എഴുതിയത് - പിക്സല്‍ ബ്ലൂ
മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തില്‍ (1978) യേശുദാസ് പാടിയ ഗാനം.
ഈ ഗാനം ഒരു വര്‍ഷം മുന്‍പാണ് എന്റെ കയ്യില്‍ വന്നു പെട്ടത്, വിശദവിവരങ്ങള്‍ ഒന്നുമില്ലാതെ.....
സംഗീതശൈലികൊണ്ട് ദേവരാജന്‍ മാസ്റ്ററുടെ ഗാനമായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്.
ഈ ഗാനം ഏതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത് അഞ്ചാറുമാസം മുമ്പ് ‘ഐഡിയാ സ്റ്റാര്‍ സിങര്‍’ കണ്ടപ്പോഴാണ്.
ആദിവസത്തെ ‘രാഗഭാവം‘ എന്ന സെഗ്മെന്റില്‍ എനിക്കു വേണ്ട വിവരം ഉണ്ടായിരുന്നു. ‘യമുനാ കല്യാണി’ രാഗത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ എം ജി ശ്രീകുമാര്‍ പറഞ്ഞു: “നമുക്കെല്ലാം പ്രിയപ്പെട്ട മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച തിരനോട്ടം എന്ന ചിത്രത്തില്‍ ഈ രാഗത്തില്‍ എന്റെ ജ്യേഷ്ഠന്‍ സംഗീതം നല്‍കിയ മനോഹരമായ ഒരു ഗാനമുണ്ട്’.
ശ്രീകുമാര്‍ പാടി....
‘മണ്ണില്‍ വിണ്ണില്‍ മനസ്സിലാകെ വര്‍ണ്ണങ്ങള്‍ വര്‍ണ്ണങ്ങള്‍...’
ഈ ചിത്രത്തിന്റെ റെക്കോഡ് ഇറങ്ങിയിട്ടില്ല. പ്രിന്റുകള്‍ ലഭ്യമല്ല എന്നും ശ്രീകുമാര്‍ പറഞ്ഞു.
എന്റെ മനസ്സിലും വര്‍ണ്ണങ്ങള്‍ നിറഞ്ഞു. ഒരു ഗാനാന്വേഷണം കൂടി പൂര്‍ത്തിയായി.
നന്ദി എം ജി ശ്രീകുമാര്‍.
യേശുദാസ് മനോഹരമായി ആലപിച്ച ഗാനം.
ഈ ഗാനത്തില്‍ ഒ എന്‍ വിയുടെ സര്‍ഗ്ഗവൈഭവത്തിന്റെ വര്‍ണ്ണശോഭ ഉണ്ട്. മനോഹരം മാത്രമല്ല, അചുംബിതമായ കാവ്യ കല്‍പ്പനകളാണ് ഈ ഗാനത്തിലുള്ളത്. പൂവും കിളിയും ഒന്നുമില്ലാത്ത ഈ ഗാനത്തില്‍ ഉപയോഗിച്ച കല്‍പ്പനകള്‍ എല്ലാം ചിത്രം, ചിത്രകാരന്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇത്രവര്‍ണ്ണങ്ങള്‍ ആരുടെ ഹൃദയത്തിന്‍
ചെപ്പുതുറന്നെടുത്തു- ചായ
ച്ചെപ്പുതുറന്നെടൂത്തു!
ഇത്രസൌന്ദര്യം ഏതു ഹിരണ്മയ
പാത്രത്തില്‍ നിന്നെടുത്തു- അക്ഷയ
പാത്രത്തില്‍ നിന്നെടുത്തു!
ചിത്രകാരാ പറയൂ പറയൂ പറയൂ!
തുടര്‍ന്നുള്ള വരികളില്‍ ചിത്രകാരനെത്തേടിവന്നെത്തിയ നീലനേത്ര ശലഭങ്ങളേയും, സര്‍ഗ്ഗ ഭാവനയ്ക്കാടാന്‍ ചൈത്രം നിവര്‍ത്തിയിട്ട രത്നശ്രീകംബളവും നമ്മള്‍ കാണുന്നു. ദൃശ്യമായ സംഗീതം കേള്‍ക്കുന്നു.
ഒ എന്‍ വിയുടെ മികച്ച ഗാനങ്ങളില്‍ ഒന്നാണിത്. എം ജി രാധാകൃഷ്ണന്റെയും മികച്ച ഗാനങ്ങളില്‍ ഒന്ന്.
‘തിരനോട്ടത്തിലേക്ക് ഒരു തിരനോട്ടം’
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്കും രണ്ടുകൊല്ലം മുന്‍പ് തിരനോട്ടം എന്ന ചിത്രത്തില്‍ ആയിരുന്നു മോഹന്‍ലാല്‍ ആദ്യം അഭിനയിച്ചത്. സിനിമാ മോഹം മൂത്ത ഒരു കൂട്ടംസുഹൃത്തുക്കള്‍ - മോഹന്‍ലാല്‍, അശോക് കുമാര്‍, പ്രിയദര്‍ശന്‍, എസ് കുമാര്‍, കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി), സുരേഷ് കുമാര്‍ എന്നിവരുടെ ഒരു കൂട്ടു സംരംഭം ആയിരുന്നു അത്.
പാച്ചല്ലൂര്‍ ശശി എന്ന ഒരാള്‍ ആണ് നിര്‍മ്മാതാവ്. മൃത്യുഞ്ജയ ഫിലിംസ് എന്ന ബാനര്‍.
അവിടുന്നും ഇവിടുന്നും പണം സ്വരൂപിച്ചു നിര്‍മ്മിച്ച സിനിമ. സംവിധാനം അശോക് കുമാര്‍, (തേനും വയമ്പും സംവിധാനം ചെയ്ത ആള്‍) സിനിമ എല്ലാ തീയറ്ററിലും എത്തിയില്ല. കൊല്ലത്തെ ഒരു തീയറ്ററില്‍ മൂന്നു ദിവസം പ്രദര്‍ശിപ്പിച്ചു. മൂന്നാമത്തെ ദിവസം ആ സിനിമയ്ക്ക് എന്നെന്നേക്ക്കുമായി തിരശ്ശീല വീണു.
അവിടെ തീരേണ്ടതായിരുന്നു ആ സുഹൃത്തുക്കളുടെ സിനിമാ ജീവിതം. പക്ഷേ ദൈവം അവര്‍ക്കെല്ലാം വലിയ ചില റോളുകള്‍ കരുതിവെച്ചിരുന്നു. മോഹന്‍ലാല്‍ (അഭിനേതാവ്) , അശോക് കുമാര്‍ (സംവിധായകന്‍), പ്രിയദര്‍ശന്‍ ( സംവിധായകന്‍) എസ് കുമാര്‍ ( കാമറാമാന്‍) കിരീടം ഉണ്ണി (നിര്‍മ്മാതാവ്), സുരേഷ് കുമാര്‍ ( നിര്‍മ്മാതാവ്) എന്നിങ്ങനെ.
ഞാന്‍ ഈ സിനിമ കണ്ടിട്ടുണ്ട്. പത്തു പതിമൂന്നു വര്‍ഷം മുന്‍പ് ഏഷ്യാനെറ്റില്‍ നിന്ന്. ഏഷ്യാനെറ്റ് പാതിരാച്ചിത്രങ്ങള്‍ കാണിക്കുന്ന കാലത്ത്. അങ്ങനെ ചില രംഗങ്ങളുണ്ടായിരുന്നു ഈ സിനിമയില്‍. പക്ഷേ പാട്ടൊന്നും ഓര്‍ത്തില്ല.
അക്കാലത്തെ പ്രമുഖ നടനായ രവികുമാര്‍ ആയിരുന്നു ഒരു പ്രധാന വേഷത്തില്‍. ഈ ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളിലൊന്നും രവികുമാറിന്റെ പേര് ഇപ്പോള്‍ കാണാനില്ല.അക്കാലത്തെ ഒരു രണ്ടാം നിര നായികയായ രേണുചന്ദ്ര ആണ് ഈ ചിത്രത്തിലെ നായിക. ഗോപകുമാര്‍ എന്ന മറ്റൊരു നടനുമുണ്ട് ഒരു ചിത്രകാരന്റെ പ്രധാനവേഷത്തില്‍. ഗോപകുമാറും രേണുചന്ദ്രയുമാണ് ഈ ഗാനരംഗത്ത്.
ഈ ഗാനരംഗം യുറ്റ്യൂബില്‍ നിന്നും കാണാം.
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ 25ആം വര്‍ഷം 2003 ല്‍ ആഘോഷിച്ചപ്പോള്‍ ആ പരിപാടിയുടെ പേര് ‘തിരനോട്ടം’ എന്നായിരുന്നു. ആ പരിപാടിയില്‍ രേണുചന്ദ്രയും പങ്കെടുത്തു.
സെപ്റ്റംബര്‍ 14 നു തിരുവനന്തപുരത്ത് നടന്ന വലിയ പരിപാടിയില്‍ തിരനോട്ടത്തിലെ രംഗങ്ങള്‍ മോഹന്‍ലാല്‍ വീണ്ടും അഭിനയിച്ചു, രേണുചന്ദ്രയോടൊപ്പം.
അതിനു മുന്‍പ് പഴയ ടീമിന്റെ മുന്നില്‍ മുടവന്മുകളിലെ തന്റെ വീട്ടിനടുത്ത കേശവദേവ് റോഡില്‍ സൈക്കിള്‍ ചവിട്ടി പോകുന്ന ആദ്യരംഗം മോഹന്‍ലാല്‍ വീണ്ടും അഭിനയിച്ചു.
രവികുമാറിന്റെ വീട്ടിലെ ബനിയനും ലുങ്കിയും ധരിച്ച കുട്ടപ്പന്‍ എന്ന വേലക്കാരനായി അഭിനയിച്ച ആള്‍ പിന്നെ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം ആകുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല, (മോഹന്‍ലാല്‍ പോലും).
ആ അഭിനയപ്രതിഭയ്ക്കു നമോവാകം!
മണ്ണില്‍ വിണ്ണില്‍ മനസ്സിലാകെ വര്‍ണ്ണങ്ങള്‍ ... വര്‍ണ്ണങ്ങള്‍ ....
അരുണ പീത രജതരാഗ ഹരിത ശ്യാമങ്ങള്‍ ........‘
എന്നു കേള്‍ക്കുമ്പോള്‍ വലിയ സിനിമാ മോഹങ്ങളുമായി സിനിമാ നിര്‍മ്മിക്കാനിറങ്ങിയ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ എസ് കുമാര്‍ തുടങ്ങിയ കൌമാരക്കാരായ സുഹൃത്തുക്കളുടെ മനസ്സ് ഈ വരികളില്‍ ഉണ്ടെന്നു തോന്നും.
ഈ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും
No comments:
Post a Comment