Thursday, December 31, 2009

കാറ്റേ നീ വീശരുതിപ്പോള്‍

എഴുതിയത് : പിക്സല്‍ ബ്ലൂ

2001 ല്‍ ‘കാറ്റു വന്നു വിളിച്ചപ്പോള്‍ എന്ന സിനിമയില്‍ ‘ കാറ്റേ നീ വീശരുതിപ്പോള്‍‘ എന്ന ഗാനം വന്നപ്പോള്‍ കേരളം മുഴുവന്‍ ഈ ഗാനം സഹര്‍ഷം സ്വീകരിച്ചത് ആലാപനം സംഗീതം എന്നിവയിലുമുപരിയായി കാവ്യ ഭംഗിയും സൌന്ദര്യവും കൊണ്ടാണ്. (പൊന്‍ കുന്നം ദാമോദരന്റെ ‘പച്ചപ്പനം തത്തേ’ എന്ന ഗാനവും ഇതുപോലെ തന്നെ.)

1957 ല്‍ പദ്മ ഫിലിംസ് നിര്‍മ്മിച്ച ‘അച്ഛനും മകനും’ എന്ന ചിത്രത്തിലാണ് ‘കാറ്റേ നീ വീശരുതിപ്പോള്’ ആദ്യം വന്നത്. കവി തിരുനല്ലൂര്‍ കരുണാകരന്റെ ഗാന രചയിതാവ് എന്ന നിലയിലുള്ള ജീവിതം ഈ സിനിമയില്‍ ഒതുങ്ങുന്നു. ഈ ചിത്രത്തില്‍ അഞ്ചു ഗാനങ്ങള്‍ തിരുനല്ലൂര്‍ എഴുതി. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് വിമല്‍ കുമാര്‍.

‘അച്ഛനും മകനും’ എന്ന സിനിമയെക്കുറിച്ച് എഴുതട്ടെ:

തിക്കുറിശ്ശിയും സത്യനും അച്ഛന്റെയും മകന്റെയും റോളുകളില്‍ അഭിനയിച്ചു, മുത്തയ്യ, മുതുകുളം, എസ് പി പിള്ള, ബഹദൂര്‍ , ജി കെ പിള്ള, ബി എസ് സരോജ, കുമാരി തങ്കം, ശാന്തി എന്നിവരായിരുന്നു മറ്റു അഭിനേതാക്കള്‍.ജഗതി എന്‍ കെ ആചാരി ആയിരുന്നു കഥയും സംഭാഷണവും.

പരുക്കനായ ശങ്കരച്ചാര്‍ (തിക്കുറിശ്ശി) ഒരു കമലമ്മ ടീച്ചറെ ( ബി എസ് സരോജ) വിവാഹം കഴിച്ചുവെങ്കിലും കുറച്ചുകാലത്തിനുശേഷം നാടുവിട്ടുപോകുന്നു. ആ ബന്ധത്തില്‍ ഉണ്ടായ മകന്‍ രഘു (സത്യന്‍) പോലീസ് സബ് ഇന്‍ സ്പെക്ടര്‍ ആകുന്നു. ഇന്‍സ്പെക്ടര്‍ ഒരു കൊള്ളക്കാരുടെ താവളം വളഞ്ഞു അവരുടെ തലവനെ പിടികൂടിയപ്പോളാണ് അത് തന്റെ അച്ഛനാണെന്നു മനസ്സിലാവുന്നത്. തന്റെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് ശങ്കരച്ചാര്‍ ആത്മഹത്യ ചെയ്യുന്നു.

അച്ഛന്റെ മൃതദേഹവുമായി മകന്‍ വീട്ടിലെത്തി ഒരു നല്ല പ്രഭാഷണം നടത്തുന്നു. ഇതാണ് സിനിമയുടെ കഥ.

തിരുനല്ലൂര്‍ കരുണാകരന്‍:


ഒരു മുക്കുവപ്പെണ്‍കൊടി പാടുന്നതായാണ് ഈ ഗാനം ‘അച്ഛനും മകനും’ എന്ന സിനിമയില്‍ വരുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

‘ശ്യാമള’ പാടിയ ഈ ഗാനത്തിന്റെ വരികള്‍ ഇങ്ങനെയാണ്.

കാറ്റേ നീ വീശരുതിപ്പോള്‍.....
..............................
.................................................

നീലത്തിരമാലകള്‍ മേലെ നീന്തുന്നൊരു വെള്ളില പോലെ
കാണാമാത്തോണി പതുക്കെ ആലോലം പോകുന്നകലെ

നിലവുള്ളരാവിനെയോര്‍ത്തു നാണിക്കും പൂങ്കരളോടെ
ഞാനൊറ്റക്കെങ്ങിനിരിക്കും ദാഹിക്കും കണ്ണുകളോടെ
മാരാ നിന്‍ പുഞ്ചിരിയേകിയ.................
........................................................................

കള്ളക്കടല്‍ കുന്നായ് കൂട്ടിയ വെള്ളിപ്പണമെല്ലാം വാരി
ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍ ഞാനെന്താണേകുവതിപ്പോള്‍
................................................................................
...................................................................................

കാണാമാത്തോണി, നിലാവുള്ള രാവിനെയോര്‍ത്തു എന്നീ ഭാഗങ്ങളില്‍ ഉച്ചാരണം വ്യക്തമല്ല.

നീലത്തിരമാലകള്‍ മേലെ നീന്തുന്നൊരു വെള്ളില പോലെ എന്ന വരികളിലെ ‘വെള്ളില’ കാറ്റു വന്നു വിളിച്ചപ്പോള്‍’ ല്‍ ‘നീര്‍ക്കിളി’ ആയിമാറി. നീന്തുന്നൊരു വെള്ളില എന്നു പറയുന്നതിനേക്ക്കാള്‍ ഉചിതം നീര്‍ക്കിളി ആണെന്നു പറയേണ്ടതില്ലല്ലോ.

‘അച്ഛനും മകനും’ ഗാനത്തിലുള്ള ചിലവരികള്‍ക്കു പകരം ‘കാറ്റുവന്നു വിളിച്ചപ്പോല്‍’ എന്ന സിനിമയിലെ ഗാനത്തില്‍ മറ്റുചില വരികള്‍ വന്നു.

............ നീലത്തിരമാലകള്‍ മേലേ നീന്തുന്നൊരു നീര്‍ക്കിളി പോലെ
............ ആടും ജലറാണികളെന്നും ചൂടും കരിമുത്തും വാരി......

തിരുനല്ലൂര്‍ ഈ സിനിമയ്ക്കുവേണ്ടി ഗാനങ്ങള്‍ മാറ്റി എഴുതുകയായിരുന്നോ എന്ന സംശയം എനിക്കുണ്ടായിരുന്നു. ‘അന്തി മയങ്ങുമ്പോള്‍‘ എന്ന കവിതാ സമാഹാരത്തില്‍ പണ്ടേ ഉള്‍പ്പെടുത്തിയ കവിത പുതിയഗാനമായി മാറുകയായിരുന്നു എന്നു മനസ്സിലായത് റ്റി പി ശാസ്തമംഗലം തിരുനല്ലൂര്‍ 2006 ല്‍ അന്തരിച്ചപ്പോള്‍ എഴുതിയ ലേഖനത്തില്‍ നിന്നാണ്.

പഴയ ഗാനത്തേക്കാള്‍ നന്നായിത്തോന്നിയത് എം ജി രാധാകൃഷ്ണന്‍ സംഗീതംനല്‍കിയ പുതിയ ഗാനമാണ്. ഗാനത്തിന്റെ കാവ്യഗുണം പരിഗണിക്കുമ്പോഴും പില്‍ക്കാല ഗാനം മികച്ചു നില്‍ക്കുന്നു. ‘കള്ളക്കടല്‍ കുന്നായ് കൂട്ടിയ വെള്ളിപ്പണമെല്ലാം വാരി ‘ എന്ന വരിക്കു പകരമാണ് (എം എസ് ഐ പാട്ടുപുസ്തകത്തോട് കടപ്പാട്) “ആടും ജലറാണികളെന്നും ചൂടും കരിമുത്തും വാരി’ എന്ന വരി പുതിയ ഗാനത്തില്‍ ഉള്ളത്. ഇതില്‍ രണ്ടാമത്തേതാണ് മികച്ചത് എന്ന് ആര്‍ക്കും മനസ്സിലാകും.

(എന്റെ സുഹൃത്തായ മിഴിനീരാണ് ആദ്യത്തെ ‘കാറ്റേ നീ’ കേള്‍ക്കാന്‍ അവസരം ഉണ്ടാക്കിയത്. ആതില്‍ ‘കള്ളക്കടല്‍ കുന്നായ് കൂട്ടിയ വെള്ളിപ്പണമെല്ലാം വാരി’ ഇല്ല എങ്കിലും പാട്ടുപുസ്തകത്തില്‍ ഉണ്ട്.)

അപ്പോള്‍ തിരുനല്ലൂര്‍ ആദ്യത്തെ വരി മുന്‍പ് ഉപയോഗിച്ചത് എന്തുകൊണ്ടാകും?
ഈ ചോദ്യത്തിന്റെ ഉത്തരം ഈ സിനിമ ഇറങ്ങിയ വര്‍ഷം നോക്കിയാലറിയാം
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന വര്‍ഷമാണത്. അക്കാലത്ത് ഒരു കമ്മ്യൂണിസ്റ്റ് കവിയായ തിരുനല്ലൂര്‍ ‘കള്ളക്കടല്‍ കുന്നായ് കൂട്ടിയ വെള്ളിപ്പണമെല്ലാം വാരി’ എന്ന് അല്‍പ്പം ആവേശത്തോടെയെഴുതിയത് ആ കാലത്തോട് നീതിപുലര്‍ത്താനായിരിക്കണം.

44 വര്‍ഷത്തിനുശേഷം തിരുനല്ലൂര്‍ എഴുതിയ ഗാനംവീണ്ടും വന്നപ്പോള്‍ ഈ ഗാ‍നത്തിന്റെ രചനാഭംഗി പൂര്‍ണ്ണമായി ആസ്വദിക്കാന്‍ മലയാളിക്കു കഴിഞ്ഞു. ‘കായലിന്റെ കവി‘യായ തിരുനല്ലൂരിന്റെ ‘റാണി’ എന്ന ഖണ്ഡകാവ്യവും ഒട്ടേറെ കവിതകളും സഹൃദയര്‍ ഓര്‍ക്കുന്നുവെങ്കിലും പുതിയ കാലത്തില്‍ നല്ല കവിയായ തിരുനല്ലൂരിലേക്ക് കൂടുതല്‍ ജനശ്രദ്ധ എത്തിക്കാന്‍ എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കി ചിത്ര ആലപിച്ച ഗാനത്തിന് കഴിഞ്ഞു.

പഴയതെല്ലാം നല്ലത് എന്നു ചിലപ്പോള്‍ പറയാന്‍ കഴിയുകയില്ല.



ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും. പാട്ടുപുസ്തകം ഇവിടെയുണ്ട്

No comments:

Post a Comment