മാരകശിലയില്‍
മാലയിട്ടാല്‍ വരം തരുമോ?

സംഗീതത്തിനു ഇങ്ങനെയൊരു രാഷ്ട്രീയ പ്രയോഗ സാധ്യത ഉണ്ടെങ്കില്‍ അത് അക്കാലത്തെ ജനങ്ങളുടെ ഉയര്‍ന്ന സാംസ്കാരിക ബോധത്തെയും സഹിഷ്ണുതയെയും ആണ് കാണിക്കുന്നത്.

ഇന്ന് അത് സാദ്ധ്യം ആകുമോ?

അന്ധ വിശ്വാസങ്ങളും ജാതീയതയും അനാചാരങ്ങളും നിറഞ്ഞ അക്കാലത്ത് സാമൂഹ്യ ജീവിതത്തില്‍ ചില തുറന്ന സ്ഥലങ്ങള്‍ ഉണ്ടായിരുന്നു.ആ സ്ഥലങ്ങളിലൂടെയാണ് നവോത്ഥാനം ഭാഷയിലും സാഹിത്യത്തിലും സംഗീതത്തിലും കടന്നു വന്നത് .

മലയാള സിനിമസംഗീതത്തിലെ യുഗസ്രഷ്ടാവായ രാഘവന്‍ മാസ്റ്ററെ സാദ്ധ്യമാക്കിയതും ആ കാലം ആണ്.

പിന്നെയും കുറെ നേരം ഞങ്ങള്‍ പലതും പറഞ്ഞിരുന്നു.
ഓരോ വാക്കും വിലയേറിയത് ആണെങ്കിലും അദ്ദേഹത്തിന്റെ പ്രക്ഷീണഭാവം കണ്ടപ്പോള്‍ യാത്ര പറയാം എന്ന് വിചാരിച്ചു.
'.....പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.എല്ലാ നന്മകളും നേരുന്നു' എന്ന് അദ്ദേഹം
എഴുതി തന്നപ്പോള്‍ മനസ്സൊരു നിമിഷം വിതുമ്പിയോ?


* * * * * * * * * * * * * * * * * * * * * * * * * * * * * *


എസ്. ജാനകിയുടെ ഏറ്റവും പ്രശസ്തമായ രണ്ടു ഗാനങ്ങള്‍ ചിത്രീകരിക്കപ്പെട്ടത് എന്റെ നാട്ടില്‍ വെച്ചായിരുന്നു .
അഞ്ജനക്കണ്ണെഴുതി , ഉണരുണരൂ ഉണ്ണിപൂവേ എന്നിവയാണ് ആ ഗാനങ്ങള്‍ .

ഉണരുണരൂ ഉണ്ണിപൂവേ
കരിക്കൊടി തണലത്തു
കാട്ടിലെ കിളി പെണ്ണിന്‍
കവിത കേട്ടുറങ്ങുന്ന പൂവേ
കവിത കേട്ടുറങ്ങുന്ന പൂവേ


മഴവില്ല് നനയ്ക്കുന്ന മുകിലുകളെയും കളിയാട്ടമാടുന്ന തിരകളെയും കാണാന്‍ ഉണ്ണിപ്പൂവുകള്‍ക്ക്
മാത്രമേ കഴിയു .
നിസ്വ ജീവിതങ്ങള്‍ക്ക് മുന്നില്‍ പ്രകൃതി തുറന്നു വെച്ച സ്വപ്ന സമാനമായ ഭാവനാദൃശ്യങ്ങള്‍.
മഴയും വെയിലുമുള്ളപ്പോള്‍ നടക്കാറുള്ള കുറുക്കന്റെ കല്യാണം ചിത്രീകരിച്ച കുറോസവക്ക്
മാത്രം ചിത്രീകരിക്കാന്‍ കഴിയുന്ന കാഴ്ചകള്‍‍.

എസ് ജാനകിയുടെ ശബ്ദത്തിന്റെ നിഷ്കളങ്ക പ്രവാഹത്തിലൂടെ മലയാള ഗാനശാഖക്ക് കിട്ടിയ സമ്മാനം.കാര്‍ഷിക കേരളത്തിന്റെ പ്രകൃതിയെ ഇത്ര മനോഹരമായി ആവിഷ്കരിക്കുന്ന ഭാവഗാനങ്ങള്‍ കുറവാണ് .
കവിതയും ഗാനവും കണ്ടു മുട്ടിയ അപൂര്‍വമായ ഒരു പുലര്‍കാലം.
രാഘവന്‍ മാസ്റ്ററുടെ സര്‍ഗ്ഗപ്രതിഭയുടെ ജലലീല മഴവില്ല് നനയ്ക്കുന്നു .

കരിക്കൊടി വള്ളികള്‍ ഭാസ്കരന്‍ മാഷുടെ വേറെ ഏതെങ്കിലും ഗാനത്തില്‍ വന്നിട്ടുണ്ടോ?
ഓര്‍ക്കുന്നില്ല.
ഭാസ്കരന്‍ മാഷുടെ പ്രധാനപ്പെട്ട ഒരു കവിതയില്‍ വളരെ വികാര നിര്‍ഭരമായ ഒരു സന്ദര്‍ഭത്തില്‍ കരിക്കൊടി വള്ളികള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
വയലാര്‍ അന്തരിച്ചപ്പോള്‍ അശ്രുപൂജകള്‍ അര്‍പ്പിച്ചു കൊണ്ട് ഭാസ്കരന്‍ മാഷ് എഴുതിയ ആ മണ്ണില്‍ എന്ന കവിതയില്‍.

"താന്തനായ് നിശബ്ദപാദനായ് പാതിരാ-
പൂന്തിങ്കളിപ്പോഴും തന്‍ പുഷ്പ ചക്രമായ്
അക്കായ
ല്‍ വക്കില്‍ കരിക്കൊടി വള്ളിയില്‍
രാക്കുയില്‍ കണ്ഠം വിതുമ്പിയിരിക്കവേ
എഴിലംപാലക്കുട
ക്കീഴില്‍ യാമിനി-
യേകാന്ത ശോകവിമൂകമിരിക്കവേ
നിന്റെ മരണകുടീരമിടക്കിടെ
കണ്ടു മടങ്ങാറുണ്ടെന്നറിഞ്ഞു ഞാന്‍"


* * * * * * * * * * * * * * * * * * * * * * * * * * * * * *

വീണ്ടുമൊരിക്കല്‍ കൂടി അടുത്ത കാലത്ത് രാഘവന്‍ മാഷെ കണ്ടു.
കഴിഞ്ഞ ജൂലൈ 7- ആം തിയതി.

പനി പിടിച്ചു അദ്ദേഹം ക്ഷീണിതന്‍ ആയതു കൊണ്ട് കൂടുതല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.
വളരെ കുറച്ചു നേരം കൂടെ ചെലവഴിച്ചു എന്ന് മാത്രം.

ഞങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം എഴുന്നേറ്റു വന്നതെയുള്ളു
ഒരു ചെറിയ ട്രാന്സിസ്റ്റെര്‍ റേഡിയോ തൊട്ടടുത്തുണ്ട്.
ലോക കപ്പ്‌ ഫുട്ബോള്‍ വിശേഷങ്ങള്‍ കേള്‍ക്കുകയായിരുന്നു ആ അവസ്ഥയിലും അദ്ദേഹം.
ബോംബെയില്‍ അദ്ദേഹം ഫുട്ബോള്‍ കളിക്കാരനായ കാലത്തെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചു.
ശരി വച്ചു കൊണ്ട് ഓര്‍മകളുടെ ഒരു ചെറിയ ചിരി.

ഒരു കാര്യം ചോദിക്കാമോ എന്ന് മടിച്ചു. എങ്കിലും ചോദിച്ചു:
"മാഷ് മാഷുടെ സിനിമ ഗാനങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാറുണ്ടോ ?"

"റേഡിയോയില്‍ വരുമ്പോള്‍ കേള്‍ക്കും.റേഡിയോയില്‍ വരുന്ന പാട്ടുകള്‍ എല്ലാവരുടെയും
കേള്‍ക്കും" എന്നായിരുന്നു മറുപടി.

പിന്നെ അദ്ദേഹം മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞ കാര്യം.

"എന്റെ ഒരു പാട്ടും ഞാന്‍ ശേഖരിച്ചു വെച്ചിട്ട് ഒന്നുമില്ല. റേഡിയോയില്‍ വരുമ്പോള്‍ കേള്‍ക്കും. അത്ര മാത്രം.".

ഗാനങ്ങള്‍ ശേഖരിച്ചു വെച്ചിട്ടില്ലാത്ത പാട്ടുകാരുടെയും സംഗീത സംവിധായകരുടെയും
നഷ്ടബോധം ഒട്ടുമില്ല ആ ശബ്ദത്തില്‍.
അദ്ദേഹത്തിന്റെ മകന്‍ കനകംബരന്‍ എ.ഐ.ആര്‍‍-ലെ ഉദ്യോഗസ്ഥന്‍ ആയതു കൊണ്ട് പാട്ടുകള്‍ ആഗ്രഹിച്ചാല്‍ വിളിപ്പുറത്ത് തന്നെയുണ്ട്‌.

പക്ഷെ ഇപ്പോള്‍ മാഷുടെ ശബ്ദത്തില്‍ 96 വയസ്സിന്റെ നിര്‍മ്മമതയും അസ്വസ്ഥതയും മാത്രം.
അതായിരുന്നു എന്നെ ദുഃഖിപ്പിച്ചത്.


മഴയത്ത് റോഡില്‍ തിരിച്ചെത്തിയപ്പോള്‍ പടിഞ്ഞാറു ഭാഗത്ത്‌ നോക്കി.
നിത്യ സാക്ഷിയായ കടല്‍. കടപ്പുറത്ത് ചില കുടിലുകള്‍.ചിലത് വീടുകളായി മാറിയിട്ടുണ്ട്.
ആ വഴിക്ക് എപ്പോള്‍ പോകുമ്പോഴും ആ കുടിലുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാറില്ല.
ഈ കടപ്പുറത്ത് ഇത് പോലുള്ള കുടിലുകളില്‍ ഒന്നില്‍ ആയിരിക്കും രാഘവന്‍ മാസ്റ്റര്‍ ജനിച്ചത്‌.
ഈ കടപ്പുറം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തിനു പശ്ചാത്തല സംഗീതമൊരുക്കി.
മത്സ്യ തൊഴിലാളിയായ അച്ഛന്‍. ദാരിദ്ര്യവും ദൈന്യതയും സാമൂഹികമായ അവഗണനകളും ആ കുട്ടിക്കാലത്തിനു ശ്രുതിയായി.

മലയാള സംഗീതത്തിലെ കുലപതികളായ മഹത് പ്രതിഭകള്‍ ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്‌, ചിദംബരനാഥ് , ദക്ഷിണാമൂര്‍ത്തി എല്ലാവര്‍ക്കും സംഗീത പാരമ്പര്യം ഉണ്ടായിരുന്നു. അങ്ങനെ ഒരു പാരമ്പര്യവും രാഘവന്‍ മാസ്റ്റര്‍ക്ക് അവകാശപ്പെടാന്‍ ഇല്ല.

തലശ്ശേരിയിലെയും പരിസരങ്ങളിലെയും വലിയ മുസ്ലിം വീടുകളില്‍കളില്‍ നിന്ന് കേട്ട ഖവാലികളും മാപ്പിളപ്പാട്ടുകളും അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ സ്വാധീനിച്ചു .
നാടന്‍ പാട്ടുകളും നാടന്‍ കലാരൂപങ്ങളും രാഘവന്‍ മാസ്റ്ററുടെ മനസ്സില്‍ ഇടം കണ്ടെത്തി.
ഉത്തര മലബാറിന്റെ സംസ്കാര തനിമകളായ തെയ്യവും തിറകളും അബോധ മനസ്സില്‍ ഈണങ്ങളുടെ നിറക്കൂട്ടുകള്‍ ചാര്‍ത്തി.നേരത്തെ കളരി പഠിച്ച രാഘവന്‍ മാസ്റ്ററുടെ സംഗീത അവബോധത്തിന് ശാസ്ത്രീയ സംഗീതാഭ്യസനം മെയ്‌ വഴക്കം നല്‍കി.
ആകാശവാണിയിലെ ഔദ്യോഗിക ജീവിതവും യാത്രകളും ഇതര സംഗീത ധാരകളെ മനസ്സിലാക്കാന്‍ അദ്ദേഹത്തിനു അവസരങ്ങള്‍ നല്‍കി.

സാന്ദ്രവും വ്യത്യസ്തവുമായ രൂപത്തില്‍ ഒരു പുതിയ സംഗീത സംസ്കാരമാകാന്‍ ആ അറിവുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ തപസ്സു ചെയ്തു- ശമീവൃക്ഷത്തിലെ അഗ്നി പോലെ .

അഗ്നിശുദ്ധി ചെയ്ത ആ സംഗീത ബോധം 1954-ല്‍ നീലക്കുയിലിലൂടെ മലയാളിയുടെ സംഗീത ജാതകം മാറ്റിയെഴുതി.

ഒരു ശാസ്ത്രീയ സംഗീത ഗായകന്‍ മാത്രം ആകാന്‍ ആഗ്രഹിച്ച രാഘവന്‍ മാസ്റ്റര്‍ ലളിത സംഗീതത്തിന്റെ ആദിമ വിരാട് രൂപമായി.ശാസ്തീയ സംഗീതത്തിന്റെ പോലും വേരുകള്‍ പ്രാക്തന സംഗീതം ആയ നാടന്‍പാട്ടുകളില്‍ ആണെന്ന ഉന്നതമായ തിരിച്ചറിവ് കൊണ്ടാണ് പിന്നീട് മലയാളത്തിലുണ്ടായ മികച്ച സംഗീത മാതൃകകളെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഗാനവ്യവസ്ഥ ആകാന്‍ രാഘവന്‍ മാസ്റ്ററുടെ
സംഗീതത്തിനു കഴിഞ്ഞത്‌. ആസ്ട്രേലിയയിലെ അബോറിജിനല്‍ ആര്‍ട്സ് പികാസ്സോ തുടങ്ങിയ ആധുനിക ചിത്രകാരന്മാരിലൂടെ രൂപാന്തരം നേടിയത് പോലെയുള്ള ഒരു പരിണാമം ആണത് .

തീയില്‍ മുളച്ചത് ഒന്നും വെയിലത്ത്‌ വാടുകയില്ല.
അത് കൊണ്ട് തന്നെ രാഘവന്‍ മാസ്റ്ററുടെ ഒരു മോശം ഗാനം കണ്ടെത്തുക പ്രയാസമാണ്.
രാഘവന്‍ മാസ്റ്ററെ കണ്ടെത്തുക അതിലേറെ പ്രയാസമാണ്.

ഇനിയും ഈ വഴിയിലൂടെ കുറെയേറെ നടക്കേണ്ടി വരും.

കടപ്പുറത്ത് നിന്നും തിരിച്ചു വരുമ്പോള്‍ ആകാശത്ത് നീലക്കുയിലുകള്‍ പറക്കുന്നു.
കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിന്‍ കവിത കേട്ടുറങ്ങുന്ന പൂക്കള്‍.


Saturday, September 11, 2010

പുഴയില്‍ മുങ്ങിത്താഴും സന്ധ്യ


എഴുതിയത് : പിക്സല്‍ബ്ലൂമലയാളിയുടെ പ്രണയ ഭാവുകത്വത്തെ നിര്‍ണയിച്ച ഗാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉള്‍ക്കടലിലെ ഗാനങ്ങള്‍ വിസ്മരിക്കുവാന്‍ ഒരു സഹൃദയനും കഴിയുകയില്ല.
70കളുടെ അവസാനവും 80-കളിലും കാമ്പുസുകളില്‍ ജീവിച്ചവര്‍ക്ക് ഉള്‍ക്കടല്‍ എന്ന സിനിമയും ജീവിതത്തിന്റെ ഭാഗമാണ് .

ജോര്‍ജ് ഓണക്കൂറിന്റെ ശ്രദ്ധിക്കപ്പെടാത്ത നോവല്‍ സിനിമയായപ്പോള്‍ ആ നോവല്‍ മറ്റൊന്നായി മാറിയത് അടൂര്‍ കഴിഞ്ഞാല്‍ മലയാളത്തിലെ ഏറ്റവും കൃതഹസ്തനായ സംവിധായകന്‍ എന്ന് ഞാന്‍ കരുതുന്ന കെ .ജി .ജോര്‍ജ് സൃഷ്ടിച്ച സിനിമഭാഷ്യം ആയതു കൊണ്ടല്ല .
ജോര്‍ജ്ജിന്റെ ചിത്രം എന്ന നിലയില്‍ ഈ ചിത്രം സവിശേഷമായി അടയാളപ്പെടുത്താന്‍ കഴിയുന്ന മികവുള്ളതായിരുന്നില്ല .
ഉള്‍ക്കടലിനെ വിഷാദമാധുരമായ അനുഭവം ആക്കിയത് ഒ .എന്‍.വിയും എം.ബി.എസ്സും സൃഷ്ടിച്ച ഗാനങ്ങള്‍ ആണ് .
ആ ഗാനങ്ങള്‍ക്ക് ശബ്ദദൃശ്യങ്ങള്‍ നല്‍കിയ യേശുദാസും ജയചന്ദ്രനും വേണു നാഗവള്ളിയും ശോഭയും ഒക്കെയാണ് .

80 -കളിലെ കാമ്പുസുകളില്‍ ഏറ്റവും ആരാധിക്കപ്പെട്ടിരുന്നത് കവികളും എഴുത്തുകാരും ചിത്രകാരന്മാരും വിപ്ലവകാരികളും ഒക്കെയായിരുന്നു .
പരാജയപ്പെടുന്നവന്‍ വിജയിക്കുന്ന കാലം ആയിരുന്നത് അത് .
ഇന്ന് വിജയിക്കുന്നവര്‍ മിക്കവാറും ആത്മാവില്‍ വന്‍ രാജയങ്ങള്‍ ആകുന്ന കാലം ആണ് .
ഞാന്‍ പുതിയ സുഹൃത്തുക്കളെ സ്വീകരിക്കാറില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരിക്കല്‍ പറഞ്ഞത് ഇത് കൊണ്ടായിരിക്കാം.

സൌഹൃദങ്ങളില്‍ ഹൃദയ ബന്ധങ്ങള്‍ തിരക്കഥ രചിച്ച കാലത്തിന്റെ സാന്ദ്ര വിഷാദവുമായി ഉള്‍ക്കടലിലെ വേണു നാഗവള്ളിയുടെ മുഖം മനസ്സില്‍ നിറയുന്നു .
- അദ്ദേഹം 80 -കള്‍ക്ക് മുമ്പ് കാമ്പസ്സിലൂടെ കടന്നു പോയ ആള്‍ ആണെങ്കിലും .
മലയാളത്തിന്റെ ദേവദാസ് ആയ വേണു നാഗവള്ളി വിട പറഞ്ഞപ്പോള്‍ ഇപ്പോഴത്തെ കാമ്പസിന് ഒരു കണ്ണുനീരും പൊഴിക്കാനുണ്ടാവില്ല .
വേണു നാഗവള്ളിയും ശോഭയും ഒക്കെ നമ്മുടെ കുടുംബാംഗങ്ങള്‍ ആയ വര്‍ഷങ്ങളില്‍ വേണു നാഗവള്ളി അഭിനയിച്ച ചിത്രങ്ങളില്‍ അദ്ദേഹം പാടിയഭിനയിക്കാത്ത ഗാനങ്ങള്‍ പോലും കൂട്ടിവായിക്കാന്‍ വേണു നാഗവള്ളിയുടെയും നെടുമുടി വേണുവിന്റെയും രവിമേനോന്റെയും (അഭിനേതാവ് ) ശോഭയുടെയും ജലജയുടെയും അംബികയുടെയും ശാന്തികൃഷ്ണയുടെയും സുകുമാരന്റെയും എല്ലാം മുഖങ്ങള്‍ കൂടി നമുക്ക് വേണ്ടി വരും . ഇവരുടെ കഥാപാത്രങ്ങള്‍ പലരും എന്തിനേക്കാളും അക്ഷരങ്ങളെ സ്നേഹിച്ചു .കവിതയെ സ്നേഹിച്ചു.

'കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി' എന്ന ഗാനം കേള്‍ക്കുമ്പോള്‍ ഒരു വിഷാദവും തോന്നാത്ത ഒരു നിര്‍ഭാഗ്യവാന്‍ ആണ് ഞാന്‍ .എന്ന് മാത്രമല്ല , തുറന്നു പറഞ്ഞാല്‍ അല്പം ചിരിയും വരാറുണ്ട് .
വിവാഹ ബന്ധ'ന'ത്തില്‍ പെട്ട് യാത്രയാകുന്ന നായികയെ ഓര്‍ത്തു മനസ്സ് കൊണ്ട് പാടുന്ന നായകന്റെ അവസ്ഥ ആലോചിട്ടല്ല അത് .
അതെ പോലുള്ളൊരു ഗാനസന്ദര്‍ഭത്തില്‍ 'വനവല്ലിക്കുടിലെ ഏകാന്ത ശയ്യയില്‍ നിറമുള്ള നിഴലുകള്‍ നീളുമ്പോള്‍ എവിടെ നിന്നെത്തി ഇടയന്റെ പാട്ടിന്റെ ഈരടികള്‍' (ശാലിനി എന്റെ കൂട്ടുകാരി ) എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും വികാരതരളിതന്‍ ആയിപ്പോകും .അങ്ങനെയാണ് പാട്ടുണ്ടാക്കേണ്ടത് .
ശാലിനിയിലെ ആ ഗാനരംഗത്ത് ‌ വേണു നാഗവള്ളി ഇല്ലെങ്കിലും ആ സിനിമയില്‍ ഉണ്ട് . ആ കാലത്തില്‍ ഉണ്ട് .

മലയാളിയുടെ പ്രണയ ജാതകം കുറിച്ച ഗാനങ്ങളെ കുറിച്ച് പറയുമ്പോള്‍ ഉള്‍ക്കടലിലെ ഗാനങ്ങള്‍ മാത്രമല്ല, ചില്ലിലെ ഗാനങ്ങളും ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല .
അത് വരെ നമ്മള്‍ കണ്ട ഒ .എന്‍.വിയെയും എം.ബി.എസ്സിനെയും അല്ല ഈ ഗാനങ്ങളില്‍ കണ്ടത് . ഈ ഗാനങ്ങള്‍ ഒരുക്കുമ്പോള്‍ രണ്ടു പേരും അവരുടെ യൌവനത്തിലേക്ക് പടവുകള്‍ ഇറങ്ങി .
എം.ബി.എസ് സംഗീതം നല്‍കിയ വേനലിലെ കാവാലം ഗാനങ്ങളിലും കാലത്തിന്റെ കാല്‍പെരുമാറ്റം ഉണ്ട് .
(എന്തിനേറെ പറയുന്നു , പ്രണയസംബന്ധിയായ നേര്‍അനുഭവങ്ങള്‍ ഒന്നും ഇല്ലാത്ത എന്നെ പോലുള്ള പാവങ്ങള്‍ക്ക് പോലും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ചില ജെറി അമല്‍ദേവ് ഗാനങ്ങള്‍ മറക്കാനാവുമോ?)അനശ്വര സംഗീതജ്ഞനായ എം.ബി.എസ്സിനെ കുറിച്ച് പലതും എഴുതണമെന്നുണ്ട് .
പ്രണയത്തിന്റെ ഉദാത്തവല്കരണം കേട്ട് ഞാന്‍ നുറുങ്ങിപ്പോയ 'ഏറ്റുമാനൂര്‍ അമ്പലത്തില്‍' എന്ന ഗാനത്തെ കുറിച്ചും മറ്റും .
എങ്കിലും ഈ കുറിപ്പ് മറ്റൊരു ഓര്‍മ്മക്കുറിപ്പാല്ലോ .അത് കൊണ്ട് ആ കടം ബാക്കിയാവുന്നു .
ഉള്‍ക്കടലിലെ ഒരു ഗാനത്തിന്റെ സാന്ദര്‍ഭികപ്രസക്തിയെ കുറിച്ച് മാത്രമേ ഇപ്പോള്‍ എഴുതുന്നുള്ളൂ .

വേണു നാഗവള്ളിയെ അദ്ദേഹവും നമ്മളും ആദ്യമായി സ്ക്രീനില്‍ കണ്ടത് ഉള്‍ക്കടലിലെ 'പുഴയില്‍ മുങ്ങിതാഴും സന്ധ്യ ' എന്ന ഗാനത്തിന്റെ രംഗത്ത് ആയിരിക്കും .
ഈ ചിത്രത്തിലെ രാഹുലന്‍ എന്ന കഥാപാത്രത്തെ പോലെ, ജീവിതത്തില്‍ കവിതയും സാഹിത്യവും സംഗീതവും വേണു നാഗവള്ളിക്ക് എന്നും കൂട്ടിനുണ്ടായിരുന്നു .
റേഡിയോ പ്രക്ഷേപണ കലയിലെ ആചാര്യനും പഴയ തലമുറയിലെ പ്രമുഖ നാടകകൃത്തും ഒരു പാട് പ്രശസ്ത ചിത്രങ്ങളുടെ തിരക്കഥാ രചയിതാവും ആയ നാഗവള്ളി ആര്‍.എസ് . കുറുപ്പിന്റെ മകന് ഈ വഴികള്‍ ഒന്നും അപരിചിതമാകേണ്ടതില്ല .
അമ്മ (1952), ചന്ദ്രിക , ഭക്തകുചേല , കുമാരസംഭവം , ശ്രീ ഗുരുവായൂരപ്പന്‍ , ഹൃദയം ഒരു ക്ഷേത്രം , അവള്‍ അല്പം വൈകിപ്പോയി ,ഹോട്ടല്‍ ഹൈറേഞ്ച് ,ലേഡി ഡോക്ടര്‍ , കാടുമൈന തുടങ്ങിയ എത്രയോ പ്രശസ്ത ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചത് നാഗവള്ളി ആര്‍.എസ്. കുറുപ്പ് ആയിരുന്നു .
സ്വാഭാവികമായി വേണു നാഗവള്ളി സിനിമയില്‍ എത്തിച്ചേര്‍ന്നു .

ഒരു പൈങ്കിളി കഥ
എന്ന ചിത്രത്തില്‍ പിന്നണി പാടിയ വേണു നാഗവള്ളി അദ്ദേഹത്തിന്റെ കോളേജ് ജീവിതകാലത്തും ഔദ്യോഗിക ജീവിതകാലത്തും ഗായകനായി അറിയപ്പെട്ട ആള്‍
ആയിരുന്നു .കുറെ ലളിതഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

വേണു നാഗവള്ളിക്ക് ഏറ്റവും മാനസികമായ അടുപ്പം ഉള്ള ഗാനം ഉള്‍ക്കടലിലെ 'പുഴയില്‍ മുങ്ങിതാഴും' എന്ന് തുടങ്ങുന്ന കവിതയുടെ സംഗീതാവിഷ്കരണം ആയിരിക്കും .

ഈ ഗാനം 85 -86 കാലത്ത് ഗള്‍ഫില്‍ രാജ്യങ്ങളില്‍ വെച്ച് നടന്ന ഒരു താരനിശയില്‍ വേണു നാഗവള്ളി പാടിയത് കേള്‍ക്കുക .
ഗാനമായിതീര്‍ന്ന കവിതയുടെ അവസാന ഭാഗം വേണു നാഗവള്ളി പാടിയത് യേശുദാസ് പാടിയതിനേക്കാള്‍ വികാരതീവ്രതയോടെയാണ് .
ഗാനവുമായുള്ള ആത്മബന്ധം ആണ് അതിനു കാരണം എന്ന് വ്യക്തം .
സിനിമ അങ്ങനെയൊരു വൈകാരിക ആവശ്യപ്പെടുന്നില്ലായിരിക്കാം .
ഹൃദയസ്പര്‍ശിയായ ഈ ആലാപനം ആദരാഞ്ജലികളോടെ വേണു നാഗവള്ളിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.

പ്രിയ ഗാനം, ഭാസ്കരന്‍ മാഷുടെ ഭാഷയില്‍ പറഞ്ഞാല്‍ 'മാലാര്‍ന്നൊരു ആത്മരാഗം' ,
വേണു നാഗവള്ളി പാടുന്നു
:പുഴയില്‍ മുങ്ങിത്താഴും സന്ധ്യ
കുങ്കുമപൊട്ടിന്നഴകും വിഴുങ്ങുന്നു തിര
............................................................................
വിട ചോദിക്കും ഏതോ പക്ഷി തന്‍ വിഷാദമായ്
അകലെ ഒരു നേര്‍ത്ത നിഴലായ് മായും തോണിക്കകമേ നിന്ന്
കാറ്റില്‍ പടരും നാടന്‍ പാട്ടിന്‍ താഴംപൂ മണം
.........................................................................
നില്കുന്നൂ ഞാന്‍ ഈ പുഴയോരത്ത് ആരും കാണാതെ
നക്ഷത്രം ഒന്നെന്നുള്ളില്‍ എരിയുന്നു..
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നു...
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നു ......


Friday, June 11, 2010

സീമന്തിനി നിന്റെ ചൊടികളിലാരുടെ

എഴുതിയത് : പിക്സല്‍ബ്ലൂ


സൗഹൃദങ്ങളുടെ പക്ഷിക്കൂടായ കോഴിക്കോടിനെ കുറിച്ച് സുകുമാർ അഴീക്കോട് ആത്മകഥയിൽ ഈയിടെ എഴുതിയതു കണ്ടു.

കോഴിക്കോട് എനിക്കും ഒരു പക്ഷിക്കൂടുണ്ടായിരുന്നു.

നിയൊരിക്കലും തിരിച്ചു വരാത്ത അരാജക സുന്ദരമായ ഒരു കോഴിക്കോടൻ സൗഹൃദകാലത്തെ

കെ. പി.കുമാരന്റെ ചിത്രങ്ങളിലെ രണ്ടു ഗാനങ്ങളിലൂടെ ഓർക്കുകയാണു ഞാൻ.


ന്റെ മൺ വീണ


ഒരു ഗാനം ഉണര്‍ത്തുന്ന അനുഭൂതി ആ ഗാനത്തിന്റെ ഭാവവുമായി ബന്ധപ്പെട്ട ഒന്നാണ്.

ന്റെ മൺ വീണയിൽ കൂടണയാനൊരു എന്ന ഗാനം യേശുദാസിന്റെ ശബ്ദത്തിന്റെ അഗാധതല സ്പർശങ്ങളോടെ വിരഹത്തിന്റെയും ദുഃഖത്തിന്റെയും ഘനഭാവമായി ആസ്വാദകരുടെ മനസ്സില്‍ ഉണ്ട്.

ഓ എൻ വി യുടെ ഭാവന കൂടു വിട്ടു പറന്നുയരുന്നത് നമ്മൾ ഈ ഗാനത്തിൽ അനുഭവിച്ചറിയുന്നു.ജോൺസന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നു ഈ ഗാനം ആണെന്ന് നിസംശയം പറയാം.

ന്റെ വീണയി കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാ മറന്നൊരു പാട്ടിലെ തേകണം
പാറി പറന്നു വന്നു

പൊ തൂവലെല്ലാം ഒതുക്കി
ഒരു നൊമ്പരം നെഞ്ചി പിടഞ്ഞു

സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തി പൂക്കളുലഞ്ഞു

പൂവി ചൊടിയിലും മൗനം
ഭൂമി ദേവി ആത്മാവി മൗനം
വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും
കൊച്ചു തരി ചുണ്ടിലും മൗനം

ഗാനം മാത്രം ആസ്വദിക്കുമ്പോൾ , വരികളും ഈണവും ഗായക ശബ്ദവും സംഗീത പ്രേമികളെ മഥിക്കുക തന്നെ ചെയ്യും.അതിനുമപ്പുറം ഈ ഗാനത്തോട് ഒരു അടുപ്പം തോന്നിപ്പിക്കുന്ന ചില വായിച്ചറിവുകൾ ചില സ്വകാര്യ അനുഭവങ്ങൾ ഓർമ്മകൾ....

ഒരു ഗാനം തന്നെ ഒരേ സമയം ദുഃഖ ഗാനവും സന്തോഷ ഗാനവും ആവുകയാണ് എനിക്ക്.

ഈ ഗാനം വീണ്ടും കേൾക്കുമ്പോൾ ഞാൻ ആദ്യം ഓർക്കുന്നത് ഈ ഗാനരംഗത്ത് അഭിനയിച്ച നഹാസ് എന്ന നടനെയാണ്.
ഈ ഗാനരംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം മറക്കാനാവാത്തതാണ്.അന്തർമുഖനായ ഒരു കവിയായിട്ടാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത്.നാൻസി റൊസാരിയോ എന്ന കഥാപാത്രത്തിന്റെ ഏകാന്തതയിൽ സ്നേഹസാന്ത്വനമായി എത്തുന്ന ആ കഥാപാത്രം സിനിമയിൽ മരിച്ചു പോകുന്നു എന്നാണോർമ്മ.


ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന സിനിമയിൽ ആണു ഈ നടൻ ആദ്യം അഭിനയിക്കുന്നത്.കാമ്പസ്സിലെ തീവ്രവാദ രാഷ്ട്രീയം കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപാര സിനിമയുടെ നിറക്കൂട്ടോടേ അവതരിപ്പിച്ച മികവൊന്നും അവകാശപ്പെടാനില്ലാത്ത സിനിമയിലെ നക്സലൈറ്റ് നേതാവിന്റെ വേഷം നഹാസ് അവതരിപ്പിച്ചപ്പോൾ മറ്റൊരു വേഷം എന്നേ ഞാൻ കരുതിയിരുന്നുള്ളൂ.
നഹാസിനെ കുറിച്ചു പിന്നീടാണു ഞാൻ വായിച്ചറിഞ്ഞത്.അടിയന്തിരാവസ്ഥക്കാലവുമായി ബന്ധപ്പെട്ട് എന്നും സ്മരിക്കപ്പെടുന്ന രക്തസാക്ഷിയായ പി രാജന്റെ അടുത്ത ഒരു സുഹൃത്തായിരുന്നു നഹാസ് എന്ന്.

എറണാകുളത്തെ സെന്ട്രൽ സ്കൂളിൽ ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചവർ.
രാജനെ ചാത്തമംഗലം എഞ്ചിനീയറിങ് കോളേജിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ ഒരാഴ്ച മുൻപും രാജനെ കണ്ട കാര്യം നഹാസ് അക്കാലത്തെ ഒരഭിമുഖത്തിൽ പറഞ്ഞത് ഓർമ്മയുണ്ട്.
ജീവിതത്തിലെ ചില ഭാഗിക വേഷങ്ങൾ സിനിമയിലൂടെ ചില നടന്മാർ പൂരിപ്പിക്കുന്നതു കാണുമ്പോൾ കൗതുകം തോന്നാറുണ്ട്.നഹാസിന്റെ കാര്യത്തിൽ വിധി അദ്ദേഹത്തിനു കരുതി വെച്ച ചുരുക്കം വേഷങ്ങൾ എല്ലാം മനുഷ്യ സ്നേഹികളുടെ മുഖങ്ങൾ ഉള്ളവ ആയിരുന്നു.

പിന്നീട് നഹാസിനു കിട്ടിയ ശ്രദ്ധേയമായ ഒരു വേഷം നേരം പുലരുമ്പോൾ എന്ന ചിത്രത്തിലേതായിരുന്നു.

എന്റെ ഉപാസന എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അദ്ദേഹത്തെ പിന്നെ നമ്മൾ കണ്ടിട്ടുണ്ട്.

2005 ൽ ആണെന്നാണ് ഓർമ്മ – പത്രത്തിൽ ഒരു ചെറിയ വാർത്ത കണ്ടു.അകാലത്തിൽ നഹാസ് അന്തരിച്ച വാർത്തയായിരുന്നു അത്.

പിന്നീടൊരിക്കലും നഹാസിനെ ഓർക്കാതെ എനിക്കു ഈ ഗാനം കേൾക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഗാനം നഹാസ് എന്ന അധികം അറിയപ്പെടാത്ത നടന്റെ ഒരു നിത്യ സ്മാരകം കൂടിയായി മാറുന്നു.

നഹാസ് എന്റെ ഓർമ്മകൾക്ക് ഒരു നിമിത്തം മാത്രം.നഹാസിൽ ഞാൻ കാണുന്നത് മറ്റു പലരുടെയും പരിചിത ഭാവങ്ങൾ ആണ്

ഈ ഗാനം ചില സ്വകാര്യ ആഹ്ലാദങ്ങളും എനിക്ക് സമ്മാനിക്കുന്നുണ്ട്.

രഘുനാഥ് പലേരിയുടെ മൗനത്തിന്റെ ചിറകുകൾ എന്ന ലഘു നോവൽ നമ്പൂതിരിയുടെ ചിത്രങ്ങളോടെ 3 ലക്കങ്ങളിലായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്നു.സിനിമയെയും സാഹിത്യത്തെയും ഗൗരവത്തൊടെ കണ്ടു പോന്നിരുന്ന ഞങ്ങൾ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഈ ലഘു നോവലിനു നല്ല സിനിമാ സാദ്ധ്യതയുണ്ടെന്ന് ഞങ്ങൾ പറഞ്ഞുറപ്പിച്ചു.

നാൻസി റൊസാരിയോ എന്ന കേന്ദ്ര കഥാപാത്രമായി ആരു അഭിനയിക്കും എന്ന് ചിന്തിച്ചിട്ടില്ലെങ്കിലും ഗോഡ് ഫ്രീ എന്ന താന്തോന്നിയായി മോഹൻ ലാൽ നന്നാകും എന്നു ഞങ്ങൾ വിശ്വസിച്ചു.


കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മൗനത്തിന്റെ ചിറകുകൾ സിനിമയാക്കാൻ പോകുന്ന വിവരം പത്രത്തിൽ വായിച്ചു. നേരം പുലരുമ്പോൾ എന്ന പേരില്‍.
സംവിധാനം കെ പി കുമാരൻ.

ഗോഡ് ഫ്രീ എന്ന ആംഗ്ലോ ഇൻഡ്യൻ ആയി മോഹൻ ലാൽ തന്നെ.സന്തോഷം.

ഫാദർ ലോറൻസ് ആയി മമ്മൂട്ടി.

നാൻസി ആയി അഭിനയിക്കുന്നത് ചോ രാമസ്വാമിയുടെ ബന്ധു കൂടിയായ രമ്യാകൃഷ്ണൻ എന്ന പുതുമുഖം.


മദ്രാസിലെ ഹോളി ഏഞ്ചത്സ് കോൺ വെന്റിലെ വിദ്യാർത്ഥിനിയായ രമ്യ കൃഷ്ണനെ സംവിധായകൻ കണ്ടെത്തുകയായിരുന്നു.

നാൻസിയുടെ അച്ഛനായി ഭരത് ഗോപി.
സിനിമ വൻ വിജയം ആകേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചില്ല.

അതിഥി

പിന്നെയും വർഷങ്ങൾ ചിലതു കഴിഞ്ഞപ്പോൾ ഒരു ദിവസം കെ പി കുമാരൻ ഞങ്ങളുടെ സുഹൃദ് സംഘത്തിൽ അതിഥിയായെത്തി.കുമാരേട്ടൻ എന്റെയും നല്ല സുഹൃത്തായി മാറി.

ലപ്പോഴും പുലരുവോ‍ളം നീണ്ടു നിന്ന സാഹിത്യ സിനിമ ചർച്ചകളിൽ കുമാരേട്ടനും ഉണ്ടായിരുന്നു.

സിനിമയാക്കാൻ ഉദ്ദേശിക്കുന്ന പല കഥകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
'ഇതു നമുക്കു വേണ്ട കുമാരേട്ടാ' എന്ന് പറയാനുള്ള അവകാശം അക്കാലത്ത് പ്രായം കൊണ്ടു ഒരു കുഞ്ഞാടായ എനിക്ക് അദ്ദേഹം നൽകിയിരുന്നു.

പ്രായം, പ്രശസ്തി, സ്ഥാനമാനങ്ങൾ ഇവയ്ക്കൊന്നും അക്കാലത്തു സൗഹൃദങ്ങളിൽ ഒരു കാര്യവും ഇല്ലായിരുന്നു.
ആശയ സംവാദങ്ങൾ ആയിരുന്നു ആ കാലത്തിന്റെ ഉണർവ്.

ദിവസങ്ങൾ നീണ്ടു നിന്ന പല സംഘ യാത്രകളും അക്കാലത്തു അദ്ദേഹത്തിന്റെ കൂടെ നടത്തിയിട്ടുണ്ട്.അക്കാലത്തെ സുഹൃത്തുക്കളീൽ പലരെയും കണ്ടിട്ടു കുറെ കാലമായി.ചിലരെ ഇനി ഒരിക്കലും കാണില്ല.


അക്കാലത്തെ ഞങ്ങളുടെ സൗഹൃദകൂട്ടായ്മകളുടെ കേന്ദ്ര ബിന്ദുവായ എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ ആത്മ സുഹൃത്തു ഇന്നില്ല.അദ്ദേഹം ആയിരുന്നു എല്ലാവരെയും ബന്ധിപ്പിക്കുന്ന കണ്ണി.അദ്ദേഹം ഇല്ലായിരുന്നെങ്കിൽ അക്കാലത്തു ഞാൻ വായനയുടെയും സംഗീതത്തിന്റെയും ചിത്രങ്ങളുടെയും ലോകത്തു മാത്രം കഴിയുമായിരുന്നു.


കേളം കണ്ട ഏറ്റവും പ്രശസ്തരായ പത്ര പ്രവർത്തകരിൽ ഒരാൾ ആയിരുന്നു എന്റെ സുഹൃത്ത്. ആ ഓർമ്മകൾക്ക് ഒരു സിനിമാഗാന ലേഖനത്തിൽ ഒതുങ്ങുന്ന വ്യാപ്തിയല്ല ഉള്ളത്.അതു കൊണ്ട് മൗനം.


കുമാരേട്ടന്റെ രുഗ്മിണി എന്ന സിനിമയുടെ ഷൂട്ടിംഗിൽ കാഴ്ചക്കാരനായി ഒരു ദിവസം പങ്കെടുത്തതോർക്കുന്നു.

ആ വർഷത്തെ നല്ല നടിക്കുള്ള അവാർഡ് ആ ചിത്രത്തിലൂടെ കിട്ടിയ നടി (അഞ്ജു ) അഭിനയിക്കുന്ന രംഗങ്ങൾ ആണു അന്ന് ചിത്രീകരിച്ചു കൊണ്ടിരുന്നത്.

തിരു‌വനന്തപുരത്തെ
മിത്രനികേതൻ ആയിരുന്നു സ്ഥലം . അടൂർ ഭവാനി അഭിനയിക്കുന്ന രംഗങ്ങളും അന്ന് ചിത്രീകരിക്കുന്നുണ്ട്.

ഞാനും എന്റെ സുഹൃത്തായ കഥാകൃത്തു എം പി ശശിധരനും കുമാരേട്ടനും നിലത്തു വിരിച്ച ഒരു കിടക്കയിൽ ഇരുന്നു സംസാരിക്കുന്നു. ഒരോ ഷോട്ട് റെഡി ആകുമ്പോഴും “ഒരു മിനുട്ട് ഞാൻ ഇതാ വരുന്നു “എന്ന് പറഞ്ഞ് ഒടിപ്പോകുന്ന കുമാരേട്ടൻ. ആ ഷോട്ട് ചിത്രീകരിച്ച് അദ്ദേഹം തിരിച്ചു വരുന്നു. ഞങ്ങളുടെ സംസാരം തുടരുന്നു.വീണ്ടും ഇതേ രംഗം ആവർത്തിക്കുന്നു.

സിനിമാരംഗത്തിന്റെ വെള്ളി വെളിച്ചത്തിലും ഇങ്ങനെ ചില ഒറ്റപ്പെട്ട വ്യക്തികൾ സ്നേഹത്തിന്റെ തുരുത്തുകളായി എന്നും ഉണ്ട്.ലിയ സംവിധായകരും നടന്മാരും ഒക്കെയുള്ള പല സ്ഥലങ്ങളിലും കുമാരേട്ടനെ കണ്ടു മുട്ടിയപ്പോഴും അദ്ദേഹം എന്നും പഴയ കുമാരേട്ടൻ തന്നെ.ഒരിക്കൽ ഒരിടത്ത് അദ്ദേഹത്തെ കണ്ടപ്പോൾ തൊട്ടപ്പുറം തന്നെ അടൂർ ഉണ്ട്.

സ്വയംത്തിന്റെ സ്ക്രിപ്റ്റിൽ കുമാരേട്ടൻ പങ്കാളിയായിരുന്നു.ഒരു കാലത്തെ അത്രയും അടുത്ത സുഹൃത്തുക്കൾ.പക്ഷേ രണ്ടു പേരും മിണ്ടാതായിട്ട് വർഷങ്ങൾ ആയിരുന്നു.
ങ്ങനെ നോക്കുമ്പൊൾ നമ്മളൊക്കെ എത്ര മാന്യന്മാർ.തലേ ദിവസം തല്ലു നടത്തിയവർ പോലും പിറ്റേ ദിവസം തോളിൽ കൈയ്യിട്ടു നടക്കുന്നു.

ഇരു കളിത്തോഴരായി ഒരു മേശക്കിരുപുറവും അരണ്ട വെളിച്ചത്തിൽ ഇരിക്കുന്നു.


ചിലപ്പോൾ നഗരത്തിൽ വെച്ചു കണ്ടു മുട്ടുമ്പോൾ നീ ഇന്നു പോകുന്ന പ്രശ്നമേയില്ലെന്നു കുമാരേട്ടൻ പറയും.
വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞു കൊള്ളാം എന്നു പറഞ്ഞു കുമാരേട്ടൻ കാണിക്കുന്ന സ്നേഹം മറക്കാനാവില്ല.അപ്പോഴേക്കും ഞങ്ങളുടെ സുഹൃദ് വലയത്തിലെ എല്ലാവരും എത്തും.
അതിൽ എഴുത്തുകാരും കവികളും പ്രത്ര പ്രവർത്തകന്മാരും അദ്ധ്യാപകരും എണ്ണം പറഞ്ഞ അരാജകവാദികളും സാധാരണക്കാരും എല്ലാം ഉണ്ടാകും.തിരിച്ചു വീട്ടിൽ എത്തുന്നതു ചിലപ്പോൾ നാലോ അഞ്ചോ ദിവസം കഴിഞ്ഞിട്ടായിരിക്കും.
ദേഹി ദേഹത്തെ വസ്ത്രം പോലെ ഉപേക്ഷിക്കുന്നു എന്നു ഭഗവദ് ഗീത ശ്ലോകത്തിന്റെ അർഥം മനസിലായത് അക്കാലത്താണ്.ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തുമ്പൊൾ ആ സുഹൃത്തിന്റെ വസ്ത്രങ്ങൾ അണിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കും.പിന്നെയൊരിക്കൽ ആ വസ്ത്രവുമായി മറ്റാരെയെങ്കിലും വഴിയിൽ കണ്ടു മുട്ടും.

വാസാംസി ജീര്‍ണാനി യഥാ വിഹായ...

ജീവിതവും അത്രയേയുള്ളൂ.

രിക്കൽ കുമാരേട്ടൻ പറഞ്ഞ ഒരു സംഭവം മറന്നു പോകില്ല.തിരുവനന്തപുരത്തു വെച്ച് ഒരു ദിവസം രാവിലെ പരിചയപ്പെട്ട ഒരാൾ ഉച്ചക്ക് വീട്ടിന്റെ ടെറസിൽ നിന്നു വീണു മരിച്ച സംഭവം.

ലാഘവം നിറഞ്ഞ നിമിഷങ്ങളും എത്രയോ.
രിക്കൽ എന്റെ സുഹൃത്തായ ഇന്നത്തെ ഒരു പ്രശസ്ത കഥാകൃത്തു കുമാരേട്ടനോട് പറഞ്ഞു.'കുമാരേട്ടാ എന്തു പറഞ്ഞാലും അവളുടെ രാവുകളുടെ ഏഴയലത്തു വരില്ല നിങ്ങളുടെ രുഗ്മിണി'.

രണ്ടിലും വ്യഭിചാരം ഉണ്ടല്ലോ. ഇതു കേട്ടു കുമാരേട്ടൻ പൊട്ടിച്ചിരിച്ചു.

ല്ലാവരും സങ്കല്പത്തിൽ എങ്കിലും നല്ല സിനിമയുടെ ജ്വരം ബാധിച്ച സംവിധായകർ ആയിരുന്നു.വാണിജ്യ സിനിമകൾക്ക് ഞങ്ങളുടെ ചർച്ചയിൽ പ്രവേശനം ഇല്ലായിരുന്നതു കൊണ്ട് സിനിമാഗാനങ്ങളെ എന്തെങ്കിലും ഗൗരവമുള്ള സംഭവമായി ആരും കരുതിയിരുന്നില്ല.
സിനിമാ ഗാനങ്ങളെ കുറിച്ചു സംസാരിക്കാറില്ലെങ്കിലും രാത്രികളിൽ എത്രയോ ഗാനങ്ങൾ പലരും പാടും.ചില അറിയപ്പെടാത്ത ഗായകരും അറിയപ്പെടുന്ന സിനിമാനടന്മാരും ഒക്കെ രാത്രി സദിരുകളിൽ വന്നെത്തും.

ഏകാന്തകാമുകാ നിന്റെ മനോരഥം , ഏകാന്തതയുടെ അപാരതീരം , കാറ്ററിയില്ല കടലറിയില്ല, കന്നിനിലാവത്തു കസ്തൂരി പൂശുന്ന തുടങ്ങിയ ഗാനങ്ങൾ ആയിരുന്നു ഏറ്റവും ആവർത്തിച്ചു കേട്ടിരുന്നത്.പിന്നെ നാടൻ പാട്ടുകൾ , കവിതകൾ....

വഴക്കു കൂടി പിണങ്ങുമ്പോൾ ഞാൻ നേരത്തെ പറഞ്ഞ എന്റെ പ്രിയ സുഹൃത്തു എപ്പോഴും പാടുന്നതു ഒരു വരിയാണ്.
രു വരി മാത്രം.

എത്രയായാലും മനുഷ്യരല്ലേ ??

ആ വരിയിൽ മഞ്ഞുരുകും.


കുമാരേട്ടൻ ഒരു അതിഥിയായി ഇടക്കാണു വടകരയിലെയും കോഴിക്കോട്ടെയും സൗഹൃദ സദസ്സുകളീൽ എത്തുക.ല്ലാത്തപ്പോഴും ഞങ്ങളുടെ സൗഹൃദ ദിനങ്ങൾ ഇതു പോലെയൊക്കെ തന്നെയാണ്.എല്ലാ ചർച്ചകളുടെയും കേന്ദ്ര പ്രമേയം മനുഷ്യൻ ആയിരുന്നു.നിന്ദിതനും പീഡിതനും നിരാലംബനുമായ മനുഷ്യൻ.

ങ്ങനെയൊക്കെ ആധി കൊള്ളുന്നവർ ഇന്നാരെങ്കിലും ഉണ്ടോ ആവോ?


സീമന്തിനി


നിക്കു വളരെ പ്രിയപ്പെട്ട ഒരു ഗാനം ആണു അതിഥിയിലെ സീമന്തിനി നിൻ ചൊടികളിലാരുടെ പ്രേമ മൃദുസ്മേരത്തിൻ സിന്ദൂരം.

നീലക്കടമ്പിൻ പൂവു പോലെ, കാമിനി കാവ്യമോഹിനി പോലെ, വസുമതി പോലെ എത്ര കേട്ടാലും വീണ്ടും കേൾക്കുമ്പോൾ അനുഭൂതി ശൃംഗങ്ങളിലേക്ക് നയിക്കുന്ന വയലാർ - ദേവരാജൻ ഗാനം

യേശുദാസ്,വയലാർ എന്നിവരെപ്പോലെ ദേവരാജൻ മാസ്റ്ററെ പൊതുവെ ഗന്ധർവൻ എന്നു വിളിക്കാത്തതെന്തു കൊണ്ടാണാവോ ? വലിയൊരു അനീതിയാണത്.

സീമന്തിനി , എന്റെ മൺ വീണയിൽ എന്നീ ഗാനങ്ങൾ എനിക്കു പ്രിയപ്പെട്ട ഗാനങ്ങൾ ആകുന്നത് ആ ഗാനങ്ങൾ കുമാരേട്ടന്റെ സിനിമയിലെ ഗാനങ്ങൾ ആയതു കൊണ്ടും കൂടിയാണു.

അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ, പകലിന്റെ വിരിമാറിൽ , നായകാ പാലകാ, മാനത്തു താരങ്ങൾ പുഞ്ചിരിച്ചു , ഓത്തു പള്ളീലന്ന് നമ്മൾ തുടങ്ങിയ പല ഗാനങ്ങളും അതു പോലെ..പക്ഷേ സീമന്തിനിയോട് വല്ലാത്തൊരു പ്രണയം ഉണ്ട്.


സീമന്തിനി എന്ന ഗാനരംഗത്തിന്റെ വർണ്ണന അല്പം ലഹരിയോടെ ആ സിനിമ കണ്ട പലരും പറയുമ്പോൾ യാഥാർഥ്യത്തിന്റെ 4 മുഖങ്ങൾ എന്ന 1981 ൽ ഇറങ്ങിയ പുസ്തകത്തിൽ നിന്നു തിരക്കഥ മാത്രം വായിച്ച ഞാൻ നിരാശനാകും.
വെൺ ചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചലപദങ്ങളോടെ ഷീല നടക്കുന്നത് കാണാൻ കഴിയാത്ത ഞാൻ എത്ര ഭാഗ്യഹീനൻ!

ങ്ങനെ ഈ കുറിപ്പിൽ എഴുതി വെച്ച കാര്യം ഞാൻ എന്റെ പ്രിയ സുഹൃത്തായ വിജു ഗോപയോടു പറഞ്ഞപ്പോൾ വിജു ഈ ഗാനരംഗത്തിനു വേണ്ടിയുള്ള അന്വേഷണങ്ങൾ തുടങ്ങി.

അങ്ങനെ ഇത്രയും ർഷമായി ഭാവനയിൽ മാത്രം കണ്ട ഈ ഗാനരംഗം കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞു.

വിജുവിനു ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.രുടെ കൈ നഖേന്ദു മരീചികളിൽ കുളിച്ചാകെ തളിർത്തു നിൻ കൗമാരം ?

നീ മന്ദം മന്ദം നടക്കുമ്പോൾ താനേ പാടുമൊരു മൺ വിപഞ്ചികയെ ഭൂമി..

എന്നെയതിൻ മാറിലെ ഇഴകളാക്കൂ..

നിൻ നിഴൽ കൊഴിഞ്ഞൊരീയേകാന്ത വീഥിയിലെ നിർമാല്യ തുളസി പോലെ..

എന്റെ നെടുവീർപ്പുകൾ തൻ കാറ്റും കൊണ്ടു ഞാൻ എന്റെ ദുഃഖങ്ങളെ ഉറക്കും...

നിന്നിൽ ഞാൻ നിലക്കാത്ത വേദനയാകും..

മദ്യമൊന്നുമല്ല പ്രണയം ആയിരുന്നു വയലാറിന്റെ ഇഷ്ടപ്പെട്ട ലഹരി വസ്തു എന്നു വിശ്വസിക്കാം.
ആത്മസമർപ്പണത്തിന്റെ ഉത്തുംഗതലങ്ങളിൽ വേദനയുടെയും ധ്വംസനത്വരളുടെയും ഘടകങ്ങൾ ഗാനത്തെ നീറ്റിയെടുക്കുമ്പോൾ പ്രണയത്തിന്റെ വൈരുദ്ധ്യാത്മക ദർശനമായി അതു മാറുന്നു.
(
നിന്റെ നൂറു പൊയ് മുഖങ്ങൾ വലിച്ചെറിയും )

ഈ ഒരനുഭവം മറ്റൊരു രീതിയിൽ മറ്റൊരു ഗാനത്തിൽ വയലാർ നമുക്കു നൽകിയിട്ടുണ്ട്
ഞരമ്പുകളീൽ കുളിരുള്ള അഗ്നി വിതറുന്ന ആശ്ചര്യ ചൂഡാമണി ആണു ആ പ്രിയഗാനം.

(നിൻ അഗ്നികിരീടത്തിൻ നെറ്റിക്കനലിലെൻ നഗ്നമാം ചിറകിനു തീ പിടിച്ചു

നിൻ ചത്ത ദൈവത്തിന്റെ കണ്ണിലെ കാല്പൂവിൽ എത്ര നാൾ വെറുതേ ഞാൻ തപസ്സിരുന്നു )

രു നിൻ സീമന്തരേഖയിൽ ഈയൊരു ചാരു കുങ്കുമ ലത പടർത്തി എന്ന വരിയുടെ സമാനഭാവം വേറെയും.

ആശ്ചര്യ ചൂഡാമണി മതി യേശുദാസ് എന്ന സംഗീത സംവിധായകനെ അനശ്വരനാക്കാൻ.


അതിഥിയിലേക്കു വീണ്ടും.

തിരക്കഥ വായിച്ചപ്പോൾ എല്ലാ കഥാപാത്രങ്ങളും മനസ്സിൽ നിറഞ്ഞു നിന്നുവെങ്കിലും സിനിമ ഇറങ്ങിയ കാലത്ത് കാണാൻ കഴിഞ്ഞില്ല .പിന്നെ ഒരിക്കലും കഴിഞ്ഞില്ല.


ലയാള മനോരമയ്ക്ക് വേണ്ടി മലയാളത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി എം എ ബേബി ഒരിക്കൽ ഈ ചിത്രം തെരഞ്ഞെടുത്തിരുന്നു.എന്തായാലും ഇതു സമാനതകളില്ലാത്ത ഒരു മലയാള സിനിമാനുഭവം ആണ് എന്നതു തീർച്ച.


ബിസിനസ് തകർന്നപ്പോൾ ചീട്ടുകളിയിലും ലഹരിയിലും അഭയം തേടുന്ന കരുണൻ.

സ്നേഹ സംഘർഷങ്ങൾ അനുഭവിക്കുന്ന ഭാര്യ രമണി.

നർത്തകിയായ രമണിയുടെ അനുജത്തി ലത.

രമണിയുടെയും ലതയുടെയും അച്ഛൻ.

കരുണന്റെ ചീട്ടുകളി സംഘത്തിൽ സ്ഥിരമായി വന്നു പെടുന്ന വർക്ക് ഷോപ്പ് തൊഴിലാളി ആയ രാഘവൻ.

രാഘവനു ലതയോടു ഇഷ്ടം ഉണ്ട്.രമണിയൊട് അനുതാപവും.

ഇവരുടെ ലോകത്തിൽ പണ്ടൊരിക്കൽ നാടു വിട്ടു പോയ ശേഖരൻ എന്ന അതിഥി വരികയാണ്.

വൃദ്ധന്റെ മരുമകൻ ആണ് അയാൾ.നാടു വിട്ടു പോയ ആൾ.ഇപ്പോൾ സമ്പന്നൻ.

സിനിമയിൽ ഒരിക്കലും വരാത്ത ശേഖരൻ മറ്റു കഥാപാത്രങ്ങളിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ ആണ് സിനിമ.

( ശേഖരന്റെ സാന്നിദ്ധ്യം കഥാപാത്രങ്ങൾ അറിയുന്നുണ്ടെങ്കിലും ശേഖരനെ കാണുന്നില്ല ).

രും കാണാത്ത ആ അതിഥി തിരിച്ചു പോകുമ്പോൾ അതു കഥാപാത്രങ്ങളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതവും തകർച്ചയും.


മേശപ്പുറത്ത് പറന്നു വീഴുന്ന ചീട്ടുകളുടെ ദൃശ്യത്തിൽ സിനിമ തുടങ്ങുന്നു.

അവസാനം ഇങ്ങനെ-

വിശ്ലഥമായ മനസ്സോടെ ഓടുന്ന രമണി.

തടുത്തു നിർത്തുന്ന രാഘവൻ.

രമണി : എന്നെ തടുത്തു നിർത്താൻ നീയാരാണ്?

രാഘവൻ :പറഞ്ഞില്ലേ ഞാനൊരു പുരുഷൻ ആണ് നിനക്കു വേണ്ടുന്നതെന്തെന്നറിയാവുന്ന പുരുഷൻ.

ഇവിടെ സിനിമ തീരുന്നു.
ഈ ചിത്രത്തിൽ സീമന്തിനി എന്ന ഗാനത്തിന്റെ സ്ഥാനം എവിടെയായിരിക്കും എന്നു കണ്ടെത്താൻ തിരക്കഥ വീണ്ടും വായിച്ചു. ആ ഭാഗം-

രാത്രി.
ണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ എഴുത്തെഴുതുന്ന കൈ.

എഴുത്തെഴുതുന്ന ചെറുപ്പക്കാരന്റെ ചുവരിൽ പതിഞ്ഞ നിഴൽ.

അടുത്തേക്കു നീങ്ങുന്ന പെൺ കുട്ടിയുടെ നിഴൽ. അവൾ അവന്റെ പിറകിൽ ചേർന്നു നിന്നു കൈയ്യെത്തിപിടിച്ചു എഴുത്തെടുക്കാൻ ശ്രമിച്ചു.പെൺ കുട്ടിയുടെ കൈയ്യിൽ അമർത്തിപ്പിടിച്ച ചെറുപ്പക്കാരന്റെ കൈ
അവൾ എഴുത്ത് വലിച്ചെടുത്ത് ഓടിപ്പോയി

പുരുഷ ശബ്ദത്തിൽ ഉള്ള പ്രേമഗാനം.
പ്രകൃതി ദൃശ്യങ്ങൾ.

രമണി ഗാനത്തിന്റെ താളത്തിൽ ചുവടു വെച്ചു നടന്നു.


വിവാഹവേഷമണിഞ്ഞു രമണി ഒട്ടേറെ കല്പടവുകൾ ഓടിക്കയറുന്നു.മുകളിൽ ഒരു കാറിൽ ചാരിക്കൊണ്ട് കരുണൻ നിൽക്കുന്നു,രമണി ഓടിച്ചെന്നു നിൽക്കുന്നതു കരുണന്റെ മുന്നിലാണ്.അവളവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി ലജ്ജയോടെ തല കുനിക്കുന്നു.

കരുണൻ ചെറുപുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു കാറിനെ വലം വെച്ചു.അവളെ കാറിലേക്ക് കയറ്റുന്നു.
പശ്ചാത്തലത്തിൽ വിവാഹ സംഗീതം.ഗായകന്റെ ശബ്ദം വിദൂരതയിൽ ലയിച്ചു ചേരുന്നു.

ഇത്രയും വിശദാംശങ്ങളിൽ ഈ ഗാനചിത്രീകരണം പോകുന്നില്ലെങ്കിലും എം ആർ കസ്തൂരി കറുപ്പിലും വെളുപ്പിലും ചാലിച്ചെടുത്ത ദൃശ്യങ്ങൾക്കോ ഷീലക്കോ ഗാനത്തിനോ ഏതിനാണ് സൗന്ദര്യം കൂടുതൽ എന്നു പറയുക വിഷമമാണ്.

നവരസങ്ങളിലൂടെയും കടന്നു പോകുന്ന ഷീലയുടെ ഭാവപ്രകടനങ്ങൾ കാണുമ്പോൾ ഒരു മാർക്കിന്റെ വ്യത്യാസത്തിൽ അവർക്കു നഷ്ടപ്പെട്ടു പോയ നാഷണൽ അവാർഡിനെക്കുറിച്ചു ഇനി പരിതപിക്കാനേ കഴിയൂ.

സീമന്തിനി... എന്നു ആദ്യം കേൾക്കുമ്പോൾ പകച്ചു പോകുന്ന രമണി ഒരിക്കലും ഒരിക്കലും ഗാനം ആലപിക്കുന്ന ആളെ കാണുന്നില്ല.
രു തൂവൽ സ്പർശം പോലെ അവളെ തഴുകുകയാണ് ഈ ഗാനം.കഥാപാത്രത്തിന്റെ ആത്മ പ്രതിഫലനങ്ങളുടെ ഒരു സ്പെക്ട്രം ആണു ഈ ഗാനദൃശ്യം.

ഗാനത്തിന്റെ അവസാനം വിവാഹിതയായി കരുണന്റെ ( പി ജെ ആന്റണി ) കൂടെ കാറിൽ യാത്രയാവുന്ന രമണി അനുഭവിക്കുന്ന അസ്വസ്ഥത സിഗററ്റ് പുകയുടേതു മാത്രം അല്ല.യാഥാർഥ്യത്തിന്റെ മുഖം കാണുന്ന അസ്വസ്ഥത ആണത്.

രു പക്ഷേ ലോകത്തു ഏറ്റവും കൂടുതൽ പാട്ടുകളിൽ മരം ചുറ്റിയ ഷീലയെ ആദ്യമായി ഒരു ഗാനം ചുറ്റുന്നു.

മരങ്ങളുടെ മനോഹരമായ സാന്നിധ്യം ഈ ഗാനത്തിലുടനീളം ഉണ്ടെന്നു ശ്രദ്ധേയം ആണ്.ആ മരങ്ങൾ സിനിമാ ഗാനങ്ങളിൽ കണ്ടു പരിചയമുള്ള മരങ്ങൾ അല്ല. പ്രണയത്തിന്റെ ഭാഷ അറിയുന്ന മരങ്ങളാണിവ. ഈ ഗാനത്തിന്റെ ചിത്രീകരണം മലയാള സിനിമയിലെ ഒറ്റപ്പെട്ട ഒരു സംഭവം ആണ്.


ഈ ഗാനത്തെക്കുറിച്ചോ കുമാരേട്ടന്റെ സിനിമയിൽ കേട്ട മറ്റേതെങ്കിലും നല്ല ഗാനത്തെ കുറിച്ചോ ഒരിക്കലും അദ്ദേഹത്തോടു ചോദിച്ചിട്ടില്ല.

വർഷങ്ങളായി ഞാൻ കണ്ടിട്ടില്ലാത്ത കുമാരേട്ടനെ ഇനിയും ജീവിത വീഥികളിൽ കണ്ടു മുട്ടുമോ എന്നറിയില്ല.

അദ്ദേഹത്തിന്റെ ചില പിൽക്കാല ചിത്രങ്ങളിലെ സഹസംവിധായകൻ ആയ ഗോവർദ്ധനെ ഒരിക്കൽ കണ്ടപ്പോൾ ഒരന്വേഷണം അറിയിക്കാൻ പറഞ്ഞു.

കണ്ടു മുട്ടിയാലും ഗാനങ്ങളെക്കുറിച്ചു ഞങ്ങൾ സംസാരിക്കും എന്നു തോന്നുന്നില്ല.

സൗഹൃദംന്നെ സംഗീതം ആകുമ്പോൾ ഏതു മഹത് ഗാനവും നമ്മൾ മറന്നു പോകും.

അന്യന്റെ സ്വരം സംഗീതമാകുന്ന ലോകത്ത് സംഗീതമെന്തിന് ?

ല്ലാത്തപ്പോൾ ഇഷ്ടമാണ് വളരെ വളരെ ഇഷ്ടമാണ് ഈ പ്രണയ ഗാനം.

ആകാശഗോപുരത്തിനുമപ്പുറം ഇനിയും കുമാരേട്ടന്റെ യശസ്സ് ഉയരട്ടെ!

എന്റെ മൺ വിപഞ്ചികയിൽ കൂടണയാൻ ചില സൗഹൃദ നിമിഷങ്ങളും ഗാന ശലഭങ്ങളും പറന്നു വരുമ്പോൾ ഈ രാവിൽ ഞാൻ ജാലകം അടക്കുന്നില്ല.

വെൺ ചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചല പദങ്ങളോടെ……

നിർമാല്യ തുളസി പോലെ……Friday, May 14, 2010

ഓര്‍മ്മയുടെ അങ്കത്തട്ടില്‍

ഈ ബ്ലോഗിലെ തച്ചോളി ഒതേനന്‍ എന്ന പോസ്റ്റില്‍ തച്ചോളി ഒതേനന്‍ സിനിമയില്‍ സത്യന്റെ ഡ്യൂപ്പ്
ആയി വേഷമിട്ട രാഘവന്‍ ഗുരിക്കളെ പറ്റി ഞാന്‍ എഴുതിയിരുന്നു.

പത്തിരുപതു വര്‍ഷം മുമ്പ്, യശ:ശരീരനായ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ.ജയചന്ദ്രന്റെ കൂടെ കടത്തനാട്ടിലെ കളരികളെ കുറിച്ചുള്ള ഒരു ഫീച്ചര്‍ ചെയ്യുവാന്‍ പോയപ്പോള്‍ ആണ് രാഘവന്‍ ഗുരിക്കളെ പരിചയപ്പെടുന്നത്.
മാതൃഭൂമി വടകര ലേഖകന്‍ വിജയന്‍ മാസ്റ്റരും കൂടെ ഉണ്ടായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ ഒമ്പതാം തീയതി അന്തരിച്ച രാഘവന്‍ ഗുരിക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട്
മലയാള മനോരമയുടെ പ്രാദേശിക പേജില്‍ ഏപ്രില്‍ പത്തിന് വന്ന അനുസ്മരണ കുറിപ്പ് ഇവിടെ ചേര്‍ക്കുന്നു.

ഈ അനുസ്മരണ കുറിപ്പ് എഴുതിയ മലയാള മനോരമ വടകര ലേഖകന് നന്ദി!

- പിക്സല്‍ബ്ലൂ

Monday, April 19, 2010

ശരണമയ്യപ്പ ഒരു കണ്ണുനീര്‍ത്തുള്ളി

എഴുതിയത് : പിക്സല്‍ബ്ലൂ


വയലാര്‍ രാമവര്‍മ്മയുടെ ചില അനശ്വര ഗാനങ്ങളിലേയ്ക്ക് ഒരു ചെറിയ പദയാത്ര.

"കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ.....
അഭിനന്ദനം നിനക്കഭിനന്ദനം
അഭിനന്ദനം അഭിനന്ദനം അഭിനന്ദനം
................................................................
വ്യഭിചാരത്തെരുവില്‍ മനുഷ്യനാ മുത്തുകള്‍
വില പേശി വില്‍ക്കുന്നു - ഇന്ന് വില പേശി വില്‍ക്കുന്നു
...................................................................

പ്രപഞ്ചസൌന്ദര്യം ഉള്ളില്‍ വിടര്‍ത്തും പ്രകാശ ബുല്‍ബുദ ബിന്ദു
സ്ത്രീയൊരു പ്രഭാത നക്ഷത്ര
ബിന്ദു
.............................................................
മനുഷ്യനാ കുമിളകള്‍ വല വീശിയുടയ്ക്കുന്നു - ഇന്ന്
വല വീശിയുടയ്ക്കുന്നു"


നീര്‍ക്കുമിള എന്ന വാക്ക് ലോലമാണ്- നീര്‍ക്കുമിളയും.
നീര്‍ക്കുമിള എന്നാണ് അര്‍ത്ഥമെങ്കിലും ബുല്‍ബുദം (അഥവാ ബുദ്ബുദം) എന്ന വാക്ക് ലോലമല്ല.
പണി തീരാത്ത വീട് എന്ന സിനിമയിലെ ഏറ്റവും അന്ത:ക്ഷോഭം നിറഞ്ഞ ഒരു സന്ദര്‍ഭത്തിന് വേണ്ടിയാണ് വയലാര്‍ ഈ ഗാനം രചിച്ചത്.

ലീല എന്ന നിഷ്കളങ്കയായ കൌമാരക്കാരി സഹോദരതുല്യനായ ജോസിനു പനി വന്നപ്പോൾ ഓയിന്റ്മെന്റ്‌ പുരട്ടിക്കൊടുക്കുന്നു. 'നീ തൊടുന്നതെല്ലാം പൊന്നാകും ' എന്ന് അയാള്‍ പറയുമ്പോള്‍ 'അതിനു ഞാന്‍ ജീവിച്ചിരുന്നിട്ട് വേണ്ടേ' എന്ന് അവള്‍.
അവള്‍ താന്‍ അകപ്പെടാന്‍ പോകുന്ന ദയനീയാവസ്ഥയെ കുറിച്ച് പറയുമ്പോള്‍ അയാളുടെ മനസ്തോഭം ഈ ഗാനം ആയി മാറുകയാണ്.

അഭൌമ പ്രകാശം സ്ഫുരിക്കുന്ന സ്ത്രീത്വത്തെ ആവിഷ്കരിക്കാന്‍ കുമിള എന്ന വാക്ക് പര്യാപ്തം ആകുമായിരുന്നില്ല.
ആ സ്ത്രീ പ്രഭാതത്തിലെ നക്ഷത്ര ബിന്ദു ആണ്. മനുഷ്യന്‍ ആ ബുദ്ബുദങ്ങളെ കുമിളകളാക്കി ഉടച്ചു കളയുന്നു.

പ്രേംനസീര്‍-ന്റെ ശബ്ദത്തില്‍ ഉള്ള സംഭാഷണത്തിലും നീര്‍ക്കുമിള എന്ന വാക്കുപയോഗിച്ചത് കാണുമ്പോള്‍ ഈ ദ്വന്ദ്വം കൊണ്ടുദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാകും. ബുല്‍ബുദം അഭൌമവും നീര്‍ക്കുമിള ഭൌമവും ആണ്. വയലാര്‍ ഗാനങ്ങളെ സ്വഭാവവത്ക്കരിയ്ക്കുന്ന അനിയന്ത്രിത പദപ്രവാഹം ഈ ഗാനത്തിന്റെ വികാരമൂര്‍ച്ച നിശ്ചയിക്കുമ്പോൾ ഉചിതമായ തെരഞ്ഞെടുപ്പിന്റെ കാവ്യരഹസ്യം മനസ്സിലാകുന്നു.

വല വീശിയുടച്ച സ്ത്രീത്വത്തെ പറ്റി വയലാര്‍ എഴുതിയ മറ്റൊരു ഗാനം ഓര്‍ക്കുന്നു.
കാപാലികയിലെ ശരപഞ്ജരം പുഷ്പ ശരപഞ്ജരം എന്ന ഗാനം ആണത്.
ആര്‍.കെ.ശേഖര്‍ -ന്റെ മാസ്റ്റർപീസുകളിൽ ഒന്നാണ് ആ ഗാനം. ആ ഗാനത്തിലെ ചില വരികള്‍:

വിരിയുന്ന വിരിയുന്ന മോഹപുഷ്പങ്ങളിൽ
വിരല്‍നഖമുദ്രകള്‍ പതിയ്ക്കും- കാമം
വിരല്‍നഖമുദ്രകള്‍ പതിയ്ക്കും
ഓരോ സ്വപ്നവും കൊഴിയും
ഓര്‍മ്മകള്‍ കിളിവാതില്‍ തുറക്കും ദൂരെ
കാമുക ശലഭങ്ങള്‍ ചിരിയ്ക്കും പൊട്ടിച്ചിരിയ്ക്കും


ഈ ഗാനങ്ങള്‍ക്കെല്ലാം ബാധകമായ സത്യം കവിതയുള്ള ഒരു പ്രസ്താവനയായി നമുക്ക് വയലാര്‍ നേരത്തേ നല്‍കിയിട്ടുണ്ട്.

കാളിദാസന്‍ മരിച്ചു കണ്വ മാമുനി മരിച്ചു
അനസൂയ മരിച്ചു പ്രിയംവദ മരിച്ചു
ശകുന്തള മാത്രം മരിച്ചില്ല...


പ്രസ്താവനകളുടെ രൂപം മലയാളകവിതയില്‍ പോലും വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടില്ലാത്ത കാലത്താണ് ഈ വരികള്‍ കേട്ട ഏതൊരാളെയും വയലാര്‍ കവിതാസ്വാദകൻ ആക്കി ഉയര്‍ത്തിയത്‌. മുദ്രാവാക്യങ്ങളിലെ കവിതയല്ല ഇത്.

ബാബുരാജിന്റെ അനശ്വരഗാനങ്ങളില്‍ ഒന്നാണ് ചേട്ടത്തി എന്ന സിനിമയിലെ ആദിയില്‍ വചനമുണ്ടായി എന്ന ഗാനം.
ഈ ഗാനരംഗത്ത്‌ അഭിനയിച്ചത്‌ വയലാർ ആയിരുന്നു. വയലാര്‍ അഭിനയിച്ച ഒരേ ഒരു ഗാനരംഗം. ഈ പ്രശസ്ത ഗാനം ബൈബിളിലെ വിശ്രുത വചനങ്ങളോടെ തുടങ്ങുന്നു.


ആദിയില്‍ വചനമുണ്ടായി ആ വചനം രൂപമായി...

ഗാനം പുരോഗമിയ്ക്കുമ്പോള്‍ അന്തരീക്ഷം പ്രപഞ്ചോല്പത്തിയെ കുറിച്ചുള്ള ഭാരതീയ സങ്കല്‍പ്പത്തിലേയ്ക്ക് മാറുന്നു.

പ്രളയ ജലധിയില്‍ പ്രണവരൂപിയായ് പ്രപഞ്ച ശില്പിയുറങ്ങിയുണര്‍ന്നു...

കാലങ്ങളുടെ ഈ കുഴമറിച്ചിലിന് ശേഷം വയലാര്‍ സ്ത്രീയുടെ ജനന കഥയ്ക്ക്‌ ഒരു പുതിയ ഭാഷ്യം സൃഷ്ടിയ്ക്കുകയാണ്:

അശ്രു സമുദ്ര തിരകളിലങ്ങനെ
ചിപ്പികളുണ്ടായി മുത്തുച്ചിപ്പികളുണ്ടായി
കണ്ണുനീർമുത്തിനു പെണ്ണെന്നു പേരിട്ടു
കാലമാമജ്ഞാത ശില്പി

പിന്നെ ഈ ഗാനം പരിണമിക്കുന്നത് സമകാലത്തിലേയ്ക്കാണ്. കരയില്‍ വന്നവരെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് വയലാര്‍ അത് സാധിയ്ക്കുന്നത്‌.

കരയില്‍ വന്നവര്‍ വന്നവരതിനെ കാമവല വീശി
കണ്ണാല്‍ കാമവല വീശി
കവികള്‍ പാടി കാണാ ദ്വീപിലെ കനകമല്ലോ സ്ത്രീ ഹൃദയം


ഈ ഗാനം ഇവിടെ വയലാര്‍ എഴുതി പൂര്‍ത്തിയാക്കിയിരിക്കയില്ല എന്ന് തോന്നുന്നു. ഗാനത്തിന് എന്തെങ്കിലും അപൂര്‍ണത ഉണ്ടായിട്ടല്ല. ഒരു വലിയ കവിതയായി വികസിക്കാനുള്ള ഈ ഗാനത്തിന്റെ സാധ്യത ആലോചിക്കുമ്പോള്‍ അങ്ങനെ തോന്നിപ്പോകുന്നു.

സ്ഥല കാലങ്ങളെയും മിത്തുകളെയും ഇത്ര മാത്രം കീഴ് മേല്‍ മറിക്കുന്ന മറ്റേതെങ്കിലും ഗാനം വയലാര്‍ എഴുതിയതായി തോന്നുന്നില്ല.

ഇത്ര ശക്തമായ ഒരു ഗാനം എഴുതുകയും ആ ഗാനരംഗത്ത്‌ അഭിനയിക്കുകയും ചെയ്തപ്പോൾ ആദിയിൽ വചനമുണ്ടായി എന്ന ഗാനത്തിന് സിനിമയ്ക്കുപരിയായ ചില പരിഗണനകളും പ്രാധാന്യവും അദ്ദേഹം നൽകിയിരിയ്ക്കണം.
ഈ ഗാനരംഗത്ത്‌ അഭിനയത്തില്‍ വയലാര്‍ നല്‍കുന്ന ഭാവപ്രകാശനങ്ങൾ ശ്രദ്ധേയം ആണ്.


ചക്രവാളത്തിന്‍ മതില്‍ക്കെട്ടില്‍ കയ്യും കെട്ടിയിരുന്നു പ്രപഞ്ചത്തിന്റെ ഭ്രമണം നിയന്ത്രിക്കും
എന്നെല്ലാം കവിതയില്‍ വയലാര്‍ പറയുന്നത് പോലെ എളുപ്പമല്ല സിനിമാ ഗാനത്തിന്റെ കാര്യം.
സിനിമയിലെ കഥാസന്ദര്‍ഭത്തിലേയ്ക്കും സാധാരണ മനുഷ്യന്റെ ആസ്വാദന പരിധിയിലേയ്ക്കും ഗാനത്തെ എത്തിയ്ക്കുക അല്ലെങ്കില്‍ താഴ്ത്തുക എന്ന ശ്രമകരമായ കര്‍മ്മം നല്ല രീതിയില്‍ വയലാർ നിർവ്വഹിച്ചത്‌ കൊണ്ടാണ് സാമാന്യ ജനങ്ങളും നല്ല ഗാനാസ്വാദകരും ഈ ഗാനത്തെ ഹൃദയപൂർവ്വം സ്വീകരിച്ചത്.

(ഇയാള്‍ പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മയുടെ ശിഷ്യന്‍ ആണെന്ന് തോന്നുന്നു എന്ന് ജനത്തെ കൊണ്ട് പറയിക്കാന്‍ മാത്രം സംസ്കൃതാധിക്യത്തോടെ പാട്ടുകള്‍ എഴുതുന്നവര്‍ ഇവിടെ ഉണ്ട്. അങ്ങനെ ഒരാള്‍ ആയിരുന്നില്ല വയലാര്‍.)

ആദാമിന്റെ വാരിയെല്ല് പോലെ ശക്തം ആയ ഒരു സ്ത്രീപക്ഷ സിനിമ ഒന്നും ആയിരിക്കയില്ല ചേട്ടത്തി.
ചേട്ടത്തി എന്ന സിനിമയുടെ പ്രമേയം നിർമല എന്ന ഒരു യുവതിക്ക് ഭര്‍ത്താവിന്റെ അപകട മരണത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ അനുജന്‍, അനുജത്തിയുടെ ഭര്‍ത്താവ് ‍ എന്നിവരിൽ നിന്നുണ്ടാകുന്ന ദുരനുഭവങ്ങൾ ആണ്.


കണ്ണീരാറ്റില്‍ മുങ്ങിത്തപ്പി പെണ്ണെന്ന മുത്തിനെ ആരെടുത്തു എന്ന ആദാമിന്റെ വാരിയെല്ലിലെ ഓ.എന്‍.വി - എം.ബി.എസ് ഗാനം ഓര്‍ക്കുക.
പുന്നാര മുത്തിനെ മലര്‍പ്പട്ടില്‍ പൊതിഞ്ഞു എന്നെല്ലാം പറയുമ്പോള്‍ ഓ.എന്‍.വി കവിതയില്‍ ഒരു 'പൈങ്കിളി' ചിറകടിയ്ക്കുന്നു.
ആ സിനിമയോളം ഗാനം ഉയര്‍ന്നില്ല.
വയലാറിന്റെ നല്ല ഗാനങ്ങളുടെ കാര്യത്തില്‍ പൊതുവേ ഗാനങ്ങളുടെയത്രത്തോളം ഉയരാന്‍ സിനിമകൾക്ക്‌ കഴിഞ്ഞിട്ടില്ല.

ആദിയില്‍ വചനമുണ്ടായി, കണ്ണുനീര്‍ത്തുള്ളിയെ, ശരപഞ്ജരം പുഷ്പ ശരപഞ്ജരം, കാളിദാസന്‍ മരിച്ചു എന്നീ ഗാനങ്ങളിൽ സൂചകങ്ങളും പരാമര്‍ശങ്ങളും ആയി വർത്തിക്കുന്നത്‌ ഇതിഹാസങ്ങള്‍, മഹാ കാവ്യങ്ങള്‍, മഹാ കവികള്‍, കവി വചനങ്ങള്‍, അത്തരം കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍ എന്നിവയാണ്. ഗാനങ്ങളില്‍ പാഠാന്തരങ്ങള്‍ നിര്‍മ്മിക്കുന്ന ഈ കാവ്യ രചനാ സങ്കേതം മലയാള ഗാനരംഗത്ത്‌ ഏറ്റവും മനോഹരമായും സാര്‍ത്ഥകമായും ഉപയോഗിച്ചത് വയലാര്‍ ആണ്.
ഈ ഗാനങ്ങളെ കുറിച്ച് പറയുമ്പോൾ കവിഭാവനയെ സമാനഹൃദയം കൊണ്ടേറ്റുവാങ്ങിയ ബാബുരാജ്, എം.എസ്.വിശ്വനാഥന്‍, ആര്‍.കെ.ശേഖര്‍, ദേവരാജന്‍ എന്നീ മഹാപ്രതിഭകളെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.

സ്ത്രീയെ പറ്റിയോ സ്ത്രീ മനസ്സിനെ പറ്റിയോ ഒരു പരാമര്‍ശവും ഇല്ലാത്ത ഗാനം സിനിമയില്‍ നിര്‍മ്മിയ്ക്കുന്ന പാഠാന്തരത്തിന് ഉദാഹരണം ആണ് ശരണമയ്യപ്പാ എന്ന പ്രശസ്ത ഗാനം.

ഒന്നാം ഗാനം ഭക്തി ഗാനം അതേ സമയം തന്നെ സ്ത്രീ വ്യഥയുടെ ദുരന്ത കീര്‍ത്തനവും ആവുകയാണിവിടെ.
ഇന്നും എല്ലാ മണ്ഡലമാസക്കാലത്തും ഭക്തജനമനസ്സുകളെ ഭസ്മ ലേപനം നടത്തുന്ന ഗാനം ആണത്. സിനിമയുടെ ആധുനിക ഭാഷ ആണ് സ്ത്രീയെ പറ്റി ഒരു പരാമര്‍ശവുമില്ലാത്ത ഭക്തിഗാനത്തെ ദുഃഖ ഗാന ശ്രുതികളില്‍ ഉയര്‍ത്തിയത്‌. ഇങ്ങനെയൊരു അയ്യപ്പ ഭക്തിഗാനം ഈ ഗാനം വരുന്നതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.
ഈ ഗാനത്തില്‍ പുണ്യം, പാപം (പുണ്യപാപച്ചുമടുകളാം ഇരുമുടിക്കെട്ട്) എന്നീ വാക്കുകള്‍ക്കുള്ള അര്‍ത്ഥ വിവക്ഷകൾ എത്ര വലുതാണ്‌!
ഉള്ളവര്‍ക്ക് പുണ്യമാകുന്ന ജീവിതം ഇല്ലാത്തവര്‍ക്ക് പാപം ആണ്.
ഗാനസന്ദര്‍ഭത്തില്‍ തപിച്ചു കൊണ്ട് വയലാര്‍ എഴുതിയ ഭക്തിഗാനം ആണിത്.
എങ്ങനെ തപിക്കാതിരിക്കും?

ഗസ്റ്റ് ഹൌസിലെ മുറിയില്‍ രാവിലെ പാലും കൊണ്ടു വന്ന കൊച്ചു പെണ്‍കുട്ടി ചെരുപ്പഴിച്ച് വെച്ചു അകത്തു വന്നപ്പോള്‍ പുഷ്പപാദുകം പുറത്ത് വെച്ചു നീ നഗ്നപാദയായ്‌ അകത്തു വരൂ എന്നെഴുതാന്‍ പ്രചോദനം ലഭിച്ച കവിയാണ്‌ വയലാര്‍.

അതേ സിനിമയിലെ ആ ചക്രവര്‍ത്തിനിയുടെ ജീവിതം ആണ് തകരുന്നത്.സിനിമ കണ്ടവര്‍ക്കറിയാം എത്ര മാത്രം ദുഃഖവും സംഘര്‍ഷവും നിറഞ്ഞ സന്ദര്‍ഭത്തില്‍ ആണ് ശരണമയ്യപ്പാ എന്ന ഗാനം സിനിമയില്‍ ഉയരുന്നത് എന്ന്.

ശാന്ത എന്ന പെണ്‍കുട്ടി ചതിയ്ക്കപ്പെട്ടതായി അവളുടെ അമ്മ അറിയുമ്പോള്‍ ഒന്നുമറിയാതെ ശാന്തയുടെ പാവം അച്ഛന്‍ ശബരിമല യാത്രയ്ക്ക് ഒരുങ്ങുകയാണ്. അദ്ദേഹം തിരിച്ചെത്തുമ്പോൾ ശാന്ത തെക്കേ വളപ്പിലെ ഒരു മൺകൂനയായി മാറിയിരുന്നു.

ഈ ഗാനത്തിന്റെ ഭജന ദൃശ്യങ്ങളോടൊപ്പം ശാന്തയുടെയും അമ്മയുടെയും, എല്ലാം തകര്‍ന്ന ദുഃഖ ഭാവങ്ങള്‍ സംവിധായകന്‍ കാണിച്ചു തരുന്നു. സിനിമയുടെ അവസാനം ഒരു ഫ്ലാഷ്‌ബാക്കിലൂടെ രാജപ്പൻ (സുധീർ) എന്ന യുവാവ് ശാന്തയെ ഒരു സിമെന്റ് തൊട്ടിയില്‍ മുക്കി കഴുത്ത് ഞെരിച്ചു കൊല്ലുന്ന രംഗത്തിലും അല്പം കുറഞ്ഞ ശബ്ദത്തില്‍ ശ്രവണപഥത്തില്‍ ഈ ഗാനം ഉണ്ട്. ഇടയ്ക്ക് നെഗറ്റീവുകള്‍ ആയി ചേർത്ത ദൃശ്യങ്ങളായും ഈ ഗാനഭാഗങ്ങള്‍ ഉണ്ട്.

ഭക്തി ഗാനം ദയനീയ വിലാപമായി മാറുന്നു. ഉടുക്കിന്റെ ശബ്ദം കരളുടുക്കിന്റെ ശബ്ദം ആകുന്നു.
ഈ ഗാനം വിളിച്ചുണര്‍ത്തുന്ന കിളി ഉള്ളിലുറങ്ങുന്ന അമ്പലക്കിളിയാണ്. പൊള്ളയായ ഉടുക്ക് ജീവിതം തന്നെയാണ്.

ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂര മലകള്‍
കൈകൂപ്പി തൊഴുതുരുകുമ്പോള്‍‍......

അനന്യമായ ഒരുപാട് ബിംബങ്ങള്‍ കൊണ്ടും കല്പനകള്‍ കൊണ്ടും ഈ ഗാനം അയ്യപ്പഭക്തി ഗാനങ്ങളുടെ അത്യുന്നത തലത്തില്‍ എത്തി.

പ്രയാണം എന്ന സിനിമയുടെ പ്രിവ്യു കഴിഞ്ഞപ്പോള്‍ സിനിമ ഇഷ്ടപ്പെടാത്ത ഭരതന്റെ ഇളയച്ഛന്‍ ആയ പി.എന്‍.മേനോന്‍ പ്രതികരിച്ചത് ഭരതന്റെ മുഖത്ത് ആഞ്ഞു വീശി ഒരടി കൊടുത്തു കൊണ്ടാണ് എന്ന് കേട്ടിട്ടുണ്ട്‌.
അതിന്റെ പേരില്‍ ഭരതന്‍ കുറേ കാലം പി.എന്‍.മേനോനോട് മിണ്ടിയതേയില്ല.

ചെമ്പരത്തിയുടെ സംവിധായകന്‍ ആയ പി.എന്‍.മേനോന്‍ ശരണമയ്യപ്പ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ അടി അങ്ങനെ തന്നെ കിടക്കട്ടെ.

കണ്ണുനീര്‍ത്തുള്ളിയെ, ശരണമയ്യപ്പാ എന്നീ രണ്ടു ഗാനങ്ങളുടെയും സന്ദര്‍ഭം യൌവ്വനത്തില്‍ കാലൂന്നുന്ന, പാവപ്പെട്ട കുടുംബത്തിലെ ഒരു പെണ്‍കുട്ടി ക്രൂരമായി ചതിയ്ക്കപ്പെടുന്നതായിരുന്നു.

രണ്ടു ചിത്രങ്ങളിലും ഇരയായ ആ പെണ്‍കുട്ടിയായി അഭിനയിച്ചത് റോജാരമണി എന്ന (പഴയ) ശോഭന ആയിരുന്നു.ശോഭന ഏറ്റവും കേള്‍ക്കുവാനാഗ്രഹിക്കുന്ന ഗാനങ്ങളില്‍ ഇവയുണ്ടാകാം.
നമ്മളെല്ലാം വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനങ്ങളില്‍ ഈ ഗാനങ്ങള്‍ പെടുന്നു.

ഒരു പക്ഷേ, (ഒരു പക്ഷേ മാത്രം) ശോഭന ഏറ്റവും വെറുക്കുന്ന ഗാനങ്ങളില്‍ ഈ ഗാനങ്ങള്‍ ഉണ്ടാകുമോ?

അതെന്തു കൊണ്ട് എന്നു ചോദിച്ചാല്‍...
അതാണല്ലോ സിനിമയുടെ കാണാപ്പുറ ലോകം.

വാതില്‍‌പ്പുറക്കാഴ്ചകളുടെ വാതിലുകള്‍ അടയുന്നു.

മോഹങ്ങളുടെ ബുല്‍ബുദങ്ങള്‍ തകരുന്ന, യൌവ്വനങ്ങള്‍ കൈകൂപ്പിത്തൊഴുതുരുകുന്ന ലോകം.

അടക്കി വെച്ച നിലവിളികള്‍ ആരും കേള്‍ക്കുകയില്ല.

ആ ലോകം നല്‍കുന്ന കണ്ണുനീര്‍ത്തുള്ളികള്‍.

ശരണമയ്യപ്പ.