Monday, January 25, 2010

ജ്വലിക്കുന്ന വെയില്‍പ്പൂക്കള്‍

എഴുതിയത് : പിക്സല്‍ ബ്ലൂ


കണ്ണിലെ കന്നിയുറവ് കണ്‍കള്‍ കണ്ടറിയും
കല്ലിലെ ഈറന്‍ ഉറവ് കല്ലിനു താനറിയും
എന്‍ മനം എന്നുമെന്നും എനിയ്ക്കല്ലാതെ ആരൊരാള്‍ക്കറിയും ?

തമിഴ് നാട്ടിലെ മുഴുവന്‍ സിനിമ പ്രേമികളേയും കണ്ണീരില്‍ ആഴ്ത്തിയ അവള്‍ ഒരു തുടര്‍കതൈ എന്ന സിനിമയുടെ മലയാള രൂപം ആയ അവള്‍ ഒരു തുടര്‍ക്കഥ-യിലെ ഈ ഗാനം മലയാളത്തില്‍ ഇപ്പോള്‍ അധികം കേള്‍ക്കാറില്ലെങ്കിലും തമിഴ് ഗാനം ഇന്നും തമിഴ് മനസ്സുകളുടെ ഭാഗം ആണ്.

തെലുങ്കിലും ബംഗാളിയിലും പോലും ഈ ചിത്രത്തിന്റെ മൊഴിമാറ്റ രൂപങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.

കുട്ടിക്കാലത്ത് കണ്ട ഈ സിനിമയിലെ ഒരുപാട് രംഗങ്ങള്‍ ഓര്‍മ്മയില്‍ ഇപ്പോഴും ഉണ്ട്. കമലഹാസന്റെ അഭിനയചാരുതയുടെ രസകരമായ നിമിഷങ്ങളും സിനിമയിലെ ദുഃഖ മുഹൂര്‍ത്തങ്ങളും.

കമലഹാസന്‍ , സോമന്‍ , വിജയകുമാര്‍, സുജാത, ജയലക്ഷ്മി എന്നിവര്‍ അഭിനയിച്ച ഈ കെ. ബാലചന്ദര്‍ സിനിമയുടെ മലയാള രൂപം കേരളത്തിലും വന്‍ ഹിറ്റ് ആയിരുന്നു.

എം എസ് വി -യുടെ ചില മാസ്റ്റര്‍പീസസ് ഈ സിനിമയില്‍ നിന്നായിരുന്നല്ലൊ.
(ദൈവം തന്ന വീട്, കളഭച്ചുമരു വച്ച മേട തുടങ്ങിയവ മറക്കാനാവില്ലല്ലൊ)

നായികയുടെ കദനകഥ പറഞ്ഞ ചിത്രത്തില്‍ സുജാത ആയിരുന്നു നായിക.
സുജാതയുടെ തമിഴിലെ ആദ്യ ചിത്രം ആണ് അവള്‍ ഒരു തുടര്‍കതൈ.

മറ്റൊരു പ്രധാന വേഷം ചെയ്ത ജയലക്ഷ്മി പിന്നീട്
ഫടാഫട് ജയലക്ഷ്മി എന്ന പേരില്‍അറിയപ്പെട്ടത് ചിത്രത്തിലെ കഥാപാത്രം നിമിത്തം ആണ്. ആര്‍. എസ്. പ്രഭുവിന്റെ തീര്‍ത്ഥയാത്ര എന്ന ചിത്രത്തിലായിരുന്നു അവരുടെ അരങ്ങേറ്റം. 1982-ല്‍ 36 റക്കഗുളികകള്‍ കഴിച്ചു ജീവിതം അവസാനിപ്പിച്ച നടി ജീവിതത്തിലെ ദുരന്ത കഥാപാത്രംആയി.

അവരുടെ മനസ്സ് അറിയുവാന്‍ ആര്‍ക്കും കഴിഞ്ഞിരിക്കയില്ല.
അവള്‍ ഒരു തുടര്‍ക്കഥ

തമിഴ് സിനിമാഗാനത്തിന് മലയാള പദങ്ങള്‍ നിരത്തുമ്പോള്‍ വയലാര്‍ കുറച്ചു വിഷമിച്ചിട്ടുണ്ടാകും.
രണ്ടു ഗാനങ്ങളിലേയും വരികള്‍ തമ്മില്‍ കുറേ സാമ്യങ്ങള്‍ ഉണ്ട് - അന്തരങ്ങളും.
എങ്കിലും പരിമിതിയ്ക്കുള്ളിലും വയലാര്‍ സൃഷ്ടിയ്ക്കുന്ന ഒരു ഉജ്വല നിമിഷം ഈ ഗാനത്തില്‍ ഉണ്ട്.
.
ഞാനൊരു വെയില്‍പൂ ജ്വലിയ്ക്കുന്ന വെയില്‍പൂ ആരു വരും ആരോ അണിയാനീ പൊന്‍പൂ.....

ജീവിക്കുവാന്‍ മറന്നു പോയ സ്ത്രീയുടെ മനസ്സ് ഈ വരികളിലുണ്ട്.
കഥാപാത്രങ്ങളുടെ ഹൃദയം തൊട്ടറിയുന്ന എസ്.ജാനകിയുടെ ആലാപനം മലയാളഗാനത്തേയും തമിഴ് ഗാനത്തെയും മികച്ച ഗാന അനുഭവങ്ങള്‍ ആക്കുന്നു.

തമിഴ് സിനിമയിലെ ഗാനങ്ങള്‍ എഴുതിയത് കണ്ണദാസന്‍ ആയിരുന്നു. കണ്ണദാസനും വയലാറും തമ്മിലുള്ള സൌഹൃദത്തിന് സിനിമയ്ക്കപ്പുറമുള്ള മാനങ്ങള്‍ ഉണ്ട്. ഇവരുടെ ഗാനശൈലിയില്‍ മാത്രമല്ല, ജീവിതശൈലിയിലും സമാനതകള്‍ ഏറെയുണ്ട്.

പ്രതിഭാശാലികളായ രണ്ടു പേരുടെയും ജീവിതവും താരതമ്യേന 'ക്ഷണികം' ആയിരുന്നു. വയലാര്‍ 47-മത്തെ വയസ്സിലും കണ്ണദാസന്‍ 54-മത്തെ വയസ്സിലും ജീവിതവേദിയില്‍ നിന്നും വിട പറഞ്ഞു. ഇപ്പോഴും കേരളത്തിലും തമിഴ് നാട്ടിലും ഏറ്റവും ആരാധിയ്ക്കപ്പെടുന്ന ഗാന രചയിതാക്കള്‍ ഇവര്‍ തന്നെ.


വയലാറും തിക്കുറിശ്ശിയും കൂടി കണ്ണദാസനെ കാണാന്‍ പോയ ഒരു സംഭവത്തിന്റെ വിവരണംതിക്കുറിശ്ശി 1985-ല്‍ ഒരു ചലച്ചിത്ര പ്രസിദ്ധീകരണത്തില്‍ (ചലച്ചിത്രം) എഴുതിയിരുന്നു.
രസകരമായ കുറിപ്പില്‍ വയലാറിന്റെയും തിക്കുറിശ്ശിയുടെയും ഗാനങ്ങളുടെ ഉത്ഭവങ്ങള്‍ എത്രസ്വാഭാവികം ആയിരുന്നു എന്നു കാണിയ്ക്കുന്ന ചില നിമിഷങ്ങള്‍ ഉണ്ട്. കണ്ണദാസന്റെ ആതിഥേയമനസ്സും സഹൃദയത്വവും അതിലുണ്ട്.



രാത്രി 8 മണിയ്ക്ക് വയലാറും തിക്കുറിശ്ശിയും കണ്ണദാസന്റെ വീട്ടില്‍ എത്തുന്നു.
ആഡംബരവും പരിഷ്കാരവും ഉള്ള ഗൃഹസാമാഗ്രികളാലും ശില്പങ്ങളാലും അലങ്കൃതമായ ഒരു ഹാളിലേയ്ക്ക് കണ്ണദാസന്‍ അവരെ സ്വാഗതം ചെയ്തു. തിക്കുറിശ്ശിയെ കൂടി കണ്ടപ്പോള്‍ വിരലുകളില്ലാത്ത വിദ്വാന്റെ കയ്യില്‍ വീണയെന്തിനു തന്നു എന്നു പാടിക്കൊണ്ടാണ് കണ്ണദാസന്‍ അവരെ എതിരേറ്റത്.

ഗാനരംഗത്ത്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ലെങ്കിലും, തിക്കുറിശ്ശി പ്രഗത്ഭനായ ഗാനരചയിതാവ് ആണെന്നു പറയേണ്ടതില്ല.

വിരലുകളില്ലാത്ത, ഉദ്യാനപാലകാ നിന്‍ പുഷ്പവാടിയില്‍, എന്തു വേണം എനിയ്ക്കെന്തു വേണം, നിശീഥിനീ നിശീഥിനീ, കസ്തൂരി പൊട്ടു മാഞ്ഞു, രാജമല്ലികേ, വാഹിനീ പ്രേമവാഹിനി തുടങ്ങിയ എത്രയോ നല്ല ഗാനങ്ങള്‍ അവിസ്മരണീയങ്ങള്‍ ആണ്.


മൂന്നു പേരും നല്ല കവികള്‍ മാത്രമല്ലാ നല്ല മദ്യപാനികളും ആയിരുന്നു.

നിരത്തിവെച്ച സ്കോച്ച് വിസ്കിയുടെ കുപ്പികള്‍ കണ്ടപ്പോള്‍ തിക്കുറിശ്ശി രു കഥയാണോര്‍ത്തത് :

പണ്ട് ഒരു കഴുത പട്ടിണി കൊണ്ട് മരിക്കാറായി അലഞ്ഞു നടക്കുകയായിരുന്നു. ഒരു കടല്‍ത്തീരത്ത്‌കഴുത എത്തിച്ചേര്‍ന്നു. ഗോതമ്പുചാക്കുകള്‍ കയറ്റി വന്ന ഒരു കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് ചാക്കുകള്‍എല്ലാം കടല്‍ത്തീരത്ത്‌ അടിഞ്ഞിരുന്നു. അവ പൊട്ടി ഗോതമ്പുമണികള്‍ കടപ്പുറത്താകെ നിറഞ്ഞിരുന്നു. ഇത്രയും ഗോതമ്പ് കണ്ടപ്പോള്‍ ഇതെങ്ങനെ തിന്നു തീര്‍ക്കും എന്ന ആനന്ദത്തില്‍ ഴുത പൊട്ടി ചിരിച്ചു. ചിരി അട്ടഹാസമായി. നിറുത്താതെ ചിരിച്ചു ആ കഴുത മരിച്ചു.

വയലാറും തിക്കുറിശ്ശിയും കണ്ണദാസനും വിഷപാനം ആരംഭിച്ചു.

പാതിരാവായപ്പോള്‍ അതു വരെയുള്ളതെല്ലാം മറന്ന് അവര്‍ വീണ്ടും തുടങ്ങി.
അപ്പോള്‍ വയലാര്‍ സര്‍ഗ്ഗഭാവനയുടെ ലോകത്തില്‍ എത്തി.

വയലാര്‍ പറഞ്ഞു:
"ഞാന്‍ മുന്പൊരിയ്ക്കല്‍ ഗ്ലാസ്‌ നിറയെ മദ്യം പകര്‍ന്നു കുടിയ്ക്കാനാരംഭിച്ചപ്പോള്‍ അതില്‍ ഒരു ഉറുമ്പ്‌ ചത്തു കിടക്കുന്നത് കണ്ടു. അത് എടുത്തു കളഞ്ഞു ഞാന്‍ മുഴുവന്‍ മുത്തി കുടിച്ചു.
മറ്റൊരിയ്ക്കല്‍ ഒരു ഗ്ലാസില്‍ മദ്യം എടുത്തു ചുണ്ടോടടുപ്പിച്ചപ്പോള്‍ അതില്‍ ഒരു തേള് ചത്തു കിടക്കുന്നത് കണ്ടു. തേളിനെ എടുത്തു മാറ്റി ഞാന്‍ ഗ്ലാസ് കാലിയാക്കി.
മറ്റൊരവസരത്തില്‍ ഞാന്‍ മദ്യം പകര്‍ന്നു കയ്യിലെടുത്തപ്പോള്‍ ഞാന്‍ അതില്‍ ചത്തു കിടക്കുന്നത് കണ്ടു. എന്നെ എടുത്തെറിഞ്ഞു ഞാന്‍ മദ്യം കുടിച്ചു."

കണ്ണദാസന്‍ ത് കേട്ടപ്പോള്‍ വയലാറിനെ ഓടിച്ചെന്നു കെട്ടി പിടിച്ചു.

"പ്രമാദം ...
പ്രമാദം ഇന്ത മാതിരി എനക്ക് ശൊല്ലിയിറുക്ക കൂടാതാ. വയലാര്‍.. നീങ്കള്‍ തമിഴിലെ പിറന്തിരുന്താല്‍ കണ്ണദാസന്‍ എന്ട്രൊരു പേരേ വെളിയിലേ വരാത്‌ !!"


ലഹരി കൂടിയപ്പോള്‍ വയലാര്‍ സിനിമാനടികളേയും ഫോണില്‍ വിളിച്ചു തുടങ്ങി. അത് അദ്ദേഹത്തിന്റെ ഒരു ശീലം ആയിരുന്നുവത്രേ.

ഒരു സൌഹൃദാന്വേഷണം. നിരുപദ്രവകരമായ ഒരു ഇഷ്ടവിനോദം ആയിരുന്നു അതെന്നു
തിക്കുറിശ്ശി പറയുന്നു.

ആരെയാണ് വയലാര്‍ വിളിയ്ക്കുന്നതെന്ന് കണ്ണദാസന്‍ ചോദിച്ചു.

അതിനുത്തരം
തിക്കുറിശ്ശി നല്‍കിയത് ഒരു നിമിഷ കവിത ആയിട്ടായിരുന്നു.

"കയ്യില്‍
കിട്ടിയ തുട്ടശേഷവുമെവിടെ കൂടെങ്കിലും ദുര്‍വ്യയം
ചെയ്യാതങ്ങു കിടന്നുറങ്ങുവതിനായ് കുട്ടനു കഷ്ടം പരം
വയ്യെന്നാലുമിരുന്നു മദ്യമൊരു പാടുള്ളില്‍ ചെലുത്തി സ്വയം
തയ്യാറായിടുമേത് പെണ്ണിനേയും ഫോണില്‍ വിളിച്ചീടുവാന്‍"

നിമിഷ കവിതയിലെ ദ്വയാക്ഷര പ്രാസം ശ്രദ്ധിയ്ക്കുക.

അത് കേട്ട് വയലാര്‍ പൊട്ടിച്ചിരിച്ചു.
എന്താണ് എഴുതിയതെന്നു കണ്ണദാസന്‍ ചോദിച്ചു. വയലാര്‍ ആ ശ്ലോകം പറഞ്ഞു കേള്‍പ്പിച്ചു.

"പുരിഞ്ചിതാ ?"
വയലാര്‍ ആരാഞ്ഞു. "ഇതു പുരിയാമയിരിക്കുമാ ?" എന്നു കണ്ണദാസന്‍.


മലയാളം തമിഴ് സിനിമാഗാനങ്ങളില്‍ ഇന്നും തരംഗം സൃഷ്ടിയ്ക്കുന്ന രണ്ടു യുഗ പ്രഭാവന്മാര്‍ ആയ ഗാനരചയിതാക്കളുടെയും കാവ്യകലാ വല്ലഭന്‍ ആയ തിക്കുറിശ്ശിയുടേയും പ്രതിഭാസംഗമത്തിന്റെയും സ്നേഹബന്ധത്തിന്റെയും ഒരു തൂലികാ ചിത്രം ആയാണ് ഈ കൂടിക്കാഴ്ചയെ പറ്റി ഞാന്‍ എഴുതിയത്. ഈ കുറിപ്പ് മദ്യപാനത്തിന്റെ സങ്കീര്‍ത്തനമല്ല.

മണ്‍മറഞ്ഞു പോയ മൂന്നു ഗാനരചയിതാക്കള്‍ക്കും ആദരാഞ്ജലികള്‍ - ചീയേര്‍സ് !

ലഹരി കവര്‍ന്നെടുത്ത ജീവിതം ആണ് വയലാറിന്റെയും കണ്ണദാസന്റെയും.
അവരുടെ ജീവിത ലഹരിയുടെ ചൂടും പ്രകാശവും ആണ് ഗാനങ്ങളിലൂടെ നാം ആസ്വദിയ്ക്കുന്നത്.

ഇന്നും ഗാനങ്ങളിലൂടെ രണ്ടു ഭാഷകളില്‍ രണ്ടു രീതിയില്‍ അവര്‍ ചോദിയ്ക്കുന്നു:

എന്‍മനം എന്നുമെന്നും എനിയ്ക്കല്ലാതെ ആരൊരാള്‍ക്കറിയും?

എന്‍മനം എന്നതെന്ട്രു എന്നൈയെന്ട്രു യാരുക്കു തെരിയും ?

വെയില്‍പൂക്കള്‍ ആയിരുന്നു അവര്‍.

അവര്‍ ഒരു തുടര്‍ക്കഥ.





ഈ ചിത്രത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ നിന്ന് ലഭ്യമാണ്

No comments:

Post a Comment