Thursday, December 31, 2009

കാറ്റേ നീ വീശരുതിപ്പോള്‍

എഴുതിയത് : പിക്സല്‍ ബ്ലൂ

2001 ല്‍ ‘കാറ്റു വന്നു വിളിച്ചപ്പോള്‍ എന്ന സിനിമയില്‍ ‘ കാറ്റേ നീ വീശരുതിപ്പോള്‍‘ എന്ന ഗാനം വന്നപ്പോള്‍ കേരളം മുഴുവന്‍ ഈ ഗാനം സഹര്‍ഷം സ്വീകരിച്ചത് ആലാപനം സംഗീതം എന്നിവയിലുമുപരിയായി കാവ്യ ഭംഗിയും സൌന്ദര്യവും കൊണ്ടാണ്. (പൊന്‍ കുന്നം ദാമോദരന്റെ ‘പച്ചപ്പനം തത്തേ’ എന്ന ഗാനവും ഇതുപോലെ തന്നെ.)

1957 ല്‍ പദ്മ ഫിലിംസ് നിര്‍മ്മിച്ച ‘അച്ഛനും മകനും’ എന്ന ചിത്രത്തിലാണ് ‘കാറ്റേ നീ വീശരുതിപ്പോള്’ ആദ്യം വന്നത്. കവി തിരുനല്ലൂര്‍ കരുണാകരന്റെ ഗാന രചയിതാവ് എന്ന നിലയിലുള്ള ജീവിതം ഈ സിനിമയില്‍ ഒതുങ്ങുന്നു. ഈ ചിത്രത്തില്‍ അഞ്ചു ഗാനങ്ങള്‍ തിരുനല്ലൂര്‍ എഴുതി. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് വിമല്‍ കുമാര്‍.

‘അച്ഛനും മകനും’ എന്ന സിനിമയെക്കുറിച്ച് എഴുതട്ടെ:

തിക്കുറിശ്ശിയും സത്യനും അച്ഛന്റെയും മകന്റെയും റോളുകളില്‍ അഭിനയിച്ചു, മുത്തയ്യ, മുതുകുളം, എസ് പി പിള്ള, ബഹദൂര്‍ , ജി കെ പിള്ള, ബി എസ് സരോജ, കുമാരി തങ്കം, ശാന്തി എന്നിവരായിരുന്നു മറ്റു അഭിനേതാക്കള്‍.ജഗതി എന്‍ കെ ആചാരി ആയിരുന്നു കഥയും സംഭാഷണവും.

പരുക്കനായ ശങ്കരച്ചാര്‍ (തിക്കുറിശ്ശി) ഒരു കമലമ്മ ടീച്ചറെ ( ബി എസ് സരോജ) വിവാഹം കഴിച്ചുവെങ്കിലും കുറച്ചുകാലത്തിനുശേഷം നാടുവിട്ടുപോകുന്നു. ആ ബന്ധത്തില്‍ ഉണ്ടായ മകന്‍ രഘു (സത്യന്‍) പോലീസ് സബ് ഇന്‍ സ്പെക്ടര്‍ ആകുന്നു. ഇന്‍സ്പെക്ടര്‍ ഒരു കൊള്ളക്കാരുടെ താവളം വളഞ്ഞു അവരുടെ തലവനെ പിടികൂടിയപ്പോളാണ് അത് തന്റെ അച്ഛനാണെന്നു മനസ്സിലാവുന്നത്. തന്റെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് ശങ്കരച്ചാര്‍ ആത്മഹത്യ ചെയ്യുന്നു.

അച്ഛന്റെ മൃതദേഹവുമായി മകന്‍ വീട്ടിലെത്തി ഒരു നല്ല പ്രഭാഷണം നടത്തുന്നു. ഇതാണ് സിനിമയുടെ കഥ.

തിരുനല്ലൂര്‍ കരുണാകരന്‍:


ഒരു മുക്കുവപ്പെണ്‍കൊടി പാടുന്നതായാണ് ഈ ഗാനം ‘അച്ഛനും മകനും’ എന്ന സിനിമയില്‍ വരുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

‘ശ്യാമള’ പാടിയ ഈ ഗാനത്തിന്റെ വരികള്‍ ഇങ്ങനെയാണ്.

കാറ്റേ നീ വീശരുതിപ്പോള്‍.....
..............................
.................................................

നീലത്തിരമാലകള്‍ മേലെ നീന്തുന്നൊരു വെള്ളില പോലെ
കാണാമാത്തോണി പതുക്കെ ആലോലം പോകുന്നകലെ

നിലവുള്ളരാവിനെയോര്‍ത്തു നാണിക്കും പൂങ്കരളോടെ
ഞാനൊറ്റക്കെങ്ങിനിരിക്കും ദാഹിക്കും കണ്ണുകളോടെ
മാരാ നിന്‍ പുഞ്ചിരിയേകിയ.................
........................................................................

കള്ളക്കടല്‍ കുന്നായ് കൂട്ടിയ വെള്ളിപ്പണമെല്ലാം വാരി
ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍ ഞാനെന്താണേകുവതിപ്പോള്‍
................................................................................
...................................................................................

കാണാമാത്തോണി, നിലാവുള്ള രാവിനെയോര്‍ത്തു എന്നീ ഭാഗങ്ങളില്‍ ഉച്ചാരണം വ്യക്തമല്ല.

നീലത്തിരമാലകള്‍ മേലെ നീന്തുന്നൊരു വെള്ളില പോലെ എന്ന വരികളിലെ ‘വെള്ളില’ കാറ്റു വന്നു വിളിച്ചപ്പോള്‍’ ല്‍ ‘നീര്‍ക്കിളി’ ആയിമാറി. നീന്തുന്നൊരു വെള്ളില എന്നു പറയുന്നതിനേക്ക്കാള്‍ ഉചിതം നീര്‍ക്കിളി ആണെന്നു പറയേണ്ടതില്ലല്ലോ.

‘അച്ഛനും മകനും’ ഗാനത്തിലുള്ള ചിലവരികള്‍ക്കു പകരം ‘കാറ്റുവന്നു വിളിച്ചപ്പോല്‍’ എന്ന സിനിമയിലെ ഗാനത്തില്‍ മറ്റുചില വരികള്‍ വന്നു.

............ നീലത്തിരമാലകള്‍ മേലേ നീന്തുന്നൊരു നീര്‍ക്കിളി പോലെ
............ ആടും ജലറാണികളെന്നും ചൂടും കരിമുത്തും വാരി......

തിരുനല്ലൂര്‍ ഈ സിനിമയ്ക്കുവേണ്ടി ഗാനങ്ങള്‍ മാറ്റി എഴുതുകയായിരുന്നോ എന്ന സംശയം എനിക്കുണ്ടായിരുന്നു. ‘അന്തി മയങ്ങുമ്പോള്‍‘ എന്ന കവിതാ സമാഹാരത്തില്‍ പണ്ടേ ഉള്‍പ്പെടുത്തിയ കവിത പുതിയഗാനമായി മാറുകയായിരുന്നു എന്നു മനസ്സിലായത് റ്റി പി ശാസ്തമംഗലം തിരുനല്ലൂര്‍ 2006 ല്‍ അന്തരിച്ചപ്പോള്‍ എഴുതിയ ലേഖനത്തില്‍ നിന്നാണ്.

പഴയ ഗാനത്തേക്കാള്‍ നന്നായിത്തോന്നിയത് എം ജി രാധാകൃഷ്ണന്‍ സംഗീതംനല്‍കിയ പുതിയ ഗാനമാണ്. ഗാനത്തിന്റെ കാവ്യഗുണം പരിഗണിക്കുമ്പോഴും പില്‍ക്കാല ഗാനം മികച്ചു നില്‍ക്കുന്നു. ‘കള്ളക്കടല്‍ കുന്നായ് കൂട്ടിയ വെള്ളിപ്പണമെല്ലാം വാരി ‘ എന്ന വരിക്കു പകരമാണ് (എം എസ് ഐ പാട്ടുപുസ്തകത്തോട് കടപ്പാട്) “ആടും ജലറാണികളെന്നും ചൂടും കരിമുത്തും വാരി’ എന്ന വരി പുതിയ ഗാനത്തില്‍ ഉള്ളത്. ഇതില്‍ രണ്ടാമത്തേതാണ് മികച്ചത് എന്ന് ആര്‍ക്കും മനസ്സിലാകും.

(എന്റെ സുഹൃത്തായ മിഴിനീരാണ് ആദ്യത്തെ ‘കാറ്റേ നീ’ കേള്‍ക്കാന്‍ അവസരം ഉണ്ടാക്കിയത്. ആതില്‍ ‘കള്ളക്കടല്‍ കുന്നായ് കൂട്ടിയ വെള്ളിപ്പണമെല്ലാം വാരി’ ഇല്ല എങ്കിലും പാട്ടുപുസ്തകത്തില്‍ ഉണ്ട്.)

അപ്പോള്‍ തിരുനല്ലൂര്‍ ആദ്യത്തെ വരി മുന്‍പ് ഉപയോഗിച്ചത് എന്തുകൊണ്ടാകും?
ഈ ചോദ്യത്തിന്റെ ഉത്തരം ഈ സിനിമ ഇറങ്ങിയ വര്‍ഷം നോക്കിയാലറിയാം
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന വര്‍ഷമാണത്. അക്കാലത്ത് ഒരു കമ്മ്യൂണിസ്റ്റ് കവിയായ തിരുനല്ലൂര്‍ ‘കള്ളക്കടല്‍ കുന്നായ് കൂട്ടിയ വെള്ളിപ്പണമെല്ലാം വാരി’ എന്ന് അല്‍പ്പം ആവേശത്തോടെയെഴുതിയത് ആ കാലത്തോട് നീതിപുലര്‍ത്താനായിരിക്കണം.

44 വര്‍ഷത്തിനുശേഷം തിരുനല്ലൂര്‍ എഴുതിയ ഗാനംവീണ്ടും വന്നപ്പോള്‍ ഈ ഗാ‍നത്തിന്റെ രചനാഭംഗി പൂര്‍ണ്ണമായി ആസ്വദിക്കാന്‍ മലയാളിക്കു കഴിഞ്ഞു. ‘കായലിന്റെ കവി‘യായ തിരുനല്ലൂരിന്റെ ‘റാണി’ എന്ന ഖണ്ഡകാവ്യവും ഒട്ടേറെ കവിതകളും സഹൃദയര്‍ ഓര്‍ക്കുന്നുവെങ്കിലും പുതിയ കാലത്തില്‍ നല്ല കവിയായ തിരുനല്ലൂരിലേക്ക് കൂടുതല്‍ ജനശ്രദ്ധ എത്തിക്കാന്‍ എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കി ചിത്ര ആലപിച്ച ഗാനത്തിന് കഴിഞ്ഞു.

പഴയതെല്ലാം നല്ലത് എന്നു ചിലപ്പോള്‍ പറയാന്‍ കഴിയുകയില്ല.ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും. പാട്ടുപുസ്തകം ഇവിടെയുണ്ട്

Sunday, December 27, 2009

മണ്ണില്‍ വിണ്ണില്‍ മനസ്സിലാകെ വര്‍ണ്ണങ്ങള്‍

എഴുതിയത് - പിക്സല്‍ ബ്ലൂ


മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ‘തിരനോട്ടത്തില്‍ (1978) യേശുദാസ് പാടിയ ഗാനം.

ഈ ഗാനം ഒരു വര്‍ഷം മുന്‍പാണ് എന്റെ കയ്യില്‍ വന്നു പെട്ടത്, വിശദവിവരങ്ങള്‍ ഒന്നുമില്ലാതെ.....
സംഗീതശൈലികൊണ്ട് ദേവരാജന്‍ മാസ്റ്ററുടെ ഗാനമായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്.

ഈ ഗാനം ഏതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത് അഞ്ചാറുമാസം മുമ്പ് ‘ഐഡിയാ സ്റ്റാര്‍ സിങര്‍’ കണ്ടപ്പോഴാണ്.

ആദിവസത്തെ രാഗഭാവം എന്ന സെഗ്മെന്റില്‍ എനിക്കു വേണ്ട വിവരം ഉണ്ടായിരുന്നു. ‘യമുനാ കല്യാണി’ രാഗത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ എം ജി ശ്രീകുമാര്‍ പറഞ്ഞു: “നമുക്കെല്ലാം പ്രിയപ്പെട്ട മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച തിരനോട്ടം എന്ന ചിത്രത്തില്‍ ഈ രാഗത്തില്‍ എന്റെ ജ്യേഷ്ഠന്‍ സംഗീതം നല്‍കിയ മനോഹരമായ ഒരു ഗാനമുണ്ട്’.

ശ്രീകുമാര്‍ പാടി....

‘മണ്ണില്‍ വിണ്ണില്‍ മനസ്സിലാകെ വര്‍ണ്ണങ്ങള്‍ വര്‍ണ്ണങ്ങള്‍...’

ഈ ചിത്രത്തിന്റെ റെക്കോഡ് ഇറങ്ങിയിട്ടില്ല. പ്രിന്റുകള്‍ ലഭ്യമല്ല എന്നും ശ്രീകുമാര്‍ പറഞ്ഞു.

എന്റെ മനസ്സിലും വര്‍ണ്ണങ്ങള്‍ നിറഞ്ഞു. ഒരു ഗാനാന്വേഷണം കൂടി പൂര്‍ത്തിയായി.

നന്ദി എം ജി ശ്രീകുമാര്‍.

യേശുദാസ് മനോഹരമായി ആലപിച്ച ഗാനം.

ഈ ഗാനത്തില്‍ ഒ എന്‍ വിയുടെ സര്‍ഗ്ഗവൈഭവത്തിന്റെ വര്‍ണ്ണശോഭ ഉണ്ട്. മനോഹരം മാത്രമല്ല, അചുംബിതമായ കാവ്യ കല്‍പ്പനകളാണ് ഈ ഗാനത്തിലുള്ളത്. പൂവും കിളിയും ഒന്നുമില്ലാത്ത ഈ ഗാനത്തില്‍ ഉപയോഗിച്ച കല്‍പ്പനകള്‍ എല്ലാം ചിത്രം, ചിത്രകാരന്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത്രവര്‍ണ്ണങ്ങള്‍ ആരുടെ ഹൃദയത്തിന്‍
ചെപ്പുതുറന്നെടുത്തു- ചായ
ച്ചെപ്പുതുറന്നെടൂത്തു!
ഇത്രസൌന്ദര്യം ഏതു ഹിരണ്മയ
പാത്രത്തില്‍ നിന്നെടുത്തു- അക്ഷയ
പാത്രത്തില്‍ നിന്നെടുത്തു!
ചിത്രകാരാ പറയൂ പറയൂ പറയൂ!

തുടര്‍ന്നുള്ള വരികളില്‍ ചിത്രകാരനെത്തേടിവന്നെത്തിയ നീലനേത്ര ശലഭങ്ങളേയും, സര്‍ഗ്ഗ ഭാവനയ്ക്കാടാന്‍ ചൈത്രം നിവര്‍ത്തിയിട്ട രത്നശ്രീകംബളവും നമ്മള്‍ കാണുന്നു. ദൃശ്യമായ സംഗീതം കേള്‍ക്കുന്നു.

ഒ എന്‍ വിയുടെ മികച്ച ഗാനങ്ങളില്‍ ഒന്നാണിത്. എം ജി രാധാകൃഷ്ണന്റെയും മികച്ച ഗാനങ്ങളില്‍ ഒന്ന്.

തിരനോട്ടത്തിലേക്ക് ഒരു തിരനോട്ടം

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്കും രണ്ടുകൊല്ലം മുന്‍പ് തിരനോട്ടം എന്ന ചിത്രത്തില്‍ ആയിരുന്നു മോഹന്‍ലാല്‍ ആദ്യം അഭിനയിച്ചത്. സിനിമാ മോഹം മൂത്ത ഒരു കൂട്ടംസുഹൃത്തുക്കള്‍ - മോഹന്‍ലാല്‍, അശോക് കുമാര്‍, പ്രിയദര്‍ശന്‍, എസ് കുമാര്‍, കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി), സുരേഷ് കുമാര്‍ എന്നിവരുടെ ഒരു കൂട്ടു സംരംഭം ആയിരുന്നു അത്.

പാച്ചല്ലൂര്‍ ശശി എന്ന ഒരാള്‍ ആണ് നിര്‍മ്മാതാവ്. മൃത്യുഞ്ജയ ഫിലിംസ് എന്ന ബാനര്‍.

അവിടുന്നും ഇവിടുന്നും പണം സ്വരൂപിച്ചു നിര്‍മ്മിച്ച സിനിമ. സംവിധാനം അശോക് കുമാര്‍, (തേനും വയമ്പും സംവിധാനം ചെയ്ത ആള്‍) സിനിമ എല്ലാ തീയറ്ററിലും എത്തിയില്ല. കൊല്ലത്തെ ഒരു തീയറ്ററില്‍ മൂന്നു ദിവസം പ്രദര്‍ശിപ്പിച്ചു. മൂന്നാമത്തെ ദിവസം ആ സിനിമയ്ക്ക് എന്നെന്നേക്ക്കുമായി തിരശ്ശീല വീണു.

അവിടെ തീരേണ്ടതായിരുന്നു ആ സുഹൃത്തുക്കളുടെ സിനിമാ ജീവിതം. പക്ഷേ ദൈവം അവര്‍ക്കെല്ലാം വലിയ ചില റോളുകള്‍ കരുതിവെച്ചിരുന്നു. മോഹന്‍ലാല്‍ (അഭിനേതാവ്) , അശോക് കുമാര്‍ (സംവിധായകന്‍), പ്രിയദര്‍ശന്‍ ( സംവിധായകന്‍) എസ് കുമാര്‍ ( കാമറാമാന്‍) കിരീടം ഉണ്ണി (നിര്‍മ്മാതാവ്), സുരേഷ് കുമാര്‍ ( നിര്‍മ്മാതാ‍വ്) എന്നിങ്ങനെ.

ഞാന്‍ ഈ സിനിമ കണ്ടിട്ടുണ്ട്. പത്തു പതിമൂന്നു വര്‍ഷം മുന്‍പ് ഏഷ്യാനെറ്റില്‍ നിന്ന്. ഏഷ്യാനെറ്റ് പാതിരാച്ചിത്രങ്ങള്‍ കാണിക്കുന്ന കാലത്ത്. അങ്ങനെ ചില രംഗങ്ങളുണ്ടായിരുന്നു ഈ സിനിമയില്‍. പക്ഷേ പാട്ടൊന്നും ഓര്‍ത്തില്ല.

അക്കാലത്തെ പ്രമുഖ നടനായ രവികുമാര്‍ ആയിരുന്നു ഒരു പ്രധാന വേഷത്തില്‍. ഈ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളിലൊന്നും രവികുമാറിന്റെ പേര് ഇപ്പോള്‍ കാണാനില്ല.അക്കാലത്തെ ഒരു രണ്ടാം നിര നായികയായ രേണുചന്ദ്ര ആണ് ഈ ചിത്രത്തിലെ നായിക. ഗോപകുമാര്‍ എന്ന മറ്റൊരു നടനുമുണ്ട് ഒരു ചിത്രകാരന്റെ പ്രധാനവേഷത്തില്‍. ഗോപകുമാറും രേണുചന്ദ്രയുമാണ് ഈ ഗാനരംഗത്ത്.

ഈ ഗാനരംഗം യുറ്റ്യൂബില്‍ നിന്നും കാണാം.
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ 25ആം വര്‍ഷം 2003 ല്‍ ആഘോഷിച്ചപ്പോള്‍ ആ പരിപാടിയുടെ പേര് തിരനോട്ടംഎന്നായിരുന്നു. ആ പരിപാടിയില്‍ രേണുചന്ദ്രയും പങ്കെടുത്തു.
സെപ്റ്റംബര്‍ 14 നു തിരുവനന്തപുരത്ത് നടന്ന വലിയ പരിപാടിയില്‍ തിരനോട്ടത്തിലെ രംഗങ്ങള്‍ മോഹന്‍ലാല്‍ വീണ്ടും അഭിനയിച്ചു, രേണുചന്ദ്രയോടൊപ്പം.അതിനു മുന്‍പ് പഴയ ടീമിന്റെ മുന്നില്‍ മുടവന്മുകളിലെ തന്റെ വീട്ടിനടുത്ത കേശവദേവ് റോഡില്‍ സൈക്കിള്‍ ചവിട്ടി പോകുന്ന ആദ്യരംഗം മോഹന്‍ലാല്‍ വീണ്ടും അഭിനയിച്ചു.

രവികുമാറിന്റെ വീട്ടിലെ ബനിയനും ലുങ്കിയും ധരിച്ച കുട്ടപ്പന്‍ എന്ന വേലക്കാരനായി അഭിനയിച്ച ആള്‍ പിന്നെ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം ആകുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല, (മോഹന്‍ലാല്‍ പോലും).

ആ അഭിനയപ്രതിഭയ്ക്കു നമോവാകം!


മണ്ണില്‍ വിണ്ണില്‍ മനസ്സിലാകെ വര്‍ണ്ണങ്ങള്‍ ... വര്‍ണ്ണങ്ങള്‍ ....
അരുണ പീത രജതരാഗ ഹരിത ശ്യാമങ്ങള്‍ ........‘


എന്നു കേള്‍ക്കുമ്പോള്‍ വലിയ സിനിമാ മോഹങ്ങളുമായി സിനിമാ നിര്‍മ്മിക്കാനിറങ്ങിയ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ എസ് കുമാര്‍ തുടങ്ങിയ കൌമാരക്കാരായ സുഹൃത്തുക്കളുടെ മനസ്സ് ഈ വരികളില്‍ ഉണ്ടെന്നു തോന്നും.


Align Center

ഈ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും

മൌനമേ.. നിറയും മൌനമേ....

എഴുതിയത് പിക്സല്‍ ബ്ലൂ

ഇന്നും ഈ ഗാനം മലയാളികളുടെ പ്രിയഗാനങ്ങളില്‍ ഒന്നാണ്.

‘മൌനമേ നിറയും മൌനമേ‘ എന്ന ഗാനം വന്നപ്പോള്‍ ആ ഗാനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി എത്തിയത് ദേവരാജന്‍ മാസ്റ്റര്‍ ആയിരുന്നു.

നാദത്തിന്റെയും മൌനത്തിന്റെയും സാധ്യതകള്‍ ദേവരാജന്‍ മാസ്റ്ററെപ്പോലെ അറിഞ്ഞവര്‍ കേരളത്തില്‍ അധികം പേര്‍ ഉണ്ടാവില്ല. എന്നിട്ടും.............

‘മൌനമേ’ എന്ന് ഉച്ചസ്ഥായിയില്‍ തുടങ്ങിയത് ശരിയല്ലെന്നായിരുന്നു മാസ്റ്ററുടെ വിമര്‍ശനം. ദേവരാജന്‍ മാസ്റ്ററെ എന്നും ദൈവതുല്യം കണ്ട എം ജി രാധാകൃഷ്ണന്‍ പ്രതികരിച്ചിരിക്കാന്‍ സാദ്ധ്യതയില്ല.ശബ്ദം ഇല്ലാത്ത ഒരവസ്ഥ മാത്രമായി മൌനത്തെ കണ്ടത് മാസ്റ്റര്‍ക്കു പറ്റിയ പിഴവാണെന്നാണ് എന്റെ അഭിപ്രായം.

ഈഗാനം വരുന്നതിനു മുന്‍പത്തെ വര്‍ഷം ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ‘മൌനം തളരും തണലില്‍ ‘ എന്ന ‘രതിനിര്‍വ്വേദ’ത്തിലെ മനോഹരമായ ശോകഗാനം ആയിരിക്കണം അപ്പോള്‍ ഒരു മാതൃകയായി മാസ്റ്റര്‍ ഉദ്ദേശിച്ചത്.

ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം നമ്മള്‍ ആസ്വദിക്കുമ്പോള്‍ ‘മൌനം തളരും’ എന്ന ഗാനത്തേക്കാള്‍ ഉന്നതമായ പദവി ‘മൌനമേ നിറയും മൌനമേ’ എന്ന ഗാനത്തിനുണ്ട്.
മലയാള സിനിമയില്‍ ഉണ്ടായ മികച്ചഗാനങ്ങളില്‍ ഒന്നാണ് ‘മൌനമേ..’

തകര’ എന്ന സിനിമ അക്കാലത്തിനു ശേഷം കാണാത്തവര്‍ക്ക് ഒരു ചിമിഴിലടച്ചതുപോലെ ആ സിനിമ നല്‍കിയ അനുഭവം ആ ഗാനം നല്‍കുന്നു.

പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഉള്‍ക്കടമായ ഒരു മാനസിക അവസ്ഥയാണ് ‘മൌനമേ’ എന്ന ഗാനത്തിലെ മൌനം. ഭാവത്തിന്റെ പരകോടിയില്‍ ഉണ്ടാകുന്ന അഭാവം പോലെ. അപ്പോള്‍ ഒരു ഉച്ചശ്രുതി സാദ്ധ്യം തന്നെയാണ്. ഇതൊന്നും അറിയാത്ത ആള്‍ ആയിരുന്നില്ല ദേവരാജന്‍ മാസ്റ്റര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇങ്ങനെ ഒരു ആരോപണം ദേവരാജന്‍ മാസ്റ്റര്‍ ഉന്നയിച്ചതിനു ശേഷം ആരോപണത്തിന്റെ മുനയൊടിക്കും വിധം മനോഹരമായ പ്രതിരോധം തീര്‍ത്തത് എസ് ജാനകി ആയിരുന്നു,
ബുദ്ധിപൂര്‍വവും ഹൃദയസ്പര്‍ശിയും ആയ ഒരു വിശദീകരണം എസ് ജാനകി നല്‍കിയത് തന്റെ ജീവിതത്തിലെ ഒരു ചെറിയ അനുഭവം ഓര്‍ത്തു കൊണ്ടാണ്.


കാഞ്ചിമഠാതിപതിയെ ഒരിക്കല്‍ എസ് ജാനകി ഭര്‍ത്താവിനൊപ്പം സന്ദര്‍ശിച്ചു. ആ ദിവസം നടന്ന ഭജന പരിപാടി കേട്ടു. അതിനുശേഷം സ്വാമി മുന്നില്‍ നടന്നു പോകുമ്പോള്‍ ജാനകി പിന്നില്‍ നിന്നു ‘സ്വാമി’ എന്നു മനസ്സില്‍ വിളിക്കുന്നു. ശബ്ദം പുറത്തുവന്നില്ല. മുഴുവന്‍ ശബ്ദവുമെടുത്തു മനസ്സില്‍ വിളിച്ചു. ശബ്ദം പുറത്തുവന്നില്ലെങ്കിലും സ്വാമി തിരിഞ്ഞുനോക്കി ആശീര്‍വദിച്ചു.

‘മൌനത്തിന്റെ പിച്ച് നമുക്കു തീരുമാനിക്കാവുന്നതാണോ‘ എന്നായിരുന്നു ജാനകിയുടെ ചോദ്യം.

ആ ചോദ്യം ഇന്നും പ്രസക്തമാണ്. ഈ ഗാനവും.


Friday, December 25, 2009

സ്നാപക യോഹന്നാനിലെ രണ്ടു ഗാനങ്ങള്‍

എഴുതിയത് - പിക്സല്‍ ബ്ലൂ

യേശുക്രിസ്തുവിന്റെ വരവിനുമുന്‍പ് ആ വഴി ഒരുക്കിയ മരുഭൂമിയിലെ മഹാ പ്രവാചകനായ സ്നാപകയോഹന്നാന്‍, യേശുക്രിസ്തുവിന്റെ മുന്‍ഗാമി.


ജോര്‍ദാന്‍ നദിയില്‍ വെച്ചു യേശുദേവനെ ജ്ഞാനസ്നാനം നടത്താന്‍ ഭാഗ്യമുണ്ടായ സ്നാപകയോഹന്നാന്‍.

മലയാളസിനിമയില്‍ ആദ്യമായി ഒരു ബൈബിള്‍ കഥ സിനിമയായത് സ്നാപകയോഹന്നാന്‍ ആയിരുന്നു -1963-ല്‍.

‘ആദിയില്‍ വചനമുണ്ടായിരുന്നു
വചനം മാംസമായ് തീര്‍ന്നു
കൃപയും സത്യവും നിറഞ്ഞുനമ്മുടെ ഇടയില്‍ പാര്‍ത്തു’

എന്നീ വാചകങ്ങളോടെ തുടങ്ങിയ സിനിമ.

‘നീലാ’- യ്ക്കു വേണ്ടി പി സുബ്രഹ്മണ്യം സംവിധാ‍നം ചെയ്ത ഈ സിനിമയുടെ സംഭാഷണം എഴുതിയത് മുട്ടത്തു വര്‍ക്കി ആയിരുന്നു. ജോസ് പ്രകാശ് ആയിരുന്നു സ്നാപകയോഹന്നാന്റെ വേഷത്തില്‍‍. പ്രേം നസീര്‍, തിക്കുറിശ്ശി, കൊട്ടാരക്കര, ജി കെ പിള്ള, മുരളി (പഴയ നടന്‍), മിസ്സ് കുമാരി, എല്‍ വിജയലക്ഷ്മി, പങ്കജവല്ലി, ശാന്തി, അടൂര്‍ പങ്കജം എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലും.

ഈ സിനിമ യേശുക്രിസ്തുവിന്റേയും കഥപറഞ്ഞ സിനിമ ആയിരുന്നു. ബദ് ലഹേമിലെ പുല്‍ത്തൊഴുത്തില്‍ യേശു ജനിക്കുന്നതോടെ സിനിമ ആരംഭിക്കുന്നു. യഹൂദന്മാരുടെ രാജാവ് ജനിക്കുമെന്ന പ്രവചനത്തില്‍ ഭയന്ന് ഹേറൊദേസ് രാജാവ് ആ രാജ്യത്തെ രണ്ടുവയസ്സിനു താഴെയുള്ള കുട്ടികളെയെല്ലാം കൊന്നൊടുക്കുന്നു.

വളരെക്കാലത്തെ പ്രാര്‍ഥനയ്ക്കു ശേഷം പ്രായമായ കാലത്തു ലഭിച്ച കൊച്ചു കുഞ്ഞുമായി ഭയന്നു പായുന്ന കന്യാമറിയത്തിന്റെ അകന്ന ബന്ധുവായ എലിസബത്ത്, ഒടുസില്‍ എലിസബത്ത് തളര്‍ന്നു വീഴുന്നു.

കാട്ടുതേനും വെട്ടുക്കിളികളും ഭക്ഷിച്ച് ആ കുട്ടി വളരുന്നു - സ്നാപക യോഹന്നാന്‍.

കാലം കഴിഞ്ഞപ്പോള്‍ ഗലീലിയില്‍ ഹേറോദേസ് നു ശേഷം രാജാവായത് ആന്റിപ്പസ് ആയിരുന്നു. അക്കാലമാണ് സ്നാപകയോഹന്നാന്റെ വെളിപാടുകള്‍ കേള്‍ക്കുന്ന കാലം.

‘ഞാന്‍ മരുഭൂമിയിലെ ശബ്ദമാകുന്നു. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനും ബലവാനുമാകുന്നു. അവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ പോലും എനിക്കു യോഗ്യതയില്ല’. എന്നീ വാക്കുകളുമായി മരുഭൂമിയിലും ജനപദങ്ങളിലും സ്നാപകയോഹന്നാന്‍ സഞ്ചരിച്ചു.

ആന്റിപ്പസ് (തിക്കുറിശ്ശി) സ്നേഹസമ്പന്നയായ തന്റെ ഭാര്യ മിറിയം (മിസ് കുമാരി ) നെ ഉപേക്ഷിച്ചു ഹേറോദിയാസിനെ(പങ്കജവല്ലി) വിവാഹം കഴിക്കുന്നു. ഹേറോദിയാസിന്റെ മകളാണ് അതിസുന്ദരിയായ സലോമി (എല്‍.വിജയലക്ഷ്മി). സലോമി എന്ന പേരിന്റെ അര്‍ഥം സമാധാനം എന്നാണ്.

അതിനു മുന്‍പേ ഹേറോദിയാസ് തന്റെ ഭര്‍ത്താവായ ഫിലിപ്പിനെ (ആന്റിപ്പസിന്റെ സഹോദരന്‍‌‌) സേനാനായകന്റെ സഹായത്തോടെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് സ്നാപകയോഹന്നാന്‍ പ്രസംഗിക്കുന്നു. യോഹന്നാനെ സലോമിയുടേയും ഹേറോദിയാസിന്റെയും പ്രേരണയാല്‍ ആന്റിപ്പസ് തടവിലാക്കുന്നു, പിന്നെ കൊല്ലുന്നു.

(റോമാക്കാരനായ പടയാളി ജൂലിയന്‍ (പ്രേം നസീര്‍) നു സലോമിയുമായി പ്രണയമുണ്ട്. യോഹന്നാന്റെ മരണത്തില്‍ ഉള്ള അമര്‍ഷവും ദുഃഖവും കൊണ്ട് ജൂലിയന്‍ ആ പ്രണയത്തില്‍ നിന്നു പിന്‍വാങ്ങുന്നു. ഈ ഉപകഥ നസീറിനുവേണ്ടി ഉണ്ടാക്കിയതാവാം.)

പിന്നീട് ഹേറോദിയാസിനെ ആന്റിപ്പസ് രാജാവുതന്നെ വെട്ടിക്കൊല്ലുന്നുണ്ട് സിനിമയില്‍.
അതിനുശേഷം ഈ സിനിമയില്‍ കാണുന്നത് യേശുക്രിസ്തുവിന്റെ കഥയാണ്. ക്രിസ്തുവിന്റെ അവസാനത്തെ അത്താഴവും കാല്‍വരി യാത്രയും കുരിശിലേറ്റവും നല്‍കുന്ന ഭാരത്തില്‍, ദുഃഖത്തില്‍ സിനിമ തീരുന്നു.

പ്രതികാരത്തിന്റെയും പ്രത്യാശയുടേയും മനോഹര ഗാനങ്ങള്‍:


മുന്‍പു രേഖപ്പെടുത്താതെ പോയ ഈ ചിത്രത്തിലെ രണ്ടുഗാനങ്ങള്‍ അടുത്തകാലത്ത് ഈ ചിത്രത്തിന്റെ വീഡീയോയില്‍ നിന്നാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്.

യൂദയാ’ ഒരു നൃത്തഗാനം ആണ് ഒന്ന്. പി സുശീലയുടെ മുഗ്ധസ്വരം. ഇതൊരു പ്രതികാര ഗാനമാണ്. ഈ ഗാനത്തിന് ബ്രദര്‍ ലക്ഷ്മണന്‍ നല്‍കിയ സംഗീതം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

(നമ്മുടെ ഗാനവിചാരങ്ങളില്‍ പൊതുവേ ബ്രദര്‍ ലക്ഷ്മനനെപ്പോലെയുള്ളവര്‍ ചെയ്ത മനോഹരഗാനങ്ങള്‍ വിസ്മരിക്കപ്പെടുന്നു എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. ഈ ചിത്രത്തില്‍ത്തന്നെയുള്ള ‘ആകാശത്തിന്‍ മഹിമാവേ’ , ‘താരാകുമാരികളേ’ , ‘ഓശാന’, ‘തിരികൊളുത്തുവിന്‍’ തുടങ്ങിയ ഗാനങ്ങള്‍ എല്ലാം രചനകൊണ്ടും സംഗീതം കൊണ്ടും അവിസ്മരണീയങ്ങളാണ്.)

ഈ ഗാനരംഗത്തെ നൃത്തം ലോകചരിത്രത്തില്‍ത്തന്നെ രേഖപ്പെടുത്തപ്പെട്ട ഒരുപാട് നൃത്തശില്‍പ്പങ്ങള്‍ക്കും നാടകങ്ങള്‍ക്കും പെയിന്റിങ്ങുകള്‍ക്കും പ്രചോദനമായ സലോമി രാജകുമാരിയുടെ നൃത്തമാണ്.

മൌഡ് അലന്‍ എന്ന നടി ഈ രംഗം ആവിഷ്കരിച്ചത് നോക്കുക:


ഈ സിനിമയിലും സുവിശേഷങ്ങളിലും ചരിത്രത്തിലും ഈ നൃത്തത്തിനൊടുവില്‍ സന്തുഷ്ടനായ ആന്റിപ്പസ് രാജാവിനോട് സലോമി രാജകുമാരി ആവശ്യപ്പെടുന്നത് സ്നാപകയോഹന്നാന്റെ തല ആണ്. വിസമ്മതത്തിന്നൊടുവില്‍ സലോമിക്ക് ഒരു പിച്ചളത്തളികയില്‍ സ്നാപകയോഹന്നാന്റെ തല കാഴ്ച വയ്ക്കുന്നു ആന്റിപ്പസ്. ചരിത്രത്തില്‍ ഈ നൃത്തം ‘ദ ഡാന്‍സ് ഓഫ് ദ സെവന്‍ വെയിത്സ്’ (ഏഴു മൂടുപടങ്ങളുടെ നൃത്തം) എന്നറിയപ്പെടുന്നു.

യൂദയാ പ്രത്യേകതകള്‍ ഉള്ള പി സുശീല ഗാനമാകുന്നത് ഇങ്ങനെയാണ്. സ്വരങ്ങള്‍ പ്രതികാരവാഞ്ഛയോടെ നൃത്തം ചെയ്യുന്നു.

‘ഗലീലിയ കടലില് ‘ എന്ന ഗാനമാണ് രണ്ടാമത്തേത്. ‘ഗലീലിയ കടലില് മീന്‍ പിടിക്കണ തോഴരേ‘ എന്ന ഈ സംഘ ഗാനം മനോഹരമായ ഒരു ‘കടല്‍ ഗാനം’ ആണ്. യേശുദാസും എ പി കോമളയും സംഘവും പാടുന്നു. ഒരു പക്ഷേ കടല്‍ പശ്ചാത്തലമുള്ള യേശുദാസിന്റെ ആദ്യഗാനം ഇതായിരിക്കും. ‘കടലമ്മ’ എന്ന സിനിമയും ഇറങ്ങിയത് 1963 ല്‍ ആയതുകൊണ്ട് ഇത്തരത്തില്‍ ഉള്ള രണ്ടാമത്തെ യേശുദാസ് ഗാനമാകാം. യേശുക്രിസ്തുവിന്റെ വരവറിയിക്കുന്ന ഗാനമാണിത്.

ക്രിസ്തുമസ് ഗീതങ്ങള്‍ ഉയരുന്ന വേളയില്‍ ജീസസിനെയും സ്നാപകയോഹന്നാനെയും സ്മരിക്കാം. ആ ദിവ്യകാരുണ്യങ്ങള്‍ക്ക് അഞ്ജലികള്‍ അര്‍പ്പിക്കാം.


Monday, December 21, 2009

ജീവിതവും സാഹിത്യവും ഒരു പാവം പെണ്‍കുട്ടിയും.....

എഴുതിയത് : പിക്സല്‍ ബ്ലൂഇഷ്ടമാണു പക്ഷേ എന്നെ ശീര്‍ഷകത്തോടെ തുടങ്ങുകയും, അവസാനം ഇഷ്ടമാണ് പക്ഷേ യില്‍ നിന്നും ‘പക്ഷേ’ ഇല്ലാതാവുകയും ചെയ്യുന്ന ഒരു ചെറുകഥപോലെ ലളിതവും മനോഹരവുമായ ഈ സിനിമാ മറക്കാന്‍ കഴിയുകയില്ല.

മുറച്ചെറുക്കനേയും (രതീഷ്), കോളേജിലെ അന്തര്‍മുഖനും സ്നേഹം കിട്ടാത്ത സമ്പന്ന കുമാരനുമായ സഹപാഠിയേയും (വേണു നാഗവള്ളി) എല്ലാം നന്ദിനിക്കുട്ടിക്ക് ഇഷ്ടമാണ്.... പക്ഷേ...

അക്ഷരങ്ങളുടെ ലോകത്തില്‍ ജീവിക്കുന്ന നന്ദിനിക്ക് ഒരു എഴുത്തുകാരനെ വിവാഹം ചെയ്യാനാണിഷ്ടം.

ഇന്നത്തെ പെണ്‍കുട്ടികള്‍ ആരെങ്കിലും അങ്ങനെ ആഗ്രഹിക്കും എന്നു തോന്നുന്നില്ല.

80കളുടെ പകുതിവരെ കോളേജ് കാലം കഴിച്ചവര്‍ക്ക് ഇതു മനസ്സിലാകും. അല്‍പ്പം സാഹിത്യവും വരയും കവിതയുമായി നടന്ന എല്ലാവര്‍ക്കും ഇങ്ങനെ എത്രയോ ആരാധികമാരുടെ നോട്ടങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാകും. പഠിച്ചു മുന്നേറുന്ന മിടുക്കന്‍ കുട്ടികളെ മിക്കപെണ്‍കുട്ടികളും അവഗണിച്ചു.

ആയിടയ്ക്ക് കോളേജ് ഡേയ്ക്ക് കോളേജില്‍ അതിഥിയായെത്തിയ നന്ദിനിയുടെ ആരാധ്യനായ സാഹിത്യകാരന്‍ ‘രജനി’ (തൂലികാനാമം)യെ കാണാനും പരിചയപ്പെടാനും നന്ദിനിക്ക് അവസരം ലഭിച്ചു.

നന്ദിനിയുടെ ആട്ടോഗ്രാഫില്‍ രജനി എഴുതിക്കൊടുത്ത വാചകം ഇങ്ങനെയായിരുന്നു.

-‘ഒരിക്കലും എന്നെപ്പോലെയാകാതിരിക്കുക

നനദിനിയുടെ അച്ഛന്‍ ഒരു കവിയായതുകൊണ്ടും കൂടിയായിരിക്കാം സാഹിത്യകാരന്മാരോടുള്ള നന്ദിനിയുടെ ആരാധന. ഫാദര്‍ ഫിക്സേഷന്‍?

വീട്ടുകാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കവിതചൊല്ലി എല്ലാവരേയും ബോറഡിപ്പിക്കുന്ന ഒരു കഥാപാത്രമായാണ് നന്ദിനിക്കുട്ടിയുടെ അച്ഛനെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

ശങ്കരാടി അവതരിപ്പിക്കുന്ന ആ കഥാപാത്രത്തോടൂ നമുക്കു പ്രത്യേകം ഒരു ഇഷ്ടം തോന്നും. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിന്റെ പിന്നീടുണ്ടാകുന്ന മരണം നമ്മളെ വേദനിപ്പിക്കും.

80കളില്‍ മലയാള കലാ സാഹിത്യ രംഗങ്ങളില്‍ ഉണ്ടായിരുന്ന പലരുടേയും സുഹൃത്തായിരുന്നു അക്കാലത്ത് അകാലത്തില്‍ പൊലിഞ്ഞുപോയ യുവകവി കുഞ്ചുപിള്ള.

കുഞ്ചുപിള്ളയുടെ വരികള്‍:

‘പതംഗമേ വരു യുഗസഹസ്രങ്ങള്‍

പറന്നുപിന്നിട്ട വിഹഗമേ വരു’ ഞാന്‍ ആദ്യം വായിച്ചത് എവിടെനിന്നാണ്?

അധികം പേരും കാണാനിടയില്ലാത്ത മലയാളത്തിലെ ഏറ്റവും കമനീയമായ സാഹിത്യപ്രസിദ്ധീകരണം ‘പമ്പര’ത്തില്‍ നിന്നാണെന്നാണ് ഓര്‍മ്മ.

പതംഗമേ വരൂ എന്നു തുടങ്ങുന്ന ആ കവിതയുടെ വരികള്‍ ഈ സിനിമയില്‍ നിന്നു കേട്ടപ്പോള്‍ 80കളിലേക്കു ഞാന്‍ തിരിച്ചുപോയി. കുഞ്ചുപിള്ളയുടെ കവിതകള്‍ ആണ് ശങ്കരാടി ഈ സിനിമയില്‍ പാടുന്നത്.

ബാലചന്ദ്രമേനോന്‍, വേണു നാഗവള്ളി തുടങ്ങിയവരുടെയെല്ലാം അടുത്ത സുഹൃത്തായിരുന്നു കുഞ്ചുപിള്ള.

നന്ദിനിയിലേക്കു തന്നെ തിരിച്ചുവരാം.

വിധി നന്ദിനിയുടെ ഇഷ്ടങ്ങള്‍ അനുവദിച്ചുകൊടുത്തില്ല. അച്ഛന്റെ പെട്ടന്നുള്ള മരണത്തെത്തുടര്‍ന്ന് നന്ദിനിക്ക് ഒരു ബിസിനസ്സുകാരനായ രവിയെ വിവാഹം കഴിക്കേണ്ടിവരുന്നു. മറ്റൊരു നഗരത്തിലേക്ക് അവള്‍ യാത്രയാവുന്നു.

അദ്ദേഹത്തേയും നന്ദിനിക്ക് വളരെ ഇഷ്ടമാണ്.... പക്ഷേ.....

അപ്പോഴും അക്ഷരങ്ങളുടെ ലോകത്തിലാണ് നന്ദിനി.

‘ശിശിര രാത്രി ഉരുവിടുന്നു മൂകസംഗീതം’

‘ഭാവസുന്ദര സ്വര്‍ഗ്ഗചേതന പകര്‍ത്തിവയ്ക്കാനായ് അവന്‍ തപസ്സിരിക്കുമ്പോള്‍

സങ്കല്‍പ്പങ്ങള്‍ ഊട്ടി വളര്‍ത്താന്‍ അരികില്‍ ചെന്നേനെ ഞാന് ‍...’

എന്ന ഗാനം ഇവിടെ നമ്മള്‍ കേള്‍ക്കുന്നു.

ഒടുവില്‍ നന്ദിനിയുടെ ആരാധനാപുരുഷനായ എഴുത്തുകാരന്‍ നന്ദിനിയുടെ അയല്‍ പക്കത്ത് താമസിക്കാനെത്തുന്നു.

എഴുത്തുകാരന്റെ കുടുംബജീവിതം എന്തെന്നു നന്ദിനി അടുത്തറിയുന്നു.

അദ്ദേഹത്തിന്റെ ഭാര്യ (ശാന്തകുമാരി) സ്ഥിരമായി പീഢനങ്ങള്‍ ഏറ്റുവാങ്ങുംന്ന ഒരു പാവം സ്ത്രീയാണ്.

മറ്റുള്ളവരുടെ ജീവിതം പാത്തും പതുങ്ങിയും കണ്ട് കുറെ കഥകള്‍ എഴുതി. പക്ഷേ ഞാന്‍ നിങ്ങളെപ്പോലെ ജീവിച്ചിട്ടില്ല എന്ന് എഴുത്തുകാരന്‍ തുറന്നുപറയുന്നുണ്ട് നന്ദിനിയോടും രവിയോടും.

ഒരിക്കല്‍ മദ്യലഹരിയില്‍ നന്ദിനിയോട് അപമര്യാദയായി എഴുത്തുകാരന്‍ പെരുമാറുന്നു. അദ്ദേഹത്തിന്റെ കൈകള്‍ തട്ടിമാറ്റി ഓടിക്കയറുന്നത് തിരിച്ചറിവുള്ള ഒരു ജീവിതത്തിലേക്കാണ്.

നന്ദിനിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഭര്‍ത്താവ് എഴുതിയ കഥ നന്ദിനി കീറിക്കളയുന്നു. എന്നെന്നേക്കുമായി ആ ദാമ്പത്യത്തില്‍നിന്ന് ‘പക്ഷേ’ അപ്രത്യക്ഷമാകുന്നു.

സിനിമയുടെ അവസാനം റ്റൈറ്റിലില്‍നിന്ന് ‘പക്ഷേ ക്രോസ് ചിഹ്നമിട്ട് വെട്ടിയത് കാണാം.


സുകുമാരനും അംബികയും അവതരിപ്പിച്ചു നായകനേയും നായികയേയും.

രതീഷ്, വേണു നാഗവള്ളി എന്നിവരും പ്രഥാന വേഷങ്ങളില്‍.

കെ പി ഉമ്മര്‍ രജനി എന്ന തൂലികാനാമമുള്ള എഴുത്തുകാരന്‍ ആയി.

സാഹിത്യകാരന്മാര്‍ എല്ലാം ഇങ്ങനെയാണ് എന്ന ലളിതമായ സന്ദേശം ഈ സിനിമ നല്‍കുന്നു എന്നു കരുതേണ്ടതില്ല.

സങ്കല്‍പ്പവും പ്രായോഗിക ജീവിതവും വേറെതന്നെയാണ് എന്ന സത്യം ഭംഗിയോടെ പറയുകയായിരുന്നു ബാലചന്ദ്രമേനോന്‍.

ചില കഥാസന്ദര്‍ഭങ്ങളില്‍ വടക്കുനോക്കിയന്ത്രം എന്ന സിനിമ ഞാന്‍ ഓര്‍ത്തു പോയി.

പുകഴ്ത്തപ്പെട്ട വടക്കുനോക്കി യന്ത്രം തുടങ്ങിയ ചിത്രങ്ങളേക്കാള്‍ ഈ സിനിമ നല്ലസിനിമയോട് അടുത്തുനില്‍ക്കുന്നു.

ഒരു പക്ഷേയുമില്ലാതെ എനിക്കു വളരെ വളരെ ഇഷ്ടമായ മാധുരിയുടെ ശിശിരരാത്രി എന്ന ഗാനം ഈ ചിത്രത്തിലാണ്.

മാധുരിയുടെ ഏറ്റവും മികച്ചഗാനങ്ങളില്‍ ഒന്ന് ഇതുതന്നെയാണ്.

സിനിമയുടെ കഥയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ‘വിളിക്കാതിരുന്നാലും...’ എന്ന ഗാനം ദേവരാജ പ്രതിഭയുടെ മികച്ച ഒരു സാക്ഷ്യപത്രമായിത്തന്നെ കരുതുന്നു.

യേശുദാസിന്റെയും ജയചന്ദ്രന്റെയും ശബ്ദങ്ങള്‍ ഒന്നിച്ചുപയോഗിച്ച ഗാനങ്ങളില്‍ ഇത്രയും ഭാവസാന്ദ്രമായ മറ്റൊന്നു കണ്ടെത്തുക പ്രയാസം.

രാഗമാലികയല്ല, അനുരാഗമാലികയാണത്.

ഈ സിനിമ കാണാത്തവര്‍ ഇനി ഈ ഗാനങ്ങള്‍ ഒന്നു കേട്ടുനോക്കിയാല്‍ അറിയാം ഈ ഗാനങ്ങള്‍ ഹൃദയവ്യാപാരങ്ങളെ എങ്ങനെ ആവാഹിക്കുന്നു എന്ന്.

ദേവരാജന്‍ മാസ്റ്റര്‍ക്കും ആലപ്പുഴ രാജശേഖരന്‍ നായര്‍ക്കും ബാലചന്ദ്രമേനോനും ‘പക്ഷേ‘ ഇല്ലാത്ത എന്റെ നന്ദി.ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും

Sunday, December 20, 2009

വേലുത്തമ്പിദളവയിലെ യേശുദാസ് ഗാനം

എഴുതിയത് : പിക്സല്‍ ബ്ലൂ


പുഷ്പാഞ്ജലികള്‍ പുഷ്പാഞ്ജലികള്‍ പുരുഷ സിംഹമേ.........


ഭാഗം1:

ജൂലൈ 2009

വേലുത്തമ്പിദളവയില്‍ യേശുദാസ് പാടിയോ?
നിങ്ങളെപ്പോലെ ഞാനും ചോദിച്ചുപോയി.

ഈ സിനിമയെപ്പറ്റി വായിച്ച ലേഖനങ്ങളില്‍ ഇങ്ങനെ ഒരു ഗാനത്തെക്കുറിച്ചു പരാമര്‍ശം ഇല്ല.
വേലുത്തമ്പിദളവയില്‍ യേശുദാസ് പാടിയതായി ആരും പറഞ്ഞു കേട്ടിട്ടില്ല.
വേലുത്തമ്പി ദളവ പാട്ടുപുസ്തകത്തില്‍ ഈ ഗാനമോ യേശുദാസിന്റെ പേരോ ഇല്ല.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കണ്ണുകളെ വിശ്വസിക്കുകയാണല്ലോ നല്ലത്.

ഈ സിനിമ കഴിഞ്ഞദിവസം കണ്ടപ്പോഴാണ് വേലുത്തമ്പിദളവയ്ക്ക് പുഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്ന ശീര്‍ഷകഗാനം (റ്റൈറ്റില്‍ സോങ്) യേശുദാസ് പാടിയതായി മനസ്സിലായത്. പുഷ്പാഞ്ജലികള്‍ പുഷ്പാഞ്ജലികള്‍ പുരുഷസിംഹമേ എന്ന ഗാനം.

ഈ സിനിമയുടെ ശീര്‍ഷകങ്ങളില്‍ യേശുദാസിന്റെ പേരില്ലാത്തതു കൊണ്ട്, ഇങ്ങനെ ഒരു ഗാനം പിന്നെ അദ്ദേഹത്തെക്കൊണ്ട് പാടിപ്പിച്ച് ഈ സിനിമയില്‍ ചേര്‍ത്തതാവാനാണ് സാദ്ധ്യത.

ഒരു പക്ഷേ സിനിമ റിലീസ് ആവുന്നതിനടുത്ത്, അല്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം എഴുപതുകളില്‍ പുതിയ പ്രിന്റ് റിലീസ് ചെയ്തപ്പോള്‍. രണ്ടാമത്തേതാകാനാണ് സാദ്ധ്യത.


ജീവിത നൌകയില്‍ മെഹബൂബ് പാടിയ അകാലേ ആരും കൈവിടും എന്ന ഗാനം 70 ല്‍ ഇറങ്ങിയ പ്രിന്റില്‍ യേശുദാസിനെക്കൊണ്ടു പാടിച്ചതാണ് ഇപ്പോള്‍ ലഭ്യമായ ആ സിനിമയുടെ പ്രിന്റില്‍ ഉള്ളത്.

എന്തായാലും ഈ ഗാനം യേശുദാസിന്റെ തന്നെ!


തിരുവിതാംകൂര്‍ ചരിത്രത്തിലെ ഇതിഹാസ നായകനും ധീര ദേശാഭിമാനിയുമായ വേലുത്തമ്പി ദളവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഈ ആദ്യകാല യേശുദാസ് ഗാനം ഇങ്ങനെ ഒരു പ്രത്യേകത കൊണ്ട് സവിശേഷസ്ഥാനം നേടുന്നു.

മണ്ണടി ക്ഷേത്രത്തില്‍ വച്ചു തന്റെ ജീവന്‍ ദേവിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ച പുരുഷസിംഹത്തിന് യേശുദാസ് ഗാനത്തിന്റെ പുഷ്പാഞ്ജലി.

പുഷ്പാഞ്ജലികള്‍ പുഷ്പാഞ്ജലികള്‍ പുരുഷസിംഹമേ
ജന്മഭൂമിയെ പള്ളിയുണര്‍ത്തിയ ശബ്ദബ്രഹ്മമേ
നൂപുരശിഞ്ജിതമോടെ കാലം ഗോപുരവാതില്‍ തുറന്നുവയ്ക്കാന്‍
നിന്റെ ചരിത്രം വഴികാട്ടിത്തന്നു
രക്തധമനികള്‍ തോറും പുതിയൊരു ശക്തിധാരയുമായ്
രണാങ്കണങ്ങളീല്‍ ഞങ്ങള്‍ വിടര്‍ത്തിയ രാജമല്ലിപ്പൂക്കളുമായ്
തിരുസന്നിധിയില്‍ ഇതാ വരുന്നു തീര്‍ഥാടകര്‍ ഞങ്ങള്‍
തലക്കുളത്തെ തങ്കപ്പിടിവാള്‍ മറക്കുകില്ലാ മലയാളം
മറക്കുകില്ലാ മലയാളം......

ഭാഗം2:

ഒക്റ്റോബര്‍ 2009

ഇങ്ങനെയൊരു കുറിപ്പ് ഒരിടത്ത് വെച്ചു രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈയിടെ യേശുദാസിന്റെ ഒരു ഇന്റര്‍വ്യൂ വായിക്കാനിടയായി. (കലാകൌമുദി- 2009 ഒക്റ്റോബര്‍ 18)

(കാല്പാടുകളിലാണ് യേശുദാസ് ആദ്യമ്പാടിയതെങ്കിലും ആദ്യം പുറത്തുവന്ന ഗാനങ്ങള്‍ ശ്രീകോവില്‍ എന്ന ചിത്രത്തിലേതാണ് എന്നറിയാമായിരുന്നു.ദക്ഷിണാമൂര്‍ത്തി സംഗീതംനല്‍കിയ ആ ചിത്രത്തിലെ യേശുദാസ് ഗാനങ്ങള്‍ കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല.)

കാല്പാടുകള്‍, ശ്രീകോവില്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം യേശുദാസ് പാടിയത് വേലുത്തമ്പിദളവയില്‍ ആണെന്ന് ആ ഇന്റര്‍വ്യൂവില്‍ യേശുദാസ് പറയുന്നു.v
അതൊരു ശ്ലോകം ആണെന്നു പറയുമ്പോള്‍ ആ ഗാനം ഇതുതന്നെ.

യേശുദാസ് സിനിമയില്‍ പാടിയ സമയത്ത് അദ്ദേഹത്തിന്റെ അച്ഛനോ സഹോദരങ്ങള്‍ക്കോ ആ ആദ്യഗാനങ്ങള്‍ കേള്‍ക്കാന്‍ വീട്ടില്‍ ഒരു റേഡിയോ ഉണ്ടായിരുന്നില്ല.


യേശുദാസിന്റെ അച്ഛന്‍ - പഴയതലമുറയിലെ പ്രശസ്ത ഗായകനും നടനുമായ അഗസ്റ്റിന്‍ ജോസഫ് - യേശുദാസിന്റെ സിനിമാ ഗാനം ആദ്യമായി കേള്‍ക്കുന്നത് അടുത്തുള്ള ഒരു ചായക്കടക്കുമുന്നില്‍ കൈകെട്ടി നിന്ന് അവിടെയുള്ള റേഡിയോവില്‍ നിന്നായിരുന്നു.

അത് ഈ ഗാനമാണെന്നു യേശുദാസിലൂടെ അറിയുമ്പോള്‍ ഈ ഗാനം എന്റെയും പ്രിയഗാനങ്ങളില്‍ ഒന്നായിത്തീരുന്നു.

ഈ സിനിമയ്ക്കു മാത്രമല്ല ഈ ഗാനത്തിനും ചരിത്ര മൂല്യമുണ്ട്.


കാലം ഗോപുരവാതില്‍ തുറന്നു വച്ചത് യേശുദാസിനായിരുന്നു. ഒരര്‍ഥത്തില്‍ ആ നാദസൌഭഗം അനുഭവിച്ച അനുഭവിക്കുന്ന നമ്മള്‍ക്കും.


ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും

Saturday, December 19, 2009

പ്രജകളുണ്ടോ പ്രജകളുണ്ടോ? - ഇതിഹാസ കഥയില്‍ കേട്ട ഗാനകൌതുകം

എഴുതിയത് : പിക്സല്‍ ബ്ലൂ

വാത്മീകിയുടെ ആശ്രമത്തിനു സമീപമുള്ള കാട്ടിലും മേട്ടിലുമായി ലവകുശന്മാര്‍ രാജാക്കന്മാരായി കളിച്ചുനടക്കുമ്പോള്‍ പാടുന്നതാണ് കേള്‍ക്കാന്‍ രസമുള്ള ഗാനം. കളിയില്‍ മൂഷകന്‍ (എസ് പി പിള്ള) തുടങ്ങിയ ആശ്രമത്തിലെ ഭൃത്യജനങ്ങളും പങ്കുചേര്‍ന്നു. ഒരു കൌതുകം ഗാനത്തിനുണ്ട്.


പേരില്ലാക്കാട്ടില്‍ പ്രജയില്ലാനാട്ടില്‍ ഉള്ള പ്രജകള്‍ മാന്‍, മയില്‍, മുതല, സിംഹം, കരറ്റിഎന്നിവയൊക്കെയാണ്. കാടുചുറ്റി നടക്കേണം കരടിയെ പിടിക്കേണം കടുവയെ മയക്കേണം എന്നുംമറ്റുമാണ് കുട്ടിരാജാക്കന്മാരുടെ അഭിലാഷങ്ങള്‍. കാട്ടുരാജാക്കന്മാരേ വരൂ അമ്മ കാത്തിരിക്കുന്നുഎന്ന ഭൃത്യരുടെ ഓര്‍മ്മപ്പെടുത്തലോടെ ഗാനം അവസാനിക്കുന്നു.


കുട്ടികളുടെ കഥാപാത്രങ്ങള്‍ പാടുന്ന ഗാനങ്ങള്‍ക്കു മിക്കപ്പോഴും വന്നുചേരുന്ന അതിവൈകാരികതയെപടിക്കപ്പുറം നിര്‍ത്തി സ്വരസഞ്ചാരവൈവിദ്ധ്യം കുറഞ്ഞ കുലീനമായ സംഗീതം നല്‍കാന്‍കഴിഞ്ഞതാണ് ഗാനത്തില്‍ ദക്ഷിണാമൂര്‍ത്തി നേടുന്ന വിജയം.

വളരെലാളിത്യമുള്ള ഒരു മാസ്മരികഗാനം.

സീത
ശ്രീരാമ പട്ടാഭിഷേകത്തിനു ശേഷം സീത പ്രത്യേകസാഹചര്യത്തില്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെടുന്നതുംവാത്മീകിയുടെ ആശ്രമത്തില്‍ വെച്ചു ലവകുശന്മാരെ പ്രസവിച്ചു വളര്‍ത്തുന്നതും ഒടുവില്‍ കുട്ടികളെശ്രീരാമനെ ഏല്‍പ്പിച്ചു ഭൂമിയുടെ ഹൃദയത്തിലേക്കു അന്തര്‍ദ്ധാനം ചെയ്യുന്നതും ആണ് സിനിമയുടെപ്രമേയം.
ഉത്തരരാമായണ കഥ.

കണ്ണുകള്‍ നിറയാതെ സിനിമയുടെ അവസാനരംഗം കാണാന്‍ കഴിയുകയില്ല.

ഉദയായ്ക്കുവേണ്ടി കുഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ സീത ആയി അഭിനയിച്ചത്കുശലകുമാരി എന്ന നടി ആയിരുന്നു. പ്രേംനസീര്‍ ആയിരുന്നു ശ്രീരാമന്‍. നസീറിന്റെഅഭിനയജീവിതത്തിലെ നല്ല വേഷങ്ങളില്‍ ഒന്ന്. ശ്രീരാമന്റെ സാത്വികസൌന്ദര്യവും ധര്‍മ്മ തേജസ്സുംഉള്ള ഒരുമുഖം പിന്നെ മലയാളസിനിമയില്‍ ഉണ്ടായിട്ടില്ല.


പ്രേംനസീറിനെ ഓര്‍ക്കുമ്പോള്‍... അക്കാലത്ത് ഒരുകൂട്ടം കലാമൂല്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നെങ്കില് ഉയര്‍ന്ന തലത്തില്‍ത്തന്നെ എത്തുമായിരുന്ന അദ്ദേഃഹത്തിന്റെ അഭിനയപ്രതിഭയെക്കുറിച്ചും ഡയലോഗ് പ്രെസെന്റെഷനെക്കുറിച്ചും ചിന്തിച്ചു പോയി. മിക്കപ്പോഴും അതെല്ലാം വ്യതിയാനങ്ങള്‍ ഇല്ലാത്ത അവതരണങ്ങള്‍ ആയിപ്പോയത് ദൌര്‍ഭാഗ്യകരമാണ്.


സിനിമയിലെ ശ്രദ്ധേയമായ ഒരു സംഭാഷണ ശകലം ഇവിടെ ചേര്‍ക്കുന്നു.
ഇതു സത്യം എന്നവസാനിക്കുന്ന വികാരഭരിതമായ ഒരു സംഭാഷണത്തിന്റെ ശബ്ദരൂപം:
ഇവിടെ:
ലക്ഷ്മണന്‍ ആയി അഭിനയിച്ചത് രാജന്‍ എന്ന നടനായിരുന്നു. വാത്മീകിയുടെ വേഷത്തില്‍ തിക്കുറിശ്ശി. ബോബന്‍ , മണി എന്നിവര്‍ ലവകുശന്മാരുടെ ബാല്യകാലം അവതരിപ്പിച്ചു. ബോബന്‍ ഇപ്പോഴത്തെ നടന്‍ കുഞ്ചാക്കോ ബോബന്റെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കോ ആണ്.
സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയ ശശി, പില്‍ക്കാലത്ത് അറിയപ്പെടുന്ന സംവിധായകന്‍ആയി മാറിയ ശശികുമാര്‍ ആണെന്നു കരുതുന്നു.

ഭൂമി ഉഴുതപ്പോള്‍ സീതയെ കിട്ടിയപോലെ, സീത എന്ന ചിത്രം നമുക്കു സമ്മാനിച്ചത് പി സുശീല എന്നഗായികയെ ആണ്.


പാട്ടു പാടിയുറക്കാം ഞാന്‍ , വീണേ പാടുക പ്രിയതരമായ്, കണ്ണേ നുകരു എന്നെ എന്നീ അനശ്വരഗാനങ്ങള്‍ക്കു സീതയുടെ സൌന്ദര്യമുണ്ട്.

ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും

ഹൃദയസരസ്സില്‍ വിടര്‍ന്ന ആദ്യത്തെ പ്രണയ പുഷ്പം

എഴുതിയത് : പിക്സല്‍ ബ്ലൂ
അവളുടെ കണ്ണുകള്‍ കരിംകദളിപ്പൂക്കള്‍
അവളുടെ ചുണ്ടുകള്‍ ചെണ്ടുമല്ലിപ്പൂക്കള്‍
അവളുടെ കവിളുകള്‍ പൊന്നരളിപ്പൂക്കള്‍
അവളൊരു തേന്മലര്‍ വാടിക

ശ്രീകുമാരന്‍ തമ്പിയുടെ ആദ്യഗാനം ആണിത്.


കായലുകള്‍ ഉള്ള നാട്ടില്‍ നിന്നും വന്നു കോഴിക്കോട് ടൌണ്‍ അസ്സിസ്റ്റന്റ് പ്ലാനര്‍ ആയി ജോലി ചെയ്യുന്നസമയത്തു ശ്രീകുമാരന്‍ തമ്പി രണ്ടുമൂന്നു ദിവസം ലീവ് എടുത്തിട്ടാണ് കാട്ടുമല്ലികയിലെ ഗാനങ്ങള്‍എഴുതാന്‍ മദ്രാസില്‍ എത്തുന്നത്.
സമയത്ത് തമ്പിക്ക് 26 വയസ്സാണ്.


അദ്ദേഹം തന്റെ പ്രായത്തിന്റെ ഊര്‍ജ്ജ്വസ്വലത വെച്ചു കാവ്യഭംഗി ആവശ്യത്തിലധികമുള്ള ചില ഗാനങ്ങള്‍ എഴുതി. ഗാനങ്ങള്‍ ഒന്നും നിര്‍മ്മാതാവും സംവിധായകനുമായ പി.സുബ്രഹ്മണ്യത്തിന് ഇഷ്ടപ്പെട്ടില്ല. കാട്ടുജാതിക്കാരുടെ കഥയായതുകൊണ്ട് കഴിയുന്നതും സംസാരഭാഷയില്‍ മതി ഗാനങ്ങള്‍ എന്ന്അദ്ദേഹം പറഞ്ഞു. അതു കേട്ടപ്പോള്‍ തന്റെ ഗാനരചയിതാവാകാനുള്ള മോഹങ്ങള്‍ എല്ലാംകരിഞ്ഞുപോയതായി തമ്പി കരുതി.


എനിക്ക് ഈ പണി പറ്റുമെന്നു തോന്നുന്നില്ല. ഞാന്‍ മടങ്ങുന്നു എന്നു തമ്പി ബാബുരാജിനോടുപറഞ്ഞപ്പോള്‍ ബാബുരാജ് ആണ് തമ്പിക്ക് ആത്മധൈര്യം നല്‍കിയത്.
വയലാറും, പി. ഭാസ്കരനുമൊക്കെ ഗാനങ്ങള്‍ ഒരുപാടുതവണ തിരുത്തിയെഴുതാറുണ്ടെന്നു പറഞ്ഞപ്പോള്‍ തമ്പിക്കു സമാധാനമായി.


ബാബുരാജ് അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ശ്രീകുമാരന്‍ തമ്പി എന്ന ഗാനരചയിതാവ് ഉണ്ടാവുകയില്ലായിരുന്നു എന്നു തമ്പി തന്നെ എഴുതിയിട്ടുണ്ട്.


ദേവരാജന്‍ മാസ്റ്റര്‍ ആയിരുന്നെങ്കിലോ?

ചിത്രമേളയിലെ അപസ്വരങ്ങള്‍ ആയിരുന്നു തമ്പി ആദ്യമായി ദേവരാജന്‍ മാസ്റ്റര്‍ക്കു വേണ്ടി എഴുതിയഗാനം. ഗാനവുമായി ചെന്നപ്പോള്‍ ദേവരാജന്‍ മാസ്റ്ററുടെ പ്രതികരണം ആദ്യം തന്നെ അപസ്വരങ്ങള്‍ ആണല്ലോ എന്നുമാത്രം ആയിരുന്നു.


അടുത്ത ദിവസം പാട്ടുകേള്‍ക്കണം എന്നു പറഞ്ഞു ചെന്നപ്പോള്‍
വയലാര്‍ പോലും എന്നോട് പാട്ടുകേള്‍ക്കണം എന്നു പറഞ്ഞിട്ടില്ല.. പിന്നെയല്ലേ താന്‍! എന്നായിരുന്നു പ്രതികരണം.പിന്നെ -

അരവും അരവും കിന്നരം എന്നു പറഞ്ഞപോലെ ദേവരാജന്‍ മാഷും തമ്പിയും മാസ്റ്ററുടെ മരണം വരെസുഹൃത്തുക്കള്‍ ആയിരുന്നു. ഇടയ്ക്കു അപസ്വരങ്ങള്‍ ഉണ്ടായെങ്കിലും രണ്ടുപേരെയും ഏറെ ഇഷ്ടപ്പെടുന്ന നമുക്കത് മറക്കാം.


ആദ്യ സിനിമയ്ക്ക് പാട്ടെഴുതാന്‍ പോയ തമ്പിയിലേക്കുതന്നെ തിരിച്ചു വരാം. അങ്ങനെ ആദ്യ സിനിമയിലെ ആദ്യ ഗാനങ്ങള്‍ തമ്പി വീണ്ടുമെഴുതിത്തുടങ്ങി.


കാട്ടിലെ മനുഷ്യര്‍ക്കു പരിചയമുള്ള പൂക്കള്‍ എന്ന് സങ്കല്‍പ്പിച്ച്, തമ്പി പൂക്കള്‍ കൊണ്ടെഴുതിയകവിതയുള്ള ഗാനം നിര്‍മാതാവിന് ഇഷ്ടപ്പെട്ടുകാണും.


എന്തായാലും തമ്പിയുടെ ആദ്യചിത്രത്തിലെ ഗാനങ്ങള്‍ സഹൃദയര്‍ സഹര്‍ഷം സ്വീകരിച്ചു, ശ്രീകുമാരന്‍തമ്പിയെയും.


മറ്റൊരുഗാനമായ
താമരത്തോണിയില്‍ മിക്കവരും ഓര്‍ക്കുന്നുണ്ടാകും.


ആനന്ദന്‍, നടരാജന്‍, ബാബു ജോസഫ്, പറവൂര്‍ ഭരതന്‍, വൈക്കം മണി, എസ് പി പിള്ള എന്നിവര്‍അഭിനയിച്ച സിനിമയുടെ കഥ കാനം ജെയുടേതായിരുന്നു.


വയലാറും പി ഭാസ്കരനും നിറഞ്ഞു നില്‍ക്കുന്ന കാലത്ത് അവരെ അനുകരിക്കാതെ മൌലികമായ ഒരുസ്ഥാനം തമ്പി നേടിയെടുത്തു.


ഇതൊരു നിസ്സാര കാര്യമല്ല. കാരണം വയലാറും പി ഭാസ്കരനും സിനിമയില്‍ വരുന്നതിനു മുന്‍പേലബ്ധ പ്രതിഷ്ഠ നേടിയ കവികള്‍ ആയിരുന്നു. അത്തരം ഒരു വലിയ സ്ഥാനം മലയാള സാഹിത്യത്തില്‍അന്നും ഇന്നും ഇല്ലാത്ത തമ്പി ഗാനരചനയില്‍ പലപ്പോഴും അവരുടെ ഉയരങ്ങള്‍ സ്പര്‍ശിച്ചു, എന്നുമാത്രമല്ല പി ഭാസ്കരന്‍ സംവിധാനം ചെയ്ത ചില ചിത്രങ്ങളില്‍ തമ്പി ഗാനങ്ങള്‍ എഴുതുകയും അതില്‍ഒരു ഗാനത്തിനു സംസ്ഥാന അവാര്‍ഡ് കിട്ടുകയും ചെയ്തു. (സുഖമെവിടെ ദുഖമെവിടെ - വിലയ്ക്കുവാങ്ങിയ വീണ)


ദാര്‍ശനിക ഗാനങ്ങളിലും ഭക്തിഗാനങ്ങളിലും ഹാസ്യഗാനങ്ങളിലും താരാട്ടുപാട്ടുകളിലും എല്ലാംശ്രീകുമാരന്‍ തമ്പിയുടെ ക്ലാസ്സിക് ഗാനങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികവു പുലര്‍ത്തിയഗാനങ്ങള്‍ പ്രണയ ഗാനങ്ങള്‍ ആണ്. അതിനൊരു കാരണം അക്കാലത്തെ അദ്ദേഹത്തിന്റെ പ്രായംആയിരിക്കും.


വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍
ജീവിതം യൌവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ കാലം.


( സിനിമയില്‍ അഭിനയിച്ച വൈക്കം മണിയുടെ മകള്‍ ആയിരുന്നു തമ്പിയുടെ പ്രണയഭാജനവുംപിന്നീട് ഭാര്യയുമായത് എന്ന കാര്യം ഒരു യാദൃച്ഛികത ആയിരിക്കാം.)


ശ്രീകുമാരന്‍ തമ്പിയുടെ ആദ്യഗാനം തന്നെ പ്രണയ ഗാനമാണ്.


ഗാനത്തിലെ -

കണ്മണി തന്‍ വാര്‍കൂന്തല്‍ കെട്ടഴിഞ്ഞു വീണാല്‍
കറുത്തവാവിന്റെ തലകുനിയും
പെണ്ണിന്റെ പുഞ്ചിരി പൂനിലാവൊഴുകിയാല്‍
പൌര്‍ണ്ണമിരാവിന്റെ കണ്ണടയും
ഓമല്‍ക്കൈവളകള്‍ ഒന്നുകിലുങ്ങിയാല്‍
ഓണപ്പാട്ടുകള്‍ ഓടിവരും

എന്നീ വരികള്‍ എല്ലാം കൃതഹസ്തനായ ഒരു ഗാനരചയിതാവിന്റെ വരവു വിളിച്ചറിയിക്കുന്നു.
ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും

തച്ചോളി ഒതേനന്‍

എഴുതിയത് : പിക്സല്‍ ബ്ലൂ
തച്ചോളിമാണിക്കോത്ത് ഉത്സവം തുടങ്ങുമ്പോൾ ചെണ്ടയുടെ മേളം എന്റെവീട്ടിലും കേൾക്കാം..അത്രയും അടുത്ത് !

ഇപ്പോഴും എല്ലാവർഷവും അവിടെ തച്ചോളിഒതേനന്റെ തിറയുണ്ട്. വേറേ എവിടെയും ഇല്ലാത്തത്.
തച്ചോളി മേപ്പെലെ ആ വീട്ടിലുള്ള അനന്തരാവകാശികളെ നേരിട്ടു പരിചയപ്പെടുന്നത് എൺപതുകളിൽ ഏഷ്യാനെറ്റിനുവേണ്ടി അവിടുത്തെ കളരി ചിത്രീകരിയ്ക്കാൻ വന്ന എന്റെ സുഹൃത്തിന്റെ കൂടെപോയപ്പോഴായിരുന്നു.

മാതൃഭൂമിയിൽ കടത്തനാടൻ കളരികളേക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാൻ നടന്ന ദിവസങ്ങൾ ഓർമ്മവരുന്നു.

ആ യാത്രയിൽ,തച്ചോളിഒതേനനിൽ സത്യന്റെ ഡ്യുപ്പ് ആയിരുന്ന മടപ്പള്ളിയിലെ രാഘവൻ ഗുരുക്കളെപരിചയപ്പെട്ടതു നല്ലൊരനുഭവമായിരുന്നു. അദ്ദേഹത്തിന്റെ ശരീരഘടന സത്യന്റേതു തന്നെ..

മറ്റുനാട്ടുകാർക്ക് കേട്ടാൽ അത്ഭുതം തോന്നുന്ന ഒരു കാര്യം പറയട്ടെ... ഇപ്പോഴും കടത്തനാട്ടിലെ വിവാഹവീടുകളിൽ, തലേദിവസം സ്ത്രീകൾ കറിക്കൂട്ടുകള്‍ അരയ്ക്കുന്നത് ഒരു സംഘഗാനം പോലെ വടക്കൻപാട്ടുകൾ പാടിക്കൊണ്ടാണ്. അരവു പാട്ട് എന്ന് പറയും.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രം പ്രദർശനവിജയം നേടാത്ത ഒരേയൊരു സ്ഥലം വടകര ആയത് എന്തുകൊണ്ടെന്ന് ഇനിപ്പറയേണ്ടതില്ലല്ലൊ.

കൊയ്തുപാടത്ത് സ്ത്രീകളും പുരുഷന്മാരും പാടുന്ന വായ്ത്താരിയിൽ തുടങ്ങി അങ്ങനെ അവസാനിയ്കുന്ന ഈ സിനിമ കണ്ടത് കുട്ടിക്കാലത്താണ്. ഒതേനനെയും കുങ്കിയേയും എല്ലാം വീണ്ടുംകാണണം.

ലോകനാർക്കാവിലെ കുളപ്പടവുകളിൽ നക്ഷത്രങ്ങളെണ്ണിക്കിടക്കുമ്പോൾ,ചിലപ്പോഴൊക്കെ ഓർക്കുംഅഞ്ജനക്കണ്ണെഴുതി തുടങ്ങിയ ഗാനങ്ങൾ ചിത്രീകരിച്ചത് ഇവിടെയൊക്കെവെച്ചാണല്ലൊ എന്ന്.
ഈ ചിത്രത്തെ കുറിച്ചു കൂടുതല്‍ എം എസ് ഐയില്‍ നിന്ന്‍ വിവരങ്ങള്‍ ലഭിക്കും

Friday, December 18, 2009

കാനന ഭംഗിയുള്ള ഗാനങ്ങള്‍

എഴുതിയത് : പിക്സല്‍ ബ്ലൂമലയാളത്തിലെ ആദ്യ വന സാഹസിക ചിത്രം എന്ന വിശേഷവുമായിവന്ന ഈ സിനിമ സത്യത്തില്‍ അത്തരത്തിലെ രണ്ടാമത്തെ ചിത്രം ആയിരുന്നു. എന്തായാലും വന്‍ കാടും മരങ്ങളില്‍ ഏറുമാടങ്ങളില്‍ വസിക്കുന്ന മനുഷ്യരും അര്‍ദ്ധനഗ്നരായ തരുണീമണികളും നാനവിധ മൃഗങ്ങളും എല്ലാം കൂടി അക്കാലത്ത് നയനാനന്ദകരമായ ഒരു അത്ഭുതം ആയിരുന്നിരിക്കും ഈ സിനിമ എന്നു ഊഹിക്കാം.


തകഴിയുടെ രണ്ടിടങ്ങഴി യുടെ തിരക്കഥാജോലി പുരോഗമിക്കുന്നതിനിടയില്‍ നീലായുടെ പി സുബ്രഹ്മണ്യത്തിന്റെ മനസ്സില്‍ ആനപ്പുറത്തു സഞ്ചരിക്കുന്ന കാട്ടുപെണ്ണിന്റെ രൂപം തെളിഞ്ഞു. ആ കാനന സുന്ദരിയാണ് ആനവളര്‍ത്തിയ വാനമ്പാടി എന്ന സിനിമ ആയി മാറിയത്.


രണ്ടിടങ്ങഴിയിലെ നായികയായ മിസ് കുമാരിയെത്തന്നെ നായികയായി നിശ്ചയിച്ചു. ഗാനവിഭാഗം അതേ ടീമിനെത്തന്നെ ഏല്‍പ്പിച്ചു. തമിഴ് സിനിമാനടനും നിര്‍മ്മാതാവുമായ ശ്രീറാം ആയിരുന്നു നായകന്‍. ജയലളിതയുടെ അമ്മയുടെ കൂടെ ഒരു ചിത്രത്തില്‍ അഭിനയിച്ച ആളാണ് അദ്ദേഹം. എം എന്‍ നമ്പ്യാര്‍ വില്ലന്‍.


ശാന്തി, ഡി ബാലസുബ്രഹ്മണ്യം, ഫ്രണ്ട് രാമസ്വാമി, എസ് പി പിള്ള, എം എന്‍ കറുപ്പയ്യ, എസ് ഡി സുബ്ബുലക്ഷ്മി, തിക്കുറിശ്ശി, ബഹദൂര്‍, സി കെ സരസ്വതി എന്നിവരായിരുന്നു മറ്റു അഭിനേതാക്കള്‍. താരനിരയിലെ മറുനാടന്‍ സാന്നിധ്യം ഡബ്ബിങ്ങ് ഉദ്ദേശം മുന്‍ നിര്‍ത്തി തന്നെയാണ്.
അമേരിക്കയിലെ വാഡിയ ആന്ഡ് കമ്പനിയില്‍ നിന്ന് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു പ്രധാന നടന്‍ വന്നെത്തി. പെട്രോ എന്ന കുരങ്ങന്‍ ആയിരുന്നു അത്. പെട്രോ എന്ന കുരങ്ങനും ഭീമന്‍ എന്ന ആനയും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്സ് ആയിരുന്നു.പരസ്യങ്ങളില്‍ എല്ലാം ഈ കുരങ്ങനും ആനയും വളരെ പ്രാധാന്യം നേടി.


പെട്രോ എന്ന കുരങ്ങനു മിസ് കുമാരിയോട് കൂടുതല്‍ അടുപ്പം തോന്നിയത് അക്കാലത്തെ ഒരു സിനിമാ വിശേഷം.


തെന്മലക്കാടുകളില്‍ വെച്ചു ചിത്രീകരിച്ച ഈ സിനിമ കേരളത്തില്‍ 100 ദിവസത്തിലധികം ഓടി. തമിഴിലും നല്ല വിജയം ആയിരുന്നു.


കോടീശ്വരനായ ശെല്‍വവതിയുടേയും ലക്ഷ്മിയുടേയും മകളാണ് കൈക്കുഞ്ഞായ മീന. അമ്മയുമായി ആ കുട്ടി സിംഗപ്പൂരിലേക്കു പോകുന്ന വഴി വിമാനം തകരുന്നു. കുട്ടി മാത്രം ഒരു മരക്കൊമ്പില്‍ ഉടക്കി കുരുങ്ങിക്കിടന്നു. ആദിയപ്പന്‍ എന്ന കുരങ്ങനും ഭീമന്‍ എന്ന ആനയും കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുന്നു. കുഞ്ഞിനെ തങ്ങളുടെ യജമാനന്‍ ആയ ധര്‍മ്മരാജാവിനെ അവര്‍ ഏല്‍പ്പിക്കുന്നു. ആ കുട്ടിക്ക് മല്ലി എന്ന് പേരുമിട്ടു. കാലം കഴിഞ്ഞു മല്ലി യുവതിയായപ്പോള്‍ കാടിന്റെ മകളായി വാനമ്പാടിയായി.


മല്ലിയുടെ അച്ഛന്റെ സഹോദരീപുത്രനായ ശേഖര്‍ ഇതിനകം ഒരു പോലീസ് ഓഫീസറായി മാറിയിരുന്നു. കൊള്ളക്കാരെ പിടിക്കാന്‍ കാട്ടിലെത്തിയ ശേഖര്‍ ആദ്യദര്‍ശനത്തില്‍ത്തന്നെ ആരെന്നറിയാതെ മല്ലിയുമായി അനുരാഗത്തിലാവുന്നു. ഒരപകടത്തില്‍ നിന്ന് ശേഖറിനെ മല്ലി രക്ഷിക്കുന്നതോടെ ആ അടുപ്പം കൂടുന്നു.


ഒരു പ്രത്യേകസാഹചര്യത്തില്‍ മല്ലിയേയും കൂട്ടി ശേഖര്‍ നാട്ടിലെത്തുന്നു. മല്ലിയുടെ യഥാര്‍ഥ അച്ഛന് മുഖച്ഛായ കണ്ട് ഒരു സംശയം തോന്നുന്നു. കാട്ടിലേക്ക് ശേഖറിനെയും കൂട്ടി ഓടിയെത്തുന്ന അയാളോട് ധര്‍മ്മരാജന്‍ കുട്ടിയെ കിട്ടിയ ചരിത്രം പറയുന്നു.അങ്ങനെ മല്ലി ആരാണെന്ന് മനസ്സിലാകുന്നു, ശേഖറും മല്ലിയും വിവാഹിതരാകുന്നു.


വേഷ്ടിയൊക്കെയണിഞ്ഞ് അതിഥികളെ സ്വീകരിക്കാന്‍ നമ്മുടെ കുരങ്ങനുമുണ്ട്.


കാനനമേ എന്ന ഗാനത്തിന് കാടിന്റെ വിശുദ്ധിയും സ്വാഭാവികതയും മുഴുവന്‍ ഉണ്ട്.

കണ്ണേ വര്‍ണ്ണ മലര്‍ക്കൊടിയേ എ എം രാജയുടെ ശബ്ദത്തില്‍ കേട്ട മനോഹരമായ താരാട്ടാണ്.

അവനിയില്‍ താനോ, പൈമ്പാലൊഴുകും എന്നീ യുഗ്മഗാനങ്ങളും ഹൃദ്യമാണ്.ഈ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും