Saturday, March 27, 2010

ഗിരീഷ്‌ പുത്തഞ്ചേരി അവശേഷിപ്പിക്കുന്നത്

എഴുതിയത് : പിക്സല്‍ ബ്ലൂ



ഓരോ നഷ്ടപ്പെടലും നികത്താന്‍ കഴിയാത്തത് തന്നെയാണ്. ജീവിതത്തോട് ഭൌതികാര്‍ത്ഥത്തില്‍‍ തന്നെ പൊരുതി നേടിയ സൌഭാഗ്യങ്ങള്‍ ചിലര്‍ക്ക് അധിക കാലം അനുഭവിക്കാന്‍ കഴിയുന്നില്ലെന്ന് വരുന്നത് വിധിയുടെ ഒരു ക്രൂരത ആണ്. അകാലത്തില്‍ അടുത്ത കാലത്ത് പൊലിഞ്ഞ പല കലാകാരന്മാരുടെയും ജീവിതത്തിലെ ആദ്യ കാലത്തെ കുറിച്ച് വായിക്കുമ്പോള്‍ സൌഭാഗ്യങ്ങള്‍ ദീര്‍ഘ കാലത്തേക്ക് ചിലര്‍ക്ക് മാത്രം പക്ഷപാതത്തോടെ ദൈവം നല്‍കുന്ന വരങ്ങള്‍ ആണോ എന്ന് സംശയിച്ചു പോകും. പിന്നെ ഒരര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ ‍ എല്ലാ മനുഷ്യരുടെയും കാര്യം ഇത്രയേയുള്ളൂ എന്ന പതിവ് സത്യത്തില്‍ മനസ്സ് അഭയം തേടും .


നാട്ടില്‍ പോകുമ്പോള്‍ മിക്കപ്പോഴും അയല്‍നാട്ടിലെ ഉള്ളിയേരി എന്ന ഗ്രാമത്തില്‍ കൂടി ഒരു യാത്ര പതിവുണ്ട്. ആ അങ്ങാടിക്കടുത്താണ് പുത്തഞ്ചേരി എന്ന സ്ഥലം. കൂമുള്ളി എന്ന കൊച്ചു സ്ഥലത്ത് നിന്നും ഗിരീഷ്‌ പുത്തഞ്ചേരി കേരളം മുഴുവന്‍ അറിയപ്പെടുന്ന ഏറ്റവും ജനപ്രീതിയുള്ള ഗാനരചയിതാവായി മാറിയതിനെ കുറിച്ചു അത്ഭുതത്തോടെ ആലോചിച്ചു പോകാറുണ്ട് അപ്പോള്‍. ഗിരീഷിന്റെ അകാല മരണം കൂടുതല്‍ വേദനാജനകം ആയി തന്നെ തോന്നി.

ദിവസങ്ങള്‍ കഴിയുമ്പോള്‍ ഏത് ദുഃഖത്തില്‍
നിന്നും മനുഷ്യര്‍ ഭാഗികമായോ പൂര്‍ണമായോ വിമുക്തി നേടും.
യാഥാര്‍ത്ഥ്യത്തിന്റെ ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ എന്തായിരുന്നു അയാള്‍ എന്ന് ആലോചിച്ചു പോകും. അപ്പോള്‍ തീര്‍ച്ചയായും ആ കലാകാരന്റെ കല എന്തായിരുന്നു എന്നും ആലോചിക്കും. വികാരത്തിന്റെ ഇടപെടല്‍ ഇല്ലാത്ത വിലയിരുത്തലുകള്‍ ഉറ്റവരുടെ കാര്യത്തില്‍ പോലും നമ്മള്‍ നടത്തും. സത്യം ആണ് നില നില്‍ക്കേണ്ടത്. ആ ഒരു ആഗ്രഹം ആണ് മനുഷ്യത്വത്തേയും സംസ്കാരത്തെയും നില നിര്‍ത്തുന്നത്. അതുകൊണ്ട് ഇത് ഗിരീഷിന്റെ ഗാനങ്ങളെ കുറിച്ചുള്ള ലേഖനം എന്നതിനേക്കാള്‍ മലയാളത്തിലെ ഗാനശാഖക്ക് സംഭവിച്ച അപചയത്തെ കുറിച്ചുള്ള ഒരു ആസ്വാദകന്റെ കുറിപ്പാണ്.

ജനപ്രീതി തീര്‍ച്ചയായും
ഒരു മൂല്യം തന്നെയാണ്.
സിനിമ നല്‍കുന്ന ഗ്ലാമറും പ്രശസ്തിയും ആരുടെയും കണ്ണഞ്ചിപ്പിക്കും.
ഗിരീഷിന്റെ കാര്യത്തില്‍ അങ്ങനെ കണ്ണഞ്ചി പോയവര്‍ എഴുതിയ കുറേ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഗിരീഷ്‌ ഒരു കവിയായിരുന്നു എന്ന കാര്യം സ്ഥാപിക്കാന്‍ എല്ലാവരും വ്യഗ്രതപ്പെടുന്നത് ‌ കണ്ടു.

കവിതയെ പറ്റി എന്നെ പോലുള്ള സാധാരണക്കാര്‍ പുലര്‍ത്തുന്ന അന്ധവിശ്വാസം ഒക്കെ കയ്യോഴിക്കേണ്ട കാലം ആയോ എന്ന് അത്തരം തല്ക്കാല പ്രബന്ധങ്ങൾ വായിച്ചപ്പോള്‍ സംശയം തോന്നി. അതുകൊണ്ട് ഈ കുറിപ്പ് കവിതയ്ക്ക് വേണ്ടിയുള്ള ഒരു സങ്കടഹര്‍ജി ആയും വായിക്കാം.

ഗാനരചയിതാവ് തന്നെ പല സന്ദര്‍ഭങ്ങളില്‍ പറഞ്ഞ വാചകങ്ങള്‍ അച്ചടിമഷി പുരണ്ടു വന്നപ്പോള്‍
നമ്മുടെ ഗാനചരിത്രം
തന്നെ ഇനി മാറി മറിഞ്ഞു പോകുമോ എന്ന ആശങ്കയും തോന്നി.

'ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ് വരാം' എന്ന കുമാരനാശാന്റെ വരികള്‍ ഓര്‍ത്തുപോയി.
അപ്പോള്‍ ഇനി വിശ്വസിക്കേണ്ടത് ഇങ്ങനെയാണ്. കവിത എന്നു പറഞ്ഞാല്‍ വാക്കുകള്‍ കൂട്ടിചേര്‍ക്കുമ്പോള്‍ ഉള്ള ചില ഇഫെക്ട്സ് മാത്രം ആണ്. അതിനു പറ്റിയ ചില നല്ലതും സ്വയംപര്യാപ്തവുമായ വാക്കുകള്‍ കവികള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതും കൂടെ കൊണ്ടുനടക്കുന്ന നോട്ട്ബുക്കില്‍ എഴുതി വയ്ക്കേണ്ടതുമാണ്.
ഹൈന്ദവ സവര്‍ണ്ണ മൂല്യങ്ങള്‍ പുനരാനയിക്കപ്പെട്ട 90-കളിലേയും കഴിഞ്ഞ ദശകത്തിലെയും സിനിമകളിലെ ഗാനങ്ങളില്‍
കര്‍മ്മബന്ധം, ജന്മാന്തരം, നിമജ്ജനം, ഇഹപരം, പുണ്യപാപം എന്നെല്ലാം കേട്ടാല്‍ ജനത്തിന്റെ കണ്ണ് നിറഞ്ഞു കൊള്ളും. അര്‍ത്ഥത്തെ കുറിച്ചൊന്നും അധികം ആലോചിക്കേണ്ടതില്ല. വരികള്‍ ഉണ്ടാക്കുന്ന പ്രതീതി ആണ് പ്രധാനം. നിഴലും വെളിച്ചവും പറയുന്ന സത്യം ആണ് സിനിമ . പ്രതീതികള്‍ക്ക് ചിലപ്പോള്‍ സത്യത്തേക്കാള്‍ മുന്‍‌തൂക്കം ഈ മാധ്യമത്തില്‍ ഉണ്ടാകാറുണ്ട്. താരം എന്ന പ്രതിഭാസം പോലും അങ്ങനെ ഒരു പ്രതീതി ആണ്.

ഗാനങ്ങള്‍ പലപ്പോഴും സൃഷ്ടിക്കുന്നത് പ്രതീതികള്‍ ആണ്.
വഴിക്കണ്ണുമായി നിഴല്‍ചില്ല് മേയും ജനല്‍ക്കൂടിനുള്ളില്‍ വിതുമ്പുന്നു ജന്മം എന്നെല്ലാം എഴുതിയാല്‍ അതീവ ഗഹനമായ കാവ്യാവിഷ്കാരങ്ങള്‍ ആണെന്ന് ഒരുവിധക്കാരെല്ലാം വിശ്വസിച്ചോളും. എഴുതിയ ആളുടെ പേരിന്റെ വിപണനമൂല്യവും പ്രധാനം ആണ്. അപ്പോള്‍ ആ അര്‍ത്ഥത്തില്‍ ഗിരീഷ്‌ പുത്തഞ്ചേരി കാലത്തിന്റെ കവി ആണ്.

ഞാന്‍ മറ്റൊരു കാവ്യലോകത്ത് ജീവിക്കുന്ന എന്റെ സുഹൃത്തായ കവി. അയ്യപ്പനെ ഓര്‍ത്തു പോയി. പിന്നെ ഒരു നിമിഷം പോലും വേണ്ടിവന്നില്ല കവിത എന്താണെന്ന തിരിച്ചറിവിലേക്ക് തിരിച്ചെത്താന്‍. സൌഹൃദ ഇടപെടലുകളില്‍ അയ്യപ്പനെ പോലെ വെറുപ്പിക്കുന്ന ഒരു സാഹിത്യകാരനും ഇന്ന് കേരളത്തില്‍‍ ഇല്ല. അപ്പോഴും ഇത്ര ഇഷ്ടം അടുത്ത് പരിചയപ്പെട്ട ഒരു കവിയോടും തോന്നിയിട്ടില്ല.
സൌഹൃദത്തിലുപരി കവിതയാണ് അതിനു കാരണം.


ഒരിക്കലും അയ്യപ്പന്‍ കവിതയെ കുറിച്ചൊന്നും അധികം സംസാരിക്കില്ല.
കവിത അയ്യപ്പന്റെ ഒരു സംസാരവിഷയം അല്ല. കാരണം, അതുതന്നെയാണ് ജീവിതം.
ജലത്തില്‍ മത്സ്യമെന്ന പോലെ കവിതയില്‍ അയ്യപ്പന്‍ ജീവിക്കുന്നു.
അയ്യപ്പന്‍ എങ്ങനെ അത്യപൂര്‍വ്വമായ കാവ്യബിംബങ്ങള്‍ കണ്ടെത്തുന്നു എന്നത് ഒരു അത്ഭുതം തന്നെയാണ്.

നീല ലിറ്റ്മസിനപ്പുറം കത്തുന്ന തീനാളമാരുടെ മനസ്സാണ് ?
ഉര്‍വരമായ മണ്ണില്‍ വിതയ്ക്കുന്ന കണ്ണുകളെല്ലാമാരുടേതാണ് ?
വിത്തുകള്‍ പൊട്ടി മുളക്കേണ്ട മണ്ണിലെ കലപ്പക്കീറില്‍ കണ്ണുനീര്‍ വറ്റുന്നു
വേഴാമ്പലിനു ഒരു തുള്ളി വെള്ളവും കിട്ടിയില്ല മഴ കൊണ്ടു നനയുന്ന ഭിത്തികളിടിയുന്നു...

അയ്യപ്പന്റെ ബിംബങ്ങളും പദസംഘാതങ്ങളും മലയാളത്തിലെ ഇപ്പോഴത്തെ ഒരു കവിക്കും ആവിഷ്കരിക്കാന്‍ കഴിയാത്ത വിധത്തില്‍ കവിതയുടെ ദംശനം ഏറ്റവ ആണ്.

വൈലോപ്പിള്ളിയേയും ഇടശ്ശേരിയേയും എല്ലാം വായിച്ചു വളര്‍ന്നവര്‍ക്ക് നമ്മുടെ കാവ്യപാരമ്പര്യവുമായി ഒരു ബന്ധവുമില്ലാത്ത പദസംയോജകര്‍ മാത്രം ആയ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയേയും ഗിരീഷ്‌ പുത്തഞ്ചേരിയേയും ഒന്നും കവികളായി അംഗീകരിക്കാന്‍‍ കഴിയില്ല.

വയലാറിന്റെയും ഭാസ്കരന്‍ മാഷുടെയും എല്ലാം ഒന്നാംതരം ഗാനങ്ങള്‍ കേട്ടു പരിചയിച്ച കാതുകള്‍ക്ക്

സൂര്യനാളമൊരു സ്വരമഴയുടെ മിഴി
മന്ത്ര തീര്‍ത്ഥമരുളിയ പുലരിയിലനുരാഗ
ശൃംഗമാര്‍ന്ന..
. (ഗംഗേ എന്ന ഗാനം- വടക്കുംനാഥന്‍)


എന്നോ

അതിശയ ഭൃംഗം
അമൃത പതംഗം
അധര സുധാ രസ ശൃംഗം (മധുരം ഗായതി എന്ന ഗാനം- ബനാറസ്‌ )

- എന്നോ ഉള്ള അര്‍ത്ഥശൂന്യമായ പദപ്രയോഗങ്ങള്‍ സഹിക്കാന്‍ കഴിയുകയില്ല.
ടി.പി.ശാസ്തമംഗലം ഒക്കെ പ്രശംസിച്ച ബനാറസ്‌ -ലെ ഒരു ഗാനത്തിന്റെ വരികള്‍ ആണ് മുകളില്‍ എഴുതിയത്.

പദബോധം എന്നത് ഏത് കവിക്കും അവശ്യം വേണ്ടുന്ന സംഗതി ആണ്.
പദബോധമുള്ള കവിയോ ഗാനരചയിതാവോ മേലെ കൊടുത്തത് പോലുള്ള വരികള്‍ ഒരിക്കലും എഴുതുകയില്ല.

പിന്നീട് നല്ല കവികള്‍ അധികം ഒന്നും നമുക്കില്ലാത്തത് കൊണ്ട് ഇപ്പോഴും ബാലചന്ദ്രന്‍ ചുള്ളിക്കാട് യുവകവി ആണ്.

ബാലചന്ദ്രന്റെ കവിത കത്തി പടര്‍ന്ന കാലം മറക്കാനാവില്ല.

ബാലചന്ദ്രന്‍ ശ്രുതി (1987) എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ എഴുതിയപ്പോള്‍ ഏറ്റവും വിമര്‍ശിച്ച് എഴുതിയത് ടി പി.ശാസ്തമംഗലം ആയിരുന്നു.
ഗാനങ്ങള്‍ മികച്ചത് ആയിരുന്നില്ലെങ്കിലും, ഓരോ വിമര്‍ശനത്തിനും അക്കമിട്ടു ബാലചന്ദ്രന്‍ മറുപടി നല്കി.
ഓരോ വാക്കും താന്‍ പ്രയോഗിച്ചത് കൃത്യമായ അര്‍ത്ഥ ബോധത്തോടെ ആണെന്നും ആ വാക്കുകളുടെ അര്‍ഥം, പ്രയോഗഭേദങ്ങള്‍, യോഗയുക്തി എന്നിവ ശാസ്തമംഗലത്തിനു അറിയാത്തതിന് ഞാന്‍ ഉത്തരവാദി അല്ലെന്നും ആണ് ശക്തമായ ഭാഷയില്‍ ബാലചന്ദ്രന്‍ എഴുതിയത്.

ഒരു ഗാനത്തില്‍ 'പാവം പാർവ്വതിയുടെ കര്‍ണ്ണങ്ങളില്‍ ബാലചന്ദ്രന്‍ കര്‍ണികാരം അണിയിക്കുന്നു' എന്ന്‌ ശാസ്തമംഗലം എഴുതി.‌
കുമാരസംഭവം 3-ആം സര്‍ഗ്ഗത്തിലെ 62 ആം ശ്ലോകമോ സംസ്കൃതം ഭാഷയോ ശാസ്തമംഗലത്തിന് അറിയാത്തതിന് ഞാന്‍ ഉത്തരവാദിയല്ല എന്ന്‌ പറഞ്ഞുകൊണ്ട് കുമാരസംഭവത്തില്‍ ഉമ കര്‍ണ്ണത്തില്‍ കര്‍ണികാരം ചൂടിയ മൂലശ്ലോകവും കുട്ടികൃഷ്ണ മാരാരുടെ പരിഭാഷയും ബാലചന്ദ്രന്‍ ഹാജരാക്കി.
-കാളിദാസന് എഴുതാമെങ്കില്‍ എനിക്കെന്തുകൊണ്ട് എഴുതിക്കൂടാ എന്ന ചോദ്യത്തോടെ.

'ജീവനും പ്രാണനും ഒന്നാണ്. അതറിയാതെയുള്ള ചുള്ളിക്കാടിന്റെ പ്രയോഗം കണ്ട് ഭാഷാംഗന പ്രാണനും കൊണ്ടോടുന്നു'
എന്ന്‌ ശാസ്തമംഗലം എഴുതിയപ്പോള്‍ ജീവന്‍ , പ്രാണന്‍ എന്നീ വാക്കുകള്‍ക്ക് ഒരര്‍ത്ഥം മാത്രമേ ശാസ്തമംഗലത്തിന് അറിയൂ എന്നതിന് ഞാന്‍ ഉത്തരവാദിയല്ല എന്ന്‌ ബാലചന്ദ്രന്‍ പറഞ്ഞു.
ജീവന്‍ എന്ന വാക്കിന് 13-ഉം പ്രാണന്‍ എന്ന വാക്കിന് 6-ഉം അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് ശബ്ദതാരാവലി വച്ച് ബാലചന്ദ്രന്‍ സമര്‍ത്ഥിച്ചു‍.
ഇതില്‍ ഏതര്‍ത്ഥത്തിലും വാക്കുകള്‍ ഉപയോഗിക്കാന്‍ കവിക്ക്‌ അധികാരം ഉണ്ട്.

ശാസ്തമംഗലത്തിന് ഉത്തരം മുട്ടി.
യഥാര്‍ത്ഥ കവികളോട് കളിച്ചാല്‍ അങ്ങനെയാണ്.

ഗാനങ്ങളോ കവിതകളോ മോശം ആയാലും താനെഴുതുന്നതിന്റെ അര്‍ത്ഥം എന്തെന്ന നല്ല ബോധ്യം നല്ല ഗാനരചയിതാവിനും കവിക്കും എപ്പോഴുമുണ്ടാകും.
അതുകൊണ്ടും കൂടിയാണ് കവിയെ പണ്ട് പണ്ടേ പ്രജാപതി എന്ന്‌ പറഞ്ഞു പോരുന്നത്.
(അപാരെ കാവ്യ സംസാരേ കവിരേവ പ്രജാപതി)

ഇങ്ങനെ അധികാരവും അറിവും ഉള്ള കവികളില്‍ നിന്നും ഗാനരചയിതാക്കള്‍ നിന്നും ഗാനരംഗം പില്‍ക്കാല ഗാനരചയിതാക്കളില്‍ എത്തുമ്പോള്‍ വായക്കു തോന്നിയത് കോതക്ക് (സിനിമ) പാട്ട് എന്നായി.

"ഞാനൊന്നും പറയുന്നില്ല.. അതു കേട്ട് ഇപ്പോഴത്തെ പാട്ടെഴുത്തുകാര്‍ പാട്ടെഴുതി കളയും"
എന്ന്‌ കുറച്ചു മുമ്പ് വായിച്ച ഒരു കഥയില്‍ ഒരു കഥാപാത്രം ദേഷ്യത്തോടെ പറയുന്നുണ്ട്.
അങ്ങനെയായി ഗാനരചനയുടെ അവസ്ഥ.
കൈതപ്രം, ഗിരീഷ്‌ പുത്തഞ്ചേരി എന്നിവര്‍ ഈയൊരു തലമുറയുടെ ലക്ഷണം ഒത്ത പ്രതിനിധികള്‍
ആണ്.

കൈതപ്രം ആദ്യകാലത്ത് ചില ഭേദപ്പെട്ട ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.
ഒറ്റപ്പെട്ട നല്ല ഗാനങ്ങള്‍ ഗിരീഷും എഴുതിയിട്ടുണ്ട്.
ബാല്യകാലത്തിന്റെ ദുഃഖസ്മൃതികള്‍‍ നിറഞ്ഞ ഗിരീഷിന്റെ ചില ഗാനങ്ങള്‍ നന്ന്.
അപ്പോഴും ഇവരുടെ നല്ല ഗാനങ്ങള്‍ക്ക് കാവ്യശില്പങ്ങള്‍ എന്ന നിലയിലുള്ള സമഗ്രത കൈവരിക്കാന്‍ കഴിയാതെ പോകുന്നു.
വയലാര്‍, പി.ഭാസ്കരന്‍ തുടങ്ങിയ പ്രതിഭാശാലികളുടെ നിരയില്‍ ഇവര്‍ക്ക് ഒരിക്കലും എത്താന്‍ കഴിയാതെ പോകുന്നത് അതുകൊണ്ടാണ്.

1500-ലധികം ഗാനങ്ങള്‍ എഴുതിയ ഗിരീഷിന്റെ ഗാനലോകത്തില്‍ ഭാഷാപരമായ വൈകല്യങ്ങള്‍ ഇല്ലാത്ത നല്ല ഗാനങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രമേ ഉള്ളു.
ഒറ്റപ്പെട്ട ഗാനങ്ങളെ കുറിച്ച് അത്ഭുതപ്പെടാന്‍ ഒന്നുമില്ല.
ഇത്രയും ഗാനങ്ങള്‍ എഴുതിയാല്‍ ഏത് സ്കൂള്‍കുട്ടിയ്ക്കും സാധിക്കാവുന്ന കാര്യം ആണ് ഇത്.
വിസ്മയിക്കുന്ന കാവ്യഭംഗി ഒന്നും ഗിരീഷിന്റെ നല്ല ഗാനങ്ങളില്‍ കണ്ടിട്ടില്ലെങ്കിലും അവയിലെ നല്ല അംശങ്ങള്‍ ‍ അംഗീകരിക്കുന്നു.
അതേ സമയം തന്റെ 98% എങ്കിലും ഗാനങ്ങളിലൂടെ ഗിരീഷ്‌ മലയാള ഭാഷയോടും മലയാള ഗാനശാഖയോടും ചെയ്ത അപരാധം അവഗണിക്കുവാന്‍ കഴിയുകയില്ല.
കാരണം അത് ഒരു സാംസ്കാരിക പ്രശ്നം ആണ്.

പുതിയ തലമുറയിലെ കുട്ടികള്‍ പൊതുവേ സംഗീതാസ്വാദനത്തില്‍ മാത്രമല്ല ജീവിതത്തില്‍ തന്നെയും ഒരു പ്രതികരണവും ഇല്ലാത്തവര്‍ ആയിപ്പോയതിന് ഗിരീഷ്‌ ഗാനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്‌.
നല്ല ഗാനങ്ങള്‍ ആയി കൊണ്ടാടപ്പെട്ട ഉള്ളു പൊള്ളയായ ചില ഗാനങ്ങള്‍ ഉണ്ടാക്കിയ സ്വാധീനം അത്ര തന്നെ അപകടകരം ആണ്.
കവിതയെ കുറിച്ചുള്ള വ്യാജ ധാരണകള്‍ പ്രചരിപ്പിക്കുന്നതില്‍ ഇത്തരം ഗാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
ഭാഷ മലിനം ആകുമ്പോള്‍ ഏത് സംസ്കാരവും മലിനം ആകുന്നു.

മീറ്ററിനനുസരിച്ച് വാക്ക് കിട്ടാതെ വന്നപ്പോള്‍ ആദ്യത്തെ ഹിറ്റ്‌ ഗാനം രചിക്കാന്‍ 'കവി' (ശാന്തമീ രാത്രിയില്‍ ) അനുഭവിച്ച മാനസിക സംഘര്‍ഷത്തെ പൊലിപ്പിച്ചെഴുതിയ ഒരു ലേഖനം വായിച്ചു.
ഏതോ ക്ലാസ്സിക്‌ ഗാനത്തിന്റെ പിറവിയെ കുറിച്ചാണ് പറയുന്നതെന്ന് തോന്നും ആ ലേഖനം വായിക്കുമ്പോള്‍.
കളഭം തരാം എന്ന ഗാനം ക്ലാസ്സിക്‌ ആണെന്ന് പറയുന്നു മറ്റൊരു ലേഖനം.
മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍‌പീലി നിന്നെ ചാര്‍ത്താം എന്നെല്ലാം കേട്ടാല്‍ ആശയക്കുഴപ്പം കൊണ്ട് ശ്രീകൃഷ്ണന്‍ ഗുരുവായൂരില്‍ നിന്നു തന്നെ പോകും എന്ന് അരസികനായ ഞാന്‍ ആ ഗാനം വന്ന സമയത്ത് ഒരിടത്ത് എഴുതിയതോര്‍ക്കുന്നു.

ഭക്തി ഗാനങ്ങളില്‍ കല്പനകള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു സംഭവം ഓര്‍ക്കുന്നു.
പി.ഭാസ്കരന്റെ ഒരു ബന്ധു എന്നോടു പറഞ്ഞതാണ്.
അദ്ദേഹത്തിന്റെ വീട്ടില്‍ ഒരിക്കല്‍ ഭാസ്കരന്‍ മാഷ് ചെന്നപ്പോള്‍ ഉണ്ടായ സംഭവമാണ്.
ഒരു മയില്‍ പീലിയായ് ഞാന്‍ എന്ന പ്രശസ്ത ഗാനം വന്ന സമയമാണ്.
നല്ലൊരു ഭക്തി ഗാനം ഈയിടെ കേട്ടുവെന്നു പറഞ്ഞു വീട്ടുകാര്‍ ആ ഗാനം ഭാസ്ക
ന്‍ മാഷ്ക്ക്
കേള്‍പ്പിച്ചു കൊടുത്തു.
ആ ഗാനം കേട്ട് കഴിഞ്ഞപ്പോള്‍ ഭാസ്കരന്‍ മാഷുടെ മുഖത്ത് ഒരു പ്രസാദവും ഇല്ല.
നല്ല പാട്ടല്ലേ എന്ന് ചോദിച്ചപ്പോള്‍ ദേഷ്യത്തോടെ ഭാസ്കരന്‍ മാഷ് ചോദിച്ചു:
"കൃഷ്ണന്റെ മുടിക്കുടന്നയില്‍ ആരെങ്കിലും തപസ്സിരിക്കുമോ?"
ആരുടെ മുടിക്കുടന്നയില്‍ ആര് തപസ്സിരുന്നു എന്ന് നമുക്കെല്ലാമറിയാം.
എത്ര നല്ലൊരു ഗാനാസ്വാദന പാഠം!

ഈയിടെ ഗിരീഷ്‌ മുന്‍പ് എഴുതിയ ചില ശ്രീകൃഷ്ണ ഭക്തിഗാനങ്ങള്‍ കേള്‍ക്കാനിടയായി.
തുലാഭാരം. സംഗീതം നടേഷ് ശങ്കര്‍.

ഒരു പാട്ടില്‍ രതിലയമറിയുന്ന രുഗ്മിണി എന്ന ഒരു പ്രയോഗം കേട്ടു.
രുഗ്മിണിയ്ക്ക് ഇത്രയും നല്ലൊരു വിശേഷണം വേറെ എവിടുന്ന് കിട്ടാനാണ് ?
കവിത്വം ഉള്ള ഒരാള്‍ക്ക്‌ അബോധാവസ്ഥയിലോ ഉറക്കത്തിലോ പോലും ഇങ്ങനെയൊന്നും എഴുതാന്‍ കഴിയില്ല എന്നാണ് എന്റെ വിശ്വാസം.

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന ഗാനത്തിന്റെ ജനനകഥയും നമുക്ക് ഈയിടെ വായിച്ചറിയാന്‍ കഴിഞ്ഞു. സുകൃതം എന്നല്ലാതെ എന്തു പറയാന്‍!

മൃദുവായി മൂളുന്നു മുളവേണു ഗാനം നെഞ്ചില്‍
ഒരു പാട് സ്വപ്നം കാണും മനസ്സിന്‍ പുണ്യമായ് (മഞ്ഞക്കിളിയുടെ എന്ന ഗാനം)
എന്നെല്ലാം കേട്ടു രോമാഞ്ചം കൊള്ളുമ്പോള്‍ മുളവേണു എന്ന വാക്കിന്റെ അര്‍ത്ഥവൈരുധ്യം മറന്നു കളയണം.
ക(അ)രിമുല്ല കഴുത്തില്‍ എലസ്സിട് സുറുമക്കണ്ണിണയില്‍ 'സൂര്യനിട്' ന്ന് കേള്‍ക്കുമ്പോള്‍ കണ്ണുകള്‍ക്ക്‌ കുളിര് തോന്നുന്നില്ലെങ്കില്‍ കേള്‍ക്കുന്ന ആളുടെ കുഴപ്പം ആണ്.
കുളിര് പോരെങ്കില്‍ മറ്റൊരു ഗാനത്തില്‍ മഴത്തഴപ്പായ നീര്‍ത്തി എന്നെല്ലാം എഴുതിയത് കേള്‍ക്കുക.
ഇതെല്ലാം നല്ല ഗാനങ്ങളായി കരുതപ്പെടുന്നു എന്നതാണ് വിപര്യയം.

നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായ് (ആരോ വിരല്‍ മീട്ടി) എന്ന് കേള്‍ക്കുമ്പോള്‍ അധികം ചിന്തിക്കരുത്. പ്രശസ്തനായ ഒരു ഗാന നിരൂപകന് മലയാളത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും മികച്ച പത്തു ഗാനങ്ങളില്‍ ഒന്ന് ഈ ഗാനം ആണ്.
(വിരല്‍ മീട്ടി എന്ന പ്രയോഗം തെറ്റാണെന്ന് എനിക്കും ഗിരീഷിനും അറിയാമായിരുന്നു എന്ന് രഞ്ജിത്ത് മട്ടാഞ്ചേരി ഒരിടത്ത് എഴുതി കണ്ടു. )

നല്ലതെന്ന് കരുതപ്പെടുന്ന ചില ഗാനങ്ങളുടെ കാര്യം ആണ് എഴുതിയത്.
ഇതൊന്നും അധികം ശ്രദ്ധിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നിയിട്ടില്ല.
ഭാഷയില്‍ ഗ്രാഹ്യം പോലും ഇല്ലാത്ത ഒരാള്‍ കാളിദാസനും ഭാസനും എഴുത്തച്ഛനും ഒക്കെയാണ് എന്നെ ഏറ്റവും സ്വാധീനിച്ചത് എന്ന് പറയുമ്പോള്‍ അവരെല്ലാം തെറ്റായി ഭാഷ ഉപയോഗിച്ചവരാണ് എന്ന ഒരു സന്ദേശം കൂടി ആ പ്രസ്താവന സമൂഹത്തിന് നല്‍കുന്നുണ്ട്.
ഗിരീഷിന്റെ വിയോഗം നല്‍കുന്ന ദു:ഖത്തിലും ഇത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല.
നല്ല കവിതയെ കുറിച്ച് സമൂഹത്തില്‍ പരക്കുന്ന തെറ്റിദ്ധാരണയെ കുറിച്ച് ചിന്തിക്കേണ്ടത് ഭാഷാസ്നേഹികളുടെ കടമയാണ്.

സിനിമാഗാനങ്ങളുടെ പരിമിതികള്‍ക്കിടയിലും വയലാറും പി. ഭാസ്കരനും രചിച്ച മനോഹരങ്ങളായ ഗാനങ്ങളില്‍ ഭാഷാപരമായ വൈകല്യങ്ങള്‍ ഉള്ള വരികള്‍ അതി വിരളങ്ങള്‍ ആണ്.
തങ്ങള്‍ എഴുതിയതെന്താണെന്ന് അവര്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു.
നേരത്തേ പറഞ്ഞത് പോലുള്ള അധികാരം അവര്‍ക്ക് അവരുടെ ഗാനങ്ങളില്‍ ഉണ്ടായിരുന്നു.
ഗാനരചയിതാക്കള്‍ ആവുന്നതിനു മുമ്പേ പ്രതിഭ തെളിയിച്ച കവികള്‍ ആയിരുന്നു വയലാറും ഭാസ്കരന്‍ മാഷും.

വയലാറിന്റെയും പി. ഭാസ്കരന്റെയും പിന്മുറക്കാരനാണ് ഗിരീഷ്‌ എന്ന് പലരും എഴുതുമ്പോള്‍ തമസ്കരിക്കപ്പെടുന്നത് വയലാറിന്റേയും ഭാസ്കരന്‍ മാഷുടേയും ഗാനലോകങ്ങള്‍ ആണ്.
വിരലിലെണ്ണാവുന്ന നല്ല ഗാനങ്ങളില്‍ പോലും ഗിരീഷ്‌ ചെയ്തത് നമ്മുടെ മഹാന്മാരായ ഗാനരചയിതാക്കളുടെയും കവികളുടെയും ചില പ്രയോഗങ്ങള്‍ ഒന്ന് പുനഃക്രമീകരിച്ചതാണ്.
പി. കുഞ്ഞിരാമന്‍ നായരെ വായിച്ചവര്‍ക്ക് സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനത്തിന്റെ പ്രഭവം മനസ്സിലാകും എങ്കിലും നല്ല ഗാനം ആണത്.

പിന്നെയും പിന്നെയും ആരോ കിനാവിന്റെ എന്ന ഗാനം വളരെ മഹത്തായി തോന്നുന്നവര്‍ ഓ.എന്‍ വി - യുടെ കവിതകള്‍ ശ്രദ്ധിച്ചു വായിച്ചിട്ടുണ്ടാവില്ല. ഗാനം നന്നാകുമ്പോഴും ഭാഷ മൌലികം അല്ല. സ്റ്റോക്ക്‌ പദങ്ങള്‍ ഉപയോഗിച്ച് ഗാനശില്പങ്ങള്‍ വാര്‍ക്കുന്ന ഒരു രീതി മലയാളത്തില്‍ ആദ്യം വിജയകരമായി നടപ്പാക്കിയത് ഒരുപാട് അനശ്വര ഗാനങ്ങള്‍ നമുക്ക് നല്‍കിയ ഓ.എന്‍ വി ആണ്.
കൃത്രിമമായ കാവ്യ പ്രചോദനങ്ങള്‍ കവിതകള്‍ വായിച്ചു ശീലമുള്ളവര്‍ക്ക് എളുപ്പം തിരിച്ചറിയാം.
ഓ.എന്‍ വി-യുടെ നല്ല ഗാനങ്ങള്‍ അവിസ്മരണീയങ്ങള്‍ ആണ്.

ഭാഷാദ്ധ്യാപകന്‍ കൂടിയായിരുന്നത് കൊണ്ട് ഓ.എന്‍ വി-യുടെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ല മലയാളം നമുക്ക് കേള്‍ക്കാം എന്ന കാര്യം ഉറപ്പാണ്. അത് ഇക്കാലത്ത് ഒരു മഹാ ഭാഗ്യം തന്നെയാണ്.
ഗിരീഷിനെ പോലുള്ളവര്‍ കേരളീയ ബിംബങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നല്ല മലയാളം കേള്‍ക്കാന്‍ കഴിഞ്ഞ സന്ദര്‍ഭങ്ങള്‍ കുറവാണ്. മലയണ്ണാർകണ്ണൻ മാര്‍കഴിതുമ്പിയെ മണവാട്ടിയാക്കിയത് പോലെയുള്ള ചേരായ്മകള്‍ ആണ് കൂടുതലും.

മാമ്പുള്ളിക്കാവില്‍ മരതക കാവില്‍ എന്ന ഗാനം ആദ്യമായി കേട്ടപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നി.
വടക്കന്‍ പാട്ടുകളുടെ ബിംബ സങ്കല്‍പ്പങ്ങള്‍ നല്ല രീതിയില്‍ സ്വാംശീകരിച്ച് എഴുതിയ ഭേദപ്പെട്ട രചനയാണെന്ന് തോന്നി.

'കളരിയിലിനിയൊരു മിന്നായം
കാല്‍ത്തളയുടെ കളമൊഴി നാദം"


എന്നെല്ലാം കേട്ടപ്പോള്‍ സന്തോഷം തോന്നി.

മലയാള ഗാനങ്ങള്‍ നന്നാവാന്‍ പോകുന്നു എന്ന ആശ്വാസവും.
പെട്ടെന്ന് വരുന്നു അനുപല്ലവിയുടെ അവസാനത്തെ വരി.

- പാല്‍നുര നുരയുന്നതിവളുടെ രാമായണം...


എന്താണ് സംഭവം എന്ന് എനിക്കിതേ വരെ പിടി കിട്ടിയില്ല. സിനിമ ഈയിടെ കണ്ടിട്ടും പിടി കിട്ടിയില്ല. താന്‍ കനിഷ്ഠ സഹോദരനെ പോലെ കരുതുന്ന കൈതപ്രം നമ്പൂതിരി രാമായണക്കാറ്റെ എന്ന ഒരു കടുംവെട്ട് നടത്തിയിട്ടുണ്ട്. അപ്പോള്‍ തന്റെ വകയും ഇരിക്കട്ടെ ഒന്ന് എന്ന് ഗിരീഷ്‌ കരുതിയിരിക്കാം.

'വരികള്‍ ഈണത്തില്‍ നെയ്യുന്ന സൂക്ഷ്മത കൊണ്ട് ശ്രദ്ധേയമായ യുഗ്മഗാനങ്ങളില്‍' ഒന്നാണ് ഈ ഗാനം എന്ന് എന്റെ ഒരു നല്ല സുഹൃത്ത്‌ ഒരു അനുസ്മരണ ലേഖനത്തില്‍ എഴുതി കണ്ടു..
അദ്ദേഹത്തെ കാണുമ്പോള്‍ ഒരുത്തരം കിട്ടുമായിരിക്കും.
അതുവരെ അവളുടെ രാമായണം മേല്‍പ്പറഞ്ഞത്‌ പോലെ ഇരിക്കട്ടെ.

5 മിനിറ്റ് കൊണ്ട് അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം ന്ന ഗാനം ട്യൂണിനനുസരിച്ച് എഴുതിയ ഭാസ്കരന്‍ മാഷെ ഓര്‍ത്ത് ഇനിയും അത്ഭുതം തോന്നും.

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന ഗാനം അക്കിത്തത്തിന് എഴുതാന്‍ കഴിയുമോ എന്ന് ഗാനരചയിതാവ് ചോദിച്ചതായി ഒരു പ്രസിദ്ധീകരണത്തില്‍ കണ്ടു. ആ ഗാനത്തിന്റെ കാര്യത്തില്‍ ലോകത്ത് ആര്‍ക്കും അത്ഭുതം തോന്നാനിടയില്ല.

ഈയിടെ യേശുദാസിന്റെ സപ്തതിക്ക് അക്കിത്തം ഒരു മംഗളപത്രം എഴുതി.
അതിലെ ആദ്യ വരികള്‍:

"എഴുപത് കൊല്ലം മുമ്പാ പെരിയാറിന്‍ കരയിലുള്ള ഗോശ്രീയില്‍
കണ്‍മിഴിച്ചു ഭാരത സംഗീതത്തിന്‍ വിശ്വസൌന്ദര്യം
ഇദ്ദേഹത്തിന്റെ തൊണ്ടയില്‍ ഉദയാദിത്യന്റെ സപ്തവര്‍ണ്ണത്താല്‍
സപ്തസ്വര ഗോപുരമായുദ്ഭാസിച്ചു പ്രപഞ്ച രോമാഞ്ചം"


ഇങ്ങനെ എഴുതാന്‍ ഇക്കാലത്തെ ഒരു സിനിമാക്കവിക്കും കഴിയുകയില്ല.
ജന്മനാ കവിയായ ഒരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ കഴിയൂ.
കര്‍മണാ കവിയായവര്‍ക്ക് കഴിയില്ല.

വയലാര്‍ നേരത്തേ മരിച്ചു പോയതു നന്നായി, അല്ലെങ്കില്‍ എന്നോട് മത്സരിച്ചു തോറ്റു പോകുമായിരുന്നു എന്ന് ഗിരീഷ്‌ പറഞ്ഞതായി മാതൃഭൂമിയില്‍ ഒരു ലേഖനത്തില്‍ കണ്ടു.
ഒരു പക്ഷേ ഒരു നേരമ്പോക്കായിരിക്കാം ആ പ്രസ്താവം.
പക്ഷേ അഭിജാത പ്രസിദ്ധീകരണത്തില്‍ ഇങ്ങനെയെല്ലാം അച്ചടിച്ചു വരുമ്പോള്‍ അത് നല്‍കുന്ന സന്ദേശങ്ങള്‍ വിപല്‍ക്കരങ്ങള്‍ ആണ്.

വയലാര്‍, ഓ.എന്‍ വി, യൂസഫ്‌ അലി, ശ്രീകുമാരന്‍ തമ്പി യുഗത്തിന് ശേഷം മലയാളം തത്സമയം ആഘോഷിച്ച പാട്ടിന്റെ പാലാഴി എന്ന് ഗിരീഷിനെ കുറിച്ച് വാചക കസര്‍ത്ത് നടത്തിയ ഒരാള്‍ പി. ഭാസ്കരന്റെ പേര് വിട്ടു പോയത് യാദൃശ്ചികം അല്ല.
കാരണം അദ്ദേഹത്തിന്റെ വാക്കുകള്‍‍ പ്രകാരം ജ്വലിക്കുന്ന പ്രതിഭ ആണ് ഗിരീഷ്‌.
ഗിരീഷ്‌ മീറ്ററിനനുസരിച്ച്‌ പാട്ടെഴുതുന്നത് പോലെ മീറ്ററിനനുസരിച്ച്‌ ലേഖനം എഴുതുമ്പോള്‍ ചില വാക്കുകള്‍ ചേരില്ല.

വയലാര്‍ ഒരിക്കലും മണ്ണില്‍ കാലൂന്നി നിന്ന് പാട്ടെഴുതിയിട്ടില്ല എന്ന് ഗിരീഷ്‌ അദ്ദേഹത്തിന്റെ
ഗാനങ്ങളുടെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടത്രേ.
ഈ പുസ്തകത്തിന്‌ ഇനിയും എത്രയോ പതിപ്പുകള്‍ ഉണ്ടാകും. ഇരുള്‍ ക്രമേണ വെളിച്ചമാകും.
അതുകൊണ്ട് ഒരു കാര്യം എഴുതട്ടെ.

വയലാറിന്റെ ആദ്യ ചിത്രത്തിലെ തുമ്പി തുമ്പി വാവാ എന്ന ഗാനം മുതല്‍ അവസാന ചിത്രം ആയ സന്ധ്യാവന്ദനത്തിലെ തേനിലഞ്ഞി വരെ അദ്ദേഹത്തിന്റെ ഭൂരിഭാഗം ഗാനങ്ങളും നിലയുറപ്പിക്കുന്നത് മണ്ണില്‍ തന്നെയാണ്.
വയലാര്‍ പ്രതിനീധികരിക്കുന്ന ഗാനസംസ്കാരത്തിന്റെ പ്രതിനിധിയോ പ്രതീകമോ ആകാന്‍ ഗിരീഷ്‌ പുത്തഞ്ചേരിയ്ക്ക്‌ ഒരു അര്‍ഹതയും ഇല്ല. ശരത് ചന്ദ്ര വര്‍മ്മയ്ക്ക് പോലും അങ്ങനെ ഒരു അര്‍ഹത ഇല്ല.

ലോകരാഷ്ട്രീയത്തിലും സംസ്കാരത്തിലും എല്ലാം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ച വര്‍ഷം ആണ് 1989.
ചരിത്രം അവസാനിക്കുന്നു ഫുകുയായെ പോലുള്ള ചിന്തകന്‍ ആധി കൊണ്ടത്‌ 1992-ല്‍ ഇറങ്ങിയ പുസ്തകത്തില്‍ ആണ്.

മാറ്റങ്ങളുടെ ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ എല്ലാ രാജ്യത്തും ജനകീയ കലകളില്‍ ഉണ്ടായിട്ടുണ്ട്.

ഇത്തരം ചലനങ്ങളുമായി ബന്ധപ്പെടുത്തി വേണം പോപ്പുലര്‍ സിനിമയിലെയും സംഗീതത്തിലെയും മാറ്റങ്ങള്‍ അപഗ്രഥിക്കാന്‍ എന്ന് വിചാരിക്കുന്ന ആളാണ്‌ ഞാന്‍. തല്‍ക്കാലം അതിലേക്കൊന്നും പോകുന്നില്ല.

ചരിത്രം അവസാനിച്ചില്ലെങ്കിലും പല മഹത്തായ സംഭവങ്ങളും പിന്നെ ആവര്‍ത്തിക്കപ്പെട്ടത് പ്രഹസനം ആയിട്ടായിരുന്നു.

സിനിമാഗാനരചനയില്‍ 90-നു ശേഷം ഒരു വലിയ മാറ്റം വന്നു.
അത് ഒരു പാരഡൈം ഷിഫ്റ്റ്‌ ആയിരുന്നു.
ആ പ്രഹസനപരമായ മാറ്റത്തിന്റെ ഭാഗം ആണ് കൈതപ്രം, ഗിരീഷ്‌ തുടങ്ങിവര്‍.

മൌലികമായ ഒരു ഗാനശാഖ മലയാളത്തിന് ഉണ്ടായതോടെ തന്നെ പ്രതിഭാധനരായ ഗാനരചയിതാക്കളും നമുക്കുണ്ടായി.
ശ്രീകുമാരന്‍ തമ്പി, യൂസഫ്‌ അലി കേച്ചേരി തുടങ്ങിയവര്‍ നമ്മുടെ ഗാന ശാഖക്ക് വലിയ സംഭാവന നല്‍കി.പതിരുകള്‍ തീര്‍ച്ചയായും ഉണ്ട്.

പില്‍ക്കാലത്ത്‌ രംഗത്തെത്തിയ ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍ എന്നിവരുടെ കൂടുതല്‍ രചനകളും നല്ലത് ഒന്നും ആയിരുന്നില്ല.
വാകപ്പൂമരം ചൂടും, നീലജലാശയത്തില്‍, വാടകവീടൊഴിഞ്ഞു, നീയെന്റെ പ്രാര്‍ത്ഥന കേട്ടു, സ്വര്‍ഗ്ഗത്തിലല്ലോ വിവാഹം, നാഥാ നീ വരും തുടങ്ങിയ നല്ല ഗാനങ്ങളില്‍ ബിച്ചുവും പൂവച്ചലും പിന്‍തുടരുന്നത് നമ്മുടെ നല്ല ഗാനരചനാ പാരമ്പര്യത്തെ തന്നെയാണ്.
ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍ എന്നിവരുടെ ഒരു പാട് വ്യര്‍ത്ഥ രചനകള്‍ ആണ് നമ്മുടെ ഗാന സാഹിത്യത്തിന്റെ തകര്‍ച്ചക്ക് തുടക്കം കുറിച്ചത്.

അക്കാലത്തും ഗാനങ്ങളുടെ ഭാഷയില്‍ സാരമായ വ്യതിയാനം കുറിച്ച കാവാലത്തിന് വലിയ സ്ഥാനം നല്‍കണം.

ഭാവാവിഷ്കാരണത്തിലെ സൂക്ഷ്മതകള്‍ , കഥാപാത്രമനസ്സിന്റെ വിശകലനം, അര്‍ത്ഥ ധ്വനികള്‍, ആത്മാവിഷ്കാരം എല്ലാം ഏകോപിപ്പിക്കുന്ന ഗാനനിര്‍മ്മാണ കല കൈതപ്രം-ഗിരീഷ്‌ എന്നിവരിലെത്തുമ്പോള്‍ ഇല്ലാതായി.
നേരത്തേ കരുതി വെച്ച അല്ലെങ്കില്‍ അപ്പപ്പോള്‍ തോന്നുന്ന വാക്കുകള്‍ പല തരത്തില്‍ സംയോജിപ്പിക്കുക എന്നതല്ലാതെ കഥാപാത്രങ്ങളെ ഇവര്‍ എന്നെങ്കിലും പഠിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഉണ്ടെങ്കില്‍ അത് മിക്കപ്പോഴും ഉപരിതലത്തില്‍ മാത്രം ആയിപ്പോയി.
ഒരു ഗാനം കേള്‍ക്കുമ്പോള്‍ കവിയുടെ മനസ്സിലൂടെ നമ്മള്‍ സഞ്ചരിക്കുന്നു എന്ന അനുഭവമെല്ലാം ഓര്‍മ്മയായി.

കഥാപാത്രത്തെ കണ്ടെത്തല്‍ നല്ല ഗാന സന്ദര്‍ഭങ്ങളില്‍ പോലും എങ്ങനെ വിഫലമാകുന്നു എന്നതിന്റെ ഒരുദാഹരണം:

കുറച്ചു മുമ്പ് ടിവി-യില്‍ നിന്ന് ഒരു സിനിമ വീണ്ടും കാണാനിടയായി.
കാണാക്കിനാവ് അല്പം ഭേദപ്പെട്ട സിനിമയായിരുന്നു.
പരിചയമുള്ള കല്ലായിപ്പുഴ. ജീവിതബന്ധമുള്ള കഥാപാത്രങ്ങള്‍.

ഒരു രാത്രിയില്‍ തോണി തൊഴിലാളിയായ ദാസന്റെ(മുരളി) കൂടെ ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്രക്ക് പോവുകയാണ് ഹംസ.(മുകേഷ്)

ഈ യാത്രയില്‍ ഹംസ അപകടത്തില്‍ മരണപ്പെടുന്നതും ദാസനെ എല്ലാവരും സംശയിക്കുന്നതും വര്‍ഗ്ഗീയ കലാപത്തിനു വരെ അത് കാരണം ആകുന്നതും ആണ് ഈ സിനിമയുടെ അന്നത്തേക്കാള്‍ ഇന്ന് പ്രസക്തമായ പ്രമേയം.


അത്രയും പ്രധാനപ്പെട്ട ആ യാത്രയില്‍ ഹംസ ചോദിക്കുന്നു: ഞാനൊരു പാട്ട് പാടട്ടെ...
എക്കാലവും ഓര്‍ത്തിരിക്കാന്‍ ഇതാ ഒരു ഗാനം വരുന്നു എന്ന് നമ്മള്‍ വിചാരിക്കെ അതാ ആ ഗാനം:

നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം...

രഘുകുമാറും യേശുദാസും ആവോളം ശ്രമിച്ചിട്ടും ഈ ഗാനം എല്ക്കുന്നില്ല.
രാത്തുമ്പികള്‍ 'മേയും' തീരങ്ങളും അരിപ്രാവുകളും പാല്‍മഞ്ഞിലാറാടും ഓളങ്ങളും ഒക്കെയാണ് പിന്നെ.

ഒരുപാട് പേര്‍ 80കള്‍ക്ക് ശേഷം ഉള്ള ഗാനങ്ങള്‍ കേള്‍ക്കുന്നത് നിറുത്തിയത് വെറുതെയല്ല.

അര്‍ത്ഥബോധം ഇല്ലാതെ വാക്കുകള്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ ചിലപ്പോള്‍ അര്‍ത്ഥം വരുന്നതിനെ കവിത്വം എന്ന് പറയാനാവില്ല.

അതുകൊണ്ടു തന്നെ ഇവര്‍ എഴുതിയ അച്ഛനെയാണെനിയ്ക്കിഷ്ടം (കൈതപ്രം), അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു (ഗിരീഷ്‌ ) എന്നീ ഗാനങ്ങള്‍ നല്ല ഗാനങ്ങള്‍ കേട്ടു പരിചയമുള്ളവര്‍ക്ക് വിരസമായി തോന്നും.

അമ്മ മഴക്കാറ് എന്ന പ്രയോഗം തന്നെ ഉചിതമായി തോന്നിയില്ല.
അമ്മമിന്നല്‍, അമ്മമരുഭൂമി, അമ്മക്കൊടുംകാറ്റ് എന്നെല്ലാം ഇനി വരുന്ന ഗാനരചയിതാക്കള്‍ പ്രയോഗിക്കട്ടെ.
ആസ്വാദകര്‍ ഇനിയും കണ്ണീരൊഴുക്കട്ടെ..

വാക്കുകള്‍ ചേരും പടി ചേര്‍ത്തപ്പോള്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ ചില ഗാനങ്ങള്‍ നന്നായിട്ടുണ്ട് എന്നത് മേല്‍പ്പറഞ്ഞത്‌ പോലുള്ള സത്യം ആണ്.
ആ ചുരുക്കം ഗാനങ്ങള്‍ നില നില്‍ക്കാന്‍ യോഗ്യം എങ്കില്‍ നില നില്‍‍ക്കണം എന്നാണ് ഏത് ആസ്വാദകനും ആഗ്രഹിക്കുന്നത്.

അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗാനങ്ങളും വിസ്മരിക്കപ്പെടേണ്ടതാണ്.
ഗാനസംസ്കാരത്തിന്റെ നിലനില്‍പ്പിന് അതൊരു ആവശ്യം ആണ്.

വി.കെ.ശ്രീരാമന്‍ തന്റെ ഏകലോചനം എന്ന പംക്തിയില്‍ എഴുതിയ യാഥാര്‍ത്ഥ്യ ബോധമുള്ള വരികള്‍ കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.(മലയാള മനോരമ പത്രം- Feb 24, 2010)

"മലയാള ഭാഷയ്ക്ക്‌ ഗാനങ്ങള്‍ എഴുതാന്‍ ഇനിയും കവികള്‍ വരും.
ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ഒക്കെ മലയാള ചലച്ചിത്ര ഗാനങ്ങള്‍ ഉണ്ടാകും.
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന് മലയാളി നെഞ്ചത്തടിച്ചു പാടും.
അന്നും പി. ഭാസ്കരന്റെ ഗാനം മാനത്ത് ഇതള്‍ വിരിച്ചു നില്‍ക്കും.

'പ്രാണസഖി ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍'".




31 comments:

  1. well done. Maranam chilare ithihaasangalaakkunnu. Vidyasagar, Raveendran ennivarude sangeetha sparshatthinu nandi...

    ReplyDelete
  2. santhosham....
    pollunna sathyangal vilichu parayan kaanicha aarjjavathinu naattukaaraa orikkal koodi santhosham..

    ReplyDelete
  3. Gireesh Puthacherry jeevichirunnappozhum Pixelblue Entelokathilum mattum Gireesh-Kaithapram thudangiyavarude rachanakale patti pala thavana ezhuthiyathu thaalparyathode vaayichittundu. Gireeshinte marana sesham vanna mikka anusmarana kurippukalum sradhichirunnu. Avaronnum kaanaathe poya adhava kandillennu nadicha kaaryangal vetti thurannu paranjathil santhoshamundu. Nandhi Pixelblue.

    ReplyDelete
  4. FINALLY, we have somebody shouting that the emperor has no clothes :-)

    I think you let off Bichu Thirumala too easily though. Bichuvinte kavitha rachana paathavam nishedhikkunnila, pakshe Kaithapravum pinne Gireeshum angangalaayirunna "praasam-oppikkal" prasthaanathinte 80's-ile mukhya saarathi theerchayaayum shreeman Bichu thanneyaayirunnu.

    This also brings to mind a critical article from Tamil Nadu in the 90's, when Vaali and Vairamuthu were the two main lyricists. Vaali's typical movie songs made Gireesh's "... vattam kandappol Checkanu kinnaandam" sound like a poetic classic. If my memory serves me correctly, Vaali's reponse to criticism of his songs was to simply state that nobody should be listening to his songs for poetry; he published hi poems separately, and movie songs as far as he was concerned were just a fill-in-the-blanks exercise to a tune.

    Finally, I wonder if we haven't been too spoilt by the likes of Vayalar, Bhaskaran Maashu and Sreekumaran Thamby. Considering the number of songs a Kaithapram or a Gireesh penned every year, who are the ones really at fault here - the creators of an occasional Ramayanakkaatte or Kinnaandam, or we who expect an Alliyambal everytime? :-)

    Thanks for the article.

    ReplyDelete
  5. Ee kurippu vayichu nalla prathikaranangal nalkiya Ravi Menon, samshayalu, harimurali,G
    ennivarkku Nandhi rekhappetuthunnu.

    Ravi Menone pole ariyappedunna oru sangeetha niroopakan ee lekhanathinu aadya prathikaranam
    nalkiyathilulla santhosham cheruthalla.

    Ee post natathumpol oru anukoola prathikaranam polum njaan pratheekshichirunnilla ennathaanu sathyam.

    G ezhuthiyathu pole Bichu Thirumala shrushticha mosham pravanathaye njaan kaanathirunnittilla.
    Bichu Thirumala, Poovachal Khader ennivarute oru paadu vyartha rachanakal aanu nammute gaanasaahithyathinte thakarchakku thudakkam kurichathu ennu njaan ezhuthiyirunnu.
    Ivarute ennezhuthiyappol athu vyaktham aavathe poyenkil Bichu Thirumala, Poovachal Khader ennu
    ippol edit cheythittundu.

    Ee lekhanathinte sthala parimithiyil Bichuvine kurichu kooduthal ezhuthaan kazhiyumaayirunnilla.
    Mukhya prameyathil ninnu shradha maarippokanda ennum vichaarichu.

    Bichu-Poovachal ennivaril ninnu Kaithapram-Gireesh ennivarilekku ethumpol sambhavicha
    oru maattam shradhikkendathundu. Athaanu ee lekhanathinte oru pradhaana prameyam.
    Athu kondaanu aa kaalathe kurichu njaan prathyekam ezhuthiyathu.

    Bichu-Poovachal ennivarute mosham gaanangal
    aaswaadaka lokam thallikkalanjittundu.
    Kaithapram-Gireesh ennivarute mosham rachanakal palathum kondaadappetukayum State Award thudangiya puraskaarangal netukayum cheythu.

    'Chithrabhoomi'yute Gireesh pathippil Gireeshinte mikacha 25 gaanangal 'Marikkaatha Gaanangal' enna peril koduthittundu.
    Ithil 4-aamathe gaanam 'Chilambolikkaatte'(CID Moossa) aanu ennu ariyumpol ee duravastha vyakathamaakumallo.

    ReplyDelete
  6. Pixelblue vinte ee blog sthiramaayi follow cheyyunna oru vyakthiyaanu njaan. 80s inu shesham malayala cinema gaanangalodu theere thaalparyam thonneettilla. Enthukondu ennu chothichaal saadharanakkaaranaya enikkoru utharam illaayirunnu. Ennaal ee lekhanam vaayichappol oru kaaryam manassilaayi-"njaan onnum thanne miss cheythittilla".
    80s inu munpulla gaanangalude 60% thil kooduthal verses manassil thanginikkunnu. Ennaal athinu sheshamulla gaanangalo, aadhya vari kadannu kittiyaal bhaagyam.
    Ithrayum sathyasandhamaayi manassilulla nireekshanangal ee lekhanathil pankuvecha Pixelblue vinu ente abhinandanangal. Please keep going. Looking forward to more such articles from you.

    ReplyDelete
  7. Pixelblue-nte lekhanam nalla nilavaaram pularthiyittundu .
    Pala gananiroopanangalum vayikkumbol,allenkil ganarachayithakkalekkurichu ezhuthiyathu vayaikkumbol niraashyaanu thonnaaru.Athinu vibhinnamayi sathyam vilichu parayunna oru lekhanam vayichappol athorunubhavamayi maari.Palarum angine ezhuthathathu vivadhangalil pedenda ennu karuthiyakum.Allengil vendathra dharanayo vivaramo illathathu kondakaam.

    1980 ukalkku seshamulla ganangal kelkkaathe pokkunnathinte karanam Pixelblue ezhuthiyathu thikachum sathyamanu.Arthamillatha vakkukal korthinakkiya ganangal manassilekku kayari varaan koottakkaarilla..Sangeetha samvidhayakarude midukku kondu mathramanu pala “ganangal”um rakshappedunnathu.Raamyankkaatte enna ganam kettappol ramayanakkaattu engineyulla kattatnennu manssilalkkan kazhiyanjathu ente arivillaymayanennu viswasichirunnu..Ippol Pixelblue athinekkurichezhuthiyappozhanu aswaasamaayathu.

    Girish Puthencheriyude ganagalile oru variyum ente manassililla.Vidyasagarainteyo Raveendranteyo snageetham mathramanu manassil pathinjathu.Sathyathythil jaychandran soochipiichappozhanu Gireeshinte varikalile arthamillayma njan shredhikkunnathu.

    Tune-inoppichu ganangal rechikkendi vannappozhum nilavaram thazhathe nokkiyittundu P.Bhaskaranum Vayalarum ONV –yum.Salil Chowdhuriyude ganangliloode namukkathu thirichariyanakum.Sreekumaran Thampikku athrayum kazhinjittilla ennathu mattoru sathyam.
    Tune-noppichu Bhaskaran Master ezhuthiya Kulikazhinju kodimaattiya enna ganathile varikal ethra manoharamanu.Valare pettannanu aa ganamezhuthiyathennu Prathap Singh paranjathorkkunnu.

    Adutha kalathonnum ithupoleyulla oru lekhanam njan vayichittilla.Gireesh Puthancheriyude Ganagalekuurichum mattu ganarachayithakkalude “sambhavanakal”ekkurichum sathyasandhamayi lekhanmezhuthiya Pixelblue abhinandhanam arhikkunnu.
    Ayyappan,Akkitham,Kavalam ennivarekkurichu ezhuthiaythum valare nannayi.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഇവിടേയും നോക്കുമല്ലോ കൂടുതൽ അഭിപ്രായങ്ങൾക്കായി

    ReplyDelete
  10. I dont know whether anybody has noticed this: Chithra sings Aaro viral meetti, while Yesudas sings Aaro viral neetti...! Thanx to Vidayasar's magical spell of music, nobody notices the mistake (?).

    ReplyDelete
  11. ഓ.. ഇതിനെ പറ്റി ഒരുപാട് തർക്കങ്ങളുണ്ടായപ്പോൾ രവിയോട് ചോദിക്കണമെന്ന് കരുതിയതാണ്. ഗിരീഷ് മീട്ടി എന്നെഴുതിയെങ്കിലും, യേശുദാസ് അർത്ഥമാലോചിച്ച് പാടിയതായിരിക്കുമല്ലേ ? വിദ്യാസാഗറുടെ സംഗീതത്തിന്റെ മികവ് കൊണ്ടുമാത്രം ഈ ഗിരീഷ് ഗാനം മലയാളികളുടെ എക്കാലത്തേയും ഇഷ്ടഗാനങ്ങളിലൊന്നായിരിക്കും.

    ReplyDelete
  12. രവിമേനോന്‍ സര്‍
    ചിത്രചേച്ചിയും പാടുന്നത്.. വിരല്‍ നീട്ടി എന്നു തന്നെയാണല്ലോ.
    ഈ ഫീക്വസി ഡ്രോപ്പ് :) ചിത്രചേച്ചിയുടെ ഒരു പാട് പാട്ടുകളില്‍ നമ്മള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞതാണല്ലോ..
    പാടുവാനായ് വന്നു... > ആടുവാനായ് വന്നു
    പാടിതൊടിയിലേതോ...> ആടി തൊടിയിലേതോ
    ഇതാ ഇപ്പോള്‍
    വിരല്‍ നീട്ടി...> വിരല്‍ മീട്ടി എന്നും...
    ചിത്രചേച്ചി ഇത് ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചോ??

    ReplyDelete
  13. ഗിരീഷ് നീട്ടി എന്നാണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്,(ഇത് ആധികാരികം ആകണമെന്നില്ല)വിരല്‍ നീട്ടി എന്ന് ആദ്യവും, ശ്രുതി മീട്ടുന്നു എന്ന് പിന്നീടും പറയുന്നുണ്ട്.അതുകൊണ്ട് നീട്ടി എന്നു തന്നെ ആദ്യ വാക്ക്.ആരോ വിരല്‍ നീട്ടി മണ്‍ വീണയില്‍ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു എന്നു പറഞ്ഞാല്‍ കുഴപ്പം ഇല്ലായിരുന്നു,(മിഴിനീരിന്റെ ശ്രുതി എന്തു കുന്തം എന്ന് ചിന്തിക്കരുത്.) പക്ഷേ ശ്രുതി മീട്ടുന്നത് മോഹം എന്നു പറയുമ്പോള്‍
    ആദ്യത്തെ ആരോ ആരാണ്,
    ഇതുപോലെ പാടീ തൊടിയില്‍ എന്ന പാട്ടില്‍ യേശുദാസ് പാടുന്നു”മേടപ്പുലര്‍കാലപ്പൊന്‍കണി വെയ്ക്കാന്‍,
    ചിത്ര പാടുന്നു” മേടപ്പുലര്‍ കാലം പൊന്‍ കണി വയ്ക്കാന്‍
    യേശുദാസ് പാടുന്നു”രാവിരുള്‍ക്കൂട്ടു കണ്മഷി,
    ചിത്ര പാടുന്നു” രാവിരുള്‍ക്കൂടു കണ്മഷി
    അര്‍ത്ഥമുള്ള പാട്ടുകളില്‍ ഉച്ചാരണം പ്രശ്നമായാലും നമുക്കു മനസ്സിലാകും, ചക്രവാളമതിരുകള്‍ എന്നു സുശില പാടുമ്പോള്‍ ചക്രവാളമതിലുകള്‍ എന്നാണെന്നു മനസ്സിലാക്കാം,, ഇവിടെ അര്‍ത്ഥം ഇല്ലാത്തിടത്ത് എന്തു തിരയാന്‍..........

    ReplyDelete
  14. ആരോവിരല്‍ നീട്ടി...
    ഈ ഗാനത്തിന്റെ ചിത്രചേച്ചിയുടെ വേര്‍ഷന്‍ ആണ് ആദ്യം റെക്കോര്‍ഡ് ചെയ്യുന്നത് അന്നേരം ലിറിക്കിസില്‍ ‘വിരല്‍ മീട്ടി’ എന്നു തന്നെയായിരുന്നു. അതിനു ശേഷം ദാസേട്ടന്‍ വന്നു പാടുന്ന സമയത്താണ് ‘വിരല്‍ നീട്ടി’ എന്നു മാറ്റുന്നത്.
    എന്തായാലും ഫൈനല്‍ മിക്സിനു ശേഷം രണ്ടിലും ‘നീട്ടി’ എന്നു തന്നെയാണല്ലോ കേള്‍ക്കുന്നത്.
    വീ‍ണമീട്ടുക എന്ന് പൊതുവെ ഉപയോഗിക്കുന്ന ഒരു പദപ്രയോഗം ആണല്ലോ.. വിരല്‍ മീട്ടുകയില്ലെങ്കിലും.. എന്തായാലും.. ഇത്തരം തെറ്റുകള്‍ വലിയ ഒരു സംഭവമാക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല..

    ReplyDelete
  15. prashasthamaaya paattukalile parayoga vaikalyangal aalukal shradhikkaananu sadhyatha. ``malleeshwarante'' orkkuka. Asianet swaralayam segmanetinu vendi ee paattine kurichu chithra chocdichappol njaan ``neetti'' ennanu paranjukodutthathu. but she was damn sure that she sang meetti. and she sang that way. aadyam chithra record cheytha shehsam aaro paraathi paranjathu kondaakaam gireesh athu maatti ezhuthiyathu. enthaayalum neetti aanu bedam.

    ReplyDelete
  16. thampiyude mosham paattukal kettukazhinjal polum ullil oru roopam enkilum avasheshikkarundu.chithavrithikalkku oonam thattarillenkilum.

    bichu/poovachalinte mikka pattukal kettalum at ummerinte/jerryude okke sangeethmanu manassil nilkkuka.kure podi parannu kannilum mookkilum okke kayariyathu poleyo,melasakalam kshananeram neendu nilkkunna oru perfume purattiyathu poleyo.

    gireeshinte paatu kettu kazhhinjaal chilappol oru paraveshamanu.vazhi thetti poya poleyo,liftil akappetta poleyo.

    74-75ilanallo oil boom undakunnathum,keralathil ninnu gulf kudiyettam nadakkunnathum.oru lag kazjinu 80kal akumbozhekkum remittance effect samastha mekhalakalium chalanam undakkiyathu pole chalachithraganarangathum oru impact undaakiyittundavam.

    gulf malayaliyude aaswadnasheelangalum,bichu -poovachal-yesudas-janaki ganangalum kooticherthu vaayichal enthengilum niganamangalil ethamo?

    87-88 sambathikavarsham kealathe sambandhichidatholam pradhanappetta oru varshamanu. athu vare mandagathiyil aayirunna sambathikavalarchayude graph mukalilekku uyaraan thudangiya varsham.70kal,initial 80kale flat growth rate ghattam kazhinju 1/2/3 sectorsilellam valarchanirakku thwarithagathiyil aakunnathu ividam muthalkkanu.

    gulf remittances pole sambathika valarchayum nammaude ganarangathe svaadheenichuvo,avo?

    vayalarinte rachanagunam 70kalude anthyapaadathil kuranju varunnathum,bhaskaran masterude ganagal oru ghattam kazhinju predictable aayi marunnathum marakkamo?

    pixelbluevinu namovakam.

    ReplyDelete
  17. പാ‍ട്ടിന്റെ നിലവാരം മാക്രോ ഇകണോമിക്സിൽ കൂടി കാണാനാവുമെന്ന വസ്തുത ഇത് വരെ ആലോചിച്ചില്ല. കൊള്ളാം ചിന്താവിഷ്ടൻ. എന്നാലും അവസാനം പറഞ്ഞത് മനസ്സിലായില്ല

    “vayalarinte rachanagunam 70kalude anthyapaadathil kuranju varunnathum,“

    എഴുപതുകളുടെ അന്ത്യപാദത്തിലോ ? വയലാറോ ? 75 ഒക്റ്റോബറോടു കൂടി അദ്ദേഹം നമ്മെ വിട്ടുപോയല്ലോ ?

    “bhaskaran masterude ganagal oru ghattam kazhinju predictable aayi marunnathum marakkamo?“

    ഭാസ്കരൻ മാസ്റ്ററുടെ ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിൽ ചിലത് അവസാനമെഴുതിയവയാണല്ലോ ?

    ഒരിക്കലും പിണങ്ങാത്തൊരിണക്കം.. (സൌദാമിനി)
    കൂട്ടുന്നു കിഴിക്കുന്നു (ഭാര്യ)
    നക്ഷത്ര നാളങ്ങളോ (ശശിനാസ്)
    മൂടുപടം (പ്രദക്ഷിണം)
    പത്തുവെളുപ്പിന് (വെങ്കലം)

    ഇതെല്ലാം എങ്ങനെ പ്രെഡിക്റ്റബിൾ ആവും ?

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. Koottunnu Kizhikkunnu(Bhaarya)

    'Veruthe nuna parayaruthu' enna chithrathile gaanam aayirikkumo Ajay udheshichathu?

    Ajay ezhuthiyathinodu njaan yojikkunnu.
    Nandhi!

    Chinthavishtante comment-ile mattu bhaagangal enne chinthaavishtanaakki.
    Nandhi!

    Anganeyokke padanangal natakkendathaanu.

    Sargaathmaka saahithyathinte kaaryathil angane padanangal natannittundu.
    'Khasakhile Sampad vyavastha'enna N.S.Madhavante prashasthamaaya lekhanam orkkunnu.
    (82-il aanennu thonnunnu athu vannathu)

    ReplyDelete
  20. Ajay - bhaskaran masterude ganangalude predictabilitye kurichum,Vayalarinte ganangalude rachanagunam kuranjathine kurichum njan udheshichathenthanennu parayam.ente parimithamaya sahridayathvathil oonni ninnu kondanithu parayunnathu.

    Bhaskaran masterude corpus of ganangalil koodi kalakramathil kadannu pokumbol adhehathinte ganangalude aswadyatha kuranju varunnathayanu anubhavappettittullathu.ore swabhavamulla ganagalil prayogichittulla kalpanakalkku avarthanam varunnathayi thonniyittundu.athinal,ganamuhoorthangal avishakarikkunna sookshmabhavangalkku puthumayum polimayum kuranju varunnathayum.aswadakante bhavanaykku nalkunna unarvu kuranju varnnu.noothana sankalppangalude noopura dhwanikal uyarthunnilla oru ghattam kazhinjal pothuvil adhehathinte ganangal ennanu ente abhiprayam.
    ithinu exceptions undu.
    bhaskaran masterude ganangal kettu parichayichu vyulppathi mandalam vikasicha oru aaswadakante abhiprayam aanithu.

    70kalude anthyapadam ennu njan ezhuthiyathu thettanu.vayalarinte rachana kalaghattathinte anthyapaadam ennanu shari.athanu manassil.

    madhuriyude ganangal charcha vishayam ayappol "deteriorating quality of his songs as he neared his end" ennu Ajay ezhuthiyathu njan orkkunnu.ormayil ninnanu ezhuthiyathu..

    ReplyDelete
  21. siddique anchorayi varunna "sangeetha samagamam" enna paripadiyil - ammamazhakkarinte piraviye kurichu gireesh parajittundu.

    gaana charchavelayil,kuttante (m jayachandran) madiyil thalavachu, kidakkumbol aakashathu kanda mazha meghangalanu aa coinageinu nimitham ayathathre.

    kurachu divasangalkku munpu doordarshanil (anennu thonnunnu) onv guest aayi vanna oru paripadiyil gireeshine adheham "assalkavi" ennu visheshippichu kandu.

    ruchibhedangal!

    ReplyDelete
  22. ഗിരീഷ്‌ പുത്തഞ്ചേരിയെ അസ്സല്‍ കവി, പ്രഗത്ഭനായ ഗാനരചയിതാവ് എന്നെല്ലാം
    ഒ.എന്‍.വി, എം.ടി.വാസുദേവന്‍‌ നായര്‍ തുടങ്ങിയ സാംസ്കാരിക നായകന്മാര്‍
    പല സന്ദര്‍ഭങ്ങളിലും വിശേഷിപ്പിച്ചിട്ടുണ്ട്.

    ഒരു പടി കൂടി കടന്നു ഗിരീഷിനെ -

    'താമരപ്പൂവില്‍ കുടി കൊള്ളും ദേവിയെ സാമമന്ത്രങ്ങളാല്‍ പ്രത്യക്ഷയാക്കിയ വാഗീശ്വരീദാസന്‍'

    'ജ്ഞാനസാഗരം ജഠരജാതവേദസ്സിനാല്‍ വറ്റിച്ച' ആള്‍

    എന്നെല്ലാം യൂസഫ്‌ അലി കേച്ചേരി അനുസ്മരണ കവിതയില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.
    (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന 'സ്നേഹാഗ്നി' എന്ന കവിത)

    യൂസഫ്‌ അലി ഇങ്ങനെയെല്ലാം എഴുതിയതോടെ ശങ്കരാചാര്യരുടെ പണി പോയി :)

    രുചിഭേദങ്ങലുടെ പ്രശ്നം അല്ല ഇത്.
    സത്യസന്ധതയുടെ പ്രശ്നം ആണ്.

    ReplyDelete
  23. സി വി, വയലാറിന്റെ അവസാനകാല ഗാനങ്ങളില്‍ അദ്ദേഹത്തിന്റെ കാവ്യപ്രതിഭയെക്കാള്‍ വരുണാത്മജയുടെ അതിപ്രസരമാണ് ഞാന്‍ കാണുന്നത്. എന്തോ ഭാസ്കരനെ കുറിച്ചുള്ള അഭിപ്രായത്തോട് യോജിക്കുന്നില്ല. അള്‍സൈമെഴ്‌സ് ബാധിച്ച് താനാരെന്നറിയാതിരിക്കുന്ന അവസരത്തില്‍ മാസ്റ്റര്‍ എന്തെങ്കിലും എഴുതിയിരുന്നെങ്കിലും അത് പല വാഗീശ്വരീദാസരെക്കാ‍ളും അര്‍ത്ഥമുള്ളതും എന്നെപ്പോലുള്ള ഒരു സാധാരണ മലയാളിക്ക് മനസ്സിലാവുന്നതും ആസ്വദിക്കാനാവുന്നതും വിരസത വരുത്താതുമാവുമായിരുന്നു എന്നുറപ്പുണ്ട്.

    ഓ എന്‍ വിയും , ഗിരീഷ് ഗുരുവെന്ന് പല തവണ വിശേഷിപ്പിച്ചിട്ടുള്ള തമ്പിയും ഗിരീഷിന്റെ സുഹൃത്തുക്കളേയും കുടുംബത്തിനേയും അധികം വേദനിപ്പിക്കാതെ സത്യം പറയാനുള്ള ധൈര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കാം.

    അമ്മമഴക്കാറെന്ന് ആര്‍ക്കും നിര്‍വ്വചിക്കാന്‍ കഴിയാത്ത വാക്കുണ്ടാക്കിയതിന്റെ തെറ്റ് ഗിരീഷിന്റെ മാത്രമല്ല എന്നറിഞ്ഞതിന് നന്ദി. ജയചന്ദ്രന്‍ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കില്‍ സംഗീതത്തിന്റെ വഴി തെറ്റിപോവുന്നതിന് മറ്റാ‍രേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ ?

    ReplyDelete
  24. അമ്മമഴക്കാറിനു എന്താ കുഴപ്പം
    പണ്ട് നോട്ട് പുസ്തകങ്ങള്‍ക്കിടയില്‍ മഴിയില്‍ മുക്കിയ നുലുവച്ചടച്ച്.. അത് വലിച്ചെടുത്താ‍ല്‍, താളുകലില്‍ ഒരു രൂപം ഉണ്ടാക്കും..ആ രൂപം നോക്കുമ്പോല്‍ ഒരോരുത്തരുടെയും മനസ്സില്‍ തോന്നുന്നത് ഒരോന്നായിരിക്കും..
    ഗിരീഷ് പുത്തഞ്ചേരിയുടേ വരികളില്‍ കൂട്ടിവായിച്ചാല്‍ അര്‍ത്ഥം ഇല്ല എന്നത് സത്യം തന്നെ.. പക്ഷേ ചില “ശബ്ദത്താരാവലിയിലും” “മഴിത്തണ്ടിലും” ഇല്ലാത്ത വാക്കുകള്‍ അല്പം “നിഷ്പക്ഷമായി” ചിന്തിച്ചാല്‍ എന്തെക്കൊയോ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    ReplyDelete
  25. മലയാള ഗാന സംബന്ധിയായ ഒരു ചര്‍ച്ചയിലും ഉയര്‍ന്നു കേള്‍ക്കാത്ത ഒന്നാണ് കൂലിക്കെഴുത്ത്. കേട്ടറിവേ ഉള്ളൂ. ചന്ദ്രലേഖയിലെ പല ഗാനങ്ങളും ഷോര്‍ണൂര്‍ ഉള്ള ഒരു കവയത്രി ആയിരം രൂപ പ്രതിഫലത്തില്‍ (ഒന്നിന്) എഴുതിയതാണെന്ന് കേട്ടിട്ടുണ്ട്. എല്ലാ അപചയങ്ങള്‍ക്കും തിരക്കിനെ പഴിക്കുന്നവര്‍ക്ക് ഇതും കൂടെ ചേര്‍ക്കാം. കാല്‍ക്കവി അരക്കവിയെ സഹായിക്കുന്ന കാലം.

    ReplyDelete
  26. No artform is disjoint from the social conditions of its creator. See MT's comments here:

    http://frames.mathrubhumi.com/story.php?id=93919

    "There was an atmosphere in Kudalloor which inspired MT Vasudevan Nair to write. It has been lost today."

    Can we say that popular arts are merely a reflection of the tastes of the society? And if that is the case, then are we really blaming Gireesh, or are we blaming the society that generated so much acclaim for his "poems"?

    ReplyDelete
  27. "പാര്‍വണങ്ങള്‍ പടിവാതില്‍ചാരുമൊരു മനസിന്‍ നടവഴിയില്‍
    രാത്രിനേരമൊരുയാത്രപോയ നിഴലെവിടേ വിളികേള്‍ക്കാന്‍"

    "തുടുവിരലിന്‍ തുമ്പാല്‍നിന്‍ തിരുനെറ്റിയിലെന്നേ
    നീ സിന്ദൂരരേണുവായ് അണിഞ്ഞിരുന്നു"

    "ഈ ജീവിതപ്പാതകളില്‍ ഇനി എന്നിനിക്കാണും നാം
    മറ്റൊരുജന്മം ജന്മം കൂടെ ജനിക്കാന്‍ പുണ്യംപുലര്‍ന്നിടുമോ..."

    വയലാര്‍ ഗാനം എഴുതിയത് ഈണമിട്ടശേഷമായിരുന്നില്ല.പി.ഭാസ്കരനും വ്യത്യസ്തനല്ല.ഒ.എന്‍.വി ഈണമിട്ട് പാട്ടെഴുതാന്‍ തയാറാകുന്നില്ല. ഇവരില്‍ നിന്ന് വ്യത്യസ്തനായി ഗിരീഷ് പുത്തഞ്ചേരി ഈണമിട്ട ശേഷമാണ് പാട്ടെഴുതിയത്. അദ്ദേഹത്തിന്റെ എഴുത്തിലെ അപാകതകള്‍ ഈ പ്രശ്നത്തിന്റെ പ്രതിഫലനമാണ്. മറ്റൊരു കാര്യം പുത്തഞ്ചേരിക്ക് ജീവനമാര്‍ഗമായിരുന്നു പാട്ടെഴുത്ത്. അതിനാല്‍ സംവിധായകന്റെയും സിനിമയുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച് പാട്ടെഴുതേണ്ടത് അദ്ദേഹത്തിന്റെ കടമയായിരുന്നു. അടിച്ചുപൊളിപ്പാട്ടെഴുതുമ്പോള്‍ പോലും പുത്തഞ്ചേരി തന്റേതായ ഒരു മാന്യത പാലിച്ചിരുന്നു.
    അപ്പോള്‍ യഥാര്‍ത്ഥത്തില്‍ കുറ്റപ്പെടുത്തേണ്ടത് ആരെയാണ്?
    ശ്രദ്ധേയമായ മറ്റൊരുകാര്യം ഗാനങ്ങള്‍ സ്വീകരിക്കുന്നതും തിരസ്കരിക്കുന്നത്
    സാധാരണക്കാരനാണ്. ഇന്ത്യയില്‍ സിനിമാഗാനങ്ങള്‍ സിനിമയുടെ സാഹചര്യത്തിന് ഇണങ്ങുന്ന വിധം സാഹചര്യത്തെ വികാരഭരിതമാക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ്. അവിടെ കാവ്യാത്മകതയല്ല സാഹചര്യവും പാട്ട് എത്രത്തോളം ആസ്വാദകമനസിനെ സ്വാധീനിക്കുന്നു എന്നതുമാണ്.മുകളില്‍ സൂചിപ്പിക്കുന്ന വരികള്‍ ഉദാത്തഉദാഹരണമാണ്.

    "കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി.."
    കൈതപ്രത്തിന്റെ വരികളും പലപ്പോഴും വളരെ നല്ല നിലവാരം പുലര്‍ത്തുന്നു

    വയലാറിനെക്കൊണ്ടോ ഒ.എന്‍.വി യെക്കൊണ്ടോ ഈണമിട്ട് ഇതേ നിലവാരത്തില്‍ ഒരു പാട്ടെഴുതാന്‍ സാധിക്കുമോ?

    ReplyDelete
  28. Gireesh sir jeevichirikkumbol thanne ithupolulla kure aaropanangal vannirunnu. Athinoru udaharanam njan parayam: Enikku ere ishtamulla addehathinte oru pattundu. 1996l purathirangiya 'Kalapani' enna chithrathile 'Attirambile Kombile' enna ganamanu athu. Enikku aaru masam prayamulla samayathu rathrikalil karayumbol ethrayo thavana aa pattu vechu enne urakkiyathayi achanammammar paranjukettittundu. Valarnnu valuthaya sesham aa pattile oru apakatha kandupidichu: 'Poovanathumbikale Nee Vaayo'. Oru bahuvachanapadam prayogicha sesham addeham 'nee' ennu ezhuthi. Nabhas paranjathu thanneyanu karanam. Ilayaraja sir paranja tuninanusarichu ezhuthan poyappol sambhavicha kuzhappamayirunnu athu.

    Pinne, Gireesh sir itharam aaropanangalkku koduthirunna marupadi ithayirunnu: 'Kalam thetti cinemayil vannavananu njan. Valare vaikippoyi. Pattezhuthan Malayalathinteyonnum avasyamillennu parayunnavaranu innathe cinemakkar. Avarkkuvendi 'Karkoonthalkettilenthinu Vasanathailam' ennonnum ezhuthikodukkan pattilallallo'.

    ReplyDelete
  29. ഇന്നും സംസ്കൃത പാണ്ഡിത്യം ആണ് കവിതയും പാട്ടും എന്നു തെറ്റിദ്ധരിക്കപ്പെട്ടു എന്ന പ്രശ്നം മാത്രമേ ഞാൻ ഈ കുറിപ്പെഴുതിയ വ്യക്തിയിൽ കാണുന്നുള്ളൂ.അത് താങ്കൾ ഭൂമിയിലൂടെ നടക്കാത്തതിന്റെ കുഴപ്പം ആണ്. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകൾ കേട്ട് ആളുകൾ കണ്ണീർ പൊഴിച്ചിട്ടുണ്ടെങ്കിൽ അത് വെറും വാക്കുകൾ കേട്ടിട്ട് ആവില്ലല്ലോ. അങ്ങനെയെങ്കിൽ താങ്കളും അറിയപ്പെടുന്ന ഒരു കവി ആവാൻ സാധ്യത കാണുന്നുണ്ട്. വൃത്തവും മഞ്ജരിയും ലഘുവും, ഗുരുവും നോക്കിയെഴുതിയാലെ കവിത ഉണ്ടാവൂ എന്ന തെറ്റിധാരണ കൊണ്ടാണ് താങ്കൾ എഴുതിയിരിക്കുന്നത് എങ്കിൽ അറിവില്ലായ്മയുടെ പ്രശ്നമാണ് എന്നു കരുതി താങ്കളോട് ജനങ്ങൾ പൊറുക്കട്ടെ. പക്ഷെ അത് അലങ്കാരമായി കൊണ്ടുനടക്കുമ്പോൾ താങ്കൾക്ക് താങ്കളുടെ ഉള്ളിലെങ്കിലും അല്പം കുറ്റബോധം തോന്നുന്നത് നല്ലതാണ്.

    ReplyDelete
    Replies
    1. Malayalam polum thettichezhuthivachittu,samskrithathe kuttaa paranjittenthu kaaryam?

      Delete