Monday, April 19, 2010

ശരണമയ്യപ്പ ഒരു കണ്ണുനീര്‍ത്തുള്ളി

എഴുതിയത് : പിക്സല്‍ബ്ലൂ


വയലാര്‍ രാമവര്‍മ്മയുടെ ചില അനശ്വര ഗാനങ്ങളിലേയ്ക്ക് ഒരു ചെറിയ പദയാത്ര.





"കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ.....
അഭിനന്ദനം നിനക്കഭിനന്ദനം
അഭിനന്ദനം അഭിനന്ദനം അഭിനന്ദനം
................................................................
വ്യഭിചാരത്തെരുവില്‍ മനുഷ്യനാ മുത്തുകള്‍
വില പേശി വില്‍ക്കുന്നു - ഇന്ന് വില പേശി വില്‍ക്കുന്നു
...................................................................

പ്രപഞ്ചസൌന്ദര്യം ഉള്ളില്‍ വിടര്‍ത്തും പ്രകാശ ബുല്‍ബുദ ബിന്ദു
സ്ത്രീയൊരു പ്രഭാത നക്ഷത്ര
ബിന്ദു
.............................................................
മനുഷ്യനാ കുമിളകള്‍ വല വീശിയുടയ്ക്കുന്നു - ഇന്ന്
വല വീശിയുടയ്ക്കുന്നു"


നീര്‍ക്കുമിള എന്ന വാക്ക് ലോലമാണ്- നീര്‍ക്കുമിളയും.
നീര്‍ക്കുമിള എന്നാണ് അര്‍ത്ഥമെങ്കിലും ബുല്‍ബുദം (അഥവാ ബുദ്ബുദം) എന്ന വാക്ക് ലോലമല്ല.
പണി തീരാത്ത വീട് എന്ന സിനിമയിലെ ഏറ്റവും അന്ത:ക്ഷോഭം നിറഞ്ഞ ഒരു സന്ദര്‍ഭത്തിന് വേണ്ടിയാണ് വയലാര്‍ ഈ ഗാനം രചിച്ചത്.

ലീല എന്ന നിഷ്കളങ്കയായ കൌമാരക്കാരി സഹോദരതുല്യനായ ജോസിനു പനി വന്നപ്പോൾ ഓയിന്റ്മെന്റ്‌ പുരട്ടിക്കൊടുക്കുന്നു. 'നീ തൊടുന്നതെല്ലാം പൊന്നാകും ' എന്ന് അയാള്‍ പറയുമ്പോള്‍ 'അതിനു ഞാന്‍ ജീവിച്ചിരുന്നിട്ട് വേണ്ടേ' എന്ന് അവള്‍.
അവള്‍ താന്‍ അകപ്പെടാന്‍ പോകുന്ന ദയനീയാവസ്ഥയെ കുറിച്ച് പറയുമ്പോള്‍ അയാളുടെ മനസ്തോഭം ഈ ഗാനം ആയി മാറുകയാണ്.

അഭൌമ പ്രകാശം സ്ഫുരിക്കുന്ന സ്ത്രീത്വത്തെ ആവിഷ്കരിക്കാന്‍ കുമിള എന്ന വാക്ക് പര്യാപ്തം ആകുമായിരുന്നില്ല.
ആ സ്ത്രീ പ്രഭാതത്തിലെ നക്ഷത്ര ബിന്ദു ആണ്. മനുഷ്യന്‍ ആ ബുദ്ബുദങ്ങളെ കുമിളകളാക്കി ഉടച്ചു കളയുന്നു.

പ്രേംനസീര്‍-ന്റെ ശബ്ദത്തില്‍ ഉള്ള സംഭാഷണത്തിലും നീര്‍ക്കുമിള എന്ന വാക്കുപയോഗിച്ചത് കാണുമ്പോള്‍ ഈ ദ്വന്ദ്വം കൊണ്ടുദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാകും. ബുല്‍ബുദം അഭൌമവും നീര്‍ക്കുമിള ഭൌമവും ആണ്. വയലാര്‍ ഗാനങ്ങളെ സ്വഭാവവത്ക്കരിയ്ക്കുന്ന അനിയന്ത്രിത പദപ്രവാഹം ഈ ഗാനത്തിന്റെ വികാരമൂര്‍ച്ച നിശ്ചയിക്കുമ്പോൾ ഉചിതമായ തെരഞ്ഞെടുപ്പിന്റെ കാവ്യരഹസ്യം മനസ്സിലാകുന്നു.

വല വീശിയുടച്ച സ്ത്രീത്വത്തെ പറ്റി വയലാര്‍ എഴുതിയ മറ്റൊരു ഗാനം ഓര്‍ക്കുന്നു.
കാപാലികയിലെ ശരപഞ്ജരം പുഷ്പ ശരപഞ്ജരം എന്ന ഗാനം ആണത്.
ആര്‍.കെ.ശേഖര്‍ -ന്റെ മാസ്റ്റർപീസുകളിൽ ഒന്നാണ് ആ ഗാനം. ആ ഗാനത്തിലെ ചില വരികള്‍:

വിരിയുന്ന വിരിയുന്ന മോഹപുഷ്പങ്ങളിൽ
വിരല്‍നഖമുദ്രകള്‍ പതിയ്ക്കും- കാമം
വിരല്‍നഖമുദ്രകള്‍ പതിയ്ക്കും
ഓരോ സ്വപ്നവും കൊഴിയും
ഓര്‍മ്മകള്‍ കിളിവാതില്‍ തുറക്കും ദൂരെ
കാമുക ശലഭങ്ങള്‍ ചിരിയ്ക്കും പൊട്ടിച്ചിരിയ്ക്കും


ഈ ഗാനങ്ങള്‍ക്കെല്ലാം ബാധകമായ സത്യം കവിതയുള്ള ഒരു പ്രസ്താവനയായി നമുക്ക് വയലാര്‍ നേരത്തേ നല്‍കിയിട്ടുണ്ട്.

കാളിദാസന്‍ മരിച്ചു കണ്വ മാമുനി മരിച്ചു
അനസൂയ മരിച്ചു പ്രിയംവദ മരിച്ചു
ശകുന്തള മാത്രം മരിച്ചില്ല...


പ്രസ്താവനകളുടെ രൂപം മലയാളകവിതയില്‍ പോലും വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടില്ലാത്ത കാലത്താണ് ഈ വരികള്‍ കേട്ട ഏതൊരാളെയും വയലാര്‍ കവിതാസ്വാദകൻ ആക്കി ഉയര്‍ത്തിയത്‌. മുദ്രാവാക്യങ്ങളിലെ കവിതയല്ല ഇത്.

ബാബുരാജിന്റെ അനശ്വരഗാനങ്ങളില്‍ ഒന്നാണ് ചേട്ടത്തി എന്ന സിനിമയിലെ ആദിയില്‍ വചനമുണ്ടായി എന്ന ഗാനം.
ഈ ഗാനരംഗത്ത്‌ അഭിനയിച്ചത്‌ വയലാർ ആയിരുന്നു. വയലാര്‍ അഭിനയിച്ച ഒരേ ഒരു ഗാനരംഗം. ഈ പ്രശസ്ത ഗാനം ബൈബിളിലെ വിശ്രുത വചനങ്ങളോടെ തുടങ്ങുന്നു.


ആദിയില്‍ വചനമുണ്ടായി ആ വചനം രൂപമായി...

ഗാനം പുരോഗമിയ്ക്കുമ്പോള്‍ അന്തരീക്ഷം പ്രപഞ്ചോല്പത്തിയെ കുറിച്ചുള്ള ഭാരതീയ സങ്കല്‍പ്പത്തിലേയ്ക്ക് മാറുന്നു.

പ്രളയ ജലധിയില്‍ പ്രണവരൂപിയായ് പ്രപഞ്ച ശില്പിയുറങ്ങിയുണര്‍ന്നു...

കാലങ്ങളുടെ ഈ കുഴമറിച്ചിലിന് ശേഷം വയലാര്‍ സ്ത്രീയുടെ ജനന കഥയ്ക്ക്‌ ഒരു പുതിയ ഭാഷ്യം സൃഷ്ടിയ്ക്കുകയാണ്:

അശ്രു സമുദ്ര തിരകളിലങ്ങനെ
ചിപ്പികളുണ്ടായി മുത്തുച്ചിപ്പികളുണ്ടായി
കണ്ണുനീർമുത്തിനു പെണ്ണെന്നു പേരിട്ടു
കാലമാമജ്ഞാത ശില്പി

പിന്നെ ഈ ഗാനം പരിണമിക്കുന്നത് സമകാലത്തിലേയ്ക്കാണ്. കരയില്‍ വന്നവരെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് വയലാര്‍ അത് സാധിയ്ക്കുന്നത്‌.

കരയില്‍ വന്നവര്‍ വന്നവരതിനെ കാമവല വീശി
കണ്ണാല്‍ കാമവല വീശി
കവികള്‍ പാടി കാണാ ദ്വീപിലെ കനകമല്ലോ സ്ത്രീ ഹൃദയം


ഈ ഗാനം ഇവിടെ വയലാര്‍ എഴുതി പൂര്‍ത്തിയാക്കിയിരിക്കയില്ല എന്ന് തോന്നുന്നു. ഗാനത്തിന് എന്തെങ്കിലും അപൂര്‍ണത ഉണ്ടായിട്ടല്ല. ഒരു വലിയ കവിതയായി വികസിക്കാനുള്ള ഈ ഗാനത്തിന്റെ സാധ്യത ആലോചിക്കുമ്പോള്‍ അങ്ങനെ തോന്നിപ്പോകുന്നു.

സ്ഥല കാലങ്ങളെയും മിത്തുകളെയും ഇത്ര മാത്രം കീഴ് മേല്‍ മറിക്കുന്ന മറ്റേതെങ്കിലും ഗാനം വയലാര്‍ എഴുതിയതായി തോന്നുന്നില്ല.

ഇത്ര ശക്തമായ ഒരു ഗാനം എഴുതുകയും ആ ഗാനരംഗത്ത്‌ അഭിനയിക്കുകയും ചെയ്തപ്പോൾ ആദിയിൽ വചനമുണ്ടായി എന്ന ഗാനത്തിന് സിനിമയ്ക്കുപരിയായ ചില പരിഗണനകളും പ്രാധാന്യവും അദ്ദേഹം നൽകിയിരിയ്ക്കണം.
ഈ ഗാനരംഗത്ത്‌ അഭിനയത്തില്‍ വയലാര്‍ നല്‍കുന്ന ഭാവപ്രകാശനങ്ങൾ ശ്രദ്ധേയം ആണ്.


ചക്രവാളത്തിന്‍ മതില്‍ക്കെട്ടില്‍ കയ്യും കെട്ടിയിരുന്നു പ്രപഞ്ചത്തിന്റെ ഭ്രമണം നിയന്ത്രിക്കും
എന്നെല്ലാം കവിതയില്‍ വയലാര്‍ പറയുന്നത് പോലെ എളുപ്പമല്ല സിനിമാ ഗാനത്തിന്റെ കാര്യം.
സിനിമയിലെ കഥാസന്ദര്‍ഭത്തിലേയ്ക്കും സാധാരണ മനുഷ്യന്റെ ആസ്വാദന പരിധിയിലേയ്ക്കും ഗാനത്തെ എത്തിയ്ക്കുക അല്ലെങ്കില്‍ താഴ്ത്തുക എന്ന ശ്രമകരമായ കര്‍മ്മം നല്ല രീതിയില്‍ വയലാർ നിർവ്വഹിച്ചത്‌ കൊണ്ടാണ് സാമാന്യ ജനങ്ങളും നല്ല ഗാനാസ്വാദകരും ഈ ഗാനത്തെ ഹൃദയപൂർവ്വം സ്വീകരിച്ചത്.

(ഇയാള്‍ പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മയുടെ ശിഷ്യന്‍ ആണെന്ന് തോന്നുന്നു എന്ന് ജനത്തെ കൊണ്ട് പറയിക്കാന്‍ മാത്രം സംസ്കൃതാധിക്യത്തോടെ പാട്ടുകള്‍ എഴുതുന്നവര്‍ ഇവിടെ ഉണ്ട്. അങ്ങനെ ഒരാള്‍ ആയിരുന്നില്ല വയലാര്‍.)

ആദാമിന്റെ വാരിയെല്ല് പോലെ ശക്തം ആയ ഒരു സ്ത്രീപക്ഷ സിനിമ ഒന്നും ആയിരിക്കയില്ല ചേട്ടത്തി.
ചേട്ടത്തി എന്ന സിനിമയുടെ പ്രമേയം നിർമല എന്ന ഒരു യുവതിക്ക് ഭര്‍ത്താവിന്റെ അപകട മരണത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ അനുജന്‍, അനുജത്തിയുടെ ഭര്‍ത്താവ് ‍ എന്നിവരിൽ നിന്നുണ്ടാകുന്ന ദുരനുഭവങ്ങൾ ആണ്.


കണ്ണീരാറ്റില്‍ മുങ്ങിത്തപ്പി പെണ്ണെന്ന മുത്തിനെ ആരെടുത്തു എന്ന ആദാമിന്റെ വാരിയെല്ലിലെ ഓ.എന്‍.വി - എം.ബി.എസ് ഗാനം ഓര്‍ക്കുക.
പുന്നാര മുത്തിനെ മലര്‍പ്പട്ടില്‍ പൊതിഞ്ഞു എന്നെല്ലാം പറയുമ്പോള്‍ ഓ.എന്‍.വി കവിതയില്‍ ഒരു 'പൈങ്കിളി' ചിറകടിയ്ക്കുന്നു.
ആ സിനിമയോളം ഗാനം ഉയര്‍ന്നില്ല.
വയലാറിന്റെ നല്ല ഗാനങ്ങളുടെ കാര്യത്തില്‍ പൊതുവേ ഗാനങ്ങളുടെയത്രത്തോളം ഉയരാന്‍ സിനിമകൾക്ക്‌ കഴിഞ്ഞിട്ടില്ല.

ആദിയില്‍ വചനമുണ്ടായി, കണ്ണുനീര്‍ത്തുള്ളിയെ, ശരപഞ്ജരം പുഷ്പ ശരപഞ്ജരം, കാളിദാസന്‍ മരിച്ചു എന്നീ ഗാനങ്ങളിൽ സൂചകങ്ങളും പരാമര്‍ശങ്ങളും ആയി വർത്തിക്കുന്നത്‌ ഇതിഹാസങ്ങള്‍, മഹാ കാവ്യങ്ങള്‍, മഹാ കവികള്‍, കവി വചനങ്ങള്‍, അത്തരം കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍ എന്നിവയാണ്. ഗാനങ്ങളില്‍ പാഠാന്തരങ്ങള്‍ നിര്‍മ്മിക്കുന്ന ഈ കാവ്യ രചനാ സങ്കേതം മലയാള ഗാനരംഗത്ത്‌ ഏറ്റവും മനോഹരമായും സാര്‍ത്ഥകമായും ഉപയോഗിച്ചത് വയലാര്‍ ആണ്.
ഈ ഗാനങ്ങളെ കുറിച്ച് പറയുമ്പോൾ കവിഭാവനയെ സമാനഹൃദയം കൊണ്ടേറ്റുവാങ്ങിയ ബാബുരാജ്, എം.എസ്.വിശ്വനാഥന്‍, ആര്‍.കെ.ശേഖര്‍, ദേവരാജന്‍ എന്നീ മഹാപ്രതിഭകളെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.

സ്ത്രീയെ പറ്റിയോ സ്ത്രീ മനസ്സിനെ പറ്റിയോ ഒരു പരാമര്‍ശവും ഇല്ലാത്ത ഗാനം സിനിമയില്‍ നിര്‍മ്മിയ്ക്കുന്ന പാഠാന്തരത്തിന് ഉദാഹരണം ആണ് ശരണമയ്യപ്പാ എന്ന പ്രശസ്ത ഗാനം.

ഒന്നാം ഗാനം ഭക്തി ഗാനം അതേ സമയം തന്നെ സ്ത്രീ വ്യഥയുടെ ദുരന്ത കീര്‍ത്തനവും ആവുകയാണിവിടെ.
ഇന്നും എല്ലാ മണ്ഡലമാസക്കാലത്തും ഭക്തജനമനസ്സുകളെ ഭസ്മ ലേപനം നടത്തുന്ന ഗാനം ആണത്. സിനിമയുടെ ആധുനിക ഭാഷ ആണ് സ്ത്രീയെ പറ്റി ഒരു പരാമര്‍ശവുമില്ലാത്ത ഭക്തിഗാനത്തെ ദുഃഖ ഗാന ശ്രുതികളില്‍ ഉയര്‍ത്തിയത്‌. ഇങ്ങനെയൊരു അയ്യപ്പ ഭക്തിഗാനം ഈ ഗാനം വരുന്നതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.
ഈ ഗാനത്തില്‍ പുണ്യം, പാപം (പുണ്യപാപച്ചുമടുകളാം ഇരുമുടിക്കെട്ട്) എന്നീ വാക്കുകള്‍ക്കുള്ള അര്‍ത്ഥ വിവക്ഷകൾ എത്ര വലുതാണ്‌!
ഉള്ളവര്‍ക്ക് പുണ്യമാകുന്ന ജീവിതം ഇല്ലാത്തവര്‍ക്ക് പാപം ആണ്.
ഗാനസന്ദര്‍ഭത്തില്‍ തപിച്ചു കൊണ്ട് വയലാര്‍ എഴുതിയ ഭക്തിഗാനം ആണിത്.
എങ്ങനെ തപിക്കാതിരിക്കും?

ഗസ്റ്റ് ഹൌസിലെ മുറിയില്‍ രാവിലെ പാലും കൊണ്ടു വന്ന കൊച്ചു പെണ്‍കുട്ടി ചെരുപ്പഴിച്ച് വെച്ചു അകത്തു വന്നപ്പോള്‍ പുഷ്പപാദുകം പുറത്ത് വെച്ചു നീ നഗ്നപാദയായ്‌ അകത്തു വരൂ എന്നെഴുതാന്‍ പ്രചോദനം ലഭിച്ച കവിയാണ്‌ വയലാര്‍.

അതേ സിനിമയിലെ ആ ചക്രവര്‍ത്തിനിയുടെ ജീവിതം ആണ് തകരുന്നത്.



സിനിമ കണ്ടവര്‍ക്കറിയാം എത്ര മാത്രം ദുഃഖവും സംഘര്‍ഷവും നിറഞ്ഞ സന്ദര്‍ഭത്തില്‍ ആണ് ശരണമയ്യപ്പാ എന്ന ഗാനം സിനിമയില്‍ ഉയരുന്നത് എന്ന്.

ശാന്ത എന്ന പെണ്‍കുട്ടി ചതിയ്ക്കപ്പെട്ടതായി അവളുടെ അമ്മ അറിയുമ്പോള്‍ ഒന്നുമറിയാതെ ശാന്തയുടെ പാവം അച്ഛന്‍ ശബരിമല യാത്രയ്ക്ക് ഒരുങ്ങുകയാണ്. അദ്ദേഹം തിരിച്ചെത്തുമ്പോൾ ശാന്ത തെക്കേ വളപ്പിലെ ഒരു മൺകൂനയായി മാറിയിരുന്നു.

ഈ ഗാനത്തിന്റെ ഭജന ദൃശ്യങ്ങളോടൊപ്പം ശാന്തയുടെയും അമ്മയുടെയും, എല്ലാം തകര്‍ന്ന ദുഃഖ ഭാവങ്ങള്‍ സംവിധായകന്‍ കാണിച്ചു തരുന്നു. സിനിമയുടെ അവസാനം ഒരു ഫ്ലാഷ്‌ബാക്കിലൂടെ രാജപ്പൻ (സുധീർ) എന്ന യുവാവ് ശാന്തയെ ഒരു സിമെന്റ് തൊട്ടിയില്‍ മുക്കി കഴുത്ത് ഞെരിച്ചു കൊല്ലുന്ന രംഗത്തിലും അല്പം കുറഞ്ഞ ശബ്ദത്തില്‍ ശ്രവണപഥത്തില്‍ ഈ ഗാനം ഉണ്ട്. ഇടയ്ക്ക് നെഗറ്റീവുകള്‍ ആയി ചേർത്ത ദൃശ്യങ്ങളായും ഈ ഗാനഭാഗങ്ങള്‍ ഉണ്ട്.

ഭക്തി ഗാനം ദയനീയ വിലാപമായി മാറുന്നു. ഉടുക്കിന്റെ ശബ്ദം കരളുടുക്കിന്റെ ശബ്ദം ആകുന്നു.
ഈ ഗാനം വിളിച്ചുണര്‍ത്തുന്ന കിളി ഉള്ളിലുറങ്ങുന്ന അമ്പലക്കിളിയാണ്. പൊള്ളയായ ഉടുക്ക് ജീവിതം തന്നെയാണ്.

ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂര മലകള്‍
കൈകൂപ്പി തൊഴുതുരുകുമ്പോള്‍‍......

അനന്യമായ ഒരുപാട് ബിംബങ്ങള്‍ കൊണ്ടും കല്പനകള്‍ കൊണ്ടും ഈ ഗാനം അയ്യപ്പഭക്തി ഗാനങ്ങളുടെ അത്യുന്നത തലത്തില്‍ എത്തി.

പ്രയാണം എന്ന സിനിമയുടെ പ്രിവ്യു കഴിഞ്ഞപ്പോള്‍ സിനിമ ഇഷ്ടപ്പെടാത്ത ഭരതന്റെ ഇളയച്ഛന്‍ ആയ പി.എന്‍.മേനോന്‍ പ്രതികരിച്ചത് ഭരതന്റെ മുഖത്ത് ആഞ്ഞു വീശി ഒരടി കൊടുത്തു കൊണ്ടാണ് എന്ന് കേട്ടിട്ടുണ്ട്‌.
അതിന്റെ പേരില്‍ ഭരതന്‍ കുറേ കാലം പി.എന്‍.മേനോനോട് മിണ്ടിയതേയില്ല.

ചെമ്പരത്തിയുടെ സംവിധായകന്‍ ആയ പി.എന്‍.മേനോന്‍ ശരണമയ്യപ്പ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ അടി അങ്ങനെ തന്നെ കിടക്കട്ടെ.

കണ്ണുനീര്‍ത്തുള്ളിയെ, ശരണമയ്യപ്പാ എന്നീ രണ്ടു ഗാനങ്ങളുടെയും സന്ദര്‍ഭം യൌവ്വനത്തില്‍ കാലൂന്നുന്ന, പാവപ്പെട്ട കുടുംബത്തിലെ ഒരു പെണ്‍കുട്ടി ക്രൂരമായി ചതിയ്ക്കപ്പെടുന്നതായിരുന്നു.

രണ്ടു ചിത്രങ്ങളിലും ഇരയായ ആ പെണ്‍കുട്ടിയായി അഭിനയിച്ചത് റോജാരമണി എന്ന (പഴയ) ശോഭന ആയിരുന്നു.



ശോഭന ഏറ്റവും കേള്‍ക്കുവാനാഗ്രഹിക്കുന്ന ഗാനങ്ങളില്‍ ഇവയുണ്ടാകാം.
നമ്മളെല്ലാം വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനങ്ങളില്‍ ഈ ഗാനങ്ങള്‍ പെടുന്നു.

ഒരു പക്ഷേ, (ഒരു പക്ഷേ മാത്രം) ശോഭന ഏറ്റവും വെറുക്കുന്ന ഗാനങ്ങളില്‍ ഈ ഗാനങ്ങള്‍ ഉണ്ടാകുമോ?

അതെന്തു കൊണ്ട് എന്നു ചോദിച്ചാല്‍...
അതാണല്ലോ സിനിമയുടെ കാണാപ്പുറ ലോകം.

വാതില്‍‌പ്പുറക്കാഴ്ചകളുടെ വാതിലുകള്‍ അടയുന്നു.

മോഹങ്ങളുടെ ബുല്‍ബുദങ്ങള്‍ തകരുന്ന, യൌവ്വനങ്ങള്‍ കൈകൂപ്പിത്തൊഴുതുരുകുന്ന ലോകം.

അടക്കി വെച്ച നിലവിളികള്‍ ആരും കേള്‍ക്കുകയില്ല.

ആ ലോകം നല്‍കുന്ന കണ്ണുനീര്‍ത്തുള്ളികള്‍.

ശരണമയ്യപ്പ.