Friday, December 25, 2009

സ്നാപക യോഹന്നാനിലെ രണ്ടു ഗാനങ്ങള്‍

എഴുതിയത് - പിക്സല്‍ ബ്ലൂ

യേശുക്രിസ്തുവിന്റെ വരവിനുമുന്‍പ് ആ വഴി ഒരുക്കിയ മരുഭൂമിയിലെ മഹാ പ്രവാചകനായ സ്നാപകയോഹന്നാന്‍, യേശുക്രിസ്തുവിന്റെ മുന്‍ഗാമി.


ജോര്‍ദാന്‍ നദിയില്‍ വെച്ചു യേശുദേവനെ ജ്ഞാനസ്നാനം നടത്താന്‍ ഭാഗ്യമുണ്ടായ സ്നാപകയോഹന്നാന്‍.

മലയാളസിനിമയില്‍ ആദ്യമായി ഒരു ബൈബിള്‍ കഥ സിനിമയായത് സ്നാപകയോഹന്നാന്‍ ആയിരുന്നു -1963-ല്‍.

‘ആദിയില്‍ വചനമുണ്ടായിരുന്നു
വചനം മാംസമായ് തീര്‍ന്നു
കൃപയും സത്യവും നിറഞ്ഞുനമ്മുടെ ഇടയില്‍ പാര്‍ത്തു’

എന്നീ വാചകങ്ങളോടെ തുടങ്ങിയ സിനിമ.

‘നീലാ’- യ്ക്കു വേണ്ടി പി സുബ്രഹ്മണ്യം സംവിധാ‍നം ചെയ്ത ഈ സിനിമയുടെ സംഭാഷണം എഴുതിയത് മുട്ടത്തു വര്‍ക്കി ആയിരുന്നു. ജോസ് പ്രകാശ് ആയിരുന്നു സ്നാപകയോഹന്നാന്റെ വേഷത്തില്‍‍. പ്രേം നസീര്‍, തിക്കുറിശ്ശി, കൊട്ടാരക്കര, ജി കെ പിള്ള, മുരളി (പഴയ നടന്‍), മിസ്സ് കുമാരി, എല്‍ വിജയലക്ഷ്മി, പങ്കജവല്ലി, ശാന്തി, അടൂര്‍ പങ്കജം എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലും.

ഈ സിനിമ യേശുക്രിസ്തുവിന്റേയും കഥപറഞ്ഞ സിനിമ ആയിരുന്നു. ബദ് ലഹേമിലെ പുല്‍ത്തൊഴുത്തില്‍ യേശു ജനിക്കുന്നതോടെ സിനിമ ആരംഭിക്കുന്നു. യഹൂദന്മാരുടെ രാജാവ് ജനിക്കുമെന്ന പ്രവചനത്തില്‍ ഭയന്ന് ഹേറൊദേസ് രാജാവ് ആ രാജ്യത്തെ രണ്ടുവയസ്സിനു താഴെയുള്ള കുട്ടികളെയെല്ലാം കൊന്നൊടുക്കുന്നു.

വളരെക്കാലത്തെ പ്രാര്‍ഥനയ്ക്കു ശേഷം പ്രായമായ കാലത്തു ലഭിച്ച കൊച്ചു കുഞ്ഞുമായി ഭയന്നു പായുന്ന കന്യാമറിയത്തിന്റെ അകന്ന ബന്ധുവായ എലിസബത്ത്, ഒടുസില്‍ എലിസബത്ത് തളര്‍ന്നു വീഴുന്നു.

കാട്ടുതേനും വെട്ടുക്കിളികളും ഭക്ഷിച്ച് ആ കുട്ടി വളരുന്നു - സ്നാപക യോഹന്നാന്‍.

കാലം കഴിഞ്ഞപ്പോള്‍ ഗലീലിയില്‍ ഹേറോദേസ് നു ശേഷം രാജാവായത് ആന്റിപ്പസ് ആയിരുന്നു. അക്കാലമാണ് സ്നാപകയോഹന്നാന്റെ വെളിപാടുകള്‍ കേള്‍ക്കുന്ന കാലം.

‘ഞാന്‍ മരുഭൂമിയിലെ ശബ്ദമാകുന്നു. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനും ബലവാനുമാകുന്നു. അവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ പോലും എനിക്കു യോഗ്യതയില്ല’. എന്നീ വാക്കുകളുമായി മരുഭൂമിയിലും ജനപദങ്ങളിലും സ്നാപകയോഹന്നാന്‍ സഞ്ചരിച്ചു.

ആന്റിപ്പസ് (തിക്കുറിശ്ശി) സ്നേഹസമ്പന്നയായ തന്റെ ഭാര്യ മിറിയം (മിസ് കുമാരി ) നെ ഉപേക്ഷിച്ചു ഹേറോദിയാസിനെ(പങ്കജവല്ലി) വിവാഹം കഴിക്കുന്നു. ഹേറോദിയാസിന്റെ മകളാണ് അതിസുന്ദരിയായ സലോമി (എല്‍.വിജയലക്ഷ്മി). സലോമി എന്ന പേരിന്റെ അര്‍ഥം സമാധാനം എന്നാണ്.

അതിനു മുന്‍പേ ഹേറോദിയാസ് തന്റെ ഭര്‍ത്താവായ ഫിലിപ്പിനെ (ആന്റിപ്പസിന്റെ സഹോദരന്‍‌‌) സേനാനായകന്റെ സഹായത്തോടെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് സ്നാപകയോഹന്നാന്‍ പ്രസംഗിക്കുന്നു. യോഹന്നാനെ സലോമിയുടേയും ഹേറോദിയാസിന്റെയും പ്രേരണയാല്‍ ആന്റിപ്പസ് തടവിലാക്കുന്നു, പിന്നെ കൊല്ലുന്നു.

(റോമാക്കാരനായ പടയാളി ജൂലിയന്‍ (പ്രേം നസീര്‍) നു സലോമിയുമായി പ്രണയമുണ്ട്. യോഹന്നാന്റെ മരണത്തില്‍ ഉള്ള അമര്‍ഷവും ദുഃഖവും കൊണ്ട് ജൂലിയന്‍ ആ പ്രണയത്തില്‍ നിന്നു പിന്‍വാങ്ങുന്നു. ഈ ഉപകഥ നസീറിനുവേണ്ടി ഉണ്ടാക്കിയതാവാം.)

പിന്നീട് ഹേറോദിയാസിനെ ആന്റിപ്പസ് രാജാവുതന്നെ വെട്ടിക്കൊല്ലുന്നുണ്ട് സിനിമയില്‍.
അതിനുശേഷം ഈ സിനിമയില്‍ കാണുന്നത് യേശുക്രിസ്തുവിന്റെ കഥയാണ്. ക്രിസ്തുവിന്റെ അവസാനത്തെ അത്താഴവും കാല്‍വരി യാത്രയും കുരിശിലേറ്റവും നല്‍കുന്ന ഭാരത്തില്‍, ദുഃഖത്തില്‍ സിനിമ തീരുന്നു.

പ്രതികാരത്തിന്റെയും പ്രത്യാശയുടേയും മനോഹര ഗാനങ്ങള്‍:


മുന്‍പു രേഖപ്പെടുത്താതെ പോയ ഈ ചിത്രത്തിലെ രണ്ടുഗാനങ്ങള്‍ അടുത്തകാലത്ത് ഈ ചിത്രത്തിന്റെ വീഡീയോയില്‍ നിന്നാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്.

യൂദയാ’ ഒരു നൃത്തഗാനം ആണ് ഒന്ന്. പി സുശീലയുടെ മുഗ്ധസ്വരം. ഇതൊരു പ്രതികാര ഗാനമാണ്. ഈ ഗാനത്തിന് ബ്രദര്‍ ലക്ഷ്മണന്‍ നല്‍കിയ സംഗീതം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

(നമ്മുടെ ഗാനവിചാരങ്ങളില്‍ പൊതുവേ ബ്രദര്‍ ലക്ഷ്മനനെപ്പോലെയുള്ളവര്‍ ചെയ്ത മനോഹരഗാനങ്ങള്‍ വിസ്മരിക്കപ്പെടുന്നു എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. ഈ ചിത്രത്തില്‍ത്തന്നെയുള്ള ‘ആകാശത്തിന്‍ മഹിമാവേ’ , ‘താരാകുമാരികളേ’ , ‘ഓശാന’, ‘തിരികൊളുത്തുവിന്‍’ തുടങ്ങിയ ഗാനങ്ങള്‍ എല്ലാം രചനകൊണ്ടും സംഗീതം കൊണ്ടും അവിസ്മരണീയങ്ങളാണ്.)

ഈ ഗാനരംഗത്തെ നൃത്തം ലോകചരിത്രത്തില്‍ത്തന്നെ രേഖപ്പെടുത്തപ്പെട്ട ഒരുപാട് നൃത്തശില്‍പ്പങ്ങള്‍ക്കും നാടകങ്ങള്‍ക്കും പെയിന്റിങ്ങുകള്‍ക്കും പ്രചോദനമായ സലോമി രാജകുമാരിയുടെ നൃത്തമാണ്.

മൌഡ് അലന്‍ എന്ന നടി ഈ രംഗം ആവിഷ്കരിച്ചത് നോക്കുക:


ഈ സിനിമയിലും സുവിശേഷങ്ങളിലും ചരിത്രത്തിലും ഈ നൃത്തത്തിനൊടുവില്‍ സന്തുഷ്ടനായ ആന്റിപ്പസ് രാജാവിനോട് സലോമി രാജകുമാരി ആവശ്യപ്പെടുന്നത് സ്നാപകയോഹന്നാന്റെ തല ആണ്. വിസമ്മതത്തിന്നൊടുവില്‍ സലോമിക്ക് ഒരു പിച്ചളത്തളികയില്‍ സ്നാപകയോഹന്നാന്റെ തല കാഴ്ച വയ്ക്കുന്നു ആന്റിപ്പസ്. ചരിത്രത്തില്‍ ഈ നൃത്തം ‘ദ ഡാന്‍സ് ഓഫ് ദ സെവന്‍ വെയിത്സ്’ (ഏഴു മൂടുപടങ്ങളുടെ നൃത്തം) എന്നറിയപ്പെടുന്നു.

യൂദയാ പ്രത്യേകതകള്‍ ഉള്ള പി സുശീല ഗാനമാകുന്നത് ഇങ്ങനെയാണ്. സ്വരങ്ങള്‍ പ്രതികാരവാഞ്ഛയോടെ നൃത്തം ചെയ്യുന്നു.

‘ഗലീലിയ കടലില് ‘ എന്ന ഗാനമാണ് രണ്ടാമത്തേത്. ‘ഗലീലിയ കടലില് മീന്‍ പിടിക്കണ തോഴരേ‘ എന്ന ഈ സംഘ ഗാനം മനോഹരമായ ഒരു ‘കടല്‍ ഗാനം’ ആണ്. യേശുദാസും എ പി കോമളയും സംഘവും പാടുന്നു. ഒരു പക്ഷേ കടല്‍ പശ്ചാത്തലമുള്ള യേശുദാസിന്റെ ആദ്യഗാനം ഇതായിരിക്കും. ‘കടലമ്മ’ എന്ന സിനിമയും ഇറങ്ങിയത് 1963 ല്‍ ആയതുകൊണ്ട് ഇത്തരത്തില്‍ ഉള്ള രണ്ടാമത്തെ യേശുദാസ് ഗാനമാകാം. യേശുക്രിസ്തുവിന്റെ വരവറിയിക്കുന്ന ഗാനമാണിത്.

ക്രിസ്തുമസ് ഗീതങ്ങള്‍ ഉയരുന്ന വേളയില്‍ ജീസസിനെയും സ്നാപകയോഹന്നാനെയും സ്മരിക്കാം. ആ ദിവ്യകാരുണ്യങ്ങള്‍ക്ക് അഞ്ജലികള്‍ അര്‍പ്പിക്കാം.


No comments:

Post a Comment