Monday, December 21, 2009

ജീവിതവും സാഹിത്യവും ഒരു പാവം പെണ്‍കുട്ടിയും.....

എഴുതിയത് : പിക്സല്‍ ബ്ലൂ



ഇഷ്ടമാണു പക്ഷേ എന്നെ ശീര്‍ഷകത്തോടെ തുടങ്ങുകയും, അവസാനം ഇഷ്ടമാണ് പക്ഷേ യില്‍ നിന്നും ‘പക്ഷേ’ ഇല്ലാതാവുകയും ചെയ്യുന്ന ഒരു ചെറുകഥപോലെ ലളിതവും മനോഹരവുമായ ഈ സിനിമാ മറക്കാന്‍ കഴിയുകയില്ല.

മുറച്ചെറുക്കനേയും (രതീഷ്), കോളേജിലെ അന്തര്‍മുഖനും സ്നേഹം കിട്ടാത്ത സമ്പന്ന കുമാരനുമായ സഹപാഠിയേയും (വേണു നാഗവള്ളി) എല്ലാം നന്ദിനിക്കുട്ടിക്ക് ഇഷ്ടമാണ്.... പക്ഷേ...

അക്ഷരങ്ങളുടെ ലോകത്തില്‍ ജീവിക്കുന്ന നന്ദിനിക്ക് ഒരു എഴുത്തുകാരനെ വിവാഹം ചെയ്യാനാണിഷ്ടം.

ഇന്നത്തെ പെണ്‍കുട്ടികള്‍ ആരെങ്കിലും അങ്ങനെ ആഗ്രഹിക്കും എന്നു തോന്നുന്നില്ല.

80കളുടെ പകുതിവരെ കോളേജ് കാലം കഴിച്ചവര്‍ക്ക് ഇതു മനസ്സിലാകും. അല്‍പ്പം സാഹിത്യവും വരയും കവിതയുമായി നടന്ന എല്ലാവര്‍ക്കും ഇങ്ങനെ എത്രയോ ആരാധികമാരുടെ നോട്ടങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാകും. പഠിച്ചു മുന്നേറുന്ന മിടുക്കന്‍ കുട്ടികളെ മിക്കപെണ്‍കുട്ടികളും അവഗണിച്ചു.

ആയിടയ്ക്ക് കോളേജ് ഡേയ്ക്ക് കോളേജില്‍ അതിഥിയായെത്തിയ നന്ദിനിയുടെ ആരാധ്യനായ സാഹിത്യകാരന്‍ ‘രജനി’ (തൂലികാനാമം)യെ കാണാനും പരിചയപ്പെടാനും നന്ദിനിക്ക് അവസരം ലഭിച്ചു.

നന്ദിനിയുടെ ആട്ടോഗ്രാഫില്‍ രജനി എഴുതിക്കൊടുത്ത വാചകം ഇങ്ങനെയായിരുന്നു.

-‘ഒരിക്കലും എന്നെപ്പോലെയാകാതിരിക്കുക

നനദിനിയുടെ അച്ഛന്‍ ഒരു കവിയായതുകൊണ്ടും കൂടിയായിരിക്കാം സാഹിത്യകാരന്മാരോടുള്ള നന്ദിനിയുടെ ആരാധന. ഫാദര്‍ ഫിക്സേഷന്‍?

വീട്ടുകാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കവിതചൊല്ലി എല്ലാവരേയും ബോറഡിപ്പിക്കുന്ന ഒരു കഥാപാത്രമായാണ് നന്ദിനിക്കുട്ടിയുടെ അച്ഛനെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

ശങ്കരാടി അവതരിപ്പിക്കുന്ന ആ കഥാപാത്രത്തോടൂ നമുക്കു പ്രത്യേകം ഒരു ഇഷ്ടം തോന്നും. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിന്റെ പിന്നീടുണ്ടാകുന്ന മരണം നമ്മളെ വേദനിപ്പിക്കും.

80കളില്‍ മലയാള കലാ സാഹിത്യ രംഗങ്ങളില്‍ ഉണ്ടായിരുന്ന പലരുടേയും സുഹൃത്തായിരുന്നു അക്കാലത്ത് അകാലത്തില്‍ പൊലിഞ്ഞുപോയ യുവകവി കുഞ്ചുപിള്ള.

കുഞ്ചുപിള്ളയുടെ വരികള്‍:

‘പതംഗമേ വരു യുഗസഹസ്രങ്ങള്‍

പറന്നുപിന്നിട്ട വിഹഗമേ വരു’ ഞാന്‍ ആദ്യം വായിച്ചത് എവിടെനിന്നാണ്?

അധികം പേരും കാണാനിടയില്ലാത്ത മലയാളത്തിലെ ഏറ്റവും കമനീയമായ സാഹിത്യപ്രസിദ്ധീകരണം ‘പമ്പര’ത്തില്‍ നിന്നാണെന്നാണ് ഓര്‍മ്മ.

പതംഗമേ വരൂ എന്നു തുടങ്ങുന്ന ആ കവിതയുടെ വരികള്‍ ഈ സിനിമയില്‍ നിന്നു കേട്ടപ്പോള്‍ 80കളിലേക്കു ഞാന്‍ തിരിച്ചുപോയി. കുഞ്ചുപിള്ളയുടെ കവിതകള്‍ ആണ് ശങ്കരാടി ഈ സിനിമയില്‍ പാടുന്നത്.

ബാലചന്ദ്രമേനോന്‍, വേണു നാഗവള്ളി തുടങ്ങിയവരുടെയെല്ലാം അടുത്ത സുഹൃത്തായിരുന്നു കുഞ്ചുപിള്ള.

നന്ദിനിയിലേക്കു തന്നെ തിരിച്ചുവരാം.

വിധി നന്ദിനിയുടെ ഇഷ്ടങ്ങള്‍ അനുവദിച്ചുകൊടുത്തില്ല. അച്ഛന്റെ പെട്ടന്നുള്ള മരണത്തെത്തുടര്‍ന്ന് നന്ദിനിക്ക് ഒരു ബിസിനസ്സുകാരനായ രവിയെ വിവാഹം കഴിക്കേണ്ടിവരുന്നു. മറ്റൊരു നഗരത്തിലേക്ക് അവള്‍ യാത്രയാവുന്നു.

അദ്ദേഹത്തേയും നന്ദിനിക്ക് വളരെ ഇഷ്ടമാണ്.... പക്ഷേ.....

അപ്പോഴും അക്ഷരങ്ങളുടെ ലോകത്തിലാണ് നന്ദിനി.

‘ശിശിര രാത്രി ഉരുവിടുന്നു മൂകസംഗീതം’

‘ഭാവസുന്ദര സ്വര്‍ഗ്ഗചേതന പകര്‍ത്തിവയ്ക്കാനായ് അവന്‍ തപസ്സിരിക്കുമ്പോള്‍

സങ്കല്‍പ്പങ്ങള്‍ ഊട്ടി വളര്‍ത്താന്‍ അരികില്‍ ചെന്നേനെ ഞാന് ‍...’

എന്ന ഗാനം ഇവിടെ നമ്മള്‍ കേള്‍ക്കുന്നു.

ഒടുവില്‍ നന്ദിനിയുടെ ആരാധനാപുരുഷനായ എഴുത്തുകാരന്‍ നന്ദിനിയുടെ അയല്‍ പക്കത്ത് താമസിക്കാനെത്തുന്നു.

എഴുത്തുകാരന്റെ കുടുംബജീവിതം എന്തെന്നു നന്ദിനി അടുത്തറിയുന്നു.

അദ്ദേഹത്തിന്റെ ഭാര്യ (ശാന്തകുമാരി) സ്ഥിരമായി പീഢനങ്ങള്‍ ഏറ്റുവാങ്ങുംന്ന ഒരു പാവം സ്ത്രീയാണ്.

മറ്റുള്ളവരുടെ ജീവിതം പാത്തും പതുങ്ങിയും കണ്ട് കുറെ കഥകള്‍ എഴുതി. പക്ഷേ ഞാന്‍ നിങ്ങളെപ്പോലെ ജീവിച്ചിട്ടില്ല എന്ന് എഴുത്തുകാരന്‍ തുറന്നുപറയുന്നുണ്ട് നന്ദിനിയോടും രവിയോടും.

ഒരിക്കല്‍ മദ്യലഹരിയില്‍ നന്ദിനിയോട് അപമര്യാദയായി എഴുത്തുകാരന്‍ പെരുമാറുന്നു. അദ്ദേഹത്തിന്റെ കൈകള്‍ തട്ടിമാറ്റി ഓടിക്കയറുന്നത് തിരിച്ചറിവുള്ള ഒരു ജീവിതത്തിലേക്കാണ്.

നന്ദിനിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഭര്‍ത്താവ് എഴുതിയ കഥ നന്ദിനി കീറിക്കളയുന്നു. എന്നെന്നേക്കുമായി ആ ദാമ്പത്യത്തില്‍നിന്ന് ‘പക്ഷേ’ അപ്രത്യക്ഷമാകുന്നു.

സിനിമയുടെ അവസാനം റ്റൈറ്റിലില്‍നിന്ന് ‘പക്ഷേ ക്രോസ് ചിഹ്നമിട്ട് വെട്ടിയത് കാണാം.


സുകുമാരനും അംബികയും അവതരിപ്പിച്ചു നായകനേയും നായികയേയും.

രതീഷ്, വേണു നാഗവള്ളി എന്നിവരും പ്രഥാന വേഷങ്ങളില്‍.

കെ പി ഉമ്മര്‍ രജനി എന്ന തൂലികാനാമമുള്ള എഴുത്തുകാരന്‍ ആയി.

സാഹിത്യകാരന്മാര്‍ എല്ലാം ഇങ്ങനെയാണ് എന്ന ലളിതമായ സന്ദേശം ഈ സിനിമ നല്‍കുന്നു എന്നു കരുതേണ്ടതില്ല.

സങ്കല്‍പ്പവും പ്രായോഗിക ജീവിതവും വേറെതന്നെയാണ് എന്ന സത്യം ഭംഗിയോടെ പറയുകയായിരുന്നു ബാലചന്ദ്രമേനോന്‍.

ചില കഥാസന്ദര്‍ഭങ്ങളില്‍ വടക്കുനോക്കിയന്ത്രം എന്ന സിനിമ ഞാന്‍ ഓര്‍ത്തു പോയി.

പുകഴ്ത്തപ്പെട്ട വടക്കുനോക്കി യന്ത്രം തുടങ്ങിയ ചിത്രങ്ങളേക്കാള്‍ ഈ സിനിമ നല്ലസിനിമയോട് അടുത്തുനില്‍ക്കുന്നു.

ഒരു പക്ഷേയുമില്ലാതെ എനിക്കു വളരെ വളരെ ഇഷ്ടമായ മാധുരിയുടെ ശിശിരരാത്രി എന്ന ഗാനം ഈ ചിത്രത്തിലാണ്.

മാധുരിയുടെ ഏറ്റവും മികച്ചഗാനങ്ങളില്‍ ഒന്ന് ഇതുതന്നെയാണ്.

സിനിമയുടെ കഥയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ‘വിളിക്കാതിരുന്നാലും...’ എന്ന ഗാനം ദേവരാജ പ്രതിഭയുടെ മികച്ച ഒരു സാക്ഷ്യപത്രമായിത്തന്നെ കരുതുന്നു.

യേശുദാസിന്റെയും ജയചന്ദ്രന്റെയും ശബ്ദങ്ങള്‍ ഒന്നിച്ചുപയോഗിച്ച ഗാനങ്ങളില്‍ ഇത്രയും ഭാവസാന്ദ്രമായ മറ്റൊന്നു കണ്ടെത്തുക പ്രയാസം.

രാഗമാലികയല്ല, അനുരാഗമാലികയാണത്.

ഈ സിനിമ കാണാത്തവര്‍ ഇനി ഈ ഗാനങ്ങള്‍ ഒന്നു കേട്ടുനോക്കിയാല്‍ അറിയാം ഈ ഗാനങ്ങള്‍ ഹൃദയവ്യാപാരങ്ങളെ എങ്ങനെ ആവാഹിക്കുന്നു എന്ന്.

ദേവരാജന്‍ മാസ്റ്റര്‍ക്കും ആലപ്പുഴ രാജശേഖരന്‍ നായര്‍ക്കും ബാലചന്ദ്രമേനോനും ‘പക്ഷേ‘ ഇല്ലാത്ത എന്റെ നന്ദി.



ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന്‍ ലഭിക്കും

No comments:

Post a Comment