Sunday, December 20, 2009

വേലുത്തമ്പിദളവയിലെ യേശുദാസ് ഗാനം

എഴുതിയത് : പിക്സല്‍ ബ്ലൂ


പുഷ്പാഞ്ജലികള്‍ പുഷ്പാഞ്ജലികള്‍ പുരുഷ സിംഹമേ.........


ഭാഗം1:

ജൂലൈ 2009

വേലുത്തമ്പിദളവയില്‍ യേശുദാസ് പാടിയോ?
നിങ്ങളെപ്പോലെ ഞാനും ചോദിച്ചുപോയി.

ഈ സിനിമയെപ്പറ്റി വായിച്ച ലേഖനങ്ങളില്‍ ഇങ്ങനെ ഒരു ഗാനത്തെക്കുറിച്ചു പരാമര്‍ശം ഇല്ല.
വേലുത്തമ്പിദളവയില്‍ യേശുദാസ് പാടിയതായി ആരും പറഞ്ഞു കേട്ടിട്ടില്ല.
വേലുത്തമ്പി ദളവ പാട്ടുപുസ്തകത്തില്‍ ഈ ഗാനമോ യേശുദാസിന്റെ പേരോ ഇല്ല.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കണ്ണുകളെ വിശ്വസിക്കുകയാണല്ലോ നല്ലത്.

ഈ സിനിമ കഴിഞ്ഞദിവസം കണ്ടപ്പോഴാണ് വേലുത്തമ്പിദളവയ്ക്ക് പുഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്ന ശീര്‍ഷകഗാനം (റ്റൈറ്റില്‍ സോങ്) യേശുദാസ് പാടിയതായി മനസ്സിലായത്. പുഷ്പാഞ്ജലികള്‍ പുഷ്പാഞ്ജലികള്‍ പുരുഷസിംഹമേ എന്ന ഗാനം.

ഈ സിനിമയുടെ ശീര്‍ഷകങ്ങളില്‍ യേശുദാസിന്റെ പേരില്ലാത്തതു കൊണ്ട്, ഇങ്ങനെ ഒരു ഗാനം പിന്നെ അദ്ദേഹത്തെക്കൊണ്ട് പാടിപ്പിച്ച് ഈ സിനിമയില്‍ ചേര്‍ത്തതാവാനാണ് സാദ്ധ്യത.

ഒരു പക്ഷേ സിനിമ റിലീസ് ആവുന്നതിനടുത്ത്, അല്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം എഴുപതുകളില്‍ പുതിയ പ്രിന്റ് റിലീസ് ചെയ്തപ്പോള്‍. രണ്ടാമത്തേതാകാനാണ് സാദ്ധ്യത.


ജീവിത നൌകയില്‍ മെഹബൂബ് പാടിയ അകാലേ ആരും കൈവിടും എന്ന ഗാനം 70 ല്‍ ഇറങ്ങിയ പ്രിന്റില്‍ യേശുദാസിനെക്കൊണ്ടു പാടിച്ചതാണ് ഇപ്പോള്‍ ലഭ്യമായ ആ സിനിമയുടെ പ്രിന്റില്‍ ഉള്ളത്.

എന്തായാലും ഈ ഗാനം യേശുദാസിന്റെ തന്നെ!


തിരുവിതാംകൂര്‍ ചരിത്രത്തിലെ ഇതിഹാസ നായകനും ധീര ദേശാഭിമാനിയുമായ വേലുത്തമ്പി ദളവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഈ ആദ്യകാല യേശുദാസ് ഗാനം ഇങ്ങനെ ഒരു പ്രത്യേകത കൊണ്ട് സവിശേഷസ്ഥാനം നേടുന്നു.

മണ്ണടി ക്ഷേത്രത്തില്‍ വച്ചു തന്റെ ജീവന്‍ ദേവിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ച പുരുഷസിംഹത്തിന് യേശുദാസ് ഗാനത്തിന്റെ പുഷ്പാഞ്ജലി.

പുഷ്പാഞ്ജലികള്‍ പുഷ്പാഞ്ജലികള്‍ പുരുഷസിംഹമേ
ജന്മഭൂമിയെ പള്ളിയുണര്‍ത്തിയ ശബ്ദബ്രഹ്മമേ
നൂപുരശിഞ്ജിതമോടെ കാലം ഗോപുരവാതില്‍ തുറന്നുവയ്ക്കാന്‍
നിന്റെ ചരിത്രം വഴികാട്ടിത്തന്നു
രക്തധമനികള്‍ തോറും പുതിയൊരു ശക്തിധാരയുമായ്
രണാങ്കണങ്ങളീല്‍ ഞങ്ങള്‍ വിടര്‍ത്തിയ രാജമല്ലിപ്പൂക്കളുമായ്
തിരുസന്നിധിയില്‍ ഇതാ വരുന്നു തീര്‍ഥാടകര്‍ ഞങ്ങള്‍
തലക്കുളത്തെ തങ്കപ്പിടിവാള്‍ മറക്കുകില്ലാ മലയാളം
മറക്കുകില്ലാ മലയാളം......

ഭാഗം2:

ഒക്റ്റോബര്‍ 2009

ഇങ്ങനെയൊരു കുറിപ്പ് ഒരിടത്ത് വെച്ചു രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈയിടെ യേശുദാസിന്റെ ഒരു ഇന്റര്‍വ്യൂ വായിക്കാനിടയായി. (കലാകൌമുദി- 2009 ഒക്റ്റോബര്‍ 18)

(കാല്പാടുകളിലാണ് യേശുദാസ് ആദ്യമ്പാടിയതെങ്കിലും ആദ്യം പുറത്തുവന്ന ഗാനങ്ങള്‍ ശ്രീകോവില്‍ എന്ന ചിത്രത്തിലേതാണ് എന്നറിയാമായിരുന്നു.ദക്ഷിണാമൂര്‍ത്തി സംഗീതംനല്‍കിയ ആ ചിത്രത്തിലെ യേശുദാസ് ഗാനങ്ങള്‍ കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല.)

കാല്പാടുകള്‍, ശ്രീകോവില്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം യേശുദാസ് പാടിയത് വേലുത്തമ്പിദളവയില്‍ ആണെന്ന് ആ ഇന്റര്‍വ്യൂവില്‍ യേശുദാസ് പറയുന്നു.v
അതൊരു ശ്ലോകം ആണെന്നു പറയുമ്പോള്‍ ആ ഗാനം ഇതുതന്നെ.

യേശുദാസ് സിനിമയില്‍ പാടിയ സമയത്ത് അദ്ദേഹത്തിന്റെ അച്ഛനോ സഹോദരങ്ങള്‍ക്കോ ആ ആദ്യഗാനങ്ങള്‍ കേള്‍ക്കാന്‍ വീട്ടില്‍ ഒരു റേഡിയോ ഉണ്ടായിരുന്നില്ല.


യേശുദാസിന്റെ അച്ഛന്‍ - പഴയതലമുറയിലെ പ്രശസ്ത ഗായകനും നടനുമായ അഗസ്റ്റിന്‍ ജോസഫ് - യേശുദാസിന്റെ സിനിമാ ഗാനം ആദ്യമായി കേള്‍ക്കുന്നത് അടുത്തുള്ള ഒരു ചായക്കടക്കുമുന്നില്‍ കൈകെട്ടി നിന്ന് അവിടെയുള്ള റേഡിയോവില്‍ നിന്നായിരുന്നു.

അത് ഈ ഗാനമാണെന്നു യേശുദാസിലൂടെ അറിയുമ്പോള്‍ ഈ ഗാനം എന്റെയും പ്രിയഗാനങ്ങളില്‍ ഒന്നായിത്തീരുന്നു.

ഈ സിനിമയ്ക്കു മാത്രമല്ല ഈ ഗാനത്തിനും ചരിത്ര മൂല്യമുണ്ട്.


കാലം ഗോപുരവാതില്‍ തുറന്നു വച്ചത് യേശുദാസിനായിരുന്നു. ഒരര്‍ഥത്തില്‍ ആ നാദസൌഭഗം അനുഭവിച്ച അനുഭവിക്കുന്ന നമ്മള്‍ക്കും.


ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും

No comments:

Post a Comment