എഴുതിയത് പിക്സല്‍ ബ്ലൂ
ഇന്നും ഈ ഗാനം മലയാളികളുടെ പ്രിയഗാനങ്ങളില്‍ ഒന്നാണ്.
‘മൌനമേ നിറയും മൌനമേ‘ എന്ന ഗാനം വന്നപ്പോള്‍ ആ ഗാനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി എത്തിയത് ദേവരാജന്‍ മാസ്റ്റര്‍ ആയിരുന്നു.
നാദത്തിന്റെയും മൌനത്തിന്റെയും സാധ്യതകള്‍ ദേവരാജന്‍ മാസ്റ്ററെപ്പോലെ അറിഞ്ഞവര്‍ കേരളത്തില്‍ അധികം പേര്‍ ഉണ്ടാവില്ല. എന്നിട്ടും.............
‘മൌനമേ’ എന്ന് ഉച്ചസ്ഥായിയില്‍ തുടങ്ങിയത് ശരിയല്ലെന്നായിരുന്നു മാസ്റ്ററുടെ വിമര്‍ശനം. ദേവരാജന്‍ മാസ്റ്ററെ എന്നും ദൈവതുല്യം കണ്ട എം ജി രാധാകൃഷ്ണന്‍ പ്രതികരിച്ചിരിക്കാന്‍ സാദ്ധ്യതയില്ല.
ശബ്ദം ഇല്ലാത്ത ഒരവസ്ഥ മാത്രമായി മൌനത്തെ കണ്ടത് മാസ്റ്റര്‍ക്കു പറ്റിയ പിഴവാണെന്നാണ് എന്റെ അഭിപ്രായം.
ഈഗാനം വരുന്നതിനു മുന്‍പത്തെ വര്‍ഷം ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ‘മൌനം തളരും തണലില്‍ ‘ എന്ന ‘രതിനിര്‍വ്വേദ’ത്തിലെ മനോഹരമായ ശോകഗാനം ആയിരിക്കണം അപ്പോള്‍ ഒരു മാതൃകയായി മാസ്റ്റര്‍ ഉദ്ദേശിച്ചത്.
ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം നമ്മള്‍ ആസ്വദിക്കുമ്പോള്‍ ‘മൌനം തളരും’ എന്ന ഗാനത്തേക്കാള്‍ ഉന്നതമായ പദവി ‘മൌനമേ നിറയും മൌനമേ’ എന്ന ഗാനത്തിനുണ്ട്.
മലയാള സിനിമയില്‍ ഉണ്ടായ മികച്ചഗാനങ്ങളില്‍ ഒന്നാണ് ‘മൌനമേ..’
‘തകര’ എന്ന സിനിമ അക്കാലത്തിനു ശേഷം കാണാത്തവര്‍ക്ക് ഒരു ചിമിഴിലടച്ചതുപോലെ ആ സിനിമ നല്‍കിയ അനുഭവം ആ ഗാനം നല്‍കുന്നു.
പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഉള്‍ക്കടമായ ഒരു മാനസിക അവസ്ഥയാണ് ‘മൌനമേ’ എന്ന ഗാനത്തിലെ മൌനം. ഭാവത്തിന്റെ പരകോടിയില്‍ ഉണ്ടാകുന്ന അഭാവം പോലെ. അപ്പോള്‍ ഒരു ഉച്ചശ്രുതി സാദ്ധ്യം തന്നെയാണ്. ഇതൊന്നും അറിയാത്ത ആള്‍ ആയിരുന്നില്ല ദേവരാജന്‍ മാസ്റ്റര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഇങ്ങനെ ഒരു ആരോപണം ദേവരാജന്‍ മാസ്റ്റര്‍ ഉന്നയിച്ചതിനു ശേഷം ആരോപണത്തിന്റെ മുനയൊടിക്കും വിധം മനോഹരമായ പ്രതിരോധം തീര്‍ത്തത് എസ് ജാനകി ആയിരുന്നു,
ബുദ്ധിപൂര്‍വവും ഹൃദയസ്പര്‍ശിയും ആയ ഒരു വിശദീകരണം എസ് ജാനകി നല്‍കിയത് തന്റെ ജീവിതത്തിലെ ഒരു ചെറിയ അനുഭവം ഓര്‍ത്തു കൊണ്ടാണ്.
കാഞ്ചിമഠാതിപതിയെ ഒരിക്കല്‍ എസ് ജാനകി ഭര്‍ത്താവിനൊപ്പം സന്ദര്‍ശിച്ചു. ആ ദിവസം നടന്ന ഭജന പരിപാടി കേട്ടു. അതിനുശേഷം സ്വാമി മുന്നില്‍ നടന്നു പോകുമ്പോള്‍ ജാനകി പിന്നില്‍ നിന്നു ‘സ്വാമി’ എന്നു മനസ്സില്‍ വിളിക്കുന്നു. ശബ്ദം പുറത്തുവന്നില്ല. മുഴുവന്‍ ശബ്ദവുമെടുത്തു മനസ്സില്‍ വിളിച്ചു. ശബ്ദം പുറത്തുവന്നില്ലെങ്കിലും സ്വാമി തിരിഞ്ഞുനോക്കി ആശീര്‍വദിച്ചു.
‘മൌനത്തിന്റെ പിച്ച് നമുക്കു തീരുമാനിക്കാവുന്നതാണോ‘ എന്നായിരുന്നു ജാനകിയുടെ ചോദ്യം.
ആ ചോദ്യം ഇന്നും പ്രസക്തമാണ്. ഈ ഗാനവും.
No comments:
Post a Comment