Saturday, December 19, 2009

ഹൃദയസരസ്സില്‍ വിടര്‍ന്ന ആദ്യത്തെ പ്രണയ പുഷ്പം

എഴുതിയത് : പിക്സല്‍ ബ്ലൂ
അവളുടെ കണ്ണുകള്‍ കരിംകദളിപ്പൂക്കള്‍
അവളുടെ ചുണ്ടുകള്‍ ചെണ്ടുമല്ലിപ്പൂക്കള്‍
അവളുടെ കവിളുകള്‍ പൊന്നരളിപ്പൂക്കള്‍
അവളൊരു തേന്മലര്‍ വാടിക

ശ്രീകുമാരന്‍ തമ്പിയുടെ ആദ്യഗാനം ആണിത്.


കായലുകള്‍ ഉള്ള നാട്ടില്‍ നിന്നും വന്നു കോഴിക്കോട് ടൌണ്‍ അസ്സിസ്റ്റന്റ് പ്ലാനര്‍ ആയി ജോലി ചെയ്യുന്നസമയത്തു ശ്രീകുമാരന്‍ തമ്പി രണ്ടുമൂന്നു ദിവസം ലീവ് എടുത്തിട്ടാണ് കാട്ടുമല്ലികയിലെ ഗാനങ്ങള്‍എഴുതാന്‍ മദ്രാസില്‍ എത്തുന്നത്.
സമയത്ത് തമ്പിക്ക് 26 വയസ്സാണ്.


അദ്ദേഹം തന്റെ പ്രായത്തിന്റെ ഊര്‍ജ്ജ്വസ്വലത വെച്ചു കാവ്യഭംഗി ആവശ്യത്തിലധികമുള്ള ചില ഗാനങ്ങള്‍ എഴുതി. ഗാനങ്ങള്‍ ഒന്നും നിര്‍മ്മാതാവും സംവിധായകനുമായ പി.സുബ്രഹ്മണ്യത്തിന് ഇഷ്ടപ്പെട്ടില്ല. കാട്ടുജാതിക്കാരുടെ കഥയായതുകൊണ്ട് കഴിയുന്നതും സംസാരഭാഷയില്‍ മതി ഗാനങ്ങള്‍ എന്ന്അദ്ദേഹം പറഞ്ഞു. അതു കേട്ടപ്പോള്‍ തന്റെ ഗാനരചയിതാവാകാനുള്ള മോഹങ്ങള്‍ എല്ലാംകരിഞ്ഞുപോയതായി തമ്പി കരുതി.


എനിക്ക് ഈ പണി പറ്റുമെന്നു തോന്നുന്നില്ല. ഞാന്‍ മടങ്ങുന്നു എന്നു തമ്പി ബാബുരാജിനോടുപറഞ്ഞപ്പോള്‍ ബാബുരാജ് ആണ് തമ്പിക്ക് ആത്മധൈര്യം നല്‍കിയത്.
വയലാറും, പി. ഭാസ്കരനുമൊക്കെ ഗാനങ്ങള്‍ ഒരുപാടുതവണ തിരുത്തിയെഴുതാറുണ്ടെന്നു പറഞ്ഞപ്പോള്‍ തമ്പിക്കു സമാധാനമായി.


ബാബുരാജ് അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ശ്രീകുമാരന്‍ തമ്പി എന്ന ഗാനരചയിതാവ് ഉണ്ടാവുകയില്ലായിരുന്നു എന്നു തമ്പി തന്നെ എഴുതിയിട്ടുണ്ട്.


ദേവരാജന്‍ മാസ്റ്റര്‍ ആയിരുന്നെങ്കിലോ?

ചിത്രമേളയിലെ അപസ്വരങ്ങള്‍ ആയിരുന്നു തമ്പി ആദ്യമായി ദേവരാജന്‍ മാസ്റ്റര്‍ക്കു വേണ്ടി എഴുതിയഗാനം. ഗാനവുമായി ചെന്നപ്പോള്‍ ദേവരാജന്‍ മാസ്റ്ററുടെ പ്രതികരണം ആദ്യം തന്നെ അപസ്വരങ്ങള്‍ ആണല്ലോ എന്നുമാത്രം ആയിരുന്നു.


അടുത്ത ദിവസം പാട്ടുകേള്‍ക്കണം എന്നു പറഞ്ഞു ചെന്നപ്പോള്‍
വയലാര്‍ പോലും എന്നോട് പാട്ടുകേള്‍ക്കണം എന്നു പറഞ്ഞിട്ടില്ല.. പിന്നെയല്ലേ താന്‍! എന്നായിരുന്നു പ്രതികരണം.



പിന്നെ -

അരവും അരവും കിന്നരം എന്നു പറഞ്ഞപോലെ ദേവരാജന്‍ മാഷും തമ്പിയും മാസ്റ്ററുടെ മരണം വരെസുഹൃത്തുക്കള്‍ ആയിരുന്നു. ഇടയ്ക്കു അപസ്വരങ്ങള്‍ ഉണ്ടായെങ്കിലും രണ്ടുപേരെയും ഏറെ ഇഷ്ടപ്പെടുന്ന നമുക്കത് മറക്കാം.


ആദ്യ സിനിമയ്ക്ക് പാട്ടെഴുതാന്‍ പോയ തമ്പിയിലേക്കുതന്നെ തിരിച്ചു വരാം. അങ്ങനെ ആദ്യ സിനിമയിലെ ആദ്യ ഗാനങ്ങള്‍ തമ്പി വീണ്ടുമെഴുതിത്തുടങ്ങി.


കാട്ടിലെ മനുഷ്യര്‍ക്കു പരിചയമുള്ള പൂക്കള്‍ എന്ന് സങ്കല്‍പ്പിച്ച്, തമ്പി പൂക്കള്‍ കൊണ്ടെഴുതിയകവിതയുള്ള ഗാനം നിര്‍മാതാവിന് ഇഷ്ടപ്പെട്ടുകാണും.


എന്തായാലും തമ്പിയുടെ ആദ്യചിത്രത്തിലെ ഗാനങ്ങള്‍ സഹൃദയര്‍ സഹര്‍ഷം സ്വീകരിച്ചു, ശ്രീകുമാരന്‍തമ്പിയെയും.


മറ്റൊരുഗാനമായ
താമരത്തോണിയില്‍ മിക്കവരും ഓര്‍ക്കുന്നുണ്ടാകും.


ആനന്ദന്‍, നടരാജന്‍, ബാബു ജോസഫ്, പറവൂര്‍ ഭരതന്‍, വൈക്കം മണി, എസ് പി പിള്ള എന്നിവര്‍അഭിനയിച്ച സിനിമയുടെ കഥ കാനം ജെയുടേതായിരുന്നു.


വയലാറും പി ഭാസ്കരനും നിറഞ്ഞു നില്‍ക്കുന്ന കാലത്ത് അവരെ അനുകരിക്കാതെ മൌലികമായ ഒരുസ്ഥാനം തമ്പി നേടിയെടുത്തു.


ഇതൊരു നിസ്സാര കാര്യമല്ല. കാരണം വയലാറും പി ഭാസ്കരനും സിനിമയില്‍ വരുന്നതിനു മുന്‍പേലബ്ധ പ്രതിഷ്ഠ നേടിയ കവികള്‍ ആയിരുന്നു. അത്തരം ഒരു വലിയ സ്ഥാനം മലയാള സാഹിത്യത്തില്‍അന്നും ഇന്നും ഇല്ലാത്ത തമ്പി ഗാനരചനയില്‍ പലപ്പോഴും അവരുടെ ഉയരങ്ങള്‍ സ്പര്‍ശിച്ചു, എന്നുമാത്രമല്ല പി ഭാസ്കരന്‍ സംവിധാനം ചെയ്ത ചില ചിത്രങ്ങളില്‍ തമ്പി ഗാനങ്ങള്‍ എഴുതുകയും അതില്‍ഒരു ഗാനത്തിനു സംസ്ഥാന അവാര്‍ഡ് കിട്ടുകയും ചെയ്തു. (സുഖമെവിടെ ദുഖമെവിടെ - വിലയ്ക്കുവാങ്ങിയ വീണ)


ദാര്‍ശനിക ഗാനങ്ങളിലും ഭക്തിഗാനങ്ങളിലും ഹാസ്യഗാനങ്ങളിലും താരാട്ടുപാട്ടുകളിലും എല്ലാംശ്രീകുമാരന്‍ തമ്പിയുടെ ക്ലാസ്സിക് ഗാനങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികവു പുലര്‍ത്തിയഗാനങ്ങള്‍ പ്രണയ ഗാനങ്ങള്‍ ആണ്. അതിനൊരു കാരണം അക്കാലത്തെ അദ്ദേഹത്തിന്റെ പ്രായംആയിരിക്കും.


വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍
ജീവിതം യൌവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ കാലം.


( സിനിമയില്‍ അഭിനയിച്ച വൈക്കം മണിയുടെ മകള്‍ ആയിരുന്നു തമ്പിയുടെ പ്രണയഭാജനവുംപിന്നീട് ഭാര്യയുമായത് എന്ന കാര്യം ഒരു യാദൃച്ഛികത ആയിരിക്കാം.)


ശ്രീകുമാരന്‍ തമ്പിയുടെ ആദ്യഗാനം തന്നെ പ്രണയ ഗാനമാണ്.


ഗാനത്തിലെ -

കണ്മണി തന്‍ വാര്‍കൂന്തല്‍ കെട്ടഴിഞ്ഞു വീണാല്‍
കറുത്തവാവിന്റെ തലകുനിയും
പെണ്ണിന്റെ പുഞ്ചിരി പൂനിലാവൊഴുകിയാല്‍
പൌര്‍ണ്ണമിരാവിന്റെ കണ്ണടയും
ഓമല്‍ക്കൈവളകള്‍ ഒന്നുകിലുങ്ങിയാല്‍
ഓണപ്പാട്ടുകള്‍ ഓടിവരും

എന്നീ വരികള്‍ എല്ലാം കൃതഹസ്തനായ ഒരു ഗാനരചയിതാവിന്റെ വരവു വിളിച്ചറിയിക്കുന്നു.




ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും

No comments:

Post a Comment