എഴുതിയത് : പിക്സല്‍ബ്ലൂ
കെ രാഘവന്‍
നീലക്കുയിലുകള്‍ പാറിപ്പറക്കാത്ത മാനത്ത് ഓണക്കാലം വരച്ച ജലച്ചായ ചിത്രങ്ങള്‍.കാര്‍മുകിലിന്റെ തേന്മാവില്‍ പാട്ടിന്റെ ഊഞ്ഞാലുകള്‍ അഴിയുന്നു.
നാല് കൊല്ലം മുമ്പുള്ള ഒരു വൈകുന്നേരം.
മാഹി എത്താറായപ്പോള്‍ ബസ്സില്‍ ദെലീമയുടെ ശബ്ദത്തില്‍ ഉണരുണരൂ ഉണ്ണിപ്പൂവേ എന്ന ഗാനം ഉയര്‍ന്നു. വല്ലാത്ത ഒരു ആഹ്ലാദത്തില്‍ ആയിപ്പോയി ഞാന്‍.
ദെലീമക്കൊരിക്കലും മാപ്പ് കൊടുക്കാത്ത ഞാന്‍ എല്ലാ കുറ്റങ്ങളും ഇതോടെ ക്ഷമിച്ചു.
എന്തൊരു യാദൃച്ഹികത !
രാഘവന്‍ മാഷെ ആദ്യമായി കാണാന്‍ പോവുകയായിരുന്നു ഞങ്ങള്‍.
യാദൃച്ഹികതയുടെ താമരനൂല്‍ സ്പര്‍ശം പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.
പലരെയും കണ്ടപ്പോള്‍..കാണുന്നതിനു മുമ്പ്..കണ്ടതിനു ശേഷം..ഒരിക്കലും കാണാതിരുന്നപ്പോള്‍.
എന്റെ നാട്ടില്‍ നിന്ന് ഇത്രയും അടുത്തായിട്ടും എന്ത് കൊണ്ട് രാഘവന്‍ മാഷെ മുമ്പ് കണ്ടില്ല എന്നതിന്റെ ഉത്തരം എന്റെ സുഹൃത്ത് ഈ ലേഖനത്തില്‍ ഒരിടത്ത് പറയുന്നുണ്ട്.
ഉണരുണരൂ എന്ന് ജാനകി ഉച്ചശ്രുതിയില് പാടുമ്പോള്, ഉണര്ന്നിരിക്കുമ്പോള് പോലും നമ്മള് വീണ്ടും ഉണര്ന്നു പോകും.
ഈ ഗാനം അഞ്ജനം നോക്കാതെ തന്നെ എനിക്ക് ആദ്യം കാണിച്ചു തരുന്നത് ഒരു പുഴയാണ്.
മാധവി ( അംബിക) തോണി തുഴഞ്ഞു ഈ പാട്ട് പാടുന്നത് ആ പുഴയില്‍ വെച്ചാണ്.
ഞങ്ങളുടെ നാട്ടിലെ പുഴ.
അക്കരെക്കു പോകാനുള്ള കടത്തു തോണി ഇപ്പോഴില്ല.പകരം കുഞ്ഞിരാമന്‍ വക്കീല്‍ പാലം ഉണ്ട്.
ആ കടവില്‍ നിന്ന് തോണിയില്‍ കയറി എത്രയോ തവണ ഞാന്‍ അക്കരെ പോയിട്ടുണ്ട്.
-എന്റെ അമ്മയെ കാണാന്‍.
പുഴക്കപ്പുറം പുറങ്കര .
.അവിടെയുള്ള സ്കൂളില്‍ ടീച്ചര്‍ ആയിരുന്നു എന്റെ അമ്മ.
ഇടയ്ക്കു ഇപ്പോഴും ആ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് അമ്മ പറയാറുണ്ട്.
സ്കൂളിനു തൊട്ടപ്പുറമായിരുന്നു ഈ സിനിമയിലെ ചന്ദ്രന്‍ (സത്യന്‍) താമസിച്ച ബംഗ്ലാവ്
ആ മുനമ്പില്‍ പുഴയും കടലും സംഗമിക്കുന്നു.
അതാണ് ഞങ്ങളുടെ സാന്റ്ബാങ്ക്സ്.
ചിലപ്പോള്‍ ഞാനും സുഹൃത്തുക്കളും വൈകുന്നേരം അവിടെ പോയിരുന്നു വര്‍ത്തമാനം പറഞ്ഞു നേരം വെളുത്ത് പോയിട്ടുണ്ട് .
ഇംഗ്ലണ്ടിലേക്ക് പോകുന്നതിനു മുമ്പ് പ്രകൃതി ഭംഗിയുള്ള ചില ചിത്രങ്ങള്‍ വരക്കാന്‍ വന്നതായിരുന്നു ഈ സിനിമയിലെ നായകന്‍.
ഉണരുണരൂ, കൊന്നപ്പൂവേ എന്നീ ഗാനങ്ങളും ഈ ഗാനങ്ങള്‍ ആലപിച്ച നായികയും നായകനെ അനുരാഗബദ്ധനാക്കി.സാന്റ്ബാങ്ക്സിലും പരിസരത്തും വെച്ചായിരുന്നു ഈ .എം. കോവൂര്‍ എഴുതിയ കഥ സിനിമയായത്.
പില്‍ക്കാലത്ത് ഈ ബംഗ്ലാവ് ബിര്‍ള വാങ്ങി.
പട്ടിണിപ്പാവങ്ങളായ (ബിര്‍ളയുലുമായി നോക്കുമ്പോള്‍) എന്റെ വീട്ടുകാര്‍ക്ക് മുമ്പില്‍ ആ
ബംഗ്ലാവിന്റെ ഗേറ്റ് ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക് അക്കാലത്തും തുറന്നിരുന്നു.
കാവല്‍ക്കാരനായ റോബര്‍ട്ട് അച്ഛന്റെ പഴയ ശിഷ്യന്‍ ആയിരുന്നു.
ഭരതന്റെ 'ഒഴിവുകാലം' എന്ന സിനിമ ചിത്രീകരിച്ചതും സാന്റ്ബാങ്ക്സിലും ഈ ബംഗ്ലാവിലും
വെച്ചായിരുന്നു.
ഈ പ്രകൃതിരമണീയമായ സ്ഥലത്തു ആകെയുള്ള രണ്ടു സ്ക്കൂളുകള്‍ ഞങ്ങളുടെ കുടുംബത്തിന്റെതായിരുന്നു. ഒന്ന് ഇപ്പോഴും ആണ്.
അത് കൊണ്ട് ഈ പ്രദേശത്തോടും ജനങ്ങളോടും പ്രകൃതിയോടും കൂടുതല്‍ അടുപ്പമുണ്ട്.
കുട്ടിക്കാലം തൊട്ടേ ഉണരുണരൂ എന്ന ഗാനത്തോടും.
അമ്മയെ കാണാനിലെ കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ , പ്രാണന്റെ പ്രാണനില്‍ , മധുര പതിനേഴുകാരി , കഥ കഥ പൈങ്കിളിയും, ഗോക്കളെ മേച്ചു കൊണ്ടും , പെണ്ണായി പിറന്നെങ്കില്‍ തുടങ്ങിയ ഗാനങ്ങള്‍ ആര്‍ക്കെങ്കിലും മറക്കാനാവുമോ?
ഉണരുണരൂ എന്ന ഗാനത്തോട് കൂടുതല്‍ ഒരു ഇഷ്ടം ഉണ്ട് .
ബസ്സില്‍ നിന്ന് ഈ പാട്ട് കേട്ടത് ദെലീമയുടെ ശബ്ദത്തില്‍ ആയതു ഒരു കണക്കില്‍ നന്നായി.
അല്ലെങ്കില്‍ പാട്ടിന്റെ ജാനകിക്കാട്ടില്‍ ഞാന്‍ അകപ്പെട്ടു പോകുമായിരുന്നു.
(ജാനകിക്കാട് വടകരയില്‍ നിന്നും ഒരു മണിക്കൂറോളം യാത്ര ചെയ്‌താല്‍ എത്തുന്ന ഒരു
സ്ഥലം ആണ്.കടത്തനാടിന്റെ ഭംഗി കാണാന്‍ എത്തുന്നവര്‍ പോകുന്ന ആ സ്ഥലത്തെ കാട്
വി. കെ.കൃഷ്ണമേനോന്റെ സഹോദരി ആയ ജാനകി അമ്മയുടെ വകയായിരുന്നു.
ഗവണ്മെന്റിനു വിട്ടു കൊടുത്തപ്പോള്‍ ആ കാട് ജാനകിക്കാടായി)
ഇപ്പോള്‍ ഞാന്‍ എസ്സ് .ജാനകിയെയും ദെലീമയെയും ഓര്‍ക്കുന്നില്ല. രാഘവന്‍ മാഷെ മാത്രം ഓര്‍ക്കുന്നു.
രാഘവന്‍ മാഷെ ആദ്യമായി കണ്ടത് എപ്പോഴാണ്?
രണ്ടു ദശകങ്ങള്‍ക്കും മുമ്പ് - 1984-ല്‍.
അന്ന് തന്നെയാണ് ദേവരാജന്‍ മാഷെ ആദ്യമായി കണ്ടത്- അവസാനമായും.
രാഘവന്‍ മാസ്റ്ററുടെ സപ്തതിയോടനുബന്ധിച്ചു കോഴിക്കോട് ടൌണ്‍ ഹള്ളില്‍ നടന്ന മീറ്റിംഗില്‍ ഒരു കാഴ്ചക്കാരനായി സംബന്ധിക്കാന്‍ കഴിഞ്ഞത് ഇന്ന് ആലോചിക്കുമ്പോള്‍ ഒരു ഭാഗ്യമായി കരുതുന്നു.
മഹാരഥന്മാര്‍ അണിനിരന്ന വേദി.
രാഘവന്‍ മാസ്റ്റര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുക മാത്രമല്ല ദേവരാജന്‍ മാസ്റ്റര്‍
ചെയ്തത്,തന്റെ സംഗീത സങ്കല്പങ്ങളെ വിശദീകരിക്കുകകയും ചെയ്തു അദ്ദേഹം.
കാറ്റടിച്ചു കൊടും കാറ്റടിച്ചു എന്നാ ഗാനത്തിന് സംഗീതം നല്കിയതെങ്ങനെ എന്ന് അദ്ദേഹം
പാടിക്കൊണ്ട് വിശദീകരിച്ചത് ജീവിതത്തിലെ വലിയ സംഗീതാസ്വാദന പാഠം ആയി മാറി.
-ശിവന്‍ ഏതാനും ശബ്ദങ്ങളിലൂടെ പ്രപഞ്ചരഹസ്യം വെളിപ്പെടുത്തിയത് പോലെ.
നൂറു കണക്കിന് രാഗങ്ങള്‍ പഠിച്ചാലും സംഗീതം അറിയാന്‍ കഴിയണമെന്നില്ല എന്നാണു എനിക്ക് തോന്നുന്നത്.
പക്ഷെ ഇത്തരം ഒരനുഭവം അജ്ഞരായ എന്നെ പോലുള്ള കേവല ആസ്വാദകര്‍ക്ക് ധാരാളം.
ദേവരാജന്‍ മാസ്റ്റര്‍ രാഘവന്‍ മാസ്റ്ററോടു കാണിച്ച ആദരവ് കണ്ടു കാണികള്‍ പോലും
നിരുദ്ധകണ്ഠന്മാര്‍ ആയിപ്പോയി.
സ്കൂള്‍ കുട്ടികള്‍ തമ്മില്‍ പറയുന്നത് പോലെയുള്ള തമാശകള്‍ നിറഞ്ഞ അവരുടെ പ്രസംഗങ്ങള്‍
അവരുടെ ആത്മബന്ധത്തെ വെളിപ്പെടുത്തി.
എന്നെ പോലുള്ളവര്‍ അറിയാതെ പോകേണ്ട എന്ന് കരുതി ദേവരാജന്‍ മാഷ് ഇങ്ങനെ പറഞ്ഞു:
"രാഘവന്‍ മാഷ് ഇപ്പോള്‍ താമസിക്കുന്നത് കായംകുളത്ത് ആണ് .കെ പി എ.സിയുടെ പുതിയ നാടകങ്ങള്‍ക്ക് സംഗീതം നല്‍കുന്ന കൂട്ടത്തില്‍ പാട്ട് പഠിപ്പിക്കലും ഉണ്ട്.പതിനേഴു പതിനെട്ടു വയസ്സുള്ള പെണ്‍പിള്ളേര്‍ക്ക് സ്പെഷ്യല്‍ ട്യൂഷന്‍ നല്‍കുന്നുണ്ട് എന്നാണു എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്."
ബാലമുരളി കൃഷ്ണയുടെ സിംഹനാദത്തിലുള്ള പൊട്ടിച്ചിരിയില്‍ ടൌണ്‍ ഹാള്‍ കുലുങ്ങി.
രാഘവന്‍ മാസ്റ്ററും ആ ചിരിയില്‍ പങ്കു ചേര്‍ന്നു .
പിന്നെ രാഘവന്‍ മാസ്റ്ററെ കാണുന്നത് ഈ ദിവസം ആണ്.
ബസ് തലശ്ശേരിക്കിപ്പുറം തലായിക്കടുത്തു എത്തി.
ഇവിടെയാണ് ഇറങ്ങേണ്ടത്- ചക്കളത്ത് മുക്ക് .
എന്റെ കൂടെയുണ്ടായിരുന്ന അറിയപ്പെടുന്ന ഡോക്യുമെന്ററി സംവിധായകന്‍ ആയ സി.വി .സത്യന്‍ എന്നോടു പറഞ്ഞു:
(വിട പറഞ്ഞ പ്രിയ സുഹൃത്ത് എ.അയ്യപ്പനെ കുറിച്ച് മലയാളത്തില്‍ ഉള്ള ഏക ഡോക്യുമെന്ററി സിനിമ സംവിധാനം ചെയ്തത് സി.വി. സത്യന്‍ ആണ്)
"ഈ മണ്ണില്‍ കാലു കുത്തുമ്പോള്‍ മുട്ട് വിറക്കുന്നു.നവോത്ഥാന കേരളത്തിന്റെ ശില്‍പികളില്‍ ഒരാളെ ആണല്ലോ നമ്മള്‍ കാണാന്‍ പോകുന്നത്"
ജനകീയ രാഷ്ട്രീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പലപ്പോഴും കനത്ത പോലീസ് മര്‍ദനം എല്ക്കുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്ത സത്യന് ആരെയെങ്കിലും പേടി ഉള്ളതായി ഞാന്‍ അതിനു മുമ്പ് വിശ്വസിച്ചിരുന്നില്ല. സത്യന്റെ വാക്കുകളിലെ വിവേകം എന്നെ സ്പര്‍ശിക്കുക തന്നെ ചെയ്തു.
ആദ്യം കണ്ട ആളോടു വഴി ചോദിച്ചപ്പോള്‍ അദ്ദേഹം സന്തോഷപൂര്‍വ്വം വഴി ചൂണ്ടിക്കാട്ടി.
പിന്നെയും ഒരു വളവു കഴിഞ്ഞപ്പോള്‍ മറ്റൊരാളോടും വഴി ചോദിച്ചു.അയാള്‍ക്കും വഴികാട്ടിയാവാന്‍ ഉത്സാഹം.
കോണ്‍ക്രീറ്റിട്ടു മിനുക്കിയ ഒരു വലിയ വീട്ടു മുറ്റത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു.ഒരു കാര്‍ മുറ്റത്ത് നിര്‍ത്തിയിട്ടുണ്ട്.
ഉള്ളില്‍ നിന്നും ഉച്ചത്തില്‍ ഒരു അപ്രിയ കഠോര ഗാനം.
രാഘവന്‍ മാഷ് പുറത്തു വരുന്നതിനു മുമ്പ് സംഗതി മനസ്സിലായി.
ഇത് ഒരു രാഷ്ട്രീയക്കാരന്‍ രാഘവന്‍ മാഷുടെ വീടാണ്.
സംഗീത സംവിധായകന്‍ രാഘവന്‍ മാഷ് എന്ന് പറഞ്ഞപ്പോള്‍ വീട് അതിനു അടുത്ത് തന്നെയാണ്.
നേരെ പോയി ഇടത്തോട് പോയാല്‍ വലത്തോട്ട് കാണുന്ന ഇടവഴിയുടെ ഇടതു ഭാഗത്ത്.
മലയാള സിനിമ സംഗീതത്തിന്റെ കോണ്ക്രീറ്റ് മുറ്റങ്ങളില് നിന്ന് സ്വാഭാവിക ജൈവ സംഗീതത്തിന്റെ നാലുകാലോലപ്പുരയിലേക്ക് പോകണമെങ്കില് ഒരു പാട് ദൂരം പോകേണ്ടതുണ്ടെങ്കിലും ഈ വഴിക്ക് അത്ര ദൈര്ഘ്യം ഇല്ല.
പഴയ ഇരുനില വീട്.
നിശബ്ദത.
കെ രാഘവന്റെ വീട്
കാലിനു രണ്ടും കുഴമ്പു ഇട്ടിട്ടുണ്ട് .സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും പേശികള്‍ വിലക്കുന്നു.
ജോണ്‍ അബ്രഹാമിന്റെ സുഹൃത്താണ് സത്യന്‍ എന്ന് പറഞ്ഞപ്പോള്‍ ജോണുമായുള്ള ബന്ധത്തെ കുറച്ചായി സംസാരം.ആ സംസാരം മാഷെ അല്പം പ്രസന്നന്‍ ആക്കി.
ഭാസ്കരന്‍ മാഷ്, വയലാര്‍, യേശുദാസ്, ജാനകി..ഓര്‍മ്മകള്‍ ഇടറുന്നില്ല.
ഭാസ്കരന്‍ മാഷെ പറ്റി പറയുമ്പോള്‍ സ്നേഹത്തിനു പുറമേ ആദരവും.ഇപ്പോഴും ഇടയ്ക്കു വിളിക്കാറുണ്ട് എന്ന് പറഞ്ഞു.
(2006-il ആയിരുന്നു ഈ കൂടിക്കാഴ്ച )
നാഴിയൂരിപ്പാല് കൊണ്ട് എന്ന ഗാനത്തെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ ഗായത്രി ശ്രീകൃഷ്ണന്‍
ഇപ്പോള്‍ ഡല്‍ഹിയില്‍ ആണ് താമസം എന്ന് സത്യന്‍ പറഞ്ഞു.അത് അറിയില്ലായിരുന്നു എന്ന് മാഷ് പറഞ്ഞു.
അവരുടെ അക്കാലത്ത് അല്പം ചര്‍ച്ചാ വിഷയം ആയ മിശ്രവിവാഹത്തെ പറ്റി പറഞ്ഞു.
നാടക ഗാനങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ ശബരിമലയിലും കല്ല് എന്ന ഗാനം എനിക്ക്
ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ശബരിമലയിലും കല്ല്
ശക്തീശ്വരത്തിലും കല്ല്
തിരുപ്പതിമലയിലും ഗുരുവായൂരിലും
തൃച്ചംബരത്തും കല്ല്
കല്ലിനെ തൊഴുന്നവരേ!...നിങ്ങള്‍
കല്‍പ്പണിക്കാരെ മറക്കരുതേ.....(നാടകം : ഭരതക്ഷേത്രം)
വയലാറിന്റെ ഈ നാടക ഗാനം അക്കാലത്ത് അമ്പലങ്ങളില്‍ കച്ചേരിക്ക് പോകുമ്പോള്‍ കീര്‍ത്തനങ്ങളുടെ കൂടെ സ്ഥിരമായി പാടാറുണ്ടായിരുന്നു എന്ന് മാഷ് പറഞ്ഞപ്പോള്‍ അതെനിക്ക് ഒരു പാട് കാഴ്ചകള്‍ നല്‍കിയ ഒരു അറിവായിരുന്നു.
കായലരികത്ത് എന്ന ഗാനം കച്ചേരികള്‍ക്കിടയില്‍ പാടാറുണ്ടായിരുന്നു എന്ന് കേട്ടിരുന്നു.
പക്ഷെ ഇതങ്ങനെയല്ലല്ലോ,.
മണിയടി കേട്ടാല്‍ ഉണരുമോ?
മന്ത്രം ജപിച്ചാല്‍ ഉണരുമോ?
മരിച്ച ദൈവത്തിന്‍ സ്മാരകശിലയില്‍
മാലയിട്ടാല്‍ വരം തരുമോ?സംഗീതത്തിനു ഇങ്ങനെയൊരു രാഷ്ട്രീയ പ്രയോഗ സാധ്യത ഉണ്ടെങ്കില്‍ അത് അക്കാലത്തെ ജനങ്ങളുടെ ഉയര്‍ന്ന സാംസ്കാരിക ബോധത്തെയും സഹിഷ്ണുതയെയും ആണ് കാണിക്കുന്നത്.
ഇന്ന് അത് സാദ്ധ്യം ആകുമോ?
അന്ധ വിശ്വാസങ്ങളും ജാതീയതയും അനാചാരങ്ങളും നിറഞ്ഞ അക്കാലത്ത് സാമൂഹ്യ ജീവിതത്തില്‍ ചില തുറന്ന സ്ഥലങ്ങള്‍ ഉണ്ടായിരുന്നു.ആ സ്ഥലങ്ങളിലൂടെയാണ് നവോത്ഥാനം ഭാഷയിലും സാഹിത്യത്തിലും സംഗീതത്തിലും കടന്നു വന്നത് .
മലയാള സിനിമസംഗീതത്തിലെ യുഗസ്രഷ്ടാവായ രാഘവന്‍ മാസ്റ്ററെ സാദ്ധ്യമാക്കിയതും ആ കാലം ആണ്.
പിന്നെയും കുറെ നേരം ഞങ്ങള്‍ പലതും പറഞ്ഞിരുന്നു.
ഓരോ വാക്കും വിലയേറിയത് ആണെങ്കിലും അദ്ദേഹത്തിന്റെ പ്രക്ഷീണഭാവം കണ്ടപ്പോള്‍ യാത്ര പറയാം എന്ന് വിചാരിച്ചു.
'.....പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.എല്ലാ നന്മകളും നേരുന്നു' എന്ന് അദ്ദേഹം
എഴുതി തന്നപ്പോള്‍ മനസ്സൊരു നിമിഷം വിതുമ്പിയോ?
* * * * * * * * * * * * * * * * * * * * * * * * * * * * * *
എസ്. ജാനകിയുടെ ഏറ്റവും പ്രശസ്തമായ രണ്ടു ഗാനങ്ങള്‍ ചിത്രീകരിക്കപ്പെട്ടത് എന്റെ നാട്ടില്‍ വെച്ചായിരുന്നു .
അഞ്ജനക്കണ്ണെഴുതി , ഉണരുണരൂ ഉണ്ണിപൂവേ എന്നിവയാണ് ആ ഗാനങ്ങള്‍ .
ഉണരുണരൂ ഉണ്ണിപൂവേ
കരിക്കൊടി തണലത്തു
കാട്ടിലെ കിളി പെണ്ണിന്‍
കവിത കേട്ടുറങ്ങുന്ന പൂവേ
കവിത കേട്ടുറങ്ങുന്ന പൂവേ
മഴവില്ല് നനയ്ക്കുന്ന മുകിലുകളെയും കളിയാട്ടമാടുന്ന തിരകളെയും കാണാന്‍ ഉണ്ണിപ്പൂവുകള്‍ക്ക്
മാത്രമേ കഴിയു .
നിസ്വ ജീവിതങ്ങള്‍ക്ക് മുന്നില്‍ പ്രകൃതി തുറന്നു വെച്ച സ്വപ്ന സമാനമായ ഭാവനാദൃശ്യങ്ങള്‍.
മഴയും വെയിലുമുള്ളപ്പോള്‍ നടക്കാറുള്ള കുറുക്കന്റെ കല്യാണം ചിത്രീകരിച്ച കുറോസവക്ക്
മാത്രം ചിത്രീകരിക്കാന്‍ കഴിയുന്ന കാഴ്ചകള്‍.
എസ് ജാനകിയുടെ ശബ്ദത്തിന്റെ നിഷ്കളങ്ക പ്രവാഹത്തിലൂടെ മലയാള ഗാനശാഖക്ക് കിട്ടിയ സമ്മാനം.കാര്‍ഷിക കേരളത്തിന്റെ പ്രകൃതിയെ ഇത്ര മനോഹരമായി ആവിഷ്കരിക്കുന്ന ഭാവഗാനങ്ങള്‍ കുറവാണ് .
കവിതയും ഗാനവും കണ്ടു മുട്ടിയ അപൂര്‍വമായ ഒരു പുലര്‍കാലം.
രാഘവന്‍ മാസ്റ്ററുടെ സര്‍ഗ്ഗപ്രതിഭയുടെ ജലലീല മഴവില്ല് നനയ്ക്കുന്നു .
കരിക്കൊടി വള്ളികള്‍ ഭാസ്കരന്‍ മാഷുടെ വേറെ ഏതെങ്കിലും ഗാനത്തില്‍ വന്നിട്ടുണ്ടോ?
ഓര്‍ക്കുന്നില്ല.
ഭാസ്കരന്‍ മാഷുടെ പ്രധാനപ്പെട്ട ഒരു കവിതയില്‍ വളരെ വികാര നിര്‍ഭരമായ ഒരു സന്ദര്‍ഭത്തില്‍ കരിക്കൊടി വള്ളികള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
വയലാര്‍ അന്തരിച്ചപ്പോള്‍ അശ്രുപൂജകള്‍ അര്‍പ്പിച്ചു കൊണ്ട് ഭാസ്കരന്‍ മാഷ് എഴുതിയ ആ മണ്ണില്‍ എന്ന കവിതയില്‍.
"താന്തനായ് നിശബ്ദപാദനായ് പാതിരാ-
പൂന്തിങ്കളിപ്പോഴും തന്‍ പുഷ്പ ചക്രമായ്
അക്കായല് വക്കില്‍ കരിക്കൊടി വള്ളിയില്‍
രാക്കുയില്‍ കണ്ഠം വിതുമ്പിയിരിക്കവേ
എഴിലംപാലക്കുടക്കീഴില് യാമിനി-
യേകാന്ത ശോകവിമൂകമിരിക്കവേ
നിന്റെ മരണകുടീരമിടക്കിടെ
കണ്ടു മടങ്ങാറുണ്ടെന്നറിഞ്ഞു ഞാന്‍"
* * * * * * * * * * * * * * * * * * * * * * * * * * * * * *
വീണ്ടുമൊരിക്കല്‍ കൂടി അടുത്ത കാലത്ത് രാഘവന്‍ മാഷെ കണ്ടു.
കഴിഞ്ഞ ജൂലൈ 7- ആം തിയതി.
പനി പിടിച്ചു അദ്ദേഹം ക്ഷീണിതന്‍ ആയതു കൊണ്ട് കൂടുതല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.
വളരെ കുറച്ചു നേരം കൂടെ ചെലവഴിച്ചു എന്ന് മാത്രം.
ഞങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം എഴുന്നേറ്റു വന്നതെയുള്ളു
ഒരു ചെറിയ ട്രാന്സിസ്റ്റെര്‍ റേഡിയോ തൊട്ടടുത്തുണ്ട്.
ലോക കപ്പ് ഫുട്ബോള്‍ വിശേഷങ്ങള്‍ കേള്‍ക്കുകയായിരുന്നു ആ അവസ്ഥയിലും അദ്ദേഹം.
ബോംബെയില്‍ അദ്ദേഹം ഫുട്ബോള്‍ കളിക്കാരനായ കാലത്തെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചു.
ശരി വച്ചു കൊണ്ട് ഓര്‍മകളുടെ ഒരു ചെറിയ ചിരി.
ഒരു കാര്യം ചോദിക്കാമോ എന്ന് മടിച്ചു. എങ്കിലും ചോദിച്ചു:
"മാഷ് മാഷുടെ സിനിമ ഗാനങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാറുണ്ടോ ?"
"റേഡിയോയില്‍ വരുമ്പോള്‍ കേള്‍ക്കും.റേഡിയോയില്‍ വരുന്ന പാട്ടുകള്‍ എല്ലാവരുടെയും
കേള്‍ക്കും" എന്നായിരുന്നു മറുപടി.
പിന്നെ അദ്ദേഹം മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞ കാര്യം.
"എന്റെ ഒരു പാട്ടും ഞാന്‍ ശേഖരിച്ചു വെച്ചിട്ട് ഒന്നുമില്ല. റേഡിയോയില്‍ വരുമ്പോള്‍ കേള്‍ക്കും. അത്ര മാത്രം.".
ഗാനങ്ങള്‍ ശേഖരിച്ചു വെച്ചിട്ടില്ലാത്ത പാട്ടുകാരുടെയും സംഗീത സംവിധായകരുടെയും
നഷ്ടബോധം ഒട്ടുമില്ല ആ ശബ്ദത്തില്‍.
അദ്ദേഹത്തിന്റെ മകന്‍ കനകംബരന്‍ എ.ഐ.ആര്‍-ലെ ഉദ്യോഗസ്ഥന്‍ ആയതു കൊണ്ട് പാട്ടുകള്‍ ആഗ്രഹിച്ചാല്‍ വിളിപ്പുറത്ത് തന്നെയുണ്ട്.
പക്ഷെ ഇപ്പോള്‍ മാഷുടെ ശബ്ദത്തില്‍ 96 വയസ്സിന്റെ നിര്‍മ്മമതയും അസ്വസ്ഥതയും മാത്രം.
അതായിരുന്നു എന്നെ ദുഃഖിപ്പിച്ചത്.
മഴയത്ത് റോഡില്‍ തിരിച്ചെത്തിയപ്പോള്‍ പടിഞ്ഞാറു ഭാഗത്ത് നോക്കി.
നിത്യ സാക്ഷിയായ കടല്‍. കടപ്പുറത്ത് ചില കുടിലുകള്‍.ചിലത് വീടുകളായി മാറിയിട്ടുണ്ട്.
ആ വഴിക്ക് എപ്പോള്‍ പോകുമ്പോഴും ആ കുടിലുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാറില്ല.
ഈ കടപ്പുറത്ത് ഇത് പോലുള്ള കുടിലുകളില്‍ ഒന്നില്‍ ആയിരിക്കും രാഘവന്‍ മാസ്റ്റര്‍ ജനിച്ചത്.
ഈ കടപ്പുറം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തിനു പശ്ചാത്തല സംഗീതമൊരുക്കി.
മത്സ്യ തൊഴിലാളിയായ അച്ഛന്‍. ദാരിദ്ര്യവും ദൈന്യതയും സാമൂഹികമായ അവഗണനകളും ആ കുട്ടിക്കാലത്തിനു ശ്രുതിയായി.
മലയാള സംഗീതത്തിലെ കുലപതികളായ മഹത് പ്രതിഭകള്‍ ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്, ചിദംബരനാഥ് , ദക്ഷിണാമൂര്‍ത്തി എല്ലാവര്‍ക്കും സംഗീത പാരമ്പര്യം ഉണ്ടായിരുന്നു. അങ്ങനെ ഒരു പാരമ്പര്യവും രാഘവന്‍ മാസ്റ്റര്‍ക്ക് അവകാശപ്പെടാന്‍ ഇല്ല.
തലശ്ശേരിയിലെയും പരിസരങ്ങളിലെയും വലിയ മുസ്ലിം വീടുകളില്‍കളില്‍ നിന്ന് കേട്ട ഖവാലികളും മാപ്പിളപ്പാട്ടുകളും അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ സ്വാധീനിച്ചു .
നാടന്‍ പാട്ടുകളും നാടന്‍ കലാരൂപങ്ങളും രാഘവന്‍ മാസ്റ്ററുടെ മനസ്സില്‍ ഇടം കണ്ടെത്തി.
ഉത്തര മലബാറിന്റെ സംസ്കാര തനിമകളായ തെയ്യവും തിറകളും അബോധ മനസ്സില്‍ ഈണങ്ങളുടെ നിറക്കൂട്ടുകള്‍ ചാര്‍ത്തി.നേരത്തെ കളരി പഠിച്ച രാഘവന്‍ മാസ്റ്ററുടെ സംഗീത അവബോധത്തിന് ശാസ്ത്രീയ സംഗീതാഭ്യസനം മെയ് വഴക്കം നല്‍കി.
ആകാശവാണിയിലെ ഔദ്യോഗിക ജീവിതവും യാത്രകളും ഇതര സംഗീത ധാരകളെ മനസ്സിലാക്കാന്‍ അദ്ദേഹത്തിനു അവസരങ്ങള്‍ നല്‍കി.
സാന്ദ്രവും വ്യത്യസ്തവുമായ രൂപത്തില്‍ ഒരു പുതിയ സംഗീത സംസ്കാരമാകാന്‍ ആ അറിവുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ തപസ്സു ചെയ്തു- ശമീവൃക്ഷത്തിലെ അഗ്നി പോലെ .
അഗ്നിശുദ്ധി ചെയ്ത ആ സംഗീത ബോധം 1954-ല്‍ നീലക്കുയിലിലൂടെ മലയാളിയുടെ സംഗീത ജാതകം മാറ്റിയെഴുതി.
ഒരു ശാസ്ത്രീയ സംഗീത ഗായകന്‍ മാത്രം ആകാന്‍ ആഗ്രഹിച്ച രാഘവന്‍ മാസ്റ്റര്‍ ലളിത സംഗീതത്തിന്റെ ആദിമ വിരാട് രൂപമായി.ശാസ്തീയ സംഗീതത്തിന്റെ പോലും വേരുകള്‍ പ്രാക്തന സംഗീതം ആയ നാടന്‍പാട്ടുകളില്‍ ആണെന്ന ഉന്നതമായ തിരിച്ചറിവ് കൊണ്ടാണ് പിന്നീട് മലയാളത്തിലുണ്ടായ മികച്ച സംഗീത മാതൃകകളെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഗാനവ്യവസ്ഥ ആകാന്‍ രാഘവന്‍ മാസ്റ്ററുടെ
സംഗീതത്തിനു കഴിഞ്ഞത്. ആസ്ട്രേലിയയിലെ അബോറിജിനല്‍ ആര്‍ട്സ് പികാസ്സോ തുടങ്ങിയ ആധുനിക ചിത്രകാരന്മാരിലൂടെ രൂപാന്തരം നേടിയത് പോലെയുള്ള ഒരു പരിണാമം ആണത് .
തീയില്‍ മുളച്ചത് ഒന്നും വെയിലത്ത് വാടുകയില്ല.
അത് കൊണ്ട് തന്നെ രാഘവന്‍ മാസ്റ്ററുടെ ഒരു മോശം ഗാനം കണ്ടെത്തുക പ്രയാസമാണ്.
രാഘവന്‍ മാസ്റ്ററെ കണ്ടെത്തുക അതിലേറെ പ്രയാസമാണ്.
ഇനിയും ഈ വഴിയിലൂടെ കുറെയേറെ നടക്കേണ്ടി വരും.
കടപ്പുറത്ത് നിന്നും തിരിച്ചു വരുമ്പോള്‍ ആകാശത്ത് നീലക്കുയിലുകള്‍ പറക്കുന്നു.
കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിന്‍ കവിത കേട്ടുറങ്ങുന്ന പൂക്കള്‍.
രാഘവൻ മാഷിനെപറ്റി കുറച്ചുകൂടി ആഴത്തിൽ അറിയാൻ സാധിച്ചതിൽ നന്ദി. എത്ര അറിഞ്ഞാലും മതിവരാത്ത ആ സംഗീതശില്പിയുടെ ഗാനങ്ങൾ എക്കാലവും നിത്യഹരിതമായി നിലനിൽക്കുകതന്നെ ചെയ്യും.
ReplyDeleteI wish I had read this great article about 25 years back. Though impossible as the sequences mentioned here are recent. Exactly 24 years back, as a young , just out of college youth having landed at Thalassery with the first job as a Pharmaceutical sales man, have traveled right from Koyilandi to Kasargod. I have seen, rather visited most of the places mentioned here. How I wish I knew the great maestro Raghavan Master lived in a place I knew so well though remembered for the wrong reasons. I wish I could rewind my life and go back to the places mentioned here. Maybe today I would’ve made an attempt to meet this great musician. I would have visited the sandbanks with Karikodi thanalathu in mind.
ReplyDeletePB is blessed to have got some of his first lessons on appreciating music from stalwarts. It is indeed a blessing to have witnessed the union of Devarajan Master, Raghavan Master and Dr Balamurali Krishna on one stage. And to carry this memory for so many years and sharing it with us is indeed commendable. Thanks for all the informations.
Keep going PB. Looking forward to more such articles from you. MSI should be proud to post such an original article.
ഇന്നിവിടെ ഈ ബ്ലോഗില്‍ എത്താന്‍ സാധിച്ചത് എന്റെ ജന്മഭാഗ്യമായി കാണുന്നു. ചേട്ടന്റെ വിവരനശൈലി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എന്നേപ്പോലുള്ള ഒരു കേവല ആസ്വാദകനെ സംഗീതത്തിന്റെ മയാലോകത്തെക്ക് നയിക്കാന്‍ ഇതുപോലുള്ള ലേഖനങ്ങള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയം തന്നെയാണ്.
ReplyDeleteരാഘവന്‍ മാഷിനെ കുറിച്ചു അറിഞ്ഞപോലെ മറ്റു മഹാരഥന്മാരെക്കുറിച്ചും കൂടുതല്‍ അറിയാനുള്ള മോഹം മനസ്സില്‍ ഉദിച്ചിരിക്കുന്നു.
നന്ദി എന്ന വാക്കില്‍ തീരുന്നതല്ല ഈ കടപ്പാട്. എങ്കിലും ഇത് വായിച്ചുക്കഴിഞ്ഞപ്പോള്‍ മനസ്സിലുദിച്ച വാക്കു ഞാന്‍ വായിമൊഴിയായി പറയട്ടെ.... നന്ദി ഒരുപാട് ..!
ഇപ്പഴാണ് വായിച്ചത് ..
ReplyDeleteഎനിക്കും ഏറെ പരിചയമുള്ള വഴികളിലൂടെ നടത്തിയ ഈ യാത്ര
ഓര്‍മകളെ വീണ്ടുമുണര്‍ത്തി ..
കൂട്ടുകാരിയുമായി പോയിരിക്കാറുള്ള സാന്റ് ബാങ്ക്
പൂര്‍ണമായില്ല എന്ന തോന്നല്‍ ഇനിയും എഴുതാനുണ്ടെന്ന ഗ്രൂപ്പ് മെയില്‍ കണ്ടപ്പോള്‍ മാറി
സന്തോഷം പ്രിയ കൂട്ടുകാരാ
manassu niranju....
ReplyDeleteപാട്ടോര്‍മ്മകളും,രാഘവന്‍ മാഷുമൊത്തുള്ള നിമിഷങ്ങളും നന്നായെഴുതിയിരിക്കുന്നു.അദ്ദേഹത്തെ കുറിച്ച് അറിയാത്ത പലതും ഇതിലൂടെ അറിയാനുമായി.നന്ദി..
ReplyDeleteManoharamaya ee lekhanam vaayichathinu sesham Comment-kaliloode onnu kannodichu.
ReplyDeleteAvasaanathe Comment aanu aadyam shradhichathu.Manassu niranju..... ennu viddimaan ezhuthiyathu.
Aa randu vaakkukal thanneyaanu ee lekhanathinulla ettavum valiya angeekaaram ennu njaanViswasikkunnu. Lekhanam vaayichu enteyum manassu niranju.Nalloru yaathraavivaranam vaayikkunna sukham tharunna Ee lekhanam vaayikkumbol K.Rakhavan mashe kaanaanulla yathrayil PB-kkoppam njaanum oppamundayirunnille ennu thonnippoyi.Busil ninnuyarnna Daleemayude sabdathilulla Unarunaroo
Unnippoove enna ganavum njan kelkkunnu.Kettittu polumillaatha Janakikkaadum njaan kanunnu.
Ingane varikalkkoppam, vaayanakkare koottikkondu pokan kazhiyunnathu nalloru ezhuthukaarnu mathram saadhikkunna kaarymaanu..PB kku Hridyam niranja abhinandanangal.
Oru sathyam thurannezhuthaathe vayya.Ee lekhanm Mathrubhumiyilo Samakalika Malayalam varikayilo aanu varendathu.Kooduthal per vaayikkendathaanu, vaayichirikkendathaanu ennoru aagraham kondezhuthiyathaanu.MSI thettidharikkaruthu.(PB yude pala lekhanangalum vaayikkumbol ava nilaavaramulla prasidheekaranangalkku ayachu kodukkaan njaan snehapoorvam avashyappedaarundu.Pakshe atinu thalpparyamedukkarilla adheham)
Evideyum prasidheekarikkaatha hrudyamaaya ee lekhanathinte kaaryathil MSI kku theerchayaayum abhimaanikkam.
Ee lekanathil PB upayogichirkkunna pala vachakangalum enne ere akarshichu.Udhaharanamayi
ഉണരുണരൂ എന്ന് ജാനകി ഉച്ചശ്രുതിയില് പാടുമ്പോള്, ഉണര്ന്നിരിക്കുമ്പോള് പോലും നമ്മള് വീണ്ടും ഉണര്ന്നു പോകും.
മലയാള സിനിമ സംഗീതത്തിന്റെ കോണ്ക്രീറ്റ് മുറ്റങ്ങളില് നിന്ന് സ്വാഭാവിക ജൈവ സംഗീതത്തിന്റെ നാലുകാലോലപ്പുരയിലേക്ക് പോകണമെങ്കില് ഒരു പാട് ദൂരം പോകേണ്ടതുണ്ടെങ്കിലും ഈ വഴിക്ക് അത്ര ദൈര്ഘ്യം ഇല്ല.
Ammayekkaanan kandathu ente naattile Devi Talkiesil ninnanu.1986 il orikkal koodi ee chithram
Pradarshippichappol.Niranja sadassil orazhchayolam chithram odiyathu ippozhum orkkunnu.Pattukal kelkkaan vendi maathramaanu “Ammayekkaanaan” kaanaan vannathennu ente aduthirunna oral paranjathum markkanaavilla.Konnappovum praanante praananum Madhurppathinezhukaariyum Karikkodithanalum kadha kadha painkiliyum pazhaya thalamurakku marakkaanaavillallo.
Konnappoove enna ganarangam manassil ninnum orikkalum Maanju pokaathathu Ganathinte
Maadhuryam kondaanu..Karikkodi thanalathil recordilillatha 4 varikal undennu manassilaayathu Cinema kandappozhaanu.
Ee lekhanathile kure vivarangalum arivukam nedanaaythinum Nandi PB
Rakhavan Mashekkurichulla thudarnnulla randu bhagangalkkayi kaathirikkunnu..
ഞാൻ വായിച്ചു. വായിച്ചു രസിച്ചു. പിക്സൽ ബ്ലൂ വിന്റെ ചിന്തകൾ പല ഭാഗത്തും മേഞ്ഞു നടക്കുമ്പോൾ, എന്തെല്ലാം പുതിയ അറിവുകളാണ് കിട്ടുന്നതു്! ജാനകി പറമ്പും വി.കെ.കെ. മേനോന്റെ കുടുംബവുമായിട്ടുള്ള ബന്ധം. അല്ലെങ്കിൽ ബിർള കടൽത്തീരത്തെ ആ ബംഗളാവ് വാങ്ങിച്ച കഥ.
ReplyDeleteദേവരാജന്റെ സഹൃദയ ഭാവം വായിച്ചപ്പോൾ അല്പം അതിശയിച്ചു.
ഒരു കർക്കശക്കരൻ എന്നായിരുന്നു എന്റെ ധാരണ.
കരിക്കൊടി വള്ളി എന്താണാവോ? ഞാൻ തിരഞ്ഞിട്ട് കിട്ടിയില്ല.
“രാഘവന്‍ മാസ്റ്ററുടെ ഒരു മോശം ഗാനം കണ്ടെത്തുക പ്രയാസമാണ്. രാഘവന്‍ മാസ്റ്ററെ കണ്ടെത്തുക അതിലേറെ പ്രയാസമാണ്.“
പിക്സല്‍ ബ്ലൂവിന്റെ ലേഖനം പതിവുപോലെ വളരെ നന്നായി. ഇക്കഴിഞ്ഞ ഓണത്തിന് തൃശൂര്‍ ആകാശവാണി രാഘവന്‍ മാഷേക്കൊണ്ട് പാട്ടുകള്‍ അവതരിപ്പിച്ചിരുന്നു. ഒരു മണിക്കൂര്‍ പരിപാടി. വളരെ നന്നായിരുന്നു. ടീവീ ചാനലുകള്‍ കാവ്യാ മാധവനെയും മമ്മൂട്ടിയേയും ഒക്കെ ചുറ്റിപ്പറ്റി ഓണം ആഘോഷിക്കുമ്പോ ഇങ്ങനെയുള്ളവരെ തിരിഞ്ഞു നോക്കുന്നില്ല. കഷ്ടം! എത്ര വിലപ്പെട്ട കാര്യങ്ങള്‍ ആണ് മലയാളിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്! അടുത്ത തലമുറ കൂടുതല്‍ ദാരിദ്രമാവും എന്നു തീര്‍ച്ച.
ReplyDeleteപിക്സല്‍ ബ്ലൂവിന്റെ ലേഖനം വളരെ നന്നായി. വായിച്ചു. വളരെ സന്തോഷം. രചയിതാവിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഘവന്മാഷിനെ പറ്റി അറിയാന്‍ സാധിച്ചതിനു നന്ദി. മാഷിന്റെ വീടിന്റെ ഫോട്ടോയും നല്ലത് തന്നെ. രാഘവന്‍ മാസ്റ്ററുടെ ഒരു മോശം ഗാനം കണ്ടെത്തുക പ്രയാസമാണ്. അവയെല്ലാം നല്ലത് തന്നെ. പ്രതേകിച്ചു വടക്കന്‍ പാട്ട് സിനിമകളിലെ ഗാനങ്ങള്‍ എല്ലാം നല്ലത് തന്നെ. അവസാനം വന്ന കടത്തനാടന്‍ അമ്പാടിയിലെ ഗാനം വരെ.
ReplyDeleteരാഘവന്‍ മാഷെ തേടിയുള്ള പിബിയുടെ യാത്രാവിവരണവും ഓര്‍മ്മക്കുറിപ്പും രസകരമായിരുന്നു...
ReplyDeleteപല സ്ഥലങ്ങളുടെ പേരുകളും ആദ്യായി കേള്‍ക്കുകയാണ്...
Karikkodi thnalathu' enna Blog postinu nalla prathikaranangal nalkiya
ReplyDeleteellaa suhruthukkalkkum Valare Nandhi!
Raghavan mashe patti 5 lekhanangal enkilum ee Blog-il
ezhuthanamennaanu ente aagraham.
Athrayumezhuthiyaal kurachenkilum adhehathe manassilaakkaan enikku
kazhinjekkum.
Kooduthal ezhuthaan ippol prachodanam kittunnu.Santhoshamundu.
Ellaa abhiprayangalum njaan oru pole vila mathikkunnu.
Kruthahasthanaaya ezhuthukaan Ashtamoorthy ee lekhanthe kurichum ente
mattu
chila lekhanangale kurichum nalla vaakkukal paranjathu ente
aathmaviswaasam vardhippikkunnu.
Nandhi Ashtamoorthi!
iniyum ezhuthaanundennu PB parayumbol aahladham adakkan aavunnilla...
ReplyDeleteprayathinte avashathayallathe sambathika bhudhimuttu adheham anubhavikkunnillallo enna aashwasavum oppam
santhosham priya koottukaraa
എന്റെ സുഹൃത്ത് ജയചന്ദ്രന്‍ എഴുതുന്നതെന്തും ആഹ്ലാദത്തോടെയും അറിയാനുള്ള ആകാംക്ഷയോടെയുമാണ് വായിക്കുന്നത്..
ReplyDeleteഒരു കടല്‍ അകലെ നിന്നു കാണുന്നതു പോലെയാണ് രാഘവന്‍ മാഷ്..
ഇനിയും എന്തെല്ലാം...ഇനിയും എഴുതൂ...ജയചന്ദ്രനോട് അസൂയ തോന്നുന്നു
Ee lekhanam, mikkavarum soochippichathu pole, Master-uDe personal life-inekkuRichum, ithu vare aRiyaathirunna mattu pala kaaryangaLekkuRichum aRiyaan vazhiyorukkunnu. Athinu PB-yoDe ethRa nanni paRanjaalum mathiyaavilla. Ini ente chila observervationsinekkuRichu paRayaam.
ReplyDeleteAthaayathu, it will be difficult to find a person who doesn’t like Master’s songs from the older generation. AthRakaNdu nenjoDu cheRthi thaalolochavaraaNu mikkavarum. Ennaal innathe generation-il ethRa peRkku maashinekkuRichaRiyum? PaRayaan kuRachu vishamamuLLa kaaryam thanneyaaNu. Ippozhathe generation-iluLLavaRkku Devarajan Master / Dakshinamurthy Swamikal / M. S. Baburaj ennivaruDe gaanangaLekkuRichaRiyaan vazhiyuNDu, courtesy : “Reali shows” on singing. KaaraNam, innu pala channelsilum varunna Musical Reality Showsil oru “Devarajan Master Round”, “Swamikal Round”, “Babukka Round” okkeyuNDu along with few yesteryear’s lyriscists. Ennaal oru “Raghavan Master” round-o, “Arjunan Master” round-o vannathaayi njaanithuvare kaNDiTTilla, ethengilum channelil eppozhengilum vanniTTuNDengil kshamikkuka, generally ippaRanja rounds maathRamaaNu parakke kaNDiTTuLLathu. IvaruDe gaanangaL oTTum moshamallaathirunniTTum enthu koNDu ivaruDe paaTTukaL uLkkoLLikkuyo, promote cheyyukayo cheyyaathathu? AthinuLLa utharam njaan thanne swayam kaNDethiyathaaNu, I may be wrong also. Pakshe njaan kaNDethiya kaaraNam iviDe paRayaam.
Devarajan Master, SwamikaL, Babukka, (and for that matter even Arjunan Master) ennivaruDe paaTTukaL sRadhichaal oru kaaryam manassilaakkaan kazhiyum. Athaayathu avaRkkokke “trade mark” / “stamp” ennokko paRayunna avaruDethaaya oru thani “style”uNDaayirunnathu kaaNaam. Athu koNDu ivaruDe paaTTukaL keLkaatha oru vyakthikku ivaruDe kuRe gaanangaL keLppichu, ithu innaa aaLuDe sangeethamaaNu ennu paRanju koDuthu, pinneeDu ivaril aarengilumoraaLuDe athu vare keLppikkaathe gaanam aa vyakthiye keLppichaal, ayaaL paRayum ithu inna sangeetha samvidhaayakante sangeethamalle ennu. Ennaal, Raghavan Master-uDe gaanangaL kuRe keLppichiTTu, pinneeDu athu vare keLppikkaatha MasteruDe oru gaanam aa puLLiye keLppichaal, ayaaLkku aa gaanam Raghavan Master-UdethaaNennu theeRppichu paRayaan kazhiyilla, kaaraNam, Masterkku orikkalum mukaLil paRanja mattu moonnu sangeetha samvidhaayakareppole oru “trade mark” / “stamp”-uNDaayirunnilla ennathu thanneyaaNu. Oru paattorukkaan adheham thante saRva kazhivukaLum upayogichiTTuNDengilum, oro paaTTum, mattu paaTTukaLil ninum veRiTTu thanneyaaNu nilkkunnathu. Pinne Master-uDe oru “trade mark” ennu visheshippikkaNamengil athu adheham chiTTappeDuthiyirunna “folk style” thanneyaaNu. Pakshe athum onninonnum veRiTTu thanneyaaNu nilkkunnathu. Enikku thonnunnathu MasteruDe strong pointum, weak point-um ithe thanneyaaNennaaNu. Oru pakshe pinneeDu vanna thalamuRakku aa paaTTukaL identify cheyyaan kazhiyaathe povunnathum ee “trade mark” illaathathu koNDu thanneyaaNennaaNu. KeTTu parichayappeTTa vyakthikku athu MasteruDe paaTTaaNennu oTTum aalochikkaathe paRayaam. PB-yuDe ini varaanirikkunna lekhanangangaLil ithinekkuRichu vallathum soochippikkunnuNDo ennenikkaRiyilla. Oru pakshe ithentethu maathRamaayuLLa veekshaNavumaavaam.
Now coming to “Ammaye KaaNaan” and its songs. “UnaruNaru” – yes I 100% agree with PB, uNaRnnirikkunnavareyum veeNDum uNaRthunna gaanam. AthRyakku powerful rendition and music arrangement. IthezhuthumboL sherikkum “koLmayiRkkoLLunnu”. AmmayekkaaNaan, TV-il kaNDirunnathu koNDu, ithinte VCD vannappoL njaan aadyam vaangichirunnilla. Ennaal EL-il ee chithRathile gaanangaLuLkkoLLicha oru topic-il PB-yuDe reply kaNDu, aDutha divasam thanne aa VCD njaan vaangi. Sand Banks-inekkuRichum, Birla Bungalow-inekkuRichum, aa nidayekkuRichum, athilooDe vanjiyil yaathRa chethirunnathinekkuRichumokke adheham nostalgia-yuNaRthiyezhuthiyathu kaNDu, aa VCD kaikkalaakkiyillengil valiyoru nashTamaavum ennu karuthi uDan vaangi.
Ee lekhanathinu orikkalkkooDi nanni PB. Varaanirikkunna lekhanangaLkkaayi kaathirikkunnu.
Valare nalla post. Maash namukkidayil jeevichirikkunnu ennu ethra per orkkunnu? Aacharavedikalil ninnu daivam adhehatthe rakshikkatte.
ReplyDeleteഈ പോസ്റ്റിനു നല്ല പ്രതികരണങ്ങള്‍ നല്‍കിയ ഫിറോസ്, വിജയന്‍, വേമ്പനാട്, സംശയാലു, വിഡ്ഢിമാന്‍, റയര്‍ റോസ്, ഇ.ജി.വസന്തന്‍, രാജഗോപാല്‍, റോമു, രവിമേനോന്‍ എന്നിവര്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി !
ReplyDeleteവസന്തനെയും വിജുവിനെയും ഈ പോസ്റ്റ് പല ഓര്‍മ്മകളിലേക്കും നയിച്ചതില്‍ അതീവ സന്തോഷമുണ്ട് .
നല്ല വാക്കുകള്‍ക്ക് നന്ദി !
റോമു എഴുതിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങള്‍ ആണ്.
ഇതില്‍ പരാമര്‍ശിച്ച സ്ഥലങ്ങള്‍ നാട്ടുകാരനായ സംശയാലുവിനും അറിയുന്ന സ്ഥലങ്ങള്‍ ആയതു
കൊണ്ട് സന്തോഷം .
രവി മേനോനും രാജഗോപാലും പറഞ്ഞ നല്ല വാക്കുകള്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
thanks for sharing
ReplyDelete